• Follow

മാച്ച് പ്രിവ്യു – ബാഴ്‌സലോണ VS യുവന്റസ്

  • Posted On July 22, 2017

അങ്ങനെ മറ്റൊരു സീസണും കൂടി ആരംഭമാവുന്നു. ബാഴ്‌സയും കളിയും കളിക്കാരും നിത്യജീവിതത്തിന്റെ ഭാഗമായ നമുക്ക്, ഒരു ചെറിയ ഇടവേള പോലും വല്ലാതെ നിരാശപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ ഒന്നര മാസം എങ്ങിനെയാണ് സമയം തള്ളി നീക്കിയത് എന്നറിയില്ല. എങ്കിലും ഇനി കളിക്കളങ്ങളിലെ ആരവങ്ങൾ ഉയരാൻ പോകുന്നു.

എല്ലാ വർഷങ്ങളെ പോലെ തന്നെ സഹൃദ മത്സരങ്ങളുമായാണ് ഈ സീസണും ആരംഭിക്കുന്നത്. ലാലിഗ , EPL തുടങ്ങി എല്ലാ ലീഗുകളും ആഗസ്റ്റ് രണ്ടാം വാരമോ മൂന്നാം വാരമോ മാത്രമേ തുടങ്ങൂ. അതിനു മുന്നോടിയായി ടീമുകൾക്ക് ആവിശ്യമായ മത്സര പരിചയം ലഭിക്കുന്നു എന്നുള്ളതാണ് ഈ സൗഹൃദ മത്സരങ്ങളുടെ മേന്മ. പുതിയതായി ടീമിലെത്തിയ കളിക്കാർക്ക് ആവിശ്യമായ മത്സര പരിചയം ലഭിക്കാനും, പുതിയ തന്ത്രങ്ങൾ മെനയാനും, പുതിയ കോച്ചിന് ടീം അംഗങ്ങളെ പരിചയപ്പെടാനും ഇത്തരം മത്സരങ്ങൾ കൂടിയേ തീരൂ.

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ , യുവന്റസിനെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം. വർഷം തോറും നടത്തി വരുന്ന സൗഹൃദ മത്സരങ്ങളാണ് ഇന്റർനാഷ്ണൽ ചാമ്പ്യൻസ് കപ്പ്. തുടങ്ങിയിട്ട് കേവലം 4 വർഷമേ ആകുന്നുള്ളൂ. ഒരേ സമയം തന്നെ പല ഭൂഖണ്ഡങ്ങളിൽ ഈ ടൂർണമെന്റ് നടത്തിവരുന്നുണ്ട്. നിലവിൽ അമേരിക്ക , യൂറോപ്പ്, ആസ്‌ട്രേലിയ, ചൈന , സിംഗപ്പൂർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ബാഴ്‌സ പൊതുവെ അമേരിക്കയിലും യൂറോപ്പിലുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ആദ്യ പറഞ്ഞത് പോലെ ഒരു കപ്പും ഫൈനലും ഒക്കെ ഉണ്ടെങ്കിലും ഇത് തികച്ചും സൗഹൃദപരമായ മത്സരങ്ങളാണ്. ഒപ്പം ലോകത്തിലെ മുൻനിര ടീമുകൾ ലീഗുകളിൽ ഏറ്റുമുട്ടുമ്പോൾ ഉണ്ടാകുന്ന തീപ്പൊരികൾ ഒഴിവാക്കി, ഒരു സൗഹൃദത്തോടെ മത്സരിക്കുന്നത് കാണാനുള്ള അവസരവും കൂടിയാണ്.

ഈ പരിശീലന മത്സരങ്ങളെ അതീവ ഗൗരവത്തോടെയാണ് ബാഴ്‌സ നോക്കിക്കാണുന്നത്. പുതിയ കോച്ചിന്റെ കീഴിലെ ആദ്യ മത്സരം. ടീമിനെ അറിയാനും ടീമിന്റെ ഘടന മനസ്സിലാക്കാനും അദ്ദേഹത്തിന് ഈ മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. ഒപ്പം വരുന്ന സീസണിൽ അദ്ദേഹം ഏതു ശൈലിയാണ് സ്വീകരിക്കുക എന്ന് അറിയാനുള്ള ജിജ്ഞാസയോടെ കാത്തിരിക്കുന്ന നമുക്കും ഈ മത്സരങ്ങൾ നിർണ്ണായകമാണ്. എല്ലാ കളിക്കാരെയും മനസ്സിലാക്കാൻ വേണ്ടി ലഭ്യമായ പരമാവധി കളിക്കാർക്ക് അവസരങ്ങൾ നൽകുമെന്ന് വൽവേർദേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അദ്ദേഹം ഈ സീസണിൽ സ്വീകരിച്ചേക്കാവുന്ന ശൈലി, ഒരു പക്ഷെ ഇന്ന് രാത്രി നമ്മൾ കണ്ടേക്കാം.

പുതിയ കൊച്ചിന്റെ തീരുമാനങ്ങൾ അറിയാത്തതു കൊണ്ട് , ടീം ഫോർമേഷൻ , ശൈലി തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഇവിടെ ചർച്ച ചെയ്യാൻ സാധിക്കില്ല. എങ്കിലും കളിയുടെ ഏതെങ്കിലും ഒരു സമയം കോച് , നിലവിൽ ലഭ്യമായതിൽ മികച്ച ഇലവനെ കളത്തിൽ ഇറക്കുമെന്നു കരുതാം. ഡെല്യൂഫോയും റാഫിന്യയും പരിക്ക് മൂലം ടീമിൽ ഉൾപ്പെട്ടിട്ടില്ല. ബി ടീമിൽ നിന്നും ഉയർന്നു വരുന്ന താരങ്ങളായ പലെൻസിയയും കുക്കുറെല്ലയും സ്‌ക്വാഡിലെ ഇല്ല. പുതിയ സൈനിങ്‌ ആയ സെമെഡോ അടക്കം ബാക്കി എല്ലാവരും ടീമിനോടൊപ്പം ഉണ്ട്. നെയ്മർ ക്ലബ് വിടുന്നു എന്നത് ആരും സ്ഥിതീകരിക്കാത്ത അഭ്യൂഹങ്ങൾ മാത്രമാണെന്നതും, കോച്ചിന്റെ പത്രസമ്മേളനത്തിൽ നെയ്മറെ കൂടി ഉൾപ്പെടുത്തിയാണ് ടീം സജ്ജീകരിച്ചിരിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ടും നെയ്മർ ഇന്ന് കളത്തിലിറങ്ങാനാണ് സാധ്യത.

എല്ലാ താരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇന്റർനാഷ്ണൽ ചാമ്പ്യൻസ് കപ്പ്
മെറ്റ് ലൈഫ് സ്റ്റേഡിയം – ന്യൂ ജേഴ്‌സി
ഇന്ത്യൻ സമയം രാവിലെ 03:35
തത്സമയം : TEN 2

  • SHARE :