• Follow

മാച്ച് പ്രിവ്യു – ബാഴ്‌സിലോണ v/s യുവന്റസ്

  • Posted On April 19, 2017

ഒരു പക്ഷെ ഈ സീസണിൽ, അല്ലെങ്കിൽ ഈയടുത്ത കാലത്തു നാമെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ഒരു മത്സരം ആയിരിക്കും ഇന്നത്തേത്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്‌സ യുവന്റസിനെ നേരിടുമ്പോൾ അത് വെറും ഒരു മത്സരം അല്ല, മറിച്ചു നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും പോരാട്ടം കൂടിയാണ്. കഴിഞ്ഞ ആഴ്ച സ്വന്തം ഗ്രൗണ്ടായ ടൂറിനിൽ വെച്ച് യുവന്റസ് നൽകിയതിന്, സ്വന്തം ഗ്രൗണ്ടായ ക്യാമ്പ് ന്യുവിൽ മറുപടി നൽകാൻ ബാഴ്‌സ കാത്തിരിക്കുന്നു. എന്നും സ്വന്തം തട്ടകത്തിൽ കരുത്തരാണ് ബാഴ്‌സ, ഏറ്റവുമൊടുവിലത്തെ PSGയുമായുള്ള മത്സരം മറ്റൊരു ഉദാഹരണം. പക്ഷെ ഇവിടെ ഏറ്റുമുട്ടുന്നത് യുവന്റസിനോടാണ്, ലോകത്തു ഇന്നുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രധിരോധനിരയുള്ള ഒരു ടീം. അവർക്കെതിരെ മൂന്നോ അതിൽ കൂടുതലോ ഗോളുകൾ നേടുക എന്നത് അത്ര നിസ്സാരമല്ല, പക്ഷെ ലോകത്തിലെ ഏറ്റവും മുന്തിയ മുന്നേറ്റനിരയുള്ള ബാഴ്‌സക്ക് അതിനു കഴിയും എന്ന ഉറപ്പും ഞങ്ങൾക്കുണ്ട്.
ആത്മവിശ്വാസത്തിലാണ് നമ്മളെല്ലാവരും. കളിക്കാരും കോച്ചും നമ്മൾ ആരാധകരും ബാഴ്‌സയിൽ വിശ്വസിക്കുന്നു. അവർക്ക് അതിനു കഴിയുമെന്ന് ഉറപ്പിച്ചു പറയുന്നു. കാരണം ഇത് ബാഴ്‌സയാണ്. തിരിച്ചു വന്നു ചരിത്രമുള്ളവരാണ്. PSGക്ക് പകരം യുവെന്റസാണ് എതിരാളികളെങ്കിലും ബാഴ്‌സ പഴയ ബാഴ്‌സ തന്നെയാണെന്ന് പറയുകയാണ് നെയ്മർ. ഏതു പ്രതിസന്ധികളും തരണം ചെയ്യാൻ കഴിവുള്ളവർ. കോച്ചും വിശ്വാസത്തിലാണ്, അദ്ദേഹത്തിന്റെ കളിക്കാർക്ക് അതിനു സാധിക്കും എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ടീം ഘടന നോക്കുകയാണെങ്കിൽ അത്യാവശ്യം മികച ഒരു ലൈൻ-അപ്പ് നമുക്കുണ്ട്. പിന്നെയും ബെഞ്ചിൽ ആണ് പ്രതിഭാധനരുടെ ക്ഷാമം. കോചിന്റെ വാക്കുകൾ ശ്രദ്ധിക്കുകയാണെങ്കിൽ അദ്ദേഹം ആവർത്തിച്ചു പറയുന്നത്, ഇന്നത്തെ തന്ത്രം ആക്രമിക്കുക എന്നതാണ്. അങ്ങനെ നോക്കുകയാണെങ്കിൽ 3 – 4 – 3 ഫോർമേഷന് ഒരു വലിയ സാധ്യത കാണുന്നുണ്ട്. PSGക്കെതിരെ മികച്ച രീതിയിൽ ഈ ഫോർമേഷൻ നമ്മൾ ഉപയോഗിച്ചതുമാണ്. അന്നത്തെ ലൈൻ അപ്പിൽ നിന്നും ആകെയുണ്ടാകുന്ന മാറ്റം അന്ന് ഉണ്ടായിരുന്ന റഫിന്യ പരിക്ക് മൂലം ടീമിൽ ഇല്ല എന്നുള്ളതാണ്. ബാക്കിയെല്ലാം സമം. ഒരു പക്ഷെ റഫിന്യയുടെ അഭാവം മറ്റൊരു തരത്തിൽ ബാഴ്‌സക്ക് അനുകൂലമായേക്കാം, മധ്യനിരയിലും മുന്നേറ്റത്തിലും കഴിവ് തെളിയിച്ചിട്ടുള്ള സെർജി റോബർട്ടോ, ഒരു പക്ഷെ ഇന്ന് ആ സ്ഥാനത് ഇറങ്ങിയേക്കാം. അങ്ങനെയെങ്കിൽ മധ്യനിരയിലെ മുന്നേറ്റത്തിലും പ്രകടമായ വ്യത്യാസം നമുക്ക് കാണാം.
