• Follow

മെയ്ക്കിങ് ഓഫ് എ ചാമ്പ്യൻ

  • Posted On March 8, 2020

2019 ജൂലൈ 4… ടെനെസ്സിയിലെ ക്ലാർക്ക്സ്വ്വിൽ നഗരം.. അന്ന് തിരക്കേറിയ സായാഹ്നത്തിൽ നിന്നൊഴിഞ്ഞ് കിമ്പർലി വീട്ടിലെത്തിയപ്പോഴേക്കും ആറു മണി‌ കഴിഞ്ഞിരുന്നു. വീടിന്റെ വാതിൽ മലർക്കെ തുറന്ന് കിടക്കുന്നത് കണ്ട് പിറുപിറുത്ത് കൊണ്ട് അവൾ വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചു. “അലീ..” അവൾ മകളായ അലീഷെയെ ശകാരിക്കാനായി ഉറക്കെ വിളിച്ചു. മറുപടിയുണ്ടായില്ല.‌ കിമ്പർലി പതിനൊന്ന് വയസുകാരി അലീഷെയോടൊപ്പം ആ വീട്ടിൽ‌‌ താമസിക്കാൻ തുടങ്ങിയിട്ട് ആറു വർഷമായി. ക്ലാർക്ക്സ്വ്വില്ലിലെ ആ അയല്പക്കങ്ങൾ കറുത്ത വംശജരായ ആ സിംഗിൾ പേരന്റ് ഫാമിലിക്ക് ഒട്ടും സുരക്ഷിതമായി തോന്നിയിരുന്നില്ല.‌ അതിനാൽ വാതിലടച്ച് സുരക്ഷിതയായി ഇരിക്കാൻ‌ അലീഷെയോട് കിമ്പർലി പറഞ്ഞിട്ടുള്ളതാണ്.‌ മറുപടി കേൾക്കാഞ്ഞ് മുറിയിലേക്ക് കയറിയ കിമ്പർലി കണ്ടത് ചുമരോട് ചേർന്ന് നിലത്തിരുന്ന് വിതുമ്പുന്ന അലീഷെയെയാണ്.‌.!

ഓടി തന്റെ അരികിലെത്തിയ അമ്മയെ കെട്ടിപുണർന്ന് കൊണ്ട്‌ പതിനൊന്ന് വയസുകാരി അലമുറയിട്ടു..
“എനിക്കിനി സ്കൂളിൽ പോകണ്ട.. എനിക്ക്‌ പഠിക്കണ്ട മമ്മാ..”. കരയുന്നതിനൊപ്പം അവൾ തന്റെ മുടിയിഴകളിലേയ്ക്ക് കൈകളെത്തിക്കുന്നുണ്ടായിരുന്നു. കിമ്പർലി അപ്പൊഴാണ് അത് ശ്രദ്ധിച്ചത് – അലീഷെയുടെ നീണ്ട മുടിയിഴകൾ ആരൊ വെട്ടിയിരിക്കുന്നു ! കിമ്പർലി സ്തബ്ധയായി. അലീഷെയ്ക്ക് തന്റെ നീണ്ട മുടിയിഴകൾ എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് കിമ്പർലിക്ക് അറിയാം.‌ കിമ്പർലിയ്ക്ക് ഉമിനീർ വറ്റുന്നത് പോലെ തോന്നി.. അവൾ അലിയെ തന്റെ നെഞ്ചോട് ചേർത്ത് നിലത്തിരുന്നു… അൽപ്പസമയം കഴിഞ്ഞ് സ്കൂളിലെ ആ മറക്കാനാഗ്രഹിക്കുന്ന സായാഹ്നം അലീഷെ അമ്മയ്ക്ക് വിവരിച്ചു കൊടുത്തു.‌ ഹയർ ഗ്രേഡിലുള്ള ഡൊണാൾഡും സംഘവുമാണ്; ഡൊണാൾഡിന്റെ കത്രിക അന്ന് ഛിന്നമാക്കിയത് അവളുടെ മുടിയിഴകൾ മാത്രമായിരുന്നില്ല , ആത്മവിശ്വാസം കൂടെയാണെന്ന് കിമ്പർലി തിരിച്ചറിഞ്ഞു.

