• Follow

മാച്ച് റിവ്യൂ – RCD മയ്യോർക്ക 0 – 4 എഫ്. സി ബാഴ്‌സലോണ

  • Posted On June 14, 2020

ഫുട്ബാൾ ലഹരിയാണെന്നു ആലങ്കാരികമായി പറയുമെങ്കിലും അത് എത്രത്തോളം സത്യമാണെന്ന് തിരിച്ചറിഞ്ഞ മൂന്ന് മാസമാണ് കടന്നു പോയത്. കോവിഡ് 19 പ്രതിസന്ധികൾക്കിടയിൽ ഫുട്ബാൾ നിലച്ചപ്പോൾ നിന്നുപോയത് ജീവിതത്തിലെ പ്രധാനമായ ഒരു ഭാഗം കൂടിയായിരുന്നു.ഉടനെ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കടന്നുപോയത് മൂന്ന് മാസത്തിലധികമാണ്. ഒടുവിൽ നീണ്ട 97 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബാഴ്‌സ വീണ്ടും ഫുട്ബാൾ കളത്തിലേക്ക് തിരികെയെത്തി. മെഡിറ്ററേനിയൻ കടലിലെ ബലേരിക് ദ്വീപിൽ RCD മയ്യോർക്കയെ അവരുടെ തട്ടകത്തിൽ നേരിട്ട് കൊണ്ട് ബാഴ്‌സലോണ ഫുട്ബാൾ സീസൺ പുനരാരംഭിച്ചിരിക്കുന്നു. ഇടവേളക്ക് ശേഷം മികവുറ്റ പ്രകടനത്തോടെ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന്റെ വിജയത്തോടെ സീസണിലെ ബാക്കി മത്സരങ്ങളിലേക്ക് പ്രത്യാശ നൽകുന്നു. ലോകം എങ്ങും കാത്തിരുന്ന ലയണൽ മെസ്സിയുടെ തിരിച്ചുവരവ് അദ്ദേഹം രണ്ട് അസിസ്റ്റുകളും ഒരു ഗോളും കൊണ്ട് ആലങ്കാരികമാക്കി.

വളരെയധികം ആശങ്കകളോടെയാണ് ഈ മത്സരത്തെ നമ്മൾ വരവേറ്റത്. ഫുട്ബാളിൽ തുടർച്ചയില്ലെങ്കിൽ പ്രകടനം മങ്ങുമെന്നു നമുക്കറിയാം. പ്രത്യേകിച്ച് ബാഴ്‌സയെ പോലെ ഉള്ള ടീമുകൾ. ഒപ്പം കളി പുനരാരംഭിക്കുമ്പോൾ കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യതയും ഏറെയാണ്. മയ്യോർക്കയെ സീസണിലെ മുൻമത്സരത്തിൽ തകർത്തുവിട്ടതാണെങ്കിലും സ്വന്തം ഗ്രൗണ്ടിൽ അവർ ഏറെ അപകടകാരികൾ ആണെന്ന് അവരുടെ സമീപകാല പ്രകടനങ്ങൾ തെളിവാണ്. അതുകൊണ്ട് തന്നെ നമുക്ക് ഒരു പരീക്ഷണമായിരുന്നു ഈ മത്സരം. അതിനാൽ തന്നെ മികച്ച ഒരു ലൈൻ അപ്പുമായാണ് നമ്മൾ കളിക്കാനിറങ്ങിയത്. പരിക്ക് മാറി സുവാരസ് തിരികെയെത്തിയെങ്കിലും മെസ്സി – ഗ്രീസ്മാൻ – ബ്രൈതവൈറ്റ് ത്രയത്തെയാണ് മുന്നേറ്റത്തിൽ നിയോഗിച്ചത്. മധ്യനിരയിൽ ബുസ്കെറ്റ്സ് – ഡി യോങ് – വിദാൽ എന്ന ത്രയം സ്ഥാനം നേടിയപ്പോൾ ആർതറും റാകിറ്റിച്ചും ബെഞ്ചിൽ ഇടം നേടി. പിൻനിരയിലാണ് അൽപ്പം ആശങ്കയുണ്ടായിരുന്നത്. ലെങ്ലെ സസ്‌പെൻഷൻ മൂലവും ഉംറ്റിറ്റി പരിക്ക് മൂലവും ലഭ്യമല്ലാതായപ്പോൾ സെന്റർ ബാക്ക് സ്ഥാനത് നമുക്ക് ഒരു പരീക്ഷണം നടത്തേണ്ടി വന്നു. B ടീമിൽ ഇന്നും റൊണാൾഡ്‌ അരാവോക്ക് അവസരം ലഭിച്ചു. അദ്ദേഹം ഈ സീസണിൽ ആദ്യമായി ഫസ്റ്റ് ടീമിനായി കളത്തിലിറങ്ങിയിരുന്നെങ്കിലും നിർഭാഗ്യവശാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയിരുന്നു. തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് ലഭിച്ച സുവർണ്ണാവസരം ആയിരുന്നു ഇത്. ലെഫ്റ്റ് ബാക്ക് ആയി ആൽബയും, സെന്റർ ബാക്കുകൾ ആയി പീക്കെയും അരാവോയും റൈറ്റ് ബാക്ക് ആയി റോബർട്ടോയും ഗോൾ കീപ്പർ ആയി സ്റ്റീഗനും ചേർന്നപ്പോൾ ടീം സജ്ജമായി.

