മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs A. S റോമ
ചാമ്പ്യൻസ് ലീഗിന്റെ ആവേശം തിരികെയെത്തുകയായി..!! നക്ഷത്ര തിളക്കം പതിഞ്ഞ പന്തിനു പിന്നിൽ ലോകം അണിനിരക്കുന്ന നിമിഷങ്ങളാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ. ഏതു ലീഗിലെ ഏതു ടീമുമാകട്ടെ, കയ്യും മെയ്യും മറന്നു പോരടിക്കാൻ ഏവരും ശ്രമിക്കുന്ന ഒരു വേദി കൂടിയാണ് ചാമ്പ്യൻസ് ലീഗ് . വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും മികച്ച മത്സരങ്ങൾ കാണണമെങ്കിൽ ചാമ്പ്യൻസ് ലീഗിലെ പോരാട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി.
ഈ സീസണിലെ ബാഴ്‌സയുടെ ക്വാർട്ടർ ഫൈനൽ ആദ്യ പാദം ഇന്ന് നടക്കുന്നു. ഇറ്റാലിയൻ കരുത്തരായ റോമായാണ് ഇന്ന് ബാഴ്‌സയെ നേരിടുന്നത്. സ്വന്തം തട്ടകമായ കാമ്പ് ന്യുവിൽ ആണ് ഇന്നത്തെ മത്സരം. എന്നും ഏതു സാഹചര്യത്തിലും ബാഴ്‌സയുടെ കൂടെ നിൽക്കുന്നവരാണ് ക്യാമ്പ് ന്യുവിലെ കാണികൾ. ആവേശത്തിലാറാടി നിൽക്കുന്ന ആരാധകവൃന്ദം ബാഴ്‌സക്ക് നൽകുന്ന ആവേശം ചെറുതല്ല. അതീവദുഷ്കരമെന്നും അസംഭവ്യമെന്നും തോന്നിച്ച പല കാര്യങ്ങളും അവരുടെ ആവേശത്തിൽ നേടിയെടുത്ത ചരിത്രവും നമുക്കുണ്ട്. അവർക്ക് മുന്നിൽ മികവാർന്ന കളി കാഴ്ചവെച്ചുകൊണ്ട് ആദ്യ പാദത്തിൽ തന്നെ വ്യക്തമായ മുൻതൂക്കം നേടി സെമിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനാവും ഇന്നത്തെ ശ്രമം.
ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായാണ് ടീം ലൈൻ അപ്പ് ഇറങ്ങിയത്. പരിക്കിലായിരുന്ന സെർജിയൊ ബുസ്കെറ്റ്സ് ടീമിൽ ഇടം നേടിയിരിക്കുന്നു. അതോടെ ആഴ്ചകളായി നമുക്കുണ്ടായിരുന്ന ആശങ്കയാണ് അകലുന്നത്. ബുസ്കെറ്റസിന്റെ അഭാവം സെവിയ്യയുമായുള്ള കഴിഞ്ഞ മത്സരത്തിൽ ദൃശ്യമായിരുന്നു . പിന്നെയുള്ള പ്രധാന മാറ്റം ഡെനിസ് സുവാരസ് ടീമിൽ ഇടം നേടി എന്നുള്ളതാണ്. സെവിയ്യക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിന് വലിയ ഒരളവിൽ ഊർജ്ജം നൽകിയത് അദ്ദേഹത്തിന്റെ പ്രകടനമായിരുന്നു.തീർച്ചയായും അദ്ദേഹം അർഹിക്കുന്ന തീരുമാനം. എങ്കിലും ആദ്യ ഇലവനിൽ ഇടം നേടാനാകുമോ എന്ന് പറയാനാകില്ല. ഗോൾ നേടാൻ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, ഒരു അറ്റാക്കിങ് മിഡ് ഫീൽഡർ ആയ ഡെനിസിനെ സബ്സ്റ്റിട്യൂട്ട് ഇറക്കാൻ സാധ്യതയുണ്ട്.
ചെൽസിക്കെതിരെ ഉപയോഗിച്ച 4 – 3 – 3 ഫോർമേഷൻ നിലനിർത്താനാണ് ഏറെ സാധ്യത. അങ്ങനെയാണെകിൽ മെസ്സി – സുവാരസ് – ടെമ്പേലെ സഖ്യം മുൻനിരയിലുണ്ടാകും . കൊട്ടീഞ്ഞോയുടെ അഭാവത്തിൽ ഇനിയേസ്റ്റയെ ഇറക്കേണ്ടി വരും. ഒപ്പം ബുസ്കെറ്റ്സും റാക്കിയും മധ്യനിരയിൽ ഇറങ്ങാൻ ആണ് സാധ്യത. എങ്കിലും ഗോമസ്, പൗളിഞ്ഞോ, ഡെനിസ് തുടങ്ങി ഒരുപിടി മധ്യനിരക്കാർ നമുക്ക് ലഭ്യമാണ്. പിൻനിരയിൽ റോബർട്ടോ നാലാം മഞ്ഞകാർഡിൽ നിൽക്കുന്നതാണ് ഒരു തലവേദന. ഒരു കാർഡ് കൂടി ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാവുകയും ചെയ്യും. ഏറെ നാളായി പരിക്കിലായിരുന്ന സെമെഡോ ടീമിൽ തിരികെയെത്തിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ പോലെ അതിപ്രധാനമായ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ കോച് അനുവദിക്കുമോ എന്ന് കണ്ടറിയാം. പീക്കെ ഒരു വിശ്രമം അർഹിക്കുന്നുണ്ടെങ്കിലും ഇന്ന് അനുവദിക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത് ഇന്നത്തെ മത്സരത്തിൽ നിർണ്ണായകമാണ്. ഒപ്പം ഉംറ്റിറ്റിയും ആൽബയും ചേരും. ഗോൾ കീപ്പർ ആയി സ്റ്റീഗൻ എത്തും.
റോമയുടെ ടീമിൽ നൈൻഗോളൻ ഒഴിച്ച് ആർക്കും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റെങ്കിലും ബാഴ്സയ്ക്കെതിരെ അദ്ദേഹം ഉണ്ടാവുമെന്നാണ് റിപോർട്ടുകൾ. മനോലാസ്, പെറോട്ടി എന്നിവർ സസ്പെന്ഷന് ഒരു കാർഡ് അകലെ ആണ്.
മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു, വ്യക്തമായ ലീഡോടെ ബാഴ്സ സെമി സാധ്യത വർധിപ്പിക്കട്ടെ എന്ന് ആശംസിക്കുകയാണ്.
ചാമ്പ്യൻസ് ലീഗ് – ക്വാർട്ടർ ഫൈനൽ
ക്യാമ്പ് ന്യു – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 12:15 ന്
തത്സമയം : TEN 1
©www.culesofkerala.com