മാച്ച് പ്രീവ്യൂ – റയൽ സോസിദാദ് vs എഫ്സി ബാഴ്‌സലോണ
അനോയേറ്റ !!! എന്നും ബാഴ്‌സ ആരാധകരുടെ നെഞ്ചിൽ പരിഭ്രമത്തിന്റെ വേലിയേറ്റം തീർക്കുന്ന ഒരു പേര്. ഒരു പക്ഷെ ഒരു വിശ്വാസം മാത്രമായിരിക്കാം, അല്ലെങ്കിൽ നിർഭാഗ്യം, കാലങ്ങളായി ബാഴ്‌സയെ ഒരു വിധത്തിലും തുണക്കാത്ത ഒരിടമാണ് അനോയേറ്റ സ്റ്റേഡിയം. നീണ്ട ഒൻപത് വർഷങ്ങൾ ബാഴ്‌സയെ വിജയത്തോടെ കളം വിടാൻ അനുവദിക്കാതിരുന്ന വേദി. ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ സീസണിൽ കോപ ഡെൽ റേ മത്സരത്തിലാണ് ബാഴ്‌സ ഒരു വിജയം കണ്ടത്. എങ്കിലും ലാലിഗയിൽ സമീപകാലത്തു അവിടെ ഒരു വിജയം എന്ന സ്വപ്നം ഇന്നും അവശേഷിക്കുന്നു. ആ സ്വപ്നം നിറവേറ്റാനുള്ള മറ്റൊരു അവസരമാണ് ഇന്ന് ബാഴ്‌സക്ക് കൈവന്നിരിക്കുന്നത്. ലാലിഗയിൽ മാച്ച്ഡേ 19 ൽ ബാഴ്‌സ, റയൽ സോസിഡാഡിനെ അവരുടെ തട്ടകമായ അനോയേറ്റ സ്റ്റേഡിയത്തിൽ നേരിടുന്നു.
ചരിത്രം എതിരാണെങ്കിലും നിറഞ്ഞ പ്രതീക്ഷകളോടെയാണ് ബാഴ്‌സ സോസിഡാഡിനെ നേരിടുന്നത്. സമീപകാലത്തെ ടീമിന്റെ പ്രകടനം ഏവർക്കും ആശ്വസമേകുന്നതാണ്. കളിയുടെ സമസ്തമേഖലകളിലും ഏറെ മികച്ച പ്രകടനം നടത്തുന്ന ടീമിൽ നമുക്ക് ഏറെ പ്രതീക്ഷകൾ ഉണ്ട് താനും. തന്ത്രശാലിയായ ഒരു കോച്ചിന്റെ കീഴിൽ വിസ്മയങ്ങൾ തീർക്കുന്ന നമ്മുടെ ടീം തന്നെയാണ് ലീഗിൽ മുന്നിട്ടു നിൽക്കുന്നതും. ആ ലീഡ് നില മെച്ചപ്പെടുത്താൻ ഇന്നത്തെ വിജയത്തിനാകും.
നമ്മുടെ ടീം ഏറെക്കുറെ സെറ്റ് ആണ്. ഉംറ്റിറ്റി ഒഴികെയുള്ള പ്രാധാന താരങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. സസ്‌പെൻഷൻ മൂലം കഴിഞ്ഞ മത്സരത്തിൽ ഉണ്ടാകാതിരുന്ന ബുസ്കെറ്റ്സ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏറ്റവും പ്രധാനമായ മധ്യനിരയിലും ഇപ്പോൾ നമുക്ക് ഏറെ വിശ്വാസം വന്നിട്ടുമുണ്ട് ഒപ്പം പുതുതായി ടീമിൽ എത്തിയ കൊട്ടീഞ്ഞോയും മിനയും ടീമിൽ ഉൾപ്പെട്ടിട്ടില്ല. ടീമുമായി ഒത്തിണങ്ങാൻ അൽപ്പം അല്പം സമയം ആവശ്യമായതിനാൽ ഇപ്പോൾ അവരെ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.
ലഭ്യമായതിൽ വച്ചു ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കും. ഫോർമേഷൻ അനുസരിച്ചായിരിക്കും കളിക്കാരുടെ തിരഞ്ഞെടുപ്പ്. 4 – 3 – 3 ഫോർമേഷൻ സ്വീകരിക്കുകയാണെങ്കിൽ ടെമ്പേലെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം. അതോടൊപ്പം മധ്യനിരയിൽ ഇനിയേസ്റ്റ, ബുസി, റാക്കി/പൊളിഞ്ഞോ എന്നിവരും എത്തും. ഇനി 4 – 4 – 2 ആണെങ്കിൽ മെസ്സിയും സുവാരസും മുന്നേറ്റത്തിൽ വരുമ്പോൾ ഇനിയെസ്റ്റ, ബുസി, റാക്കി, പൊളിഞ്ഞോ എന്നാ ശക്തമായ മധ്യനിര കൂട്ടിനുണ്ടാകും. ഈ രണ്ട് ഫോർമേഷനിലും പിൻനിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കില്ല. റൈറ്റ് ബാക്ക് ആയി റോബർട്ടോ തിരികെയെത്തുമ്പോൾ പിക്വെയും വർമയെ വർമയെലനും സെന്റർ ബാക്ക് പൊസിഷനിൽ എത്തും. ലെഫ്റ്റ് ബാക്ക് ആയി ജോർദി ആൽബയും ഉണ്ടാകും. ലാലിഗയിൽ ഉള്ള തന്റെ അനുഭവസമ്പത്തും നിലവിൽ ബാഴ്‌സ ടീമിലെ പ്രതിഭാധനരായ കളിക്കാരെയും ചേർത്ത് വൽവെർ ദേക്ക് ഇന്നത്തെ മത്സരത്തിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനാകട്ടെ.
©Penyadel Barca Kerala
ലാലിഗ റൗണ്ട് 19
വേദി : അനോയേറ്റ – സാൻ സെബാസ്റ്റ്യൻ – ബാസ്‌ക് കൺട്രി
ഇന്ത്യൻ സമയം രാത്രി 01:15
തത്സമയം : TEN 2