വിസ്ഫോടനാത്മകമായ ഒരു തുടക്കമായിരുന്നു നമുക്ക് ലഭിച്ചത്. മത്സരം ചൂട് പിടിക്കും മുൻപ് തന്നെ നമ്മൾ മുന്നിലെത്തി. ഇടത്തെ വിങ്ങിൽ താൻ നഷ്ടപ്പെടുത്തിയ പന്ത് റിക്കവർ ചെയ്‌ത ഡി യോങ് അത് ആൽബക്ക് നൽകി. ആൽബയുടെ ഒരു കൃതൃത്യമായ ക്രോസ് മയ്യോർക്ക ബോക്സിലേക്ക് പറന്നിറങ്ങിയത് കൃത്യമായി വിദാൽ കണക്റ്റ് ചെയ്തപ്പോൾ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ. സമയം കേവലം ഒരു മിനിറ്റ് മാത്രമേ ആയിരുന്നുള്ളൂ. തുടർന്നും ബാഴ്‌സ ആക്രമണത്തിൽ മികച്ചുനിന്നപ്പോൾ അടുത്ത ഗോളും അധികം വൈകാതെ വീഴുമെന്ന് തോന്നിച്ചു. ബ്രൈത്വൈറ്റിന്റെ ഒരു ഷോട്ട് പോസ്റ്റിനെ ഉരുമ്മിയാണ് പുറത്തേക്ക് പോയത്. പക്ഷെ അധികം വൈകാതെ മയ്യോർക്ക മത്സരത്തിലേക്ക് പതിയെ തിരികെ വന്നു. ലാ മാസിയ താരം ആയിരുന്ന കുബോയുടെ നേതൃത്വത്തിൽ അവർ കൂടുതൽ ആക്രമണം കാഴ്ചവെക്കാൻ ആരംഭിച്ചു. വലത്തേ വിങ്ങിൽ കുബോ നടത്തിയ നീക്കങ്ങൾ കൂടുതൽ അപകടകരമായി തോന്നിച്ചു. മെസ്സിയിലൂടെയും ഗ്രീസ്മാനിലൂടെയും ബാഴ്‌സ പ്രത്യാക്രമണം നടത്തിയെങ്കിലും മൂർച്ച കുറവായിരുന്ന പോലെ തോന്നിച്ചു. മയ്യോർക്ക മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയേക്കാം എന്ന് തോന്നിച്ചപ്പോഴാണ് അടുത്ത ഗോൾ ബാഴ്‌സ നേടിയത്. ഇത്തവണ ഇടത്തെ വിങ്ങിൽ കൂട്ടപ്പൊരിച്ചിലിനിടയിൽ ലഭിച്ച പന്ത് ഡി യോങ് മെസ്സിക്ക് ഒരു ഹെഡ്ഡറിലൂടെ നൽകി, അത് മറ്റൊരു ഹെഡ്ഡറിലൂടെ മെസ്സി പെനാൽറ്റി ഏരിയയിലേക്ക് നൽകി. കാത്തുനിന്ന പോലെ അവിടെ സന്നിഹിതനായിരുന്ന ബ്രൈത്വൈറ്റ് ഉന്നം പിഴക്കാത്ത ഷോട്ടുമായി പന്ത് വലയിലേക്ക് കയറ്റി. ബാഴ്‌സയ്ക്ക് വേണ്ടിയുള്ള ആദ്യ ഗോൾ. ! തുടർന്ന് മികച്ച റണ്ണുകളും മറ്റുമായി മെസ്സി കൂടുതൽ അപകടകാരിയായി തോന്നിയെങ്കിലും ഗോളുകൾ അകന്ന് നിന്നു.