××××××××××××××××××××××××××××

2019 ജൂലൈ 6… രണ്ട് ദിവസങ്ങൾക്ക് ശേഷം‌ ശനിയാഴ്ച്ച വൈകുന്നേരം.. കിമ്പർലി അലീഷെയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു‌ കൊണ്ടേയിരുന്നു.‌ പുറത്തേയ്ക്ക് ഇറങ്ങാൻ‌ അലീഷെ മടിച്ചെങ്കിലും അമ്മയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി അവൾ അന്ന് പുറത്തേയ്ക്കിറങ്ങി. അവർ നേരെ പോയത് കിമ്പർലിയുടെ സുഹൃത്ത് റേച്ചലിന്റെ ബുക്ക് സ്റ്റോറായ “ഷോപ് എറൗണ്ട് ദ് കോർണറി”ലേയ്ക്ക് ആയിരുന്നു. കിമ്പർലി റേച്ചലിനോട് സംസാരിച്ചു തുടങ്ങിയപ്പോഴേക്കും അലീഷെ പതിയെ സ്റ്റോറിനകത്തേയ്ക്ക് പോയി. വിശാലമായ സ്റ്റോറാണ് റേച്ചലിന്റേത്. ജോണറുകൾക്കനുസരിച്ച് പുസ്തകങ്ങൾക്കൊപ്പം അവിടെയിരുന്ന് വായിക്കാൻ സാധിക്കുന്ന സംവിധാനവുമുണ്ട്.‌ ഏറ്റവും ഒഴിഞ്ഞ മൂലയിലേക്ക് നടക്കാനാണ്‌ അലീഷെയ്ക്ക് തോന്നിയത്. ഉള്ളിലേയ്ക്ക് നടന്ന അലീഷെ ചുറ്റുമുള്ള ബുക്ക് ഷെൽഫുകളിലേയ്ക്ക് ഗാഢമായി നോക്കിനിന്നു. പെട്ടന്ന് രണ്ട് ഷെൽഫുകൾക്കപ്പുറം പുസ്തകങ്ങൾ നിലത്ത് വീഴുന്ന ഒച്ച കേട്ടു. അവിടെയ്ക്ക് ചെന്ന അലീഷെ കണ്ടത് ക്രച്ചസുമായി നിൽക്കുന്ന പ്രായമായൊരു സ്ത്രീയെയാണ്. അലീഷെ അവരെ നോക്കി – നിലത്ത് വീണുകിടക്കുന്ന പുസ്തകം എടുത്ത് വയ്ക്കാൻ ക്രച്ചസ് കാരണം സാധിക്കില്ലെന്ന് ഉറപ്പാണ്. പക്ഷെ അവരുടെ മുഖത്ത് വളരെ തൃപ്തികരമായൊരു ചിരിയുണ്ട്.‌ അലീഷെയെ കണ്ടതും അവർ അവളെ അടുത്തേയ്ക്ക് വിളിച്ചു.
” ഇതൊന്ന് എടുത്ത് തന്ന് എന്നെ സഹായിക്കാമൊ?” അലീഷെ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും പുസ്തകം എടുത്ത് നൽകി. അവരുടെ മുഖത്തെ ആ ചിരി ഒന്നു കൂടി മെച്ചമായി.
“താങ്ക് യൂ സ്വീറ്റി.. എന്താണ് പേര്?” അവർ ചോദിച്ചു.
“അലീഷെ”.. അവൾ മറുപടി നൽകി.

“ഞാനൊരു പുസ്തകം തിരയുകയാണ്. എന്നെ ഒന്ന് സഹായിക്കാമൊ? ‘ബ്രെയ്ക്ക് എവേ’ (Break Away) എന്ന പുസ്തകം..”

അലീഷെ അതിനും മറുപടി ഒന്നും നൽകിയില്ലെങ്കിലും അവൾ ഷെൽഫുകളിൽ പുസ്തകം തിരയൽ ആരംഭിച്ചു.

