• Follow

മാച്ച് റിവ്യൂ : ബാഴ്‌സലോണ 2 – 0 ബിൽബാവോ

  • Posted On March 19, 2018

അത്ഭുദങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. ബാസ്‌ക് കൺട്രിയിൽ നിന്നും കാമ്പ് ന്യൂവിൽ വിരുന്നെത്തിയ അത്ലറ്റിക് ബിൽബാവോക്ക് ബാഴ്‍സക്കെതിരെ കാര്യമായൊന്നും ചെയ്യാനായില്ല. സുവാരസിന്റെ അഭാവത്തിൽ ടീമിലെത്തിയ പാക്കോ ആൽക്കസ്സറിന്റെയും ലയണൽ മെസ്സിയുടെയും ഗോളുകളുടെ ബലത്തിൽ ബാഴ്‌സക്ക് താരതമ്യേന അനായാസ ജയം. ഒരു പക്ഷെ കൂടുതൽ വലിയ മാർജിനിൽ ജയിക്കാമായിരുന്ന ഒരു മത്സരം, ഫിനിഷിങ്ങിലെ പോരായ്മകളും രണ്ടാം പകുതിയിലെ ആലസ്യവും ചേർന്നാണ് രണ്ട് ഗോളിൽ നിർത്തിയത്.
ഇന്നലത്തെ ലൈൻ അപ്പിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നത് സസ്പെൻഷനിലായ സുവാരസിന് പകരം പാക്കോ ആൽക്കസർ ഇടം നേടി എന്നുള്ളതായിരുന്നു. മെസ്സി, ആൽക്കസ്സർ, ഡെമ്പേലെ എന്നിവർ ചേർന്ന മുൻനിരക്ക് ഒപ്പം റാക്കി, കൊട്ടീഞ്ഞോ, പൗളിഞ്ഞോ എന്നിവർ ചേർന്ന മധ്യനിര രംഗത്തിറങ്ങി. പിൻനിരയിൽ റോബർട്ടോ, പീക്കേ, ഉംറ്റിറ്റി, ആൽബ എന്നിവർ തന്നെ കളത്തിലെത്തിയപ്പോൾ സ്റ്റീഗൻ വല കാക്കാൻ എത്തി.
ആദ്യ നിമിഷം മുതലേ മത്സരം ബാഴ്‌സയുടെ ദിശയിലേക്ക് തന്നെയാണ് നീങ്ങിയത്. ബിൽബാവോ ചിത്രത്തിലേ ഇല്ലായിരുന്നു എന്ന് പറയാം. ആദ്യ ഗോളിന് അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഇടത് വിങ്ങിൽ മെസ്സി നടത്തിയ ചെറിയ നീക്കത്തിനൊടുവിൽ ഓവർലാപ് ചെയ്ത് വന്ന ആൽബക്ക് പന്ത് നൽകുന്നു. തന്റെ സ്വസിദ്ധമായ ശൈലിയിൽ ആൽബ ആ പന്ത് ബോക്സിലേക്ക് കട്ട് ഇൻ പാസ് നൽകി. സാധാരണ മെസ്സിയെ ലക്ഷ്യം വെച്ചാണ് ആ പാസ് നൽകാറുള്ളതെങ്കിലും ഇന്നലെ പക്ഷെ ആ പൊസിഷനിൽ ഉണ്ടായിരുന്നത് പാക്കോ ആൽക്കസ്സർ ആയിരുന്നു. പാക്കോയുടെ അനായാസമായ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ഉരുണ്ടു കയറുമ്പോൾ ഗോൾ കീപ്പർ കാഴ്ചക്കാരൻ മാത്രമായിരുന്നു. ഗോൾ വീണിട്ടും കളിയുടെ ഗതിയിൽ യാതൊരു മാറ്റങ്ങളും പ്രകടമായിരുന്നില്ല. മത്സരം മുഴുവനും ബാഴ്‌സയുടെ കൈകളിൽ തന്നെ. ഒരു പക്ഷെ അടുത്തകാലത്തായി നമ്മൾ കണ്ട ഏറ്റവും നല്ല അറ്റാക്കിങ് മൂഡിൽ ആയിരുന്നു ബാഴ്‌സ. ഓരോ നീക്കവും ഗോളിലേക്കാണെന്നു തോന്നിച്ചു. നിർഭാഗ്യവും ഫിനിഷിങ്ങിലെ പോരായ്മകളും ചേർന്നപ്പോൾ ലക്ഷ്യം പലതവണ വിരൽത്തുമ്പിൽ നിന്നും അകന്നു. എങ്കിലും അധികം വൈകാതെ മെസ്സി ടീമിന്റെ ലീഡ് ഉയർത്തി. ഇത്തവണ മധ്യനിരയിൽ നിന്നും പൗളിഞ്ഞോ തുടങ്ങിവെച്ച