• Follow

മാച്ച് റിവ്യൂ – സെവിയ്യ 2 – 2 ബാഴ്‌സലോണ

  • Posted On April 1, 2018

ഏതാനും നിമിഷങ്ങൾ മതി, ഫുട്ബാളിൽ എല്ലാം മാറിമറിയാൻ. മുൻപ് അത് നമ്മൾ പലകുറി കണ്ടിട്ടുണ്ട്, ഇന്നലെയും അത് ആവർത്തിച്ചിരിക്കുന്നു. സ്വന്തം ഗ്രൗണ്ടിൽ ബാഴ്‌സയെ അടിമുടി ഉലച്ചുകൊണ്ട് സെവിയ്യ നടത്തിയ ആക്രമണത്തിൽ പതറിപ്പോയ ബാഴ്‌സ, ഒരു തോൽവിയിലേക്ക് നീങ്ങുന്നു. പരാജയമറിയാതെയുള്ള ബാഴ്‌സയുടെ മുന്നേറ്റം മുപ്പത്തിയേഴാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ തോൽവിയോടെ അവസാനിക്കാൻ പോകുന്നു. സ്വന്തം കളിക്കാർക്ക് ഉറച്ച പിന്തുണയുമായി പിസുവാനിലെ കാണികൾ ആർത്തിരമ്പിയപ്പോൾ ലോകമെങ്ങുമുള്ള ബാഴ്‌സ ആരാധകർ നിശ്ശബ്ദരാകുന്നു.ലീഗിൽ ആദ്യമായി ബാഴ്‌സ പരാജയം രുചിക്കാൻ തയ്യാറെടുക്കുന്നുവോ.??പക്ഷെ ആ പരാജയം ഏറ്റുവാങ്ങാൻ ബാഴ്‌സ ഒരുക്കമല്ലായിരുന്നു. രണ്ടാം പകുതിയിൽ കളത്തിലെത്തിയ ലയണൽ മെസ്സിയെന്ന അതികായൻറെ ബലത്തിൽ അവസാന നിമിഷങ്ങളിൽ കേവലം രണ്ട് മിനിറ്റിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബാഴ്‌സക്ക് വിജയസമാനമായ ഒരു സമനില. യേശു ക്രിസ്തു ഉയർത്തെഴുനേറ്റ നാളിന്റെ ഓർമ്മ പുതുക്കലിന്റെ അന്ന്, മെസ്സിയുടെ ബലത്തിൽ ബാഴ്‌സ പരാജയത്തിൽ നിന്നും ഉയർത്തെഴുന്നേറ്റിരിക്കുന്നു.
ഏറെക്കുറെ നമ്മൾ പ്രതീക്ഷിച്ച ലൈൻ അപ്പാണ് ഇന്നലെ കണ്ടത്. പരിക്കിലല്ലെങ്കിലും ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ച മെസ്സിയെ ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയില്ല.എങ്കിലും അദ്ദേഹം ബെഞ്ചിൽ സ്ഥാനം പിടിച്ചു. മുന്നേറ്റത്തിൽ സുവാരസും, ടെമ്പേലെയും , കൊട്ടീഞ്ഞോയും അണിനിരന്നപ്പോൾ മധ്യനിരയിൽ ഇനിയേസ്റ്റ, റാക്കി , പൊളിഞ്ഞോ എന്ന ത്രയം വന്നു. പിൻനിരയിൽ യാതൊരു മാറ്റവും ഇല്ലാതെ റോബർട്ടോ, പീക്കെ, ഉംറ്റിറ്റി ആൽബ , സ്റ്റീഗൻ എന്നിവർ തന്നെയെത്തി.