“ആർക്കൊപ്പമാണ് വന്നത് ?”
പുസ്തകം തിരയുന്നതിനിടയിൽ അവർ അലീഷെയോട് ചോദിച്ചു.
“അമ്മയ്ക്കൊപ്പം..” അലീഷെ മറുപടി നൽകി.
“അമ്മയെയാണൊ ഏറ്റവും ഇഷ്ടം ?”
“അമ്മയെ മാത്രമാണ് ഇഷ്ടം.. മറ്റാരെയും ഇഷ്ടമല്ല..”

ആ സ്ത്രീ പുഞ്ചിരിച്ചു കൊണ്ട് ക്രച്ചസിൽ അവളുടെ അരികിലേയ്ക്ക് വന്നു.
“അതെന്താണ് മറ്റാരെയും ഇഷ്ടമല്ലാത്തത് ?”
അലീഷെയ്ക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി..
“കാരണം മറ്റാർക്കും ഞങ്ങളെ ഇഷ്ടമല്ല.. നോക്കൂ.. സ്കൂളിൽ വച്ച് ചിലർ എന്റെ മുടി വെട്ടി നശിപ്പിച്ചു. കാരണം ഞാൻ കറുപ്പാണത്രെ.. ഞാൻ മെലിഞ്ഞതാണത്രെ.. എനിക്ക് മമ്മ മാത്രമേയുള്ളു” ഇത്രയും പറഞ്ഞ് അലീഷെ പൊട്ടിക്കരയാൻ തുടങ്ങി‌.

ആ സ്ത്രീയുടെ മുഖത്ത് ആർദ്രമായൊരു ചിരി വിരിഞ്ഞു. അലീഷെയെ മുഖത്ത് തട്ടിക്കൊണ്ട് അവർ പറഞ്ഞു – “അലീ.. നോക്കൂ.. നീ എന്റെയീ കാലുകൾ കണ്ടൊ. ഞാൻ നിന്നേക്കാൾ ചെറുതായിരുന്നപ്പോൾ ഡോക്ടർമാർ എന്നോട് പറഞ്ഞത് ഇനിയൊരിക്കലും എനിക്ക് നടക്കാൻ സാധിക്കില്ലെന്നായിരുന്നു. പക്ഷെ, ഒരാൾ അത് സമ്മതിച്ച് കൊടുക്കാൻ ഒരുക്കമായിരുന്നില്ല – എന്റെ അമ്മ! എന്നിട്ടെന്തുണ്ടായി ? 9 ആം വയസ്സിൽ ഒരു ക്രച്ചസിന്റെയും സഹായമില്ലാതെ ഞാൻ നടക്കാനാരംഭിച്ചു!!”

അലീഷെ മുഖമുയർത്തി വിശ്വാസം വരാതെ അവരോട് ചോദിച്ചു – ” അപ്പോൾ ക്രച്ചസ് ഉപയോഗിക്കുന്നതൊ?”

അവർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു – “അലീഷെ.. പ്രായമായില്ലെ എനിക്ക് ? ചെറുപ്പത്തിൽ പോളിയോ വന്നതാണ് ദാ എന്റെ ഈ ഇടം കാലിൽ. അന്ന് ക്രച്ചസിൽ നിന്ന് മുക്തി നേടി ഇന്ന് ക്രച്ചസിലേയ്ക്ക് തന്നെ എത്തി എങ്കിലും ആ സമയം തന്നെ എനിക്ക് ധാരാളമായിരുന്നു…”

“എന്തിനു..?”

“ലോകത്തിലെ ഏറ്റവും വേഗമേറിയ സ്ത്രീയാവാൻ… അതിനു ന്യുമോണിയയും പോളിയോയും വിഷജ്വരവും ബാധിച്ച എന്റെ ശരീരമൊ വൈകല്യം തോന്നിക്കുന്ന ഇടത്കാലൊ എന്റെ കറുത്ത നിറമൊ ഒന്നും എനിക്ക് തടസമായിരുന്നില്ല.. “ അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് കേട്ട് അലീഷെയുടെ കണ്ണുകൾ അദ്ഭുതം കൊണ്ട് വിടർന്നു.

