• Follow

മാച്ച് പ്രീവ്യൂ – എൽക്‌ളാസിക്കോ

  • Posted On December 23, 2017

അങ്ങനെ ആ ദിനം വന്നെത്തി. ലോകമെങ്ങും ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ആ സ്വപ്നമാമാങ്കം ഇന്നാണ്. ലോകഫുട്ബാളിലെ ഏറ്റവും വലിയ പടക്കോപ്പുകൾ പോരാടാനിറങ്ങുമ്പോൾ ലോകമെങ്ങും ആകാംക്ഷയോടെ കണ്ണുംനട്ട് ഇരിക്കും. കേവലം ഒരു ഫുട്ബോൾ മത്സരം എന്നതിനുമപ്പുറം ഒരു ജനതയുടെ ആത്മാഭിമാനം കൂടി അളക്കുന്ന ഒരു മത്സരമാണ് ഇന്നത്തേത്. ലോകജനത രണ്ട് കോണിൽ നിന്ന് കൊണ്ട് വീക്ഷിക്കുന്ന ഈ മത്സരത്തെ കവച്ചു വെക്കാൻ വർത്തമാന കാലത്ത് വേറെ ഒരു അങ്കമില്ല. അതെ, ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റൈവൽസ് ഇന്ന് ഏറ്റുമുട്ടുന്നു. ലാലിഗ റൗണ്ട് 17ൽ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ട് ആയ സാന്റിയാഗോ ബെർണബ്യുവിൽ ഈ സീസണിലെ ലാലിഗയിലെ ആദ്യത്തെ എൽക്‌ളാസിക്കോ അരങ്ങേറുന്നു.

എന്നത്തേയും പോലെ ഏവരെയും ആവേശത്തിലാഴ്ത്തിയാണ് ഈ ക്‌ളാസിക്കോയും വന്നണയുന്നത്. മാസങ്ങൾക്ക് മുൻപേ ലോകം ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വാദപ്രതിവാദങ്ങളോടെ ലോകമെങ്ങും ആഴ്ചകളായി ക്‌ളാസിക്കോയെ കാത്തിരിക്കുന്നു. പന്തയങ്ങളും മറ്റും ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ ക്‌ളാസിക്കോ മത്സരങ്ങൾ പോലെ ഇന്നും ആരാധകരെ കോരിത്തരിപ്പിക്കുന്ന മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ലാലിഗയിൽ ഇരു ടീമുകൾക്കും നിർണ്ണായകമായ മത്സരമാണ് ഇന്ന്. ഒന്നാം സ്ഥാനത് ഉള്ള ബാഴ്‌സക്ക്, തങ്ങളുടെ ലീഡ് മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരം ആണ് കൈവന്നിരിക്കുന്നത്. പ്രത്യേകിച്ച് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡ്‌ ഇന്നലെ എസ്പാന്യോളിനോട് തോൽവി വഴങ്ങിയ സാഹചര്യത്തിൽ ഇന്ന് ഒരു വിജയം ബാഴ്‌സക്ക് തങ്ങളുടെ ലീഡ് വർധിപ്പിക്കാൻ ഏറെ സഹായകരമാകും. അത് പോലെ തന്നെ നിർണ്ണായകമാണ് റയൽ മാഡ്രിഡിനും. സീസൺ തുടക്കത്തിൽ വഴങ്ങിയ ചില പരാജയങ്ങൾ മൂലം നിലവിൽ നാലാം സ്ഥാനത്താണ് മാഡ്രിഡ്‌. പതിയെ ഫോമിലേക്ക് എത്തുന്ന മാഡ്രിഡിന് ഏത് വിധേനെയും ജയിച്ചേ മതിയാകൂ. ഇന്നത്തെ വിജയം മാനസികമായ മുൻ‌തൂക്കം നൽകും എന്നത് മാത്രമല്ല പോയിന്റ് നിലയിൽ കൂടുതൽ മെച്ചപ്പെടാനുള്ള അവസരമാണ് നൽകുന്നത്. ഇനി സമനിലയാണെങ്കിൽ രണ്ടാം സ്ഥാനത് നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡിനും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വലൻസിയക്കും അനുഗ്രഹമാകും. എന്ത് ഫലമായാലും അത് ലാലിഗയിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

പരിക്കുകൾ തീർത്ത ആശങ്കകൾക്കിടയിലാണ് ബാഴ്‌സ മാഡ്രിഡിൽ വിമാനമിറങ്ങിയിരിക്കുന്നത്. മുന്നേറ്റത്തിലും പിൻനിരയിലും ഉള്ള പ്രമുഖർ തിരികെയെത്തിയിട്ടില്ല. ഡെമ്പെലെ ക്‌ളാസിക്കോ മത്സരത്തിന് സജ്ജമാകുമെന്നു നേർത്ത പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അതോടൊപ്പം മുന്നേറ്റത്തിൽ പാക്കോക്കും ഡെലുഫെക്കും പരിക്ക് ആയത് ടീമിന്റെ ഘടനയെ കാര്യമായി ബാധിച്ചു. സ്വാഭാവിക ഫോർമേഷൻ ആയ 4 – 3 – 3 പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. അതോടൊപ്പം പിൻനിരയിൽ ഉംറ്റിറ്റി ഇല്ല എന്നത് ഒരു തലവേദനയാണ്. പക്ഷെ അദ്ദേഹത്തിനെ അഭാവത്തിൽ വെർമയെലൻ മികച്ച പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ഒപ്പം മാഷെയും മടങ്ങിയെത്തിയിട്ടുണ്ട്.

