‘മാച്ച് ഡേ’ – ബാഴ്സ ഡോക്യൂമെന്ററി
റാകുറ്റെൻ പുറത്തിറക്കുന്ന ‘മാച്ച് ഡേ’ എന്ന ഡോക്യുമെന്ററി സീരിസിലൂടെ ബാഴ്സലോണയുടെ അകത്തളത്തിലെ കാഴ്ചകളിലൂടെയുള്ള മുൻപെങ്ങും നടത്തിയിട്ടില്ലാത്ത യാത്രയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. നവമ്പർ 29നു റാകുറ്റെൻ ടീവിയിലൂടെയാണ് യൂറോപ്പിൽ സീരീസ് റിലീസ് ചെയ്യുന്നത്. ടീമിലെ മുൻനിര താരങ്ങളായ മെസ്സി,പീകെ, റ്റർ സ്റ്റീഗൻ, സുവാരസ് എന്നിവരുടെ ദൈനംദിന ജീവിതത്തിലൂടെയും ‘മാച്ച് ഡേ’ കടന്നു പോകുന്നുണ്ട്.
45 മിനിറ്റ് ദൈർഖ്യമുള്ള 8 എപ്പിസോഡുകൾ അടങ്ങുന്ന സീരിസിൽ 2018/19 സീസണിലെ 8 പ്രധാന മത്സരങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. റാകുറ്റെൻ ടീവിയുടെ വീഡിയോ ഓൺ ഡിമാൻഡ് (AVOD) സെർവീസിലെ ഫ്രീ സെക്ഷനിലൂടെ യൂറോപ്പിൽ സീരീസ് ലഭ്യമാകും.
ജോൺ മൽക്കോവിച് ശബ്ദം നൽകുന്ന ഡോക്യൂമെന്ററി, റാകുറ്റെൻ എച് കളക്റ്റീവ് സ്റ്റുഡിയോസ്, കോസ്മോസ് സ്റ്റുഡിയോസ്, പ്രോഡക്‌സിയോൺസ് ഡെൽ ബാരിയോ എന്നിവരോടൊപ്പം ചേർന്നു ബാഴ്സ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്.
രണ്ട് എപിസോടുകളിലായി എൽ ക്ലാസിക്കോയുടെ തയ്യാറെടുപ്പുകളും, മത്സരത്തിന്റെ സമ്മർദത്തെ പറ്റിയും, 90 മിനിറ്റുകളുടെ അനുഭവത്തെ പറ്റിയും സീരീസ് ചർച്ച ചെയുന്നു. ക്യാമ്പ് നൗവിൽ ബാഴ്സ 5-1 ന്റെ വിജയം ബെർണാബുവിൽ നടന്ന കോപ്പ മത്സരത്തിലെ 3-0 വിജയവും സീരീസ് ഉള്പെടുത്തിയിട്ടുണ്ട്. അതിനോടൊപ്പം ആൻഫീൽഡിൽ ഉണ്ടായ ചാമ്പ്യൻസ് ലീഗ് തോൽവിയുടെ നിരാശയും മറ്റൊരു എപ്പിസോഡിൽ പ്രത്യക്ഷമാവുന്നു.
ഫുട്ബോളിനെ കൂടാതെ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്കും സീരീസ് കടന്നു ചെല്ലുന്നുണ്ട്. സുവാരസിന്റെ വീട്ടിലെ ബാർബിക്യുവിൽ ഒത്തുചേരുന്ന മെസ്സി, അൽബ, പീകെ എന്നിവർ കുടുംബത്തോടൊപ്പം ഒഴിവു സമയം ചിലവിടുന്നതും റ്റർ സ്റ്റീഗൻ തന്റെ പുതിയ വീട് രൂപകൽപന ചെയ്യുന്നതും ഇവാൻ റാകിറ്റിച്ചിന്റെ പാചകവും സീരീസ് കാഴ്ചക്കാരിൽ എത്തിക്കുന്നു.
