മാച്ച് പ്രീവ്യൂ – എസ്പാന്യോൾ vs എഫ് സി ബാഴ്‌സലോണ
മറ്റൊരു കറ്റാലൻ ഡെർബിക്ക് കൂടി കളമൊരുങ്ങിയിരിക്കുന്നു. കോപ ഡെൽ റെയിൽ ഇരുകൂട്ടരും ക്വാർട്ടർ ഫൈനലിൽ മുഖാമുഖം വരുമ്പോൾ മികച്ച ഒരു മത്സരമാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരേ നഗരത്തിൽ നിന്നുള്ളവർ തന്നയാകുമ്പോൾ സ്വാഭാവികമായും ചൂടും ആവേശവും എന്നത്തേയും പോലെ വർധിക്കും. മുന്നോട്ടുള്ള പ്രയാണത്തിന് വിജയം അനിവാര്യമാണെന്ന് തിരിച്ചറിയുന്നതിനാൽ ഇരു കൂട്ടരും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
സോസിദാദുമായുള്ള ആവേശകരമായ മത്സരത്തിന്റെ ഹാങ്ങ് ഓവറിൽ തന്നെയാണ് ബാഴ്‌സ ഇപ്പോഴും. അനോയേറ്റയിലെ ശാപം ആധികാരികമായി മറികടന്ന ടീം വരും മത്സരങ്ങളിൽ ആ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ്. എല്ലാവരും മികവിലേക്കുയർന്ന ടീമിൽ നമുക്ക് പ്രതീക്ഷകൾ ഏറെയാണ്. ആവിശ്യമെന്തെന്ന് തിരിച്ചറിഞ്ഞു അതിനുള്ള പരിഹാരമാർഗങ്ങൾ നടപ്പിലാക്കുന്ന വൽവെർദേ എന്ന ചാണക്യന്റെ തന്ത്രങ്ങൾ ബാഴ്‌സയെ ഇതുവരെ അപരാജിതരായി നിലനിർത്തി. വിജയത്തിന്റെ കൊടി പാറിക്കാൻ ഈ മത്സരത്തിന് കൂടി കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.
മത്സരത്തിനായി പ്രഖ്യാപിച്ച സ്‌ക്വാഡിലെ പ്രധാനമായ കാര്യം റാഫിന്യയുടെ തിരിച്ചുവരവാണ്. ഒരു വർഷത്തിനടുത്തു കളത്തിനു പുറത്തായിരുന്ന അദ്ദേഹത്തിന് ഇന്ന് അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ ചെറിയ ശാരീരിക അസ്വസ്ഥതകൾ മൂലം വിട്ട് നിന്ന സെമെഡോ തിരികെയെത്തിയിട്ടുണ്ട്. അത് പോലെ B ടീമിൽ നിന്നും അലിന്യയും ടീമിൽ എത്തിയിട്ടുണ്ട്. ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇനിയേസ്റ്റയെയും മാഷെയെയും ഒഴിവാക്കി.
ഡേമ്പേലെയുടെ അഭാവം 4 – 4 – 2 നിലനിർത്താൻ നമ്മളെ നിർബന്ധിതരാകും എന്നാണ് തോന്നുന്നത്. മൂന്ന് പേരെ വെച്ച് മുൻനിര കളിപ്പിക്കാൻ സാധ്യത ഏറെ കുറവാണ്. എങ്കിലും ഒരു പക്ഷെ അതിനുള്ള ഒരു പരിഹാരവും ടീം കണ്ടേക്കാം. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ശക്തമായ മധ്യനിര ഒരുക്കാനാകും വൽവെർദേ ശ്രമിക്കുക. ഡോണിന്റെ അഭാവത്തിൽ ഗോമസ് ആ സ്ഥാനത്ത് വരാൻ ആണ് സാധ്യത ഏറെയും. കൂടുതൽ ആക്രമണം ആവശ്യമാണെന്നു തോന്നുകയാണെങ്കിൽ ഡെനിസ് സുവാരസും ലഭ്യമാണ്.
പിൻനിരയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. സെമെഡോ റൈറ്റ് ബാക്ക് ആയി എത്തുമോ എന്ന് കണ്ടറിയാം. അല്ലെങ്കിൽ റോബർട്ടോ ഉണ്ട്. മാഷെയും ഉംറ്റിറ്റിയും പരിക്കിലായതിനാൽ രണ്ട് സെന്റർ ബാക്കുകളെ മാത്രം ഉൾപ്പെടുത്തിയാണ് ടീം ഇന്ന് ഇറങ്ങുന്നത്. പികേ അൽപ്പം ഉഴപ്പാണെങ്കിലും വെർമയേലന്റെ പ്രകടനത്തിൽ ആർക്കും ആശങ്കകൾ ഇല്ല. ഡിന്യേ ലഭ്യമാണെങ്കിലും ആൽബ തന്നെ ഇറങ്ങാനാണ് സാധ്യത. ഇന്ന് എവേ മത്സരം ആയതിനാൽ നേടുന്ന ഗോളുകൾക്ക് മൂല്യം കൂടുതലാണ്.
മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു കൊണ്ട് ടീം മറ്റൊരു അവിസ്മരണീയമായ മത്സരം നമുക്കായി കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കാം.
©Penyadel Barca Kerala
കോപ ഡെൽ റേ – ക്വാർട്ടർ ഫൈനൽ
വേദി : RCDE സ്റ്റേഡിയം – ബാഴ്‌സലോണ
ഇന്ത്യൻ സമയം : രാത്രി 01:30 ന്
ഇന്ത്യയിൽ ടെലികാസ്റ്റ് ഉണ്ടാവില്ല.