നീക്കം വലത് വിങ്ങിൽ ഡെമ്പേലെക്ക് നൽകി. പന്ത് ഒന്ന് ഹോൾഡ് ചെയ്‌ത ഡെമ്പേലെ മുഖമുയർത്തി ബോക്സിലേക്ക് ഒന്ന് നോക്കി. എന്നാൽ ബോക്‌സിന് തൊട്ട് മുൻപിലായി മെസ്സി ആരാലും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്നുണ്ടായിരുന്നു. മെസ്സിയുടെ നേർക്ക് ഡെമ്പേലെയുടെ ഒരു സിമ്പിൾ പാസ്. ടൈം ആൻഡ് സ്പേസ്,ഇതിൽ ഏതെങ്കിലും ഒരെണ്ണം നൽകിയാൽ പോലും അപകടകാരിയാണ് മെസ്സി. അപ്പോൾ ഇവ രണ്ടും ഒരുമിച്ചു നൽകിയാലോ ? അതീവ വിനാശകാരിയും. ഡെമ്പേലെയിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി, ബോക്‌സിന് പുറത്ത് നിന്നു കൊണ്ട് തന്നെ ഒരു ഷോട്ട്, ഗോൾ കീപ്പർ പിന്നെയും പരാജിതനായപ്പോൾ ബാഴ്‌സ ലീഡ് ഉയർത്തി. ശേഷവും ബാഴ്‌സ നല്ലത് രീതിയിൽ ആക്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ബിൽബാവോക്ക് ബാഴ്‍സക്കെതിരെ ഭീഷണി ഉതിർക്കാനായില്ല എന്നത് അതിശയിപ്പിച്ചു.
രണ്ടാം പകുതി കൂടുതൽ ഗോളുകൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് നമ്മൾ കാത്തിരുന്നത്. പക്ഷെ സീസണിലൂടനീളം പലതവണ കണ്ടത് പോലെ ടീം ഒന്നടങ്കം കളിയുടെ രീതി മാറ്റി. നല്ലത് രീതിയിൽ അറ്റാക്ക് ചെയ്തിരുന്ന ആദ്യപകുതിയിൽ നിന്നും വിഭിന്നമായി ഒരു അലസതയോടെ കളിച്ചപ്പോൾ കൂടുതൽ ഗോൾ എന്ന മോഹം അകന്നു നിന്നു. അതിനിടയിൽ പാക്കോയെ പിൻവലിച്ചു ഇനിയേസ്റ്റയെയും ഡെമ്പേലെയെ പിൻവലിച്ചു വിദാലിനെയും ബാഴ്‌സ കളത്തിലിറക്കി. അറ്റാക്കിൽ വലിയ ഭാഗമായിരുന്ന ഡെമ്പേലെയുടെ അഭാവം കളിയുടെ ഗതിയെ സാരമായി ബാധിച്ചു. ചെറിയ രീതിയിൽ നമ്മളെ പ്രെഷർ ചെയ്യാൻ ബിൽബാവോ തുടങ്ങിയതും നമ്മളെ പലപ്പോഴും പന്ത് നഷ്ടപ്പെടുത്താൻ തുടങ്ങി. അപകടകരമായ മേഖലകളിൽ നമ്മൾ പലതവണ പന്ത് നഷ്ടപ്പെടുത്തിയപ്പോൾ ബിൽബാവോ ഗോളിനായി ശ്രമങ്ങൾ നടത്തി. പക്ഷെ ഡിഫൻസിലെ മികവും ബിൽബാവോയുടെ മോശം ഫിനിഷിങ്ങും ഒരു ഗോൾ തിരിച്ചടിക്കുന്നതിൽ നിന്നും അവരെ തടഞ്ഞു.
മുൻപ് പലതവണ കണ്ടത് പോലെ ബാഴ്‌സയുടെ രണ്ട് വ്യത്യസ്ത മുഖങ്ങൾ കണ്ട ഒരു മത്സരമായിരുന്നു ഇന്നലെയും. ആദ്യ പകുതി മികച്ച ആക്രമണം കെട്ടഴിക്കുകയും വിജയമുറപ്പിച്ച ശേഷം കൂടുതൽ റിസ്ക് എടുക്കാതെ മത്സരം അവസാനിപ്പിക്കുന്ന രീതി. ഒരു നിലക്ക് നിലക്ക് ഏറെ മികച്ച ഒരു തീരുമാനം ആണത്. ഒരു വിജയം കൈവന്നതിനു ശേഷം കൂടുതൽ ആക്രമിക്കുന്നത് കളിക്കാരെ തളർത്താനേ ഉപകരിക്കൂ. ഒപ്പം അനാവശ്യമായി പരിക്കുകൾ ഏൽക്കുന്ന സാഹചര്യവും ഒഴിവാക്കാം. പക്ഷെ ഇന്നലെ രണ്ട് ഗോൾ മാത്രം നേടിയതിന് ശേഷം അത്തരം നീക്കം വേണമോയെന്ന കാര്യം സംശയമാണ്. കാരണം രണ്ടാം പകുതിയിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു ഗോൾ വഴങ്ങിയാൽ അത് നമ്മുടെ കളിക്കാരിൽ ആവശ്യത്തിലധികം സമ്മർദ്ദം ചെലുത്തുമെന്നുറപ്പാണ്. ഡിഫെൻസിവ് ആയി കളിക്കാൻ ശ്രമിക്കുമ്പോഴൊക്കെ പന്ത് നഷ്ടപെടലും എതിർ ടീമിന് കൂടുതൽ അവസരങ്ങൾ കൈവരുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. രണ്ടാമതായി ഇന്നലെ വൽവെർദേ നടത്തിയ സബ്സ്റ്റിട്യൂഷനുകൾ നമുക്ക് അനുകൂലമായിരുന്നോ എന്ന ചോദ്യമാണ്. പ്രത്യേകിച്ച് ഇനിയേസ്റ്റയെ കൊണ്ട് വന്നത്. കൂടുതൽ ഡിഫെൻസിവ് ആയി കളിക്കാനായിരുന്നെങ്കിൽ ഇനിയേസ്റ്റയെ പോലെ ഒരാളെ അത്തരം സമയത്ത് ഇറക്കേണ്ടതില്ല. ഒപ്പം ഗോമസിനെ പോലെ കൂടുതൽ ഡിഫെൻസിവ് ആയി കളിക്കാനറിയാവുന്നർ നമുടെ ടീമിൽ ഉണ്ട് താനും. എങ്കിലും ഈ നീക്കങ്ങളെല്ലാം ടീമിന്റെ തന്ത്രങ്ങളാണ് എന്ന് വിശ്വസിക്കാനാണ് താല്പര്യം. വൽവെർദേ എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാകും ഇത്തരം നീക്കം നടത്തുന്നത്.
വ്യക്തിപരമായ പ്രകടനം നോക്കുകയാണെങ്കിൽ എല്ലാവരും നന്നായിരുന്നു. മെസ്സി, ഡെമ്പേലെ, കൊട്ടീഞ്ഞോ എന്നിവർ അറ്റാക്കിങ്ങിൽ അറ്റാക്കിങ്ങിൽ നന്നായി തിളങ്ങി. ഒരു ഗോൾ നേടിയെങ്കിലും ടീമുമായി സെറ്റ് ആവാൻ പാക്കോ അൽപ്പം ബുദ്ധിമുട്ടി. അപൂർവമായി അവസരം ലഭിക്കുന്ന ആളായത് കൊണ്ട് അതൊരു കുറവായി കാണാൻ കഴിയില്ല. മധ്യനിരയിൽ ബുസിയുടെ അഭാവം നല്ല രീതിയിൽ പരിഹരിക്കാൻ റാക്കിക്ക് കഴിഞിട്ടുണ്ട്. എങ്കിലും രണ്ടാം പകുതിയിൽ മൊത്തം ടീമിനോടൊപ്പം റാക്കിയും ചിലസമയങ്ങളിലെങ്കിലും പെട്ടന്ന് ഡിസ്പോസെസ്ഡ് ആയി. പൗളിഞ്ഞോ താരതമ്യേന കുഴപ്പമില്ലാതെ കളിച്ചു.
പിൻനിര ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ലെങ്കിലും രണ്ടാം പകുതിയിൽ നന്നായി തന്നെ ഡിഫൻഡ് ചെയ്തു. അപൂർവമായിട്ടാണെങ്കിലും ചില സേവുകളിലൂടെ സ്റ്റീഗനും തന്റെ സാന്നിധ്യം അറിയിച്ചു.
ഇനി രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളയാണ്. ശേഷം കാത്തിരിക്കുന്നത് കനത്ത മത്സരങ്ങളാണ്. ഈ മാസം അവസാനം സെവിയ്യയെ നേരിടുന്നതോടെ പുനരാംഭിക്കുന്ന ലീഗിൽ ഏപ്രിലിൽ സാമാന്യം നല്ല കട്ടിയായ മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ആർക്കും പരിക്കില്ലാതെ ഈ ഇടവേള പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കാം.

© www.culesofkerala.com

  • SHARE :