മാച്ച് പ്രിവ്യു – സെവിയ്യ vs ബാഴ്‌സലോണ
ചെറിയ ഇടവേളക്ക് ശേഷം ലാലിഗ പുനരാംഭിക്കുന്നു . അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്ക് ശേഷം കളിക്കാർ വീറും വാശിയും ഏറെയുള്ള ലാലീഗയുടെ ചൂടിലേക്ക് തിരികെയെത്തുന്നു.ഒരുപക്ഷെ ലീഗിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയം ഇതായിരിക്കണം.ഈ ദിവസങ്ങളിലെ വിജയപരാജയങ്ങൾ ലീഗിലെ സമവാക്യങ്ങൾ മാറിമറിക്കുമെന്നു നമുക്കറിയാം. അതുകൊണ്ട് തന്നെ അക്ഷമരായി തന്നെയാണ് നമ്മൾ കാത്തിരിക്കുന്നത്. ഇടവേളക്ക് ശേഷം ലീഗ് പുനരാംഭിക്കുമ്പോൾ, മുൻമത്സരങ്ങളിൽ എന്ന പോലെ തന്നെ ടീം മികച്ച കളി കാഴ്ചവെച്ചുകൊണ്ട് വിജയവും ലീഡും നിലനിർത്തുമെന്നാണ് പ്രതീക്ഷ.
ഒരുപക്ഷെ ഈ സീസണിലെ ഏറ്റവും കടുപ്പമേറിയ സാഹചര്യങ്ങളിൽകൂടിയാണ് ടീം ഇപ്പോൾ കടന്നു പോകുന്നത്. 30 ദിവസത്തിനിടയിൽ ഒട്ടേറെ മത്സരങ്ങൾ വരുന്നു . ലീഗിലെ ഏറ്റവും നിർണ്ണായകമായ ഘട്ടവും, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും അടക്കം എല്ലാം അതിപ്രധാനവും. അതോടൊപ്പം ഈ മാസം നേരിടേണ്ടത് താരതമ്യേന മികച്ച ടീമുകളെ. എന്തുകൊണ്ടും സമ്മർദ്ദമേറുന്ന സാഹചര്യം . പക്ഷെ വിശ്വാസമാണ് നമുക്ക്, ടീമിലും, ആ ടീമിനെ നയിക്കുന്ന ആചാര്യൻ വൽവെർദേ എന്ന മനുഷ്യനിലും. സാഹചര്യത്തിനനുസരിച്ചു ടീമിനെ സെറ്റ് ചെയ്യാൻ അതീവ നൈപുണ്യം കാഴ്ചവെക്കുന്ന അദ്ദേഹം ഈ സാഹചര്യത്തെ മികവോടെ തന്നെ കൈകാര്യം ചെയ്യും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതിനു അനുസൃതമായ ഒരു സ്‌ക്വാഡും നമുക്ക് ഉണ്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ചവർ. നല്ല രീതിയിൽ റൊട്ടേഷൻ നടത്തുകയാണെങ്കിൽ ഈ പ്രതിസന്ധി ഘട്ടത്തെ അനായാസം മറികടക്കാം.
ലീഗിലേക്ക് നോക്കുകയാണെങ്കിൽ ഇന്ന് സെവിയ്യ ആണ് എതിരാളികൾ. ലീഗിന്റെ തുടക്കത്തിൽ ഏറെ മികവ് കാണിച്ചിരുന്ന അവർ പക്ഷെ സമീപകാലത്തു ലീഗിൽ അൽപ്പം പിറകിലായി. നിലവിൽ വിയ്യ റയലിന് പിറകിൽ ആറാം സ്ഥാനത്താണ്. പക്ഷെ ഒരു കാരണവശാലും തള്ളിക്കളയാൻ കഴിയാത്ത ഒരു ടീം ആണ് അവർ എന്ന് വേണമെങ്കിൽ പറയാം. ചാമ്പ്യൻസ് ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ അവർ, അവരുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുത്തിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് ഒരു അനായാസമത്സരം ആയിരിക്കും എന്ന ധാരണ ഇല്ലാതെയായിരിക്കും ബാഴ്‌സ പിസുവാനിൽ കളിക്കാനെത്തുന്നത് .
ബാഴ്‌സയെ നോക്കുകയാണെങ്കിൽ മികച്ച ഒരു സ്‌ക്വാഡ് ഇന്നത്തേക്ക് ഉണ്ട്. എങ്കിലും ചില പ്രമുഖരെങ്കിലും നമുക്ക് ഇന്ന് ലഭ്യമായിരിക്കില്ല. പരിക്കിൽ നിന്നും പൂർണ്ണമുക്തനാവാത്ത ബുസി സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ഒപ്പം പരിക്കിലല്ലെങ്കിലും ചെറിയ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മെസ്സി , സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കളിക്കുമോ എന്നത് അദ്ദേഹവും ടീമും ചേർന്ന് ഇന്ന് മാത്രമേ തീരുമാനിക്കൂ. അതെ സ്ഥിതി തന്നെയാണ് ടെർ സ്റ്റീഗനും, ജർമനിക്ക് വേണ്ടിയുള്ള സൗഹൃദ മത്സരത്തിൽ ചെറിയ പരിക്കേറ്റ അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യം സംശയമാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ആ റോൾ ഏറ്റെടുക്കാൻ സില്ലിസൺ ലഭ്യമാണ്. അൽപ്പം നീണ്ട പരിക്കിൽ നിന്നും മോചിതനായി എത്തുന്ന സെമെഡോ ആണ് സ്‌ക്വാഡിലെ പ്രധാന മാറ്റം, ഒപ്പം ബുസിയുടെ അഭാവത്തിൽ ഡെനിസ് സുവാരസ് സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. കളിക്കാൻ അവസരം നൽകുമോ എന്ന കാര്യം വ്യക്തമല്ല, പ്രത്യേകിച്ച് കഴിഞ്ഞ ഒട്ടേറെ മത്സരങ്ങളിൽ അദ്ദേഹത്തിന് സ്‌ക്വാഡിൽ പോലും ഇടം നേടാൻ കഴിയാതിരുന്ന സാഹചര്യത്തിൽ.
ടീമിനും കളിക്കാർക്കും ഒരുപോലെ ഗുണകരമായേക്കാവുന്ന ഒരു ഫസ്റ്റ് ഇലവൻ തിരഞ്ഞെടുത്തു മികച്ച ഒരു റിസൽറ്റോടെ ബാഴ്‌സ ലീഡ് നിലനിർത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായി 11 പോയിന്റ് വ്യത്യാസം ബാഴ്‌സയ്ക്ക് ഉണ്ട്. വിരലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ലീഗിൽ ഈ ദിവസങ്ങളിലെ വിജയങ്ങൾ അതിപ്രധാനമാണ്. ഇന്നും ഒരു മികച്ച ജയത്തോടെ ടീം ലീഗിലേക്ക് ഒരു പടി കൂടുതൽ അടുക്കുമെന്ന് പ്രതീക്ഷിക്കാം.
ലാലിഗ റൗണ്ട് 30
വേദി : റമോൺ സാഞ്ചസ് പിസുവാൻ – സെവിയ്യ
ഇന്ത്യൻ സമയം രാത്രി : 12:15
തത്സമയം : ടെൻ 2
© www.culesofkerala.com