മാച്ച് റിവ്യൂ
ബാഴ്‌സലോണ 1 – 0 അത്ലറ്റിക് ബിൽബാവോ
അങ്ങനെ തട്ടിയും മുട്ടിയും ജയിച്ചു എന്ന് പറയാം. മറ്റൊരു മൂന്നു പോയിന്റുകൾ കൂടി നേടിയത് അന്തോഷമുള്ള കാര്യമാണെങ്കിലും, ഈ രീതിയിലുള്ള വിജയം തീർച്ചയായും നിരാശ പടർത്തുന്നതാണ്. ലഭിച്ച അവസരങ്ങൾക്ക് ഒരു എണ്ണവുമില്ല , പക്ഷെ അതൊക്കെ നമ്മുടെ ലോകോത്തര കളിക്കാർക്ക് വലയിലെത്തിക്കാൻ സാധിച്ചില്ല എന്നത് അൽപം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
പ്രതീക്ഷിച്ചതു പോലെ തന്നെ, ബിൽബാവോയുടെ കനത്ത പ്രെസ്സിങ് ഗെയിമോടു കൂടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ 5 മിനുറ്റിൽ അവർ നമ്മുടെ മധ്യനിരയെയും പ്രധിരോധത്തെയും അത്യാവശ്യം നന്നായി തന്നെ പരീക്ഷിച്ചു. അതിനിടെ ടെർ സ്റ്റീഗന്റെ ഒരു പിഴവിൽ, അവർ ഗോളിനടുത്തെത്തിയെങ്കിലും ടെർ സ്റ്റീഗൻ തന്നെ അപകടം ഒഴിവാക്കി. പതിയെ കളം തിരിച്ചു പിടിച്ച ബാഴ്‌സ, പതിവ് ശൈലിയിൽ അത്യാവശ്യം ആക്രമണങ്ങൾ ഒക്കെ തുടങ്ങി. ഉടനെ തന്നെ മത്സരത്തിലെ ഏക ഗോളും വീണു. മനോഹരമായ ഒരു കൗണ്ടർ അറ്റാക്കിൽ, ഇടതു വിങ്ങിൽ ലഭിച്ച പന്ത്, അർദ ടുറാൻ, റാകിറ്റിച്ചിന് ഹെഡ്ഡർ പാകത്തിൽ നൽകി. ആരും മാർക്ക് ചെയ്യാതെ ഓടിയെത്തിയ റാകി , ഗോളിക്ക് അനങ്ങാൻ പോലുമാകാതെ സുന്ദരമായി വലയിലെത്തിച