• Follow

മാച്ച് പ്രീവ്യൂ – ബാഴ്‌സലോണ vs ഡീപോർട്ടീവോ ലാ കൊറൂണ

  • Posted On December 17, 2017

അങ്ങനെ 2017 ലെ കാമ്പ് നോവിലെ അവസാന അങ്കത്തിന് ബാഴ്‌സ ഇന്നിറങ്ങുന്നു. ഒരു വിജയഭേരിയോടെ ഈ മത്സരം അവിസ്മരണീയമാക്കാനാവും കറ്റാലൻ പട ഇന്ന് ലക്ഷ്യമിടുന്നത്. എതിരാളികളായി എത്തുന്നത് ലീഗിലെ പതിനേഴാം സ്ഥാനക്കാരായ ഡീപോർട്ടീവോ ലാ കൊരൂണയും. ലീഗിലെ പതിനാറാം മത്സരത്തിലും വിജയിച്ചു, പോയിന്റ് നിലയിൽ നിലവിലെ മുൻ‌തൂക്കം നിലനിർത്താനാണ് ബാഴ്‌സയുടെ ശ്രമം. ഇത്രയും നാൾ ബാഴ്‌സയുടെ തൊട്ടു പിറകിൽ ഉണ്ടായിരുന്ന വലൻസിയ ഇന്നലെ നേരിട്ട തോൽവിയോടെ മൂന്നാം സ്ഥാനത്തായി. ഒപ്പം അത്ലറ്റികോ മാഡ്രിഡ്‌ ഇപ്പോൾ രണ്ടാം സ്ഥാനം എത്തിപ്പിടിച്ചിരിക്കുന്നു. ഇന്നത്തെ മത്സരത്തോടെ പോയിന്റ് നിലയിൽ വ്യത്യാസം 6 ആക്കി നിർത്തുക എന്നതാണ് ബാഴ്‌സയുടെ ലക്ഷ്യം.

ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിലെ പ്രധാന മാറ്റങ്ങൾ പരിക്കിലായിരുന്ന ഇനിയേസ്റ്റയും മാഷെയും തിരികെയെത്തുന്നു എന്നതാണ്. മധ്യനിരയിലും പ്രതിരോധത്തിനും അൽപ്പം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. വരുന്ന ക്‌ളാസിക്കോക്ക് മുൻപായി ഇരുവർക്കും ടീമിനോട് ഇണങ്ങിചേരാനുള്ള ഒരു അവസരമാണ് ഇത്. ഒരു പക്ഷെ ഇന്നത്തെ മത്സരത്തിൽ മാഷെയെ മുഴുവനായി ഉപയോഗിക്കുകയും, വെർമയേലന്റെ പ്രകടനവുമായി താരതമ്യം ചെയ്തു മികച്ച പ്രകടനം ആരുടെ ഭാഗത്താണോ, അയാൾക്ക്‌ ക്‌ളാസിക്കോയിൽ അവസരം നൽകുകയുമായിരിക്കും ഇന്നത്തെ പദ്ധതി. ഇന്ന് ഇനിയേസ്റ്റയെ അധിക സമയം ഉപയോഗിക്കാൻ സാധ്യത തീരെയില്ല. പ്രത്യേകിച്ച് ക്‌ളാസിക്കോ പടിവാതിലിൽ എത്തിയതിനാൽ.

മുൻമത്സരങ്ങളിൽ നിന്നും ഇന്ന് വ്യത്യസ്തമായേക്കാവുന്ന ഒരു കാര്യം ആദ്യ ഇലവനിൽ സെർജിയോ ബുസ്കെറ്റ്സ് ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നതാണ്. നിലവിൽ നാലാം മഞ്ഞക്കാർഡ് ലഭിച്ച ബുസിയെ ഇന്ന് ബെഞ്ചിലിരുത്തുകയാണ് ഉത്തമം. ഏതെങ്കിലും സാഹചര്യത്തിൽ കളിയുടെ ഗതി പ്രതികൂലമാവുകയാണെങ്കിൽ ബുസി അവതരിക്കാം. അദ്ദേഹത്തിന്റെ അഭാവത്തിൽ റാക്കി ഡിഫെൻസിവ് മിഡ് ഫീൽഡിൽ ഇറങ്ങും എന്നാണ് കരുതുന്നത്.

ഇത്തരം കാര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ മുൻമത്സരങ്ങളിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഇല്ല. ആദ്യ സമയങ്ങളിൽ ഡിഫെൻസിവ് പോസ്ചർ ആയ 4 – 4 – 2 സ്വീകരിക്കുകയും ആവശ്യമായി വന്നാൽ 4 – 3 – 3 യിലേക്ക് മാറാനായിരിക്കും വൽവെർദേ നിർദേശം നല്കിയിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ പാക്കോ ആൽക്കസർ മുന്നേറ്റത്തിൽ എത്തും. അവസരം നൽകിയപ്പോഴൊക്കെ അദ്ദേഹം പ്രതീക്ഷക്കൊത്തു കളിച്ചിട്ടുണ്ട്. ഇന്നും സമാനമായ പ്രകടനം നമ്മൾ പ്രതീക്ഷിക്കുന്നു.

മൂന്ന് പോയിന്റുകൾ – അതാണ് ഇന്നത്തെ ലക്ഷ്യം. മികച്ച പ്രകടനത്തോടെ ഇന്ന് ടീം അത് നേടുമെന്ന് പ്രത്യാശിക്കുന്നു.

ലാലിഗ റൗണ്ട് 16
കാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി 01:15 ന്
തത്സമയം : സോണി ടെൻ 2

©Penyadel Barca Kerala

  • SHARE :