• Follow

മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ്

  • Posted On July 26, 2017

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബാഴ്‌സക്ക് ഇന്ന് രണ്ടാം അങ്കം. വാഷിങ്ടണിൽ നടക്കുന്ന മത്സരത്തിൽ ബാഴ്‌സ ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. സമയക്രമത്തിലെ വ്യത്യാസം മൂലം , അമേരിക്കയിൽ വൈകീട്ട് നടക്കുന്ന മത്സരം ഇന്ത്യയിൽ പുലർച്ചെ 5 മണിക്കാണ്. എങ്കിലും ഒരു സൗഹൃദ മത്സരമാണെങ്കിൽകൂടിയും ഉറക്കമിളച്ചു കളി കാണാൻ നമ്മൾ കുറെ പേർ കാത്തിരിക്കുന്നുണ്ട്.

ബാഴ്‌സയുടെ കോച് ആയി വൽവേർദേയുടെ രണ്ടാം മത്സരമാണിത്. വിജയത്തേക്കാളും പരാജയത്തേക്കാളും നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പദ്ധതികളാണ്. വരുന്ന സീസണിൽ എന്ത് മാജിക്കാണ് അദ്ദേഹം പുറത്തെടുക്കുന്നത് എന്ന് അറിയാനുള്ള ത്വരയുമായാണ് കായിക ലോകം നിൽക്കുന്നത്. വിജയത്തേക്കാളും ഉപരി പരീക്ഷണങ്ങൾക്കായിരിക്കും അദ്ദേഹം കൂടുതൽ പ്രാമുഖ്യം നൽകുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം സ്വീകരിച്ച ശൈലികൾ ഇന്ന് പ്രയോഗിക്കുമോ എന്ന് പറയാനാകില്ല. എങ്കിലും കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇരു പകുതികളിലും വ്യത്യസ്ത ടീമുകളെ രംഗത്ത് ഇറക്കാൻ സാധ്യതയേറെയാണ്. ഒരു ടീം ആയി ഒറ്റക്കെട്ടായി കളിക്കാൻ ഇത്തരം പരീക്ഷണങ്ങൾ കൂടിയേ തീരൂ. ഒപ്പം B ടീം അംഗങ്ങൾക്ക് നിർണ്ണായക അവസരം നൽകുന്നതിൽ നമ്മൾ എല്ലാവരാലും വളരെ സന്തോഷവാന്മാരുമാണ്. കഴിഞ്ഞ മത്സരത്തിൽ അവർ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. ഇന്നും അത് തുടരുമെന്നാണ് പ്രതീക്ഷ.

ലോകമെങ്ങും നെയ്മറുടെ പേരിൽ ചർച്ചകളും വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണെങ്കിലും ടീമിനെ അത് ബാധിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ഇന്ന് നെയ്മർ കളത്തിലുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. ഒപ്പം ടീമിലെ എല്ലാവർക്കും കഴിവ് തെളിയിക്കാൻ വെൽവെർദേ ശ്രമിക്കുമെന്നും നമുക്ക് ഉറപ്പുണ്ട്. യുവ താരങ്ങൾ ഇത്തരം അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തും എന്ന് തന്നെയാണ് പ്രതീക്ഷ

ബാഴ്‌സലോണ vs മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് – സൗഹൃദ മത്സരം
ഫെഡെക്സ് ഫീൽഡ് , മെരിലാൻഡ് , വാഷിംഗ്ടൺ
ഇന്ത്യൻ സമയം പുലർച്ചെ : 05:00 am
തത്സമയം : TEN 2

  • SHARE :