ബാഴ്‌സയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഇടതുവിങ്ങിൽ നിന്നും സുവാരസിന്റെ വക ആദ്യശ്രമം. എങ്കിലും കീപ്പറെ മറികടക്കാൻ മാത്രം ശക്തി ആ ശ്രമത്തിനുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ മറ്റൊരു ശ്രമം പോസ്റ്റിനെ തൊട്ടുരുമ്മി കടന്നു പോയപ്പോൾ മെസ്സിയുടെ അഭാവത്തിലും ടീം മികച്ച വിജയത്തോടെ മുന്നേറുമെന്ന പ്രതീക്ഷകൾ ഉണർന്നു. പക്ഷെ അവയെല്ലാം അസ്ഥാനത്താകുന്ന പ്രകടനമാണ് പിന്നെ കണ്ടത്. ബുസിയുടെ അഭാവം എടുത്തുകാണിച്ച മത്സരത്തിൽ പിന്നീട് സെവിയ്യയുടെ ആക്രമണങ്ങൾ ആയിരുന്നു എങ്ങും. തലങ്ങും വിലങ്ങും അവർ ആക്രമിച്ചപ്പോൾ ഈ സീസണിൽ ഏറെ പ്രശംസകൾ കേട്ട ബാഴ്‌സ പ്രതിരോധം ആടിയുലഞ്ഞു. ഏതു നിമിഷവും ഗോൾ വഴങ്ങാം എന്ന സ്ഥിതി സംജാതമായതോടെ നമ്മൾ ആരാധകരും നിരാശയിലാണ്ടു. പ്രതീക്ഷിച്ചതു പോലെ സെവിയ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി. മാർക്കിങ്ങിൽ ടീം ഒന്നടങ്കം പിഴച്ചപ്പോൾ പോസ്റ്റിന് മുൻപിൽ സ്വതന്ത്രനായി നിൽക്കുകയായിരുന്ന ഫ്രാങ്കോ വാസ്‌ക്കസിനു പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടവേളക്ക് പിരിയുന്നതിനു മുൻപ് ഒരു ഗോൾ തിരിച്ചടിക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ വാം അപ്പ് ചെയ്യുന്ന മെസ്സിയെ കണ്ടപ്പോൾ ബാഴ്‌സയുടെ അടുത്ത നീക്കം ബോധ്യമായി. മെസ്സിയെ കൊണ്ട് വന്ന് തിരിച്ചടിക്കാൻ ശ്രമിക്കുക. നിലവിലെ സാഹചര്യത്തിൽ ഒരു പരാജയം എന്തുകൊണ്ടും അംഗീകരിക്കാനാകില്ല. പക്ഷെ മെസ്സി കളത്തിലെത്തുന്നതിനു മുൻപായി തന്നെ സെവിയ്യ വീണ്ടും ബാഴ്‌സയെ പ്രഹരിച്ചു. ദുർബലമായ ഡിഫൻസ് അനായാസം മറ്റൊരു ഗോൾ നേടാൻ സെവിയ്യയെ അനുവദിച്ചു എന്ന് വേണമെങ്കിൽ പറയാം. രണ്ട് ഗോൾ പിറകിലായതോടെ മെസ്സി എത്രയും വേഗം കളത്തിലെത്താതെ ഗത്യന്തരമില്ല എന്ന അവസ്ഥയായി. കാത്തിരുന്ന പോലെ അൻപത്തിയാറാം മിനിറ്റിൽ ടെമ്പേലെയുടെ പകരക്കാരനായി മെസ്സി കളത്തിലെത്തി . മെസ്സിയുടെ സാമീപ്യം കളിയിൽ മാത്രമല്ല നമ്മുടെ കളിക്കാരിലും മാറ്റങ്ങൾ സൃഷ്ടിച്ചു. എല്ലാവരും കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെട്ടു. പതിയെ അവസരങ്ങൾ വന്നു തുടങ്ങി. മെസ്സി വന്നു ഏതാനും നിമിഷങ്ങൾക്കകം തന്നെ ബാഴ്‌സ മികച്ച അവസരങ്ങൾ ഉണ്ടാക്കിയെടുത്തെങ്കിലും അവയെ നല്ല പ്രതിരോധിക്കാൻ സെവിയ്യക്ക് കഴിഞ്ഞു. പക്ഷെ പിന്നീട് മെസ്സിക്ക് ആ ആവേശം നിലനിർത്താൻ കഴിഞ്ഞോ എന്ന് സംശയമായി. പൂർണ്ണമായും ഫിറ്റ് അല്ലാത്ത മെസ്സിയും പതറിത്തുടങ്ങിയപ്പോൾ സെവിയ്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. എങ്ങനെയും ഗോൾ തിരിച്ചടിക്കണം എന്ന ആവേശത്തിൽ ബാഴ്‌സ ഹൈ ലൈൻ ഡിഫൻസിൽ നിന്നപ്പോൾ ലഭ്യമായ കൗണ്ടർ അറ്റാക്ക് ഓപ്‌ഷനുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സെവിയ്യ ശ്രമിച്ചു. ഒരു പരിധി വരെ അവർ അതിൽ വിജയിക്കുകയും ചെയ്തു. ഫിനിഷിങ്ങിൽ ഒഴികെ. ഫിനിഷിങ്ങിൽ അവർ അമ്പേ പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടത് നമ്മളാണ്. ഒപ്പം മികച്ച സേവുകളുമായി സ്റ്റീഗനും നിന്നപ്പോൾ ഭാഗ്യം പലകുറി നമ്മളെ രക്ഷിച്ചു. കളി എണ്പത്തിയഞ്ചു നിമിഷങ്ങൾ പിന്നിടുമ്പോഴും ഒരു ഗോൾ പോലും മടക്കാൻ കഴിയാതെ ബാഴ്‌സ കിതച്ചപ്പോൾ ഈ മത്സരം പരാജയത്തിലേക്ക് എന്ന് പലരും വിധിയെഴുതി.
അവസാന നിമിഷങ്ങളിലേക്ക് കടക്കുംതോറും ബാഴ്‌സ കൂടുതൽ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകളും നിര്ഭാഗ്യവും ചേർന്ന് അവയെല്ലാം തട്ടിത്തെറിപ്പിച്ചു. ഒരുവേള പോസ്റ്റും വില്ലനായി . അതിനിടയിൽ പൊളിഞ്ഞോയെ പിൻവലിച്ചു ഡെനിസ് സുവാരസും ഇനിയേസ്റ്റയെ പിൻവലിച്ചു പാക്കോയും കളത്തിലെത്തി . ഡെനിസിന്റെ വരവ് ബാഴ്‌സയെ കൂടുതൽ സഹായിച്ചു. അതിവേഗ മുന്നേറ്റങ്ങളുമായി ഡെനിസും കൊട്ടീഞ്ഞോയും ഒരുപോലെ ആക്രമിച്ചു തുടങ്ങിയപ്പോൾ ബാഴ്‌സ കൂടുതൽ അക്രമകാരികൾ ആയി കാണപ്പെട്ടു. നമ്മൾ എല്ലാവരും കാത്തിരുന്നു ഒരു നിമിഷം പിറക്കാനിരിക്കുകയായിരുന്നു. ബാഴ്‌സയുടെ ശ്രമം കോർണർ വഴങ്ങി സെവിയ്യ രക്ഷപ്പെടുത്തി. പക്ഷെ ബോക്സിനു മുൻപിലേക്ക് ആഴ്ന്നിറങ്ങിയ ആ കോർണർ, ഒരു അക്രോബാറ്റിക് ഫിനിഷിങ്ങോടെ എൽ പിസ്റ്റലേറൊ ഗോൾ ആക്കി മാറ്റി. ഒടുവിൽ എൺപത്തിയേഴാം മിനിറ്റിൽ ബാഴ്‌സ ആദ്യമായി വല ചലിപ്പിച്ചിരിക്കുന്നു. ഗോൾ നേടിയ നിമിഷം ബാഴ്‌സ കളിക്കാരെല്ലാം മൈതാനമധ്യത്തിലേക്ക് ഓടുകയായിരുന്നു. മൂന്നോ നാലോ മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴും ടീം പിറകിലാണ്. മത്സരം പുനരാരംഭിച്ചതും അധികം