• Follow

മാച്ച് പ്രിവ്യു – എഫ് സി ബാഴ്സലോണ vs അത്ലറ്റിക് ബിൽബാവോ

  • Posted On June 23, 2020

ലീഗ് കിരീടം കയ്യാലപ്പുറത്ത് ആയ അവസ്ഥയിൽ ബാഴ്സക്ക് ലഭിക്കാവുന്ന എറ്റവും കടുത്ത എതിരാളികളെ തന്നെ ഇന്നത്തെ മത്സരത്തിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മത്സരങ്ങളായി ബാഴ്സയോട് അടിയറവ് പറയാത്ത ബിൽബാവോയെ ഇന്ന് കീഴടക്കിയില്ലെങ്കിൽ സീസണിൽ ഇനിയൊരു തിരിച്ചു വരവിനുള്ള സാധ്യത കുറവാണ്. പരിക്ക് കാരണം ഡി യോങിനെ നഷ്ടമായതും മറ്റൊരു തിരിച്ചടിയാണ്.

കഴിഞ്ഞ മത്സരത്തിൽ വളരെ താഴ്ന്ന മനോഭാവത്തോടെ കളിച്ച ടീമിനെ എത്രത്തോളം ഇന്ന് സെറ്റിയെന് പ്രചോദിപ്പിക്കാൻ കഴിയും എന്നത് നിർണായകമാണ്. പീക്കെ അടക്കമുള്ള മുതിർന്ന താരങ്ങൾ ഡ്രസിങ് റൂമിനെ പരിശീലകന് പൂരകമാക്കി നിർത്താൻ ശ്രമിക്കണം. തളർന്ന ബൂട്ടുകൾക്ക് പകരമായി യുവാക്കളെ ആശ്രയിക്കണമെങ്കിൽ തന്റെ എല്ലാ താരങ്ങളിലും വിശ്വാസം അർപ്പിക്കാൻ അയാൾക്ക് കഴിയേണ്ടതുണ്ട്. വിങ്ങുകൾ അടച്ചിട്ടാൽ നിർവീര്യമാവുന്ന ഒരു ടീമിനെ ആശ്രയിച്ചു ലാ ലീഗയിൽ നമ്മൾ ഒരിടത്തും എത്തുകയില്ല. കളിയിലെ കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

മുന്നേറ്റത്തിൽ മെസ്സി അല്ലാതെ ആർക്കും സ്ഥാനം ഉറപ്പില്ല. സുവാരസ് കഴിഞ്ഞ കളിയിൽ നിരാശാജനകമായിരുന്നു എങ്കിലും മെസ്സിയോടുള്ള ചേർച്ച പരിഗണിച്ചു ടീമിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് ബ്രെത്വൈറ്റ്, ഗ്രീസ്മാൻ, ഫാറ്റി എന്നിവർ ഇടത് വിങ്ങിലെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ആവും.

മധ്യനിര ബുസ്‌ക്വറ്റ്സ്, റാക്കിറ്റിച്, ആര്തുർ എന്നിവരുടെ കയ്യിൽ തന്നെ ആയിരിക്കും. ഡി യോങിന്റെ അഭാവത്തിൽ വിശ്രമം ഇല്ലാതെ ഏറെ നാൾ ബുസിയെ നമുക്ക് ആശ്രയിക്കാൻ ആവില്ല. ഒരു കാർഡ് അകലെ സസ്പെന്ഷനില് നിൽക്കുന്ന വിദാൽ രണ്ടാം പകുതിയിൽ എങ്കിലും കളത്തിൽ ഇറങ്ങിയേക്കാം. കഴിഞ്ഞ നാല് മത്സരങ്ങളിലും നമുക്ക് ക്‌ളീൻ ഷീറ്റ് നേടാനായത് ഒരു ആശ്വാസമാണ്. പ്രതിരോധത്തിൽ റോബെർട്ടോ പരിക്കിന്റെ പിടിയിലാണ്. പീക്കെക്കു തുടർച്ചയായ മത്സരങ്ങൾക്കിടയിൽ വിശ്രമം ആവശ്യമാണ്. അതിനാൽ ഉംറ്റിറ്റിക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. അരൗഹോ ഒരു നല്ല പകരക്കാരൻ ആവാൻ കഴിയുമെന്ന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കടുത്ത പ്രെസ്സിങ് നടത്തുന്ന എതിരാളികളോടുള്ള മത്സരങ്ങളാണ് വരാനിരിക്കുന്നത്.

പുറത്തെ വെല്ലുവിളികളേക്കാൾ അകമേ ഉള്ള പ്രശ്നങ്ങളോടാണ് ഈ സീസണിൽ ബാർസ പൊരുതേണ്ടത് എന്നത് നമുക്ക് വ്യക്തമായ കാര്യമാണ്. പരാജിതരുടെ മനോഭാവത്തോടെ കഴിയുന്ന ടീമും കളിക്കളത്തിൽ അതെ മനോഭാവം വെച്ചു പുലർത്തുന്ന കളിയും ബാഴ്സയുടെ അസ്തിത്വത്തിന് തന്നെ അപവാദമാണ്. ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് എല്ലാം നൽകാൻ ടീമിന് കഴിഞ്ഞു കൊള്ളണം എന്നില്ല. എങ്കിലും തങ്ങളുടെ ചേതനകൾക്കും സ്വപ്നങ്ങൾക്കും തീ പിടിപ്പിക്കുന്ന ഒരു ബാഴ്‌സയെ അവർ അർഹിക്കുന്നുണ്ട്. വിശ്വം ജയിച്ചില്ലെങ്കിലും ഒരു കിരീടവും നേടിയില്ലെങ്കിലും മനോവീര്യം അടിയറ വെക്കാത്ത ഒരു കാറ്റാലൻ പടക്ക് വേണ്ടിയുള്ളതാണ് ക്യാമ്പ് നൗവിന്റെ പുൽമൈതാനവും ഗാലറികളും.

മാച്ച് പ്രിവ്യു
എഫ് സി ബാഴ്സലോണ vs അത്ലറ്റിക് ബിൽബാവോ
ക്യാമ്പ് നൗ
ഇന്ത്യൻ സമയം 1:30AM

©www.culesofkerala.com