മുൻനിരയിൽ ആവശ്യത്തിന് ആളില്ലാത്തതിനാൽ 4 – 3 – 3 ഫോർമേഷൻ സ്വീകരിക്കാൻ സാധ്യത ഇല്ല. മറിച്ചു മധ്യനിരയിൽ കൂടുതൽ ശക്തി നൽകുന്ന 4 – 4 – 2 ഫോർമേഷൻ ഉപയോഗിക്കാൻ ആണ് സാധ്യത ഏറെയും. പ്രതിരോധത്തിന് കരുത്തു പകരുന്ന ഒരു ഫോർമേഷൻ കൂടിയാണത്. മുന്നേറ്റത്തിൽ മെസ്സിയും സുവാരസും വരുമ്പോൾ മധ്യനിരയിൽ ഇനിയെസ്റ്റ, ബുസി, റാക്കി, പൊളിഞ്ഞോ തുടങ്ങിയവർ ഉണ്ടാകും. റോബർട്ടോ, ഡെനിസ്, ഗോമസ് തുടങ്ങിയവർ സ്ഥാനം പിടിച്ചാലും അതിശയോക്തിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ കേട്ടിരുന്ന മറ്റൊരു അഭ്യൂഹമായിരുന്നു റൈറ്റ് ബാക്ക് സ്ഥാനത്ത് സെമെഡോ ഇറങ്ങുകയും മധ്യനിരയിലോ മുന്നേറ്റത്തിലോ റോബർട്ടോയെ ഇറക്കാൻ സാധ്യത ഉണ്ടെന്നത്. എത്രത്തോളം സാധ്യത ഉണ്ട് എന്ന് അറിയില്ലെങ്കിലും ഒരു മികച്ച നീക്കമായി തോന്നുന്നുണ്ട്. പിൻനിരയിൽ സെമെഡോ /റോബർട്ടോ, പിക്വെ, വെർമയെലൻ, ആൽബ എന്ന ലൈൻ ആണ് പ്രതീക്ഷിക്കുന്നത്. മാഷേ ഉണ്ടെങ്കിലും കഴിഞ്ഞ കുറേ മത്സരങ്ങൾ കളിച്ചിട്ടില്ലാത്തതിനാൽ ലൈൻ അപ്പിൽ പ്രതീക്ഷിക്കുന്നില്ല. ഗോൾ വലക്ക് മുൻപിൽ ടെർ സ്റ്റീഗൻ തന്റെ മിന്നുന്ന ഫോം തുടരുമെന്ന് തന്നെ കരുതാം.

മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി ഞങ്ങൾ ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ സ്ക്രീനിങ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവരും സഹകരിക്കുക. അതോടൊപ്പം എല്ലാ ക്‌ളാസിക്കോക്ക് മുൻപും പറയുന്നത് ഇവിടെയും ആവർത്തിക്കുകയാണ്. എതിരാളികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകുക.ചിരവൈരികൾ ആണെങ്കിലും അവർ ഫുട്ബോൾ എന്ന മഹത്തായ കളിയിൽ അഗ്രഗണ്യരാണ്. ലോകത്തെ ഏറ്റവും മികച്ചവരിൽ ഉൾപ്പെട്ടവരുമാണ്. അവരെ നമ്മൾ ബഹുമാനിച്ചേ പറ്റൂ. വിജയമോ തോൽവിയോ ആകട്ടെ, സഭ്യമായ രീതിയിൽ പ്രതികരിക്കുക.

അപ്പോൾ ഇരു ടീമുകൾക്കും എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. മികച്ച ഒരു മത്സരത്തിനായി കാത്തിരിക്കാം.

കൂളെസ്‌ ഓഫ് കേരള സംഘടിപ്പിക്കുന്ന സ്‌ക്രീനിങ്ങുകൾ : തിരുവനന്തപുരം, എറണാകുളം, തൃശൂർ,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ദുബായ്

ലാലിഗ റൗണ്ട് 17
സാന്റിയാഗോ ബെർണാബ്യു – മാഡ്രിഡ്‌
ഇന്ത്യൻ സമയം വൈകീട്ട് 5:30 ന്
തത്സമയം : ടെൻ 2

  • SHARE :