•| മാച്ച് പ്രിവ്യു |• || ബാർസലോണ vs വലൻസിയ
കോപ ഡെൽ റേ ആവേശം നുകരാൻ അവസരമൊരുക്കി നാളെ വീണ്ടും ബാർസ കളിക്കളത്തിലേക്ക്. അലാവസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴ്പ്പെടുത്തി സെമി പ്രവേശനം നേടിയ വലൻസിയ ആണ് എതിരാളികൾ. ലീഗിൽ സ്വപ്നകുതിപ്പ് നടത്തിയിരുന്ന വലൻസിയ തുടർച്ചയായ പരിക്കുകളുടെ ആഘാതത്തിൽ പിന്നാക്കം പോയിരിക്കുന്നു. അതിനാൽ താരതമ്യേന സാധ്യത കൂടുതൽ ഉള്ള കോപ ഡെൽ റേയ്ക്കായി അവർ ശക്തമായി തന്നെ പോരാടും എന്ന് തീർച്ച.
വിശ്രമമില്ലാത്ത നാളുകളാണ് ബാർസയ്ക്ക് മുൻപിൽ ഇനിയുള്ളത്. മൂന്ന് ദിവസത്തിന്റെ ഇടവേളയിലാണ് വലൻസിയ മൽസരമെത്തുന്നത്. അലാവസുമായി പൊരുതി നേടിയ വിജയത്തിനു ശേഷം ശാരീരികമായും മാനസികമായും ചാലഞ്ചിങ് ആയൊരു ഗെയിം ബാർസലോണയ്ക്ക് കളിക്കേണ്ടി വരുന്നു. ഇതിനു ശേഷം എസ്പാന്യോൾ ( എവേ ), വലൻസിയ (എവേ ), ഗെറ്റാഫെ ( ഹോം ) മാച്ചുകൾ ആണ് നമ്മളെ കാത്തിരിക്കുന്നത്. അത് കൂടി മുന്നിൽ കണ്ട് കൊണ്ടാവും ഏണസ്റ്റൊ വാൽവെർദെ ടീമിനെ തിരഞ്ഞെടുക്കുക.
അലാവസുമായുള്ള മൽസരത്തിൽ പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകിയ വാൽവെർദെയുടെ തീരുമാനം വലൻസിയ മാച്ച് മുന്നിൽ കണ്ട് കൊണ്ട് തന്നെയായിരുന്നു. അലാവസിന്റെ പോരാട്ടവീര്യം വാൽവെർദെയുടെ മനസിലുണ്ടായിരുന്ന റസ്റ്റിങ് ഷെഡ്യൂളിനെ ബാധിച്ചു എന്ന് തന്നെയാണ് വിശ്വാസം . ഇനിയേസ്റ്റ മുഴുവൻ സമയവും ഫുൾബാക്ക്സ് ഏകദേശം പകുതിയോളവും മൽസരം കളിക്കേണ്ടി വന്നു. അത് എങ്ങനെ നമ്മുടെ ഇനിയുള്ള ഷെഡ്യൂളിൽ നിർണായകമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം.
പതിനെട്ട് അംഗ സ്ക്വാഡ് നമുക്കൊന്ന് നോക്കാം. ഡെനിസ് സുവാരസിനെ സ്ക്വാഡിലേക്ക് തിരികെ വിളിച്ചപ്പോൾ ഡെമ്പെലെ, ഗോമസ്, വെർമായ്ലൻ എന്നിവർ ആരോഗ്യപരമായ കാരണങ്ങളാലും സെമെഡൊ സാങ്കേതികമായ കാരണത്താലും ഉൾപ്പെട്ടിട്ടില്ല. സില്ലിസൻ, ഉംറ്റിറ്റി, പീക്കെ എന്നിവർക്കൊപ്പം റൊബർട്ടൊ, ആൽബ എന്നിവർ ചേരും. വിശ്രമം ലഭിച്ച ബുസ്കെറ്റ്സ് തിരികെയെത്തും. പ്രധാന മൽസരമായതിനാൽ ഇനിയേസ്റ്റയും സ്റ്റാർട്ട് ചെയ്യും. യെറി മിന അരങ്ങേറ്റത്തിനും ഇനിയും കാത്തിരിക്കേണ്ടി വരും. മറുവശത്ത് ഗയ്ഡെസ്, കൊണ്ടോഗ്ബിയ, ഗരായ്, മുറിയ്യൊ എന്നീ പ്രധാനികളില്ലാതെയാണ് വലൻസിയ തയ്യാറെടുക്കുന്നത് . സസ്പെൻഷനിൽ ആയിരുന്ന ഗബ്രിയേലും വേസൊയും തിരികെയെത്തുന്നു. മികച്ച ഫോമിലുള്ള സാന്റി മിനയോടൊപ്പം സാസ, സോളെർ, റൊഡ്രിഗൊ, ഗായാ എന്നിവരും അണിനിരക്കും.