രണ്ടാം പകുതിയിൽ ആദ്യ മാറ്റത്തോടെയാണ് ബാഴ്‌സ മത്സരം ആരംഭിച്ചത്. വിദാലിന് പകരം റാക്കിറ്റിച് കളത്തിലെത്തി . പക്ഷെ മയ്യോർക്ക കൂടുതൽ അക്രമകാരികൾ ആകുന്ന കാഴ്ചയാണ് കണ്ടത്. എരിയൽ ബോളുകളിൽ അവർ കൂടുതൽ ശ്രദ്ധ ചെലുത്തി. പക്ഷെ പീകെയും അരാഹോയും നല്ല രീതിയിൽ നിയന്ത്രിച്ചു. അവർക്ക് കഴിയാതെ പോയത് സ്റ്റീഗനും. 57 ആം മിനിറ്റിൽ ലൂയിസ് സുവാരസ് ഗ്രീസ്മാന് പകരക്കാരനായി കളത്തിലെത്തി. ജനുവരിക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ബൂട്ട് കെട്ടുന്നത്. എങ്കിലും അദ്ദേഹം കൂടുതൽ ഫിറ്റ് ആയ പോലെ തോന്നിച്ചു. ടീം തുടർന്ന് കൂടുതൽ മികവ് കാണിച്ചു. മെസ്സിയുടെ ത്രൂബാളിൽ ബ്രൈത്വൈറ്റിന് കീപ്പർ മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മൂവർക്കും അവസരങ്ങൾ പിന്നെയും വന്നെങ്കിലും ഉപയോഗപ്പെടുത്താനായില്ല. ഇടയിൽ ബാഴ്‌സ കൂടുതൽ സബ്സ്റ്റിട്യൂഷനുകൾ നടത്തി. ആർതറും സെമെഡോയും കളത്തിലെത്തി. ഇടയിൽ ഗോളിനായി ലഭിച്ച അവസരം ഉപയോഗിച്ചത് ആൽബ ആയിരുന്നു. കൂൾ ബ്രേക്കിന് ശേഷം ഉടനെ തന്നെ ആൽബയിലൂടെ നമ്മൾ വീണ്ടും ലീഡ് ഉയർത്തി. മെസ്സി നൽകിയ ത്രൂബാൾ ഓടിപ്പിടിച്ചു വലയിലേക്ക് കയറ്റുമ്പോൾ മയ്യോർക്ക ബ്രേക്കിൽ നിന്നും മത്സരത്തിലേക്ക് പൂർണ്ണമായും തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല. തുടർന്ന് മെസ്സിയുടെ നേതൃത്വത്തിൽ ബാഴ്‌സ പലവട്ടം ആക്രമണം നടത്തിയെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്നു. അത് വരെ കളിയുടെ സർവ്വമേഖലകളിലും മുന്നിട്ട് നിന്നിട്ടും ഗോൾ മാത്രം അകന്നു നിന്ന മെസ്സിയുടെ ഊഴമായിരുന്നു അടുത്തത്. കളിയുടെ അന്ത്യനിമിഷങ്ങളിൽ മെസ്സി സുവരെസിനായി ഒരുക്കിയ അവസരം അദ്ദേഹം മെസ്സിക്ക് തന്നെ തിരികെ നൽകി. മയ്യോർക്ക പ്രതിരോധത്തെ അനായാസം കീഴ്‌പ്പെടുത്തി മെസ്സി വലയിലേക്ക് പന്ത് പായിക്കുമ്പോൾ ഒരു മാസ്മരിക പ്രകടനം അതിന്റെ പൂർണതയിലേക്ക് എത്തുകയായിരുന്നു.

