മാച്ച് പ്രിവ്യു – ഡിപോർട്ടീവോ ലാ കൊരൂണ vs ബാഴ്‌സലോണ
കിരീടം കൈപ്പാടകലെ !!! അതേ ഈ സീസണിലെ ലാലിഗ കിരീടം ബാഴ്‌സക്ക് ഒരു കൈപ്പാടകലെ മാത്രമാണ്. ഒരേയൊരു പോയിന്റ് കൂടി ലഭിച്ചാൽ ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കും. സീസണിലുടനീളം പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചു മികവോടെ അപരാജിതരായി എത്തുന്ന ബാഴ്‌സക്ക് ഇന്നത്തെ ഒരു വിജയത്തോടെ ലാലിഗ കിരീടം ഉറപ്പിക്കാം. നമ്മളേവരും കാത്തിരുന്ന മുഹൂർത്തം.
ഇന്നത്തെ മത്സരത്തിൽ ഡീപോർട്ടീവോ ലാ കൊരൂണയെയാണ് ബാഴ്‌സ നേരിടുന്നത്. നിലവിലെ ഒന്നാം സ്ഥാനക്കാരും പതിനേഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരമാണിന്ന്. അത് കൊണ്ട് തന്നെ ബാഴ്‌സക്ക് വ്യക്തമായ വിജയസാധ്യത ഇന്നത്തെ മത്സരത്തിലുണ്ട്. ഡീപോർട്ടീവോ ആണെങ്കിൽ നിലവിൽ തരം താഴ്ത്തൽ ഭീഷണിയിലാണ്. അത് ഒഴിവാക്കുന്ന കാര്യം സംശയമാണെങ്കിലും നിലനിൽപ്പിനായി അവർ പോരാടും എന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയ ഒരു താരനിരയെ തന്നെയാണ് ബാഴ്‌സ കൊരൂണയിലേക്ക് അയക്കുന്നത്. ടീമിലെ എല്ലാവരും ഉണ്ട് എന്ന് തന്നെ പറയാം. സസ്‌പെൻഷനിൽ ആയ റോബർട്ടോ വരെ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് ഒരു വിജയത്തോടെ ആഘോഷിക്കാനുള്ള പദ്ധതിയായിരിക്കണം എല്ലാവരെയും ഉൾപ്പെടുത്താനുള്ള തീരുമാനം.
അതിപ്രധാനമായ മത്സരം അല്ലാത്തതിനാലും എല്ലാവരും ടീമിൽ ഉൾപ്പെട്ടതിനാലും ഇന്നത്തെ ലൈൻ അപ്പ് പ്രവചിക്കുക ഏറെക്കുറെ അസാധ്യമാണ്. പരീക്ഷണങ്ങൾ നടത്താനും കൂടുതൽ പേർക്ക് അവസരങ്ങൾ നൽകാനും വരുന്ന മത്സരങ്ങൾ ഉപയോഗിക്കാമെങ്കിലും ഇന്ന് ഒരു പക്ഷെ വൽവെർദേ മികച്ച ഒരു ഇലവൻ തന്നെ രംഗത്തിറക്കിയേക്കാം ഏറ്റവുമധികം സാധ്യതകൾ അദ്ദേഹത്തിന്റെ ഇഷ്ട ഫോർമേഷനായ 4-4-2 സ്വീകരിക്കാനാണ്. അങ്ങനെയെങ്കിൽ കൊട്ടീഞ്ഞോ, ഇനിയെസ്റ്റ, ബുസി റാക്കി എന്നിവർ ചേരുന്ന മധ്യനിരയും മെസ്സിയും സുവാരസും വരുന്ന മുന്നേറ്റവും ആയിരിക്കും. ഇനി ടെമ്പേലെയെ കൂടി ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ മധ്യനിരയിൽ നിന്നും ഒരാളെ ഒഴിവാക്കും. പിൻനിരയിൽ സസ്‌പെൻഷനിൽ ആയ റോബർട്ടോക്ക് പകരം സെമെഡോ റൈറ്റ് ബാക്ക് ആയി എത്താൻ ആണ് സാധ്യത. എങ്കിലും അലക്സ് വിദാലും ഒരു ഓപ്ഷൻ ആണ്. ഒപ്പം പീക്കെ, ഉംറ്റിറ്റി, ആൽബ എന്നിവരും ചേരും. ഗോൾ വലക്ക് മുൻപിൽ സ്റ്റീഗൻ വരും.
മികവാർന്ന പ്രകടനത്തോടെ ഒരു വിജയത്തോടെ ലാലിഗ കിരീടം ഇന്ന് നമുക്ക് സ്വന്തമാക്കാം എന്ന് പ്രതീക്ഷിക്കുന്നു.
~ ലാലിഗ റൗണ്ട് 35
~ വേദി : എസ്റ്റാഡിയോ അബാൻകാ റിയാസർ – കൊരൂണ
~ ഇന്ത്യൻ സമയം രാത്രി : 12:15ന്
~ തത്സമയം : TEN 2
©Penyadel Barca Kerala