• Follow

മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs ലാസ് പാമാസ്

  • Posted On October 1, 2017

വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് കാറ്റലോണിയ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വതന്ത്ര സമരത്തെ സ്പാനിഷ് പോലീസ് ബലം പ്രയോഗിച്ചു അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ പൂർവാധികം ശക്തിയോടെ സമരമുഖത്ത് പോരാടുകയാണ് അവർ. ചോരക്കളം ആയ കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയിലാണ് ഇന്ന് ബാഴ്‌സലോണയുടെ മത്സരം. നിലവിലെ സ്ഥിതി അതീവ സംഘർഷഭരിതമായതിനാൽ അൽപ്പ സമയത്തിനകം ചേരുന്ന ബാഴ്‌സയുടെ ബോർഡ് മീറ്റിംഗ് ഒരു പക്ഷെ ഇന്നത്തെ മത്സരം മാറ്റി വെച്ചേക്കാം. എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങുമെന്നും മത്സരം കൃത്യ സമയത്തു തന്നെ നടക്കുമെന്നും പ്രത്യാശിക്കാം.

ഒരു കടുത്ത മത്സരം പ്രതീക്ഷിച്ചല്ല ബാഴ്‌സ ഇന്ന് ലാസ് പാമാസിനെ വരവേൽക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനക്കാരാണ് ബാഴ്‍സയെങ്കിൽ ലാസ് പാമാസ് പതിനേഴാം സ്ഥാനത്താണ്. ഇത് വരെ നടന്ന ആറ് മത്സരങ്ങളും ജയിച്ചാണ് ബാഴ്‌സ വരുന്നതെങ്കിൽ ആറ് മത്സരങ്ങളിൽ നിന്നും രണ്ടു വിജയവും നാല് തോൽവിയുമായാണ് ലാസ് പാമാസ് വരുന്നത്.ഈ സീസണിൽ ലാസ് പാമാസിന്റെ പ്രകടനവും നിരാശാജനകമാണ്. കഴിഞ്ഞ സീസണിൽ മുൻനിര ടീമുകളെല്ലാം വിറപ്പിച്ചു വിട്ട അവർ ഈ സീസണിൽ ഇത് വരെ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചിട്ടില്ല. ബാഴ്‌സയാകട്ടെ ലീഗിൽ ഇതുവരെ ഒരു പോയിന്റും വിട്ടുകൊടുക്കാതെ ലീഗിലെ പോയിന്റ് നിലയിൽ ഏറ്റവും മുകളിലാണ് താനും. എങ്കിലും ഇന്നത്തെ മത്സരത്തിൽ ലാസ് പാമാസ് ബാഴ്‌സക്ക് ഒരു വെല്ലുവിളിയുയർത്തും എന്നാണ് തോന്നുന്നത്. ബാഴ്‌സയെ പോലെ തന്നെ പാസിംഗ് ഗെയിം നടത്തുന്ന ലാസ് പാമാസ് പോയിന്റ് നിലയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇറങ്ങുക.

കഴിഞ്ഞ മത്സരത്തിൽ നിന്നും മെച്ചപ്പെട്ട പ്രകടനമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബണെ നേരിട്ടപ്പോൾ ഈ സീസണിലെ ഏറ്റവും നിരാശാജനകമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു കണ്ടത്‌. ഒടുവിൽ ഒരു സെല്ഫ് ഗോളിന്റെ ബലത്തിൽ സ്പോർട്ടിങ് ലിസ്ബണ് അവകാശപ്പെട്ട ഒരു വിജയം സ്വന്തമാക്കി ബാഴ്‌സ മടങ്ങുകയായിരുന്നു. അത്തരം പ്രകടനങ്ങൾ നമുക്ക് എന്നും നിരാശയുളവാക്കുന്നതാണ്. നമ്മൾ കണ്ടിട്ടുള്ളതും ഇഷ്ടപ്പെടുന്നതും കളിയെ പൂർണ്ണമായും കയ്യിലാക്കി പൂർണ്ണ മേധാവിത്വത്തോടെ കളിക്കുന്ന ബാഴ്‍സയെയാണ്. വരും മത്സരങ്ങളിൽ ടീം മെച്ചപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അപ്രതീക്ഷിതമായ രീതിയിൽ ടീമിനെ ഒരുക്കുന്നതിൽ പ്രസിദ്ധനാണ് കോച് വൽവെർദേ . അത് കൊണ്ട് തന്നെ സ്റ്റാർട്ടിങ് ഇലവൻ പ്രവചനാതീതമാണ്. പാക്കോ ആൽക്കസ്സറിനെ ഇന്നും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം അർദ ടുറാനെയും. കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടം നേടാനാകാതിരുന്ന ഡെലൂഫെ ഇന്ന് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. സാധ്യത ഏറെയാണ്. ഒപ്പം ഡെനിസ് സുവാരസും ഗോമസും പകരക്കാരായി എത്തിയേക്കാം. സീസൺ ആരംഭം മുതൽ എല്ലാ മത്സരങ്ങളും സ്റ്റാർട്ട് ചെയ്യുന്ന ഇനിയേസ്റ്റ ഇന്ന് ഇറങ്ങുമോ എന്ന് കണ്ടറിയണം. ഇനിയേസ്റ്റക്ക് പകരം ഒരാളെ ഇറക്കുകയാണെങ്കിൽ ഡെനിസ് സുവാരസ് ഒരു മികച്ച പകരക്കാരനാണ്. പിൻനിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല.

അതീവ ആശങ്കാജനമാണ് കാറ്റലോണിയയിലെ സ്ഥിതിഗതികൾ. എല്ലാ പ്രശ്നങ്ങളും ഉടനെ ശമിക്കുമെന്നും മത്സരം സമാധാനപരമായി നടക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. ഇന്നത്തെ മത്സരം കഴിഞ്ഞാൽ രണ്ടാഴ്ച അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയാണ്. അടുത്ത മത്സരം ഒക്ടോബർ പതിനാലിന് അത്ലറ്റികോ മാഡ്രിഡിനെതിരെയാണ്. ഇന്നത്തെ മത്സരം നടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തു നിൽക്കാം.

ലാലിഗ റൌണ്ട് 7
കാമ്പ് നോവ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 07:45 ന്
തത്സമയം : TEN 2

  • SHARE :