ഏറെ സന്തോഷം നൽകിയ ഒരു മത്സരമായിരുന്നു ഇന്നലെ. ഏറ്റവും പ്രധാനമായ രണ്ട് കാര്യങ്ങൾ. ഒന്ന് വിജയം രണ്ട് പരിക്കുകൾ ഇല്ലാതെ മത്സരം പൂർത്തിയാക്കി . മയ്യോർക്ക ലീഗിൽ അവസാനം ഉള്ള ടീം ആണെങ്കിലും എവേ മത്സരം എന്നത് പ്രധാനമായിരുന്നു. പ്രത്യേകിച്ച് ഈ സീസണിൽ എവേ മത്സരങ്ങളിലെ പ്രകടനം അത്രമേൽ പരിതാപകരമായിരുന്നു. ഒപ്പം സ്വന്തം തട്ടകത്തിൽ മയ്യോർക്ക കൂടുതൽ അപകടകാരികൾ ആണ്. അതിനാൽ തന്നെ ഇന്നലത്തെ വിജയത്തിൽ അഭിമാനിക്കാനേറെയുണ്ട്. പരിക്കുകൾ ഇല്ലാതെ മത്സരം പൂർത്തിയാക്കാനായി എന്നതും ആശ്വാസകരമാണ്. ഇത്രവലിയ ബ്രേക്കിന് ശേഷം തിരികെ വരുമ്പോൾ കളിക്കാർക്ക് പരിക്കേൽക്കുന്നത് സാധാരണയാണ്. അത് ഒഴിവാക്കാൻ അഞ്ച് സബ്സ്റ്റിട്യൂഷനുകൾ ഒക്കെ സ്വാഗതാർഹമാണ്. എങ്കിലും അതിന് പരിമിതികൾ ഉണ്ടെന്ന് മറ്റ് ലീഗുകളിലെ വാർത്തകൾ തെളിയിക്കുന്നു. പരിക്കില്ലാതെ മത്സരം പൂർത്തിയാക്കിയതിൽ ആശ്വസിക്കാം.

ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടരാണ്. പ്രതീക്ഷിച്ച പ്രശ്നങ്ങൾ കണ്ടില്ല. ഇടവേളക്ക് ശേഷം വരുമ്പോൾ കാണാറുള്ള ഒത്തിണക്കമില്ലായ്മ കണ്ടില്ല. ലീഗിൽ തുടർച്ചയായി കളിച്ചു വരുമ്പോൾ ഉള്ള ഒത്തിണക്കം പോലെ തന്നെ തോന്നിച്ചു. അവിടെ ഇവിടെ ആയി ചെറിയ പ്രശ്നങ്ങൾ എന്നത് ഒഴിച്ചുനിർത്തിയാൽ സംതൃപ്തി നൽകി. എതിർ ഹാഫിൽ പന്ത് റിക്കവർ ചെയ്യാൻ നമ്മൾ കാഴ്ചവെക്കുന്ന ഇന്റെൻസിറ്റി ഏറെ ഇഷ്ടമായി. റിക്കവർ ചെയ്താൽ അത് അറ്റാക്കിലേക്ക് മാറുന്ന ട്രാൻസ്ഫോർമേഷനും മികവുറ്റതായിരുന്നു. അനാവശ്യമായ സമയം നഷ്ടപ്പെടുത്തലില്ല. ബ്രൈത്വൈറ്റ്, ഗ്രീസ്മാൻ , സുവാരസ് മെസ്സി തുടങ്ങിയവരിൽ ആരെങ്കിലും എപ്പോഴും ഒരു ഗോൾ ശ്രമത്തിന്‌ തയ്യാറായി നിൽക്കുന്നുണ്ട്. നമുക്ക് ലഭിച്ച മികച്ച ഒരു അറ്റാക്കിങ് ശക്തിയാണ് ഇവർ. നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇവർക്ക് ഏറെ ചെയ്യാനുണ്ട്. തരക്കേടില്ലാത്ത പ്രകടനമാണ് മധ്യനിരയുടെ ഭാഗത്തു നിന്നും കണ്ടത്. വിദാലിന്റെയും ബ്രൈത്വൈറ്റിന്റെയും ഗോളുകളിൽ നിർണ്ണായക നീക്കങ്ങൾ മധ്യനിരയുടെ ക്രെഡിറ്റിലുള്ളതാണ്. എങ്കിലും കൂടുതൽ മെച്ചപ്പെടാം. പ്രത്യേകിച്ച് ഡിഫെൻസിവ് ഏരിയയിൽ. സ്വതവേ ദുർബലമായ നമ്മുടെ പ്രതിരോധം, മധ്യനിരയിൽ നിന്നും കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധവും അഭിനന്ദനമർഹിക്കുന്നു. എവേ മത്സരത്തിൽ ക്ളീൻ ഷീറ്റൊടെ മടങ്ങിയത് മികവുറ്റ പ്രകടനം തന്നെയാണ്. പ്രത്യേകിച്ച് ഒരു പുതുമുഖം സെന്റർ ബാക്ക് റോളിൽ വന്നിട്ടും. ഒപ്പം സ്റ്റീഗനും പ്രശംസയർഹിക്കുന്നു. മത്സരത്തിൽ ഏറെ സമയവും ഒരു സ്വീപ്പർ കീപ്പർ പൊസിഷനിൽ നിന്ന സ്റ്റീഗൻ അറുപതിലധികം പാസുകളാണ് കൈമാറിയത്. ആവിശ്യഘട്ടങ്ങളിൽ മികച്ച സേവുകളുമായി കളം നിറഞ്ഞു. കളിയുടെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ചുനിന്നത് കൊണ്ട് തന്നെയാണ് ഈ വിജയം നമുക്ക് ലഭിച്ചതും.

കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും അഭിനന്ദനമർഹിക്കുന്നു. എല്ലാവരും നന്നായിരുന്നു. പ്രത്യേകത തോന്നിയവരെക്കുറിച്ചു മാത്രം പരാമർശിക്കാം. നമുക്ക് ലഭിച്ച ഒരു ലോട്ടറി പോലെയാണ് ബ്രൈത്വൈറ്റിന്റെ പ്രകടനത്തെ പറയാനാവുക. വിരലെണ്ണാവുന്ന ഈ മത്സരങ്ങൾകൊണ്ട് തന്നെ അദ്ദേഹം ടീമിനോട് ഒത്തിണങ്ങിയിട്ടുണ്ട്. മികച്ച എനർജി സ്വന്തമായുള്ള അദ്ദേഹത്തിന്, മുന്നേറ്റത്തിൽ നമുക്ക് വലിയ മുൻ‌തൂക്കം നല്കാൻ കഴിയുന്നുണ്ട്. ആദ്യഗോളിന് അഭിനന്ദനങ്ങൾ. മധ്യനിരയിൽ വിദാലും ഡി യോങ്ങും പ്രത്യേക പരാമർശം അർഹിക്കുന്നു. പോരാളിയുടെ പര്യായമായ വിദാൽ ഇന്നലെ വീണ്ടും അദ്ദേഹം എന്തുകൊണ്ട് എവേ മത്സരങ്ങളിൽ നിർണ്ണായകമാണെന്ന് കാണിച്ചു തന്നു. കിറുകൃത്യമായി ടാക്ലിങ്ങുകൾ മയ്യോർക്കയുടെ അടിവേരിളക്കി. ഡി യോങ് രണ്ട് ഗോളുകളിൽ നിർണ്ണായകസാന്നിധ്യമായി. രണ്ടാം പകുതിയിൽ ശരാശരിയിലും താഴെ പോയെങ്കിലും അദ്ദേഹം മത്സരത്തിൽ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. പിൻനിരയിൽ അരാഹോയുടെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഒരു പുതുമുഖത്തിന്റെ ലാഞ്ചന ലവലേശമില്ലാതെ പന്ത് തട്ടി. മാസങ്ങൾക്ക് മുൻപ് ചുവപ്പ് കാർഡ് വാങ്ങി തലതാഴ്ത്തി നടന്ന് പോയ താരം അത്യധികം മികവുറ്റ പ്രകടനത്തോടെ കളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു. വളർന്ന് വരുന്ന പ്രതിഭയാണ്. കൂടുതൽ അവസരങ്ങൾ നൽകുക, മികവിലേക്ക് ഉയരും. ഒപ്പം നീണ്ട നാളുകൾക്ക് ശേഷം ആൽബയുടെ ഒരു മികച്ച പ്രകടനം കണ്ടു.ഗോളുകളിൽ അദ്ദേഹം നിർണ്ണായക സാന്നിധ്യമായിരുന്നു. എങ്കിലും അദ്ദേഹം കൂടുതൽ അക്രമകാരിയായത് കുബോക്ക് കൂടുതൽ സ്വാതന്ത്രം നൽകി എന്നുകൂടി പറയേണ്ടി വരും.

