• Follow

മാച്ച് പ്രിവ്യു ~ എസ്പാന്യോൾ VS ബാഴ്‌സലോണ

  • Posted On April 29, 2017

ലാലിഗയിൽ ഇന്ന് ബാഴ്‌സലോണ നഗരത്തിലെ രണ്ടു ടീമുകളും ഏറ്റുമുട്ടുന്നു. ഒരു പക്ഷെ റയൽ മാഡ്രിഡ് കഴിഞ്ഞാൽ, ബാഴ്‌സയുടെ ചിരവൈരികൾ ആയി കണക്കാക്കുന്നവരാണ് എസ്പാന്യോൾ. എന്നും ഇവർ തമ്മിലുള്ള മത്സരം അൽപം കടുത്തതും ചെറിയ സംഘർഷങ്ങൾ നിറഞ്ഞതുമാകാറുണ്ട്. അതിനു പുറമെ ഇന്നത്തെ മത്സരം അവരുടെ ഹോം ഗ്രൗണ്ടിൽ നടക്കുമ്പോൾ ഒരു വലിയ കടമ്പയാണ് ബാഴ്‌സയുടെ മുന്നിലുള്ളത്.

ലീഗ് ഒരു സൂപ്പർ ക്ളൈമാക്സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി നാലു മത്സരങ്ങൾ കൂടി മാത്രം. നിലവിൽ ബാഴ്‌സയും മാഡ്രിഡും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം പങ്കിടുന്നു. എങ്കിലും ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യം മാഡ്രിഡിനുണ്ട്. അത്കൊണ്ട് തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളും രണ്ടു ടീമുകൾക്കും അതി നിർണ്ണായകമാണ്. ഒരിക്കൽ കാലിടറിയാൽ കിരീടം നഷ്ട്ടമാകും എന്ന് രണ്ടു കൂട്ടർക്കും നന്നായി അറിയാം. അതിനാൽ തന്നെ എന്ത് വിലകൊടുത്തും ജയിച്ചേ മതിയാകൂ..
സസ്‌പെൻഷൻ മൂലം മൂന്നു മത്സരങ്ങൾ പുറത്തിരുന്ന നെയ്മർ ഇന്ന് തിരികെ കളത്തിലെത്തും എന്നതാണ് ബാഴ്‌സയുടെ ആശ്വാസം. ഇന്ന് മുതൽ ഇടതു വിങ്ങിൽ വീണ്ടും അത്യുജ്വലമായ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് നമ്മൾ. നെയ്മറിലൂടെ അഭാവം വ്യക്തമായി അറിഞ്ഞെങ്കിലും, നമ്മുടെ ടീം അതിനനുസരിച്ചു വ്യക്തമായ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞ മത്സരങ്ങൾ ജയിച്ചിരുന്നു. ഇന്ന് നെയ്മർ കൂടി വരുമ്പോൾ ടീം ഒന്നുകൂടി സജ്‌ജമാകും എന്ന് ഉറപ്പാണ്.

ബാഴ്‌സക്ക് ആശങ്ക പകരുന്ന ഒരു കാര്യം ഇനിയേസ്റ്റയുടെ അഭാവമാണ്. ചെറിയ പരിക്ക് ഉള്ള ഇനിയേസ്റ്റയെ ഈ മത്സരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്പാന്യോൾ പോലെയുള്ള ഒരു ടീമിനെതിരെ ഇനിയേസ്റ്റയുടെ പരിചയ സമ്പന്നത ഏറെ ഗുണം ചെയ്യുമായിരുന്നു. എങ്കിലും ഇനിയുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്നത് ആശ്വാസകരമാണ്.

നെയ്മർ കൂടി വരുന്നതോടെ MSN ത്രയം തിരികെ കളത്തിലെത്തുകയാണ് . അതിൽ സുവാരസ് കൂടി ഒന്ന് ഉഷാർ ആകേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലഭിച്ച വിശ്രമം ഇന്ന് ഗുണം ചെയ്യുമെന്ന് കരുതാം. മെസ്സിയാണെങ്കിൽ പിന്നെ തീപിടിച്ച ഫോമിലാണ്. അതിനാൽ അക്കാര്യത്തിൽ ആശങ്കയില്ല.

ഇനിയേസ്റ്റയുടെ അഭാവത്തിൽ ഒരു പക്ഷെ ഗോമസ് കളത്തിലെത്തിയേക്കാം . ഒപ്പം ബുസ്കെറ്റ്സും റാക്കിയും കൂടി ചേരുമ്പോൾ മികച്ച ഒരു മധ്യ നിരയാണ് ബാഴ്‌സക്കുള്ളത്. ഡെനിസ് സുവാരസും , അർദയും സബ്സ്റ്റിട്യൂഷനുകളായി ഉണ്ടാകാനാണ് സാധ്യത.

പിൻനിരയിൽ പരിചിത മുഖങ്ങളായ പിക്വെ . മാഷെ , ആൽബ, റോബർട്ടോ, ഉംറ്റിറ്റി എന്നിവരിൽ നിന്നും ലൂചോക്ക് തിരഞ്ഞെടുക്കാം. ഏതു ഫോർമേഷൻ ആയിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ലാത്തതിനാൽ എത്ര പേർ പിൻനിരയിൽ അണിനിരക്കും എന്ന് വ്യക്തമല്ല. എസ്പാന്യോൾ പോലെയുള്ള മികച്ച ടീമിനെതിരെ 4 – 3 -3 ആയിരിക്കും കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു. എങ്കിലും കാത്തിരുന്നു കാണാം.

മാച്ച് പ്രിവ്യു
എസ്പാന്യോൾ VS ബാഴ്‌സലോണ
ലാലിഗ – റൌണ്ട് 35
കൊർണേല്ല എൽ പ്രാറ്റ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി 12:15
തത്സമയം : TEN 1, TEN 1 HD , സോണി സിക്സ്

  • SHARE :