“അലീഷെ.. നീ ഈ ടെ‌‌നെസി പട്ടണം മുഴുവൻ കണ്ടിട്ടുണ്ടൊ? “
“ഇല്ല..”
“എങ്കിൽ കേട്ടൊ.. ഒരിക്കൽ ഈ ടെനെസ്സി പട്ടണം മുഴുവൻ എന്നെ കാണാൻ വന്നിട്ടുണ്ട്.. വർഷങ്ങൾക്ക് മുൻപാണ്..‌ ഞാൻ വളർന്ന ടെനെസ്സി അന്ന് എന്നെ ആദരിക്കാനായി ഒരുമിച്ച് കൂടിയിരുന്നു.. പക്ഷെ…”

“എന്ത് പക്ഷേ?..” അലീഷെയ്ക്ക് കൂടുതൽ താൽപ്പര്യമായി ..

“അലീഷെ.. നീ തന്നെ പറഞ്ഞല്ലൊ കറുത്ത വർഗ്ഗക്കാരോടുള്ള ആളുകളുടെ സമീപനം എന്താണെന്ന്.. അന്ന് ഇതിനേക്കാൾ ഭീകരമായിരുന്നു. നിനക്കറിയാമൊ ? ഞാൻ ജനിച്ച സമയത്ത് നമ്മുടെ നിറത്തിന്റെ പേരിൽ നല്ല ആശുപത്രികൾ പോലും ലഭ്യമായിരുന്നില്ല. ഞാൻ പിറന്ന് വീണത് തന്നെ ദുർബലയായിട്ടായിരുന്നു.‌ എന്റെ വൈകല്യം മൂർഛിച്ചത് ചികിൽസ കിട്ടാതെയായിരുന്നു. അവിടെ നിന്ന് വർഷങ്ങളെടുത്ത് ഞാൻ പൊരുതി നേടിയതിനെ അഭിനന്ദിക്കാൻ അന്ന് ടെനെസ്സി പട്ടണം തയ്യാറായപ്പൊ അവിടെ നിറത്തിന്റെയൊ ലിംഗത്തിന്റെയൊ പേരിൽ വിവേചനം ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ വിക്ടറി പരേഡിൽ വിവേചനം ഉണ്ടാവരുതെന്ന് ഞാൻ പറഞ്ഞത് ഗവർണർക്ക് അംഗീകരിക്കേണ്ടി വന്നു… ക്ലാർക്ക്സ്വ്വിലിന്റെ ചരിത്രത്തിൽ ഇരുകൂട്ടർക്കും പ്രവേശനം ഒരുപോലെ നൽകിയ ആദ്യത്തെ പരിപാടിയായിരുന്നു അത്.. നോക്കൂ അലീഷെ.. നിറത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വിവേചനം അനുഭവിച്ചവളാണ് ഞാനും നീയും.. നിറത്തിന്റെ ആനുകൂല്യം ലഭിച്ചവർക്കൊന്നും സാധിക്കാത്തത് നമുക്ക് സാധിക്കും.. നമുക്കേ സാധിക്കൂ.. കാരണം നമുക്ക് ഇത് നിലനിൽപ്പാണ്.”

“പക്ഷേ എങ്ങനെ… ?”

” വഴി നീ തിരഞ്ഞെടുക്കൂ അലീഷെ.. എനിക്കത് സ്പോർട്ട്സ് ആയിരുന്നു.‌ ട്രാക്കിലും ഫീൽഡിലും അവരെന്നെ ചാമ്പ്യൻ‌ എന്ന്‌ വിളിച്ചു. പക്ഷെ ഈ വിവേചനവും പരിമിതിയും എനിക്ക് തടസമാകില്ലെന്ന് ഞാൻ തീരുമാനിച്ച അന്ന്‌ മുതൽ ഞാനൊരു ചാമ്പ്യൻ‌ ആണ്.. ഒരു രഹസ്യം പറയാം.‌. ആ ചെവി ഇങ്ങു കൊണ്ടുവാ..”

അലീഷെ ചെവി ചായ്ച്ചു.. അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് അവർ പറഞ്ഞു. ” നിന്റെ മുടി വെട്ടി ബുള്ളി ചെയ്തവർ ഒരു ചാമ്പ്യനെ ഒരുക്കുകയായിരുന്നു എന്നെനിക്ക് തോന്നുന്നു.. കാരണം നിന്നെ ഇപ്പൊ കാണുമ്പോൾ എനിക്കൊരു ചാമ്പ്യനെ ഓർമ്മ വരുന്നുണ്ട്..”

