• Follow

മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs ആർ.സി.ഡി. എസ്പാന്യോൾ

  • Posted On July 8, 2020

പുതിയ കോച്ച് സെറ്റിയന്റെ കീഴിൽ എല്ലാ അർത്ഥത്തിലും പൂർണ തൃപ്തി കിട്ടിയ ഒരു മത്സരമായിരുന്നു ലാ സെറാമിക്കയിൽ ബാഴ്സ ആരാധകർക്ക് വിരുന്നു വന്നത്. പക്ഷേ എന്തൊക്കെയായാലും ഏറെ വൈകിയിരിക്കുന്നു ഇനി ഒരു തിരിച്ചു വരവ് മറ്റുള്ളവരുടെ ഭാഗ്യനിർഭാഗ്യങ്ങൾ ആശ്രയിച്ച് ആണെങ്കിലും ലീഗിൽ അപ്രാപ്യം തന്നെയാണ്. ഇന്ന് അരങ്ങേറുന്നത് കറ്റാലൻ ഡെർബിയാണ്, ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ആളും ആരവവും ഒന്നുമില്ലാതെ ഒരു ഡെർബി ബാഴ്സയുടെ മുന്നിൽ അരങ്ങേറുന്നത്. ഏറെക്കുറെ കുറെ പൂർണ്ണമായും റിലഗേഷന് വഴങ്ങി ഇരിക്കുന്ന എസ്പാന്യോളിന് വളരെ നിർണായകം എന്നുമാത്രമല്ല, കയമറിയാത്ത ആഴത്തിൽ ഉഴറുന്ന അവർക്ക് ഒരു പിടിവള്ളി കൂടിയാവും ഇന്നത്തെ ജയം ഇനിയെന്തെങ്കിലും സാധ്യമാകുമെങ്കിൽ !!

കഴിഞ്ഞ മത്സരത്തിലെ പ്രകടനങ്ങൾ വച്ചുനോക്കുമ്പോൾ വലിയ ആശങ്കകൾ ഒന്നും കാണുന്നില്ല. പ്രത്യേകിച്ചും കാര്യങ്ങൾ തങ്ങളുടെ കയ്യിലുള്ളതിനേക്കാൾ മറ്റുള്ളവരുടെ ഭാഗ്യനിർഭാഗ്യങ്ങൾ ആശ്രയിച്ചാണ് എന്നുള്ളപ്പോൾ ഇനി കാര്യമായ ശങ്കകളിൽ കഴമ്പില്ല. കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാവും ഏറെക്കുറെ കളത്തിലിറങ്ങുക ഒരുപക്ഷേ മധ്യനിരയിൽ ഒരു മാറ്റം കണ്ടേക്കാം എന്നുമാത്രം. വിശ്രമം ലഭിച്ച പൂജ് വീണ്ടും കളത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കാണുന്നു. മുന്നേറ്റ നിരയിൽ മെസ്സി ഗ്രീസ്മാൻ സുവാരസ് സഖ്യം തന്നെയാവും ആക്രമണം നയിക്കുന്നത്. അവരുടെ കെമിസ്ട്രിയിലേക്ക് തന്നെയാവും ബാഴ്സ കളി ആരാധകരുടെ ഉറ്റുനോട്ടം.

റിലഗേഷനിൽ നിന്ന് പുറത്തുകടക്കുക എന്നത് പ്രാക്ക്ടിക്കലായി പൂർണ്ണമായും അസാധ്യം എന്ന സ്ഥിതിവിശേഷത്തെലേക്ക് എത്തിയ എസ്പാന്യോൾ, അടുത്തകൊല്ലം കളിക്കുക സെഗുണ്ടയിലായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. അവരെ സംബന്ധിച്ച് ആകെയുള്ള ലക്ഷ്യം ഇനി വൈരികളായ ബാഴ്സലോണയുടെ, എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ , ആ സാധ്യതകളെ കൂടി തല്ലിക്കെടുത്താൻ ആകും എന്നത് വ്യക്തം ആണ്. കഴിഞ്ഞ അഞ്ചിലഞ്ചും തോറ്റെങ്കിലും ഇന്ന് അവർ എന്നത്തേക്കാളും മോട്ടിവേറ്റഡ് ആയിരിക്കും. ഇനി ഒരുപക്ഷേ കുറച്ചുകാലത്തേക്ക് ഇല്ലാത്ത ഈ ഡെർബിയിൽ എതിരാളികൾക്ക് മറക്കാനാവാത്ത ഒരു പ്രഹരം ഈ വൈകിയവേളയിൽ നൽകാൻ അവർ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവും. മാർക്ക് റോക്കയും റൗൾ ഡി ടോമാസും ജൊനാഥൻ കല്ലെരിയും എല്ലാം ഇന്ന് അവരുടെ ലക്ഷ്യത്തിൽ വളരെ നിർണായക സ്വാധീനമാവും.

ബാഴ്സയെ സംബന്ധിച്ച് എസ്പാന്യോൾ എത്ര താഴെ ആയാലും ഡെർബിയിലേക്ക് വരുമ്പോൾ അവർ എന്നും കൂടുതൽ പ്രചോദിതർ ആയിരിക്കും. വളരെ മികച്ച രീതിയിൽ അണിനിരന്നാലെ, കിട്ടുന്ന അവസരങ്ങൾ എല്ലാം മുതലാക്കിയാലെ ഇന്ന് കാര്യമുള്ളൂ അത് നിർണായകമാവും !! നമുക്ക് കാത്തിരിക്കാം.

വിസ്കാ എൽ ബാർസ !

ലാ ലിഗ : മാച്ച് ഡേ – 35.
ക്യാമ്പ് നൗ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.
match-preview-fcb-esp-2020©www.culesofkerala.com