വൈകാതെ പന്ത് ബാഴ്‌സയുടെ കൈകളിൽ തന്നെ തിരികെയെത്തി. മധ്യനിരയിൽ നിന്ന് കൊട്ടീഞ്ഞോ തുടങ്ങിയ നീക്കം, ഇടതു വിങ്ങിൽ ആൽബക്ക് പന്ത് കൈമാറി. ഓവർലാപ് ചെയ്തു കയറിയ കൊട്ടീഞ്ഞോക്ക് തന്നെ ആൽബ പന്ത് തിരികെ നൽകി. സ്വാഭാവികമായും മെസ്സിയെ പ്രതീക്ഷിച്ചു കൊണ്ട് തന്നെ കൊട്ടീഞ്ഞോ ആ പന്ത് ബോക്‌സിന് മുൻപിലേക്ക് നൽകുന്നു. തന്റെ നേർക്ക് വന്നിരുന്ന പന്ത് സുവാരസ് ഒഴിഞ്ഞു കൊടുത്തപ്പോൾ സെവിയ്യ കളിക്കാർ ഒരുവേള സ്തബ്ധരായി. ബോക്‌സിന് മുൻപിലേക്ക് പതിയെ ഉരുണ്ട് എത്തിയ പന്തിനെ ലക്ഷ്യമാക്കി കഴുകൻ കണ്ണുകളോടെ മെസ്സി അവിടേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അവസാന എൽക്ലസിക്കോയെ അനുസ്മരിപ്പിക്കുന്ന ഒരു ഇടങ്കാലൻ ഷോട്ട് .!!! മുഴുനീളൻ ഡൈവ് നടത്തിയ സെവിയ്യ കീപ്പറുടെ കൈകളിൽ സ്പർശിച്ചുകൊണ്ട് വലക്കുള്ളിലേക്ക് പതിയെ കയറി. ഞെട്ടിത്തെറിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. കേവലം രണ്ട് നിമിഷത്തെ ഇടവേളയിൽ ബാഴ്‌സ മത്സരത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. തീർത്തും അവിശ്വസനീയം. പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങി, ഒരു മത്സരത്തിന്റെ ഗതി ലയണൽ മെസ്സി തിരുത്തിക്കുറിച്ചിരിക്കുന്നു. പിന്നീട് ലഭിച്ച രണ്ട് നിമിഷങ്ങളിൽ ഇരു ടീമുകളും ഗോളുകൾക്ക് ശ്രമിച്ചെങ്കിലും മത്സരം ഒടുവിൽ സമനിലയിൽ കലാശിച്ചു.
ഒരു ത്രില്ലിംഗ് മാച്ച് തന്നെയായിരുന്നു. അവസാന നിമിഷങ്ങളിൽ ഇങ്ങനെ ജയിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെ തന്നെയാണ്. എങ്കിലും മത്സരം മികച്ചതായിരുന്നോ .? ഒരിക്കലും അല്ല. ബാഴ്‌സയുടെ പ്രകടനം മോശമായിരുന്നു എന്ന് തന്നെ പറയണം. സാധാരണ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ആദ്യ മത്സരങ്ങളിൽ ടീം ചാഞ്ചാട്ടം കാണിക്കാറുണ്ട്. ഇന്നലെയും അത് പ്രകടമായിരുന്നു. കളിക്കാരുടെ ഒത്തിണക്കം വളരെയധികം കുറവായിരുന്നു. നമ്മുടെ കളിക്കാരിൽ ഒട്ടുമിക്കവരും രാജ്യത്തിനായി ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ചിരുന്നു. അതിന്റെ ക്ഷീണവും കാണാമായിരുന്നു. ഒപ്പം ബുസിയുടെ അഭാവവും ചേർന്നപ്പോൾ ടീമിൽ നിന്നും നിരാശാജനകമായ ഒരു പ്രകടനമാണ് നമ്മൾ കണ്ടത്.
