• Follow

മാർക്ക് ഓവർമാർസ് – യൂ ബ്യൂട്ടി

  • Posted On August 9, 2016

ബാഴ്സയുടെ ചരിതത്തിൽ അധികം നീണ്ടതല്ലാത്ത , എന്നാൽ തിളങ്ങി നിൽക്കുന്ന ഒരധ്യായം ആണ് മാർക്ക് ഓവർമാർസ്. നാല് വർഷം മാത്രം നീണ്ട ബാഴ്സ കരിയറിൽ തനതായ ഒരേട്‌ അദ്ദേഹത്തിന് ഉണ്ട്.ഒരു പക്ഷെ, കുറച്ചു കാലം കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചധികം കൂടി ശ്രദ്ധിക്കപ്പെടുമായിരുന്ന ഒരാൾ.

മാർക്ക് ഓവർമാർസ് – ബാഴ്സയുടെയും ഹോളണ്ടിന്റെയും ഇതിഹാസം യൊഹാൻ ക്രൈഫിന് ശേഷം, ഇരു ടീമുകളുടെയും ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തിത്വം. ക്രൈഫിനെ പോലെ തന്നെ, അജാക്സിൽ നിന്ന് തുടക്കവും, അതും വിങ്ങെർ ആയി തന്നെ. വിങ്ങുകളിലൂടെയുള്ള അതിവേഗം, അദ്ധേഹത്തിനെ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിച്ചു.

സാധാരണ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഓവർമാർസ്, പഠനത്തിൽ പിറകോട്ട് പോയത് സ്വാഭാവികം. ഉരുളക്കിഴങ്ങ് ചുമന്നു ഓടിയത് അദ്ധേഹത്തിന്റെ വേഗത വർധിപ്പിച്ചു എന്ന് പറയാം. ഒപ്പം ഒരു അതിവേഗ ഓട്ടക്കാരി ആയിരുന്നു തന്റെ അമ്മ എന്ന് പിൽക്കാലത്ത് ഓവർമാർസ് പറയുകയുണ്ടായി. ആദ്യം ഡച്ച് പ്രാദേശിക ടീമുകൾക്ക് വേണ്ടി കളിച്ചിരുന്ന ഓവർമാർസ് ഫുട്ബാളിന്റെ മുഖ്യധാരയിലെതുന്നത് 1991-ൽ അജാക്സിലായിരുന്നു .മുന് ബാഴ്സ, മഞ്ചസ്റ്റർ യുനൈറ്റഡ്‌ , ഹോളണ്ട് കളികാരനും കോച്ചുമായ ലുയിസ് വാൻ ഗാൽ ആയിരുന്നു. ഓവർമാർസ് അജാക്സിന്റെ ഒരു അഭിവാജ്യ ഘടകമാകാൻ അധികം സമയം വേണ്ടി വന്നില്ല. അതിവേഗം കിരീടങ്ങൾ സ്വന്തമാക്കിയ ടീം, 1994-1995 ലെ യുവേഫ ചാമ്പ്യൻസ് കിരീടവും നേടി.പക്ഷെ, അതിനു ശേഷം അജക്സിനും ഓവർമാർസിനും നല്ല കാലം ആയിരുന്നില്ല. ഒരു കളിക്കിടെ കാലിന്റെ ലിഗമെന്റിനു ഗുരുതര പരിക്കേറ്റ ഓവർമാർസ്, പിന്നീട് ആ സീസൺ കളിക്കാനായില്ല. തുടർച്ചയായ രണ്ടാം വർഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ അജാക്സ്, പക്ഷെ ജുവെന്റസിനൊട് തോറ്റു . അതിനിടെ ബോസ്മാൻ റൂളിംഗ് എന്നറിയപ്പെടുന്ന , കളിക്കാരെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൈമാറ്റം നടത്തം എന്ന കോടതി വിധിയും അജക്സിനു തിരിച്ചടിയായി. കളിക്കാരെല്ലാം മറ്റു ലീഗുകളിലേക്ക് ചേക്കേറിയപ്പോൾ അജക്സ് തളർന്നു . പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയെങ്കിലും ഓവർമാർസിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ ആയില്ല.