“ആരെ ?” – അലീഷെയ്ക്ക് കൗതുകം ഉണർന്നു ..

“മീഗൻ‌ റാപ്പിനൊ..” അവർ മറുപടി കൊടുത്തു.

“അതാരാണ്?”

“അങ്ങനെ എല്ലാം പറഞ്ഞാൽ അതിന്റെ രസം പോയില്ലെ അലീഷെ.. നിനക്ക് അറിയാൻ എന്തെങ്കിലും ബാക്കി കിടക്കട്ടെ.. ഡൊണാൾഡിനെ പോലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മീഗൻ നിനക്ക് കാണിച്ച് തരും. “ ഇതും പറഞ്ഞ് അടുത്ത ഷെൽഫിലിരുന്ന ഒരു പുസ്തകം അവർ വലിച്ചെടുത്തു..എന്നിട്ട് അലീഷെയ്ക്ക് നീട്ടി.. ഉടനെ പുറത്ത് നിന്ന് കിമ്പർലി വിളിക്കുന്നത് അലീഷെ കേട്ടു..

“ദാ ഈ പുസ്തകം നിനക്ക് വേണ്ടിയാണ്.. ഇത് പിടിച്ചോളൂ… “ അലീഷെ അത് വാങ്ങി പേരു നോക്കി.. ‘ബ്രെയ്ക് എവേ : ബിയോണ്ട് ദ് ഗോൾ ‘ എഴുതിയിരിക്കുന്നത് യു എസ് വനിതാ ഫുട്ബോൾ താരം അലെക്സ്‌ മോർഗൻ…

അലീഷെ പുസ്തകം വാങ്ങി അമ്മയുടെ അടുത്തേക്ക് ഓടി. ഓടിച്ചെന്ന്‌ ഒരു മുത്തം നൽകി സന്തോഷത്തോടെ അവൾ പറഞ്ഞു –
“ഐ ലവ് യൂ മമ്മ.. ലവ് യൂ‌‌ സോ മച്ച്..”
അവളുടെ കയ്യിലിരിക്കുന്ന പുസ്തകം കണ്ട് കിമ്പർലി എവിടെ നിന്നാണെന്ന് അദ്ഭുതപ്പെട്ടു. അലീഷെ നടന്നത് അമ്മയോട് പറഞ്ഞു.‌

“അവരുടെ പേരെന്താണ്?” കിമ്പർലി ചോദിച്ചു.
അലീഷെ തിരികെ ഷെൽഫുകൾക്കിടയിലേക്ക് ഓടി. അവരുടെ പേരു ചോദിക്കാൻ അവൾ മറന്നിരുന്നു..പക്ഷെ അവിടെയെങ്ങും അവരെ കണ്ടെത്താൻ അലീഷെയ്ക്ക് സാധിച്ചില്ല…

തിരികെ അമ്മയുടെ അടുത്തേക്ക് അലീഷെ ഓടി.
“അലീ.. ഇവിടെ വിൽമ റുഡോൾഫ് ഫൗണ്ടേഷന്റെ പ്രോഗ്രാമുണ്ട്.. റേച്ചൽ നമുക്കുള്ള ടിക്കറ്റ് റെഡിയാക്കിയിട്ടുണ്ട്. “

റേച്ചൽ‌ അവിടേയ്ക്ക് കടന്ന് വന്നു. ” ഹേയ് അലീ… നമുക്ക് ഇറങ്ങാം.. “

“ഓണ്ട് റേച്ചൽ… ആരാണ് വിൽമ റുഡോൾഫ്?” അലീഷെ ചോദിച്ചു.