ഞങ്ങൾ മുൻപേ പറഞ്ഞത് പോലെ ബുസിയുടെ കുറവ് ഏറ്റവുമധികം കണ്ട ഒരു മത്സരം. കളിക്കളത്തിൽ നിശബ്ദനായി, പക്ഷെ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ഒരു കളിക്കാരനാണ് ബുസി. അദ്ദേഹം ലഭ്യമല്ലാത്ത എല്ലാ മത്സരങ്ങളിലും ആ കുറവ് അത്രമാത്രം കാണാം. ഇന്നലെയും നമ്മൾ അത് കണ്ടു. സാധാരണ ഇത്തരം സമയങ്ങളിൽ റാക്കി ആ വിടവ് ഒരു പരിധിവരെയെങ്കിലും പരിഹരിക്കാറുണ്ടെങ്കിലും ഇന്നലെ പക്ഷെ അതിനു സാധിച്ചില്ല. ഡിഫൻസിലും ഒഫൻസിലും ഒരുപോലെ നിറം മങ്ങിയപ്പോൾ , ടീമിനെ മൊത്തത്തിൽ അത് ബാധിച്ചു എന്ന് വേണം പറയാൻ. ക്രൊയേഷ്യക്ക് വേണ്ടി രണ്ട് സൗഹൃദ മത്സരവും അദ്ദേഹം കളിച്ചിരുന്നു. അതും അമേരിക്കയിൽ വെച്ച്. മത്സരങ്ങളുടെയും യാത്രയുടെയും ക്ഷീണം അദ്ദേഹത്തെ ബാധിച്ചിരുന്നു എന്ന് തോന്നുന്നു. ബുസിയുടെ അഭാവം കുറെയേറെ ഇനിയേസ്റ്റയെയും ബാധിച്ചു എന്ന് തോന്നുന്നു . അദ്ദേഹത്തിന്റെ സ്വന്തം ലെവലിൽ പെർഫോം ചെയ്യാൻ ഇന്നലെ അദ്ദേഹത്തിന് കഴിഞ്ഞില്ല. പൗളിഞ്ഞോ പക്ഷെ ഇന്നലെ തീർത്തും നിരാശപ്പെടുത്തി. ആക്രമണത്തിലും പ്രതിരോധത്തിലും അദ്ദേഹത്തിന് കാര്യമായ സംഭാവനകൾ നൽകാനായില്ല. ഒരു പക്ഷെ വിശ്രമമില്ലാത്ത മത്സരങ്ങൾ കൊണ്ടാകാം. ചൈനീസ് ലീഗിലെ സമയക്രമം മൂലം ഏകദേശം ഒന്നരവർഷമായി അദ്ദേഹം തുടർച്ചയായി കളിച്ചു കൊണ്ടിരിക്കുന്നു, ദിവസങ്ങളിൽ ബ്രസീലിനായി മുഴുവൻ സമയവും കളിക്കേണ്ടിയും വന്നു. അതൊക്കെ കൊണ്ടാകാം അദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമല്ലാത്തത് . ആവിശ്യത്തിന് വിശ്രമം ലഭിച്ചു ഫോമിൽ തിരികെയെത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.