1997-ൽ ഓവർമാർസ് അഴ്സനലിലെക്ക് ചേക്കേറി . ഇന്നത്തെ ആഴ്സനൽ കോച് ആയ അഴ്സൻ വെൻഗർ തന്നെയായിരുന്നു അന്ന് ഓവർമാർസ്നെ വാങ്ങാൻ കൂടുതൽ താല്പര്യപ്പെട്ടത്. ആദ്യ വര്ഷം പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ലെങ്കിലും 1998 ൽ പ്രീമിയർ ലീഗ് കിരീടവും FA കപ്പും നേടി, അതൊരു ശരിയായ തീരുമാനം ആയിരുന്നു എന്ന് അഴ്സൻ വെങ്ങർ തെളിയിച്ചു. കേവലം മൂന്നു വർഷം നീണ്ട ആഴ്സനൽ ജീവിതത്തിൽ ഓവർമാർസ്, അദ്ധേഹത്തിന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2008 ൽ ആഴ്സനലിന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ 12-മൻ ആയി അദ്ധേഹത്തെ ആഴ്സനൽ ആരാധകർ തിരഞ്ഞെടുത്തു.

2000-ൽ ആണ് അദ്ദേഹം ബാഴ്സലോണയിലേക്ക് എത്തുന്നത്‌. ജൊആൻ ഗാസ്പർട്ട് ബാഴ്സ പ്രസിഡന്റ് ആയതോടെയാണ് ഓവർമാർസിന് ബാഴ്സയിലെക്കുള്ള വഴി തെളിഞ്ഞത്. ഓവർമാർസിനെയും സഹകളിക്കാരൻ ഇമ്മാനുവൽ പൈറ്റിറ്റ് നെയും ബാഴ്സലോണയിലെതിക്കാൻ ഗാസ്പെർട്ടിന് കഴിഞ്ഞു. ഓവർമാർസിന്റെ ആദ്യ മത്സരം തന്നെ മുന് ടീം ആയ അഴ്സനലിനെതിരെ തന്നെ ആയതു വിരോധാഭാസം മാത്രം. ബാഴ്സയിൽ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2001 നവംബറിൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ നേടിയ ഗോൾ , ചരിത്ര പ്രസിദ്ധമാണ്. നീണ്ട 29 പാസുകൾക്ക് ശേഷം, അദ്ദേഹം നേടിയ ഗോൾ ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ എന്നും നിലനിൽക്കും . അതിനിടെ പുതിയ കോച് ആയി എത്തിയ റെകസാച്ച്, ടീമിന്റെ ഘടനയെ തന്നെ മാറ്റി മറിച്ചു . പുതുതായി ടീമിൽ എത്തിയ സവിയർ സവിയോളയെയും , ലാ മാസിയയിൽ നിന്നും വാർത്തെടുത്ത സാവിയെയും ടീമിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയായിരുന്നു അത്. തൽഫലമായി ഓവർമാർസിന്റെ അവസരങ്ങളും കുറഞ്ഞു വന്നു. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ എന്നും ഓവർമാർസ് ബാഴ്സയുടെ തുരുപ്പ് ചീട്ട് ആയിരുന്നു. പ്രത്യേകിച്ച് ടീം പിന്നിട്ട് നിൽക്കുമ്പോൾ. 2002 – ൽ ഗളത്സരെ ബഴ്സക്കെതിരെ ആദ്യ പകുതിയിൽ 2 ഗോളിനു മുന്നിട്ട് നിൽക്കുകയായിരുന്നു . എന്നാൽ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഓവർമാർസ്, കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ചു . ഓവർമാർസിന്റെ രണ്ട് അസ്സിസ്റ്റിൽ സാവിയോള നേടിയ രണ്ടു ഗോളിൽ ബാഴ്സ സമനില പിടിച്ചു. ആ മത്സരത്തെക്കുറിച്ച് അന്നത്തെ ഗളത്സരെ കോച് പറഞ്ഞത് ശ്രദ്ധേയമാണ് ” ആദ്യ പകുതി കഴിഞ്ഞപ്പോൾ ഞാൻ എന്റെ കളിക്കാരോട് പറഞ്ഞു, ഈ ലീഡ് നിലനിർത്തുക . പക്ഷെ, ഓവർമാർസ് ഒരു മഹാനായ കളിക്കാരൻ ആയിരുന്നു. അദ്ധേഹത്തെ ചെറുക്കൻ ഉള്ള തന്ത്രങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ മത്സരം ഞങ്ങളിൽ നിന്നും തട്ടിയെടുത്തു.”