മെസ്സി. വീണ്ടും അദ്ദേഹത്തിന് വേണ്ടി ഒരു പ്രത്യേക ഭാഗം നീക്കി വെക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്‌ . നീണ്ട ഇടവേളക്ക് ശേഷമാണെങ്കിലും അതിന്റെ യാതൊരു ഭാവവ്യത്യാസമില്ലാതെ അദ്ദേഹം വീണ്ടും മത്സരം മുന്നിൽ നിന്നും നയിക്കുകയാണ്. ഒരുപക്ഷെ ലോകം മൊത്തം ഏറ്റവും ആകാംക്ഷയോടെ കാത്തു നിന്നത് ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനാകും. അത് കൊണ്ട് തന്നെ അത് രാജകീയമാക്കി തന്നെ അദ്ദേഹം വന്നു. തന്റെ പഴയകാലം സ്മരിപ്പിച്ചു കൊണ്ട് നീളൻ തലമുടിയുമായി എത്തിയ അദ്ദേഹം തന്റെ പ്രകടനം കൊണ്ടും ആ പഴയ കാലം നമ്മുടെ ഓർമ്മകളിലേക്ക് തിരികെയെത്തിച്ചു. മികച്ച ഡ്രിബിളിംഗുകളും, റണ്ണുകളും, പാസുകളും, നട്ട് മെഗ്ഗുകളും, ഗോളുമായി അദ്ദേഹം നമുക്ക് സമ്മാനിച്ചത് മറ്റൊരു ആഘോഷരാവാണ്.ഒരു നീണ്ട ഇടവേളക്ക് ശേഷമാണോ ഇങ്ങനെ കളിക്കുന്നത് എന്ന സംശയം പോലും നമ്മിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മത്സരം കളിച്ചുവന്ന ലാഘവത്തോടെയാണ് അദ്ദേഹം ഇന്നലെയും പന്ത് തട്ടിയത്. മുൻകാല മത്സരങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ലോക്‌ഡോൺ ദിനങ്ങളിൽ അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു, “കോവിഡിന് ശേഷം ഫുട്ബാൾ ഒരിക്കലും പഴയത് പോലെ ആവുകയില്ല”. നീണ്ട ഇടവേളക്ക് ശേഷം, വലിയ മാറ്റങ്ങളോടെ മത്സരം പുനരാംഭിച്ചപ്പോൾ നമ്മളും കരുതി മെസ്സിയും മാറുമെന്ന്. എവിടെ.? മെസ്സി ദേ പഴയത് പോലെ മുന്നേറ്റം തുടരുന്നു. അല്ലെങ്കിലും കാട്ടുകോഴിക്ക് എന്ത് സംക്രാന്തി.! ???

©www.culesofkerala.com