ഈ സീസണിൽ ഏറ്റവും മികവിൽ കളിച്ചിരുന്ന ഡിഫൻസ് ഇന്നലെ ആകെ നിരാശപ്പെടുത്തി. വേഗതയിലും മാർക്കിങ്ങിലും ടീം ഏറെ താഴെ പോയപ്പോൾ സെവിയ്യ അത് പരമാവധി മുതലെടുത്തു. എന്നും ശക്തിദുർഗ്ഗമായി നിലകൊള്ളുന്ന ഉംറ്റിറ്റി ഇന്നലെ അൽപ്പം പതറിയ പോലെ തോന്നിച്ചു. ചില സമയങ്ങളിൽ പീക്കെയും താനേ പോയെങ്കിലും താരതമ്യേന അദ്ദേഹം നന്നായി കളിച്ചു. കാൽമുട്ടിലെ വേദന അദ്ദേഹത്തെ വല്ലാതെ വലക്കുന്നുണ്ട് എന്ന് തോന്നുന്നു. അദ്ദേഹത്തിന് ഒരു വിശ്രമം അനിവാര്യമാണ്. അതിവേഗ കളിക്കാരുള്ള സെവിയ്യ സ്ഥിരമായി ആക്രമണം നടത്തിയിരുന്നതിനാൽ സെർജി റോബർട്ടോക്ക് അദ്ദേഹം സ്ഥിരമായി നടത്തുന്ന മികച്ച റണ്ണുകൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. ഒപ്പം മുന്നേറ്റത്തിൽ ടെമ്പേലെയുമായി ഒരു ഒത്തിണക്കം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. കളിയിൽ ഏറെ സമയം അധികം ഒന്നും ചെയ്യാനായില്ലെങ്കിലും മെസ്സിയുടെ വരവോടു കൂടി ആൽബ തന്റെ പ്രതാപം വീണ്ടെടുത്തു . ഒപ്പം ഡെനിസ് സുവാരസും കൊട്ടീഞ്ഞോയും നന്നായി ലിങ്ക് അപ്പ് ചെയ്യാൻ തുടങ്ങിയതോടെ ഇടതു വിങ് നന്നായിരുന്നു. സ്റ്റീഗൻ പതിവ് ഫോമിൽ ആയിരുന്നു എന്ന് പറയാനാകില്ല. കുറച്ചുകൂടി മെച്ചമായി ചെയ്യാമായിരുന്നു. എങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്നും ബാഴ്‌സയെ രക്ഷിച്ചത് സ്റ്റീഗന്റെ സാന്നിധ്യമാണ്.
മുന്നേറ്റത്തിൽ കളിയുടെ മുക്കാൽ ഭാഗവും സുവാരസ് നിരാശപ്പെടുത്തിയെങ്കിലും ബാഴ്‌സയെ മത്സരത്തിലേക്ക് തിരികെയെത്തിച്ച ആ ഗോൾ അതിമനോഹരമായിരുന്നു. തനിക്ക് ഏറെ താല്പര്യമുള്ള ആ അക്രോബാറ്റിക് ഷോട്ട് , കിടിലനായിരുന്നു. എങ്കിലും അദ്ദേഹത്തിൽ നിന്നും നമ്മൾ ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് മെസ്സിയുടെ അഭാവത്തിൽ സീനിയർ ആയ അദ്ദേഹം കൂടുതൽ ചെയ്യേണ്ടിയിരിക്കുന്നു. മെസ്സിക്ക് വഴിമാറിക്കൊടുക്കും വരെ ടെമ്പേലെ തന്നാലാവും വിധം ശ്രമിച്ചിരുന്നു. മെസ്സിയുടെ കുറവ് അദ്ദേഹത്തെ ഏറെ ബാധിച്ചിരുന്നു. പന്ത് കുറെയേറെ നഷ്ട്ടപ്പെടുത്തുന്നതും കണ്ടു. കൂടുതൽ മത്സരങ്ങളിലെ പരിചയം വഴി അത് കുറയും എന്ന് കരുതാം. ഇന്നലെ ഏറെ അധ്വാനിച്ചു കളിച്ച ഒരാൾ കൊട്ടീഞ്ഞോ ആയിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ നിലയുറപ്പിച്ചിരുന്നു. ഒടുവിൽ മെസ്സിയുടെ ഗോളിന്ഒരു അസിസ്റ്റും.