കുട്ടിന്യൊയുടെ പൊസിഷൻ ടാക്റ്റിക്കലി നിർണായകമാകും. 4-4-2 ആണൊ 4-3-3 ആണൊ ഉപയോഗിക്കുക എന്നത് അദ്ദേഹത്തെ ആശ്രയിച്ചിരിക്കും. ലാ ലിഗയിൽ ഏറ്റുമുട്ടിയപ്പോൾ വലൻസിയ ഫുൾ ബാക്ക്സിലൂടെ ആക്രമണം അഴിച്ചുവിട്ടു. കഴിഞ്ഞ മൽസരത്തിലെ പോലെ റൈറ്റ് മിഡ്ഫീൽഡർ ആയി (4-4-2) ഉപയോഗിക്കുന്നതിനു പകരം ലെഫ്റ്റ് വിങ്ങിൽ (4-3-3) കുട്ടീന്യൊയെ ഉപയോഗിക്കുക ആണെങ്കിൽ വലൻസിയയുടെ ഫുൾബാക്ക്സിനു സർവ്വസ്വാതന്ത്ര്യത്തോടെ ആക്രമിക്കാൻ സാധിക്കില്ല. നമുക്ക് വാൽവെർദെയുടെ തീരുമാനങ്ങളിൽ വിശ്വാസമർപ്പിക്കാം. കുട്ടീന്യൊയുടെ പൊസിഷൻ ഫോർമേഷനെ ആശ്രയിച്ചിരിക്കും.
നാളത്തെ മൽസരം നൂകാമ്പിലാണ്. രണ്ടാം പാദത്തിലേക്ക് സമ്മർദമില്ലാതെ പോകണം എന്ന് തന്നെയാണ് ആഗ്രഹം. അതിനാൽ വിജയത്തോടൊപ്പം ഗോളുകൾ വഴങ്ങാതിരിക്കാനുള്ള വാശിയോടു കൂടെ കളിക്കാർ മൽസരത്തെ സമീപിക്കും എന്ന് തന്നെ കരുതാം. വലൻസിയ എത്ര മോശം ഫോമിലാണെങ്കിലും വലിയ മൽസരത്തിൽ ശൗര്യം കാട്ടുന്നവരാണ്. ഈ ശൗര്യത്തെ കാണികളുടെ കൂടെ പിന്തുണയോടെ മറികടന്ന് സമ്മർദമേതും കൂടാതെ മെസ്റ്റെയ്യയിലേക്ക് യാത്ര ചെയ്യാനാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
സാധ്യത ലൈനപ്പ് :
സില്ലിസൻ, റൊബർട്ടൊ, പീക്കെ, ഉംറ്റിറ്റി, ആൽബ, റാക്കി, ബുസി, ഇനിയേസ്റ്റ, കുട്ടീന്യൊ, സുവാരസ്, മെസ്സി
#Joan
കോപ ഡെൽ റേ സെമിഫൈനൽ
കാമ്പ് നോവ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 2
ഇന്ത്യയിൽ ടെലികാസ്റ്റ് ഉണ്ടാവില്ല
©Penyadel Barca Kerala