“അലീ.. ടെനെസ്സി കായിക ലോകത്തിനും രാജ്യത്തിനും നൽകിയ ഏറ്റവും വലിയ സംഭാവനയാണ് വിൽമ.. ചാമ്പ്യൻ‌ ഓൺ‌ & ഓഫ് ദ് ട്രാക്ക്… മൂന്ന് ഗോൾഡ് മെഡൽ ഒരേ ഒളിമ്പിക്സിൽ നേടിയ ആദ്യ അമേരിക്കൻ വനിത.. അവരുടെ വിക്റ്ററി പരേഡ് കാണാൻ എന്റെ ചെറുപ്പത്തിൽ ഞാൻ പോയിട്ടുണ്ട്.. ലോകത്തെ ഏറ്റവും‌ വേഗമേറിയ വനിതയായിരുന്നു അവർ.. കറുത്ത വർഗക്കാരുടെ അഭിമാനമായ വനിത..”

ഇത്രയും പറഞ്ഞ് റേച്ചൽ അവളുടെ കയ്യിലേയ്ക്ക് പരിപാടിയുടെ ടിക്കറ്റ് നൽകി. അതിലെ സ്ത്രീയുടെ ചിത്രം കണ്ട അലീഷെ ഒന്ന് ഞെട്ടി.. അവൾ ഷെൽഫുകൾക്കിടയിലേക്ക് വീണ്ടും നോക്കി..

“ഓണ്ട് റേച്ചൽ..ഇവർ ആരാണ്?”

“അലീ .. ഇതാണ് വിൽമ റുഡോൾഫ്.‌”

“ഇവർ… ഇവർ ഇന്നത്തെ പരിപാടിക്ക് വരില്ലെ ഓണ്ട് റേച്ചൽ? “

റേച്ചൽ ഒന്ന് ചിരിച്ചു..
“‌മോളെ അലീ.. നിർഭാഗ്യവശാൽ അവരിന്ന് ജീവനോടെയില്ല. 25 വർഷങ്ങളായി, നമ്മൾ ആഫ്രിക്കൻ അമേരിക്കൻസിന്റെ ശബ്ദമായ അവർ മരണപ്പെട്ടിട്ട്…”

അലീഷെയ്ക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല.‌ അവൾക്കൊരു തരിപ്പ് അനുഭവപ്പെട്ടു.‌ ആ പുസ്തകം അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ഷെൽഫുകൾക്കിടയിലേക്ക് വിശ്വാസം‌ വരാതെ അവൾ ഒരിക്കൽ കൂടി നോക്കി.. ഉള്ളിൽ ഒരു പോരാട്ടത്തിന്റെ നെരിപ്പോട് പുകയുന്നത് അവൾക്ക് അനുഭവപ്പെട്ടിരുന്നു.‌. അത് ആത്മവിശ്വാസവമായി രൂപാന്തരപ്പെടുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. ഷോപ്പിൽ നിന്ന് നടന്നകലുമ്പോഴും താൻ യാഥാർത്യത്തിൽ തന്നെ എന്ന് വിശ്വസിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു… “മീഗൻ‌ റാപ്പിനൊ..” അവൾ മനസിൽ കുറിച്ചിട്ടു …

×××××××××××××××××××××××××

2019 ജൂലൈ 8.
തലേരാത്രി ഫ്രാൻസിൽ മീഗൻ‌ റാപിനൊയും അലെക്സ് മോർഗനും കൂട്ടരും ചേർന്ന് ഫിഫ വേൾഡ് കപ്പ് വീണ്ടും യു എസ്‌ എയുടേതാക്കി.. ഡൊണാൾഡും കൂട്ടരും ഇനി തനിക്ക് തടസമാവില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് അലീഷെ സ്കൂളിലേയ്ക്ക് തിരിച്ചു.. ദൂരെയെവിടെ നിന്നൊ നേർത്തൊരു ശബ്ദത്തിൽ ഡോളി പാർട്ടന്റെ കോമ്പൊസിഷൻ അന്തരീക്ഷത്തിൽ പരന്നു.. ടെനെസ്സി അന്ന് പതിവിലും ശാന്തമായിരുന്നു..‌

സ്വപ്നങ്ങളും വഴികളും തേടുന്ന അലീഷെമാർക്കും അവർക്ക് വേണ്ടി നിലകൊള്ളുന്ന കിമ്പർലിമാരുടെയും വഴി പാകിപ്പോയ വിൽമമാരുടെയും ദിനം.

©www.culesofkerala.com

  • SHARE :