ഇന്നലെ മെസ്സിയുടെ പ്രകടനത്തെ പ്രകീർത്തിക്കുമ്പോൾ ഒരാളുടെ പ്രകടനം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏറെ നാളുകൾക്ക് ശേഷം ടീമിൽ ഇടംനേടിയ ഡെനിസ് സുവാരസ് ലഭിച്ച പതിനഞ്ചു നിമിഷങ്ങൾ അതിമനോഹരമായാണ് കളിച്ചതു. കൂടുതൽ അറ്റാക്കിങ് ഓപ്‌ഷൻ വേണം എന്നുള്ളത് കൊണ്ടാണ് വൽവെർദേ ഡെനിസിനെ രംഗത്തിറക്കിയത്. അത് അക്ഷരംപ്രതി നിർവഹിച്ചിട്ടുണ്ട്. ഇടത് വിങ്ങിൽ കൂടിയൊക്കെ അദ്ദേഹം നടത്തിയ നീക്കങ്ങൾ മെസ്സിക്ക് കൂടുതൽ സ്പേസ് നൽകാൻ സഹായിച്ചിരുന്നു. വരും മത്സരങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനും, അത് അദ്ദേഹത്തിന് നല്ല രീതിയിൽ വിനിയോഗിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.
സാഹചര്യത്തിനൊത്തു മാറ്റങ്ങൾ വരുത്തുന്നതിൽ അഗ്രഗണ്യനാണ് വൽവെർദേ. ഇന്നലെയും അത് കണ്ടു. മെസ്സിയെ ഇറക്കുക എന്നത് ഏതു കോച്ചും ചെയ്തേക്കാവുന്ന ഒരു കാര്യമാണ്. പക്ഷെ ഡെനിസ് സുവാരസിനെ പോലെ നല്ല വേഗതയുള്ള അറ്റാക്കിങ് മിഡ് ഫീൽഡറെ ഇറക്കിയത് ഇന്നലെ ബാഴ്‌സയെ ഏറെ സഹായിച്ചിട്ടുണ്ട്. അവിടെയാണ് അദ്ദേഹത്തിന്റെ പരിചയസമ്പന്നത ഏറെ എടുത്തു കാണിക്കുന്നത്. ഇനി വരാൻ പോകുന്ന ചാമ്പ്യൻസ് ലീഗ് മസ്ലരത്തിൽ അദ്ദേഹം ടീമിനെ എങ്ങനെ സജ്ജമാക്കും എന്ന് കാണാൻ കാത്തിരിക്കാം.
മെസ്സി !!! പറയാൻ വാക്കുകൾ ഇല്ല. ഒരു മത്സരത്തിന്റെ ഗതി അപ്പാടെ മാറ്റി മറിക്കാൻ ഇദ്ദേഹത്തിനെ കേവലം നിമിഷങ്ങൾ മതി. മുൻപ് ബയേൺ മ്യുണിക്കിനെതിരെയും ആഴ്‌സണലിനെതിരെയുമൊക്കെ നമ്മൾ അത് കണ്ടിട്ടുണ്ട്. ഒടുവിൽ ഇന്നലെയും. പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ഓരോ ബാഴ്‌സ ആരാധകനും അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കും.ആ വിശ്വാസം അദ്ദേഹം എപ്പോഴും കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. മെസ്സിയുടെയും, ഇനിയേസ്റ്റയുടെയും ബുസിയുടെയുമൊക്കെ ചിറകിൽ ബാഴ്‌സ പോരടിക്കുന്നതും വിജയതീരമണയുന്നതുമൊക്കെ കാണുമ്പോൾ ലഭിക്കുന്ന ആനന്ദം, അതൊന്നു വേറെ തന്നെയാണ്. നന്ദി മെസ്സി, നന്ദി ബാഴ്‌സ, ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്നതിന്.!!!!

#RETARD
©www.culesofkerala.com

  • SHARE :