മുന്നേറ്റം എന്നത്തേയും പോലെ ശക്തമാണ്. MSN ത്രയം പ്രതീക്ഷയിലുമാണ്. ഇന്ന് നമ്മളെല്ലാവരും ഉറ്റുനോക്കുന്നത് , നമ്മൾ ഒരുക്കുന്ന അവസരങ്ങൾ എങ്ങനെ ഗോളാക്കി മാറ്റാം എന്നുള്ളതാണ്. കഴിഞ്ഞ മത്സരത്തിൽ മെസ്സി ഒരുക്കിയെടുത്ത അവസരങ്ങൾ ഗോളുകൾ ആക്കി മാറ്റുന്നതിൽ പിഴച്ചതാണ് ഒരു എവേ ഗോൾ പോലും നേടാനാകാതെ ബാഴ്‌സയെ തളർത്തിയത്. ഇന്ന് അതുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. ഒപ്പം റോബർട്ടോ ആദ്യ ഇലവനിൽ വരികയെണെങ്കിൽ മെസ്സിയും റോബർട്ടോയും ചേർന്ന് വലതു വിങ്ങിൽ നിന്നും സൃഷ്ട്ടിക്കുന്ന അവസരങ്ങളും, ഇടതു ഭാഗത്തു ഇനിയേസ്റ്റ ഒരുക്കുന്ന അവസരങ്ങളും ബാഴ്‌സയ്ക്ക് ഗോളുകൾ ആക്കി മാറ്റാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയാണ്.
സെർജിയോ ബുസ്കെറ്റ്സിന്റെ വരവോടെ മധ്യനിര പിന്നെയും ശക്തിപ്പെടുകയാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന്റെ അഭാവം അത്രമേൽ പ്രകടമായിരുന്നു. ഒപ്പം ഇനിയേസ്റ്റയും , റാക്കിയും , മെസ്സി / റോബർട്ടോയും ചേരുമ്പോൾ നമ്മുടെ പ്രതീക്ഷകൾ വർധിക്കുകയാണ്. രണ്ടു നിര പ്രധിരോധവുമായെത്തുന്ന യുവന്റസിന്റെ പ്രതിരോധത്തെ ഈ മധ്യനിര എങ്ങനെ പൊളിക്കുമെന്നത് അടിസ്ഥാനപ്പെടുത്തിയാകും ഇന്നത്തെ മത്സരത്തിന്റെ ഫലം. ഒപ്പം മൂന്ന് പേർ മാത്രമുള്ള നമ്മുടെ ഡിഫെൻസിലേക്ക് എതിരാളികളെ കടത്താതിരിക്കുകയെന്നത് ഇവരുടെ ജോലി കൂടിയാണ്. ബുസ്കെറ്റ്സും റാക്കിയും ചേർന്ന് ആ ജോലി കൃത്യമായി നടപ്പാക്കും എന്ന് കരുതാം.
ഇത്ര ആത്മവിശ്വാസത്തിലും അൽപ്പം ഭയം നൽകുന്നത് നമ്മുടെ പ്രതിരോധമാണ്. സ്വതവേ മോശം ഡിഫെൻസ് എന്നും ബാഴ്‌സയുടെ തലവേദന ആണെങ്കിലും , ഈ സീസണിൽ അത് വല്ലാതെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ എല്ലാ ഗോളുകളും മോശം ഡിഫെൻസിന്റെ ഫലങ്ങളായിട്ടാണ്. ഇന്ന് അതിനു മാറ്റമുണ്ടാകും എന്ന് കരുതാം. യുവന്റസ് കോച് അല്ലെഗ്രിയുടെ വാക്കുകളിൽ അദ്ധേഹത്തിന്റെ പദ്ധതികൾ വ്യക്തമാണ്. മൂന്നു ഗോളിന്റെ മാർജ്ജിനിൽ കടിച്ചു തൂങ്ങാതെ കാമ്പ് നോവിലും ഗോൾ നേടി മത്സരത്തെ പൂർണ്ണമായും വരുതിയിലാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ അത് തടയുക എന്നത് നമ്മുടെ ഡിഫെൻസിന്റെ കടമ തന്നെയാണ്. അതിൽ അവർ വിജയിച്ചാൽ, ബാക്കി ഉള്ളത് മധ്യനിരയും മുന്നേറ്റവും നോക്കിക്കോളും.
ലൂയിസ് എൻറിക്വെ പറഞ്ഞത് പോലെ, ഇന്ന് കളിയിലെ പന്ത്രണ്ടാമൻ ക്യാമ്പ് ന്യു ആണ്. അവിടെ ബാഴ്‌സക്കായി ആർത്തലയ്ക്കുന്ന കാണികളാണ് നമ്മുടെ ഊർജ്ജം. കാണികളുടെ ആത്മവിശ്വാസമാണ് നമ്മുടെ കളിക്കാർക്ക് വേണ്ടത്. എന്നും ഏതു സമയത്തു അതിന്റെ നൂറു ശതമാനവും നൽകാൻ നമ്മൾ തയ്യാറുമാണ്. നമ്മൾ ബാഴ്‌സ ആരാധകരെ സംബന്ധിച്ചിടത്തോളം അസാധ്യം എന്നൊരു വാക്കില്ല. ഏതു പ്രതികൂല സാഹചര്യത്തിലും തിരിച്ചടിക്കാൻ കെൽപ്പുള്ളവരാണ് ബാഴ്‍സയെന്ന് അറിവുന്നവരാണ് നമ്മൾ. അതുകൊണ്ടു ഇന്ന് നമ്മൾ തിരിച്ചു വരും എന്ന് തന്നെ വിശ്വസിച്ചുകൊണ്ട് കാത്തിരിക്കാം ആ മത്സരത്തിനായി…

  • SHARE :