അധികം മത്സരങ്ങൾ ലഭിക്കുന്നില്ല എന്ന കാരണം ധാരാളം റൂമറുകൾ ഉണ്ടാക്കി. എന്നാൽ താൻ ബാഴ്സയിൽ സന്തോഷവാനാണെന്നും , ബാഴ്സക്ക് അനുയോജ്യമായ ഏതു രീതിയിലും ഞാൻ കളിക്കാം എന്ന് പറഞ്ഞും അദ്ദേഹം ഒരു തികഞ്ഞ ബാഴ്സ കളിക്കാരൻ ആകുന്നതാണ് കണ്ടത്. 2002-ൽ ബാഴ്സ പരിശീലകൻ ആയി വാൻ ഗാൽ തിരിച്ചെത്തിയത്‌ ഒരു വഴിത്തിരിവായിരുന്നു. തന്റെ മുൻ കോച്ചും , തന്നെ സീനിയർ ഫുട്ബാളിലെക്ക് കൈ പിടിച്ചുയർത്തിയ ആളായിരുന്നിട്ടും ഓവർമാർസ്, ആ നീക്കത്തെ ആശങ്കയോടെയാണ് കണ്ടത്. അത് ശരിയാവുകയും ചെയ്തു. 2003 – ൽ ബാഴ്സയുടെ സമീപകാലത്തെ എറ്റവും മോശം പ്രകടനവും കണ്ടു. തരം താഴ്ത്തലിന് കേവലം രണ്ടു പോയിന്റ്‌ മാത്രം മുകളിൽ ആയിരുന്നു ബാഴ്സ. മോശം പ്രകടനത്തിന്റെ പേരിൽ അധികം വൈകാതെ വാൻ ഗാൽ, ബാഴ്സയിൽ നിന്നും പുറത്താവുകയും ചെയ്തു. പിന്നീട് എത്തിയ റാഡോമിർ ആന്റിക് , ടീം ഘടന ഒട്ടാകെ മാറ്റി. അത് മൂലം ഇടതു വിങ്ങിൽ കളിച്ചിരുന്നു ഓവർമാർസ്, വലതു വിങ്ങിലെക്ക് മാറി. പുതിയ പൊസിഷനും, ഒപ്പം വിടാതെ പിന്തുടരുന്ന പരിക്കും, അദ്ധേഹത്തിന്റെ ഫോം താഴ്ത്തി. അവസാനം , കാൽമുട്ടിലുള്ള പരിക്കിനെ തുടർന്ന് അദ്ദേഹം, ബാഴ്സയിൽ നിന്നും വിട വാങ്ങി .

ഒരു പക്ഷെ, അൽപ്പം മുൻപ് എത്തിയിരുന്നെങ്കിൽ , അദ്ദേഹം ഇനിയുമേറെ ബാഴ്സയിൽ ചരിത്രങ്ങൾ രചിച്ചേനെ. ഒപ്പം വിടാതെ പിന്തുടരുന്ന പരിക്കുകളും ഇല്ലായിരുന്നെങ്കിൽ , ഫുട്ബാൾ ലോകത്ത് അദ്ധേഹത്തിന്റെ നാമം കൂടുതൽ ഉയർന്നു കേട്ടേനെ .

#Revisting_The_Past
©Penyadel Barca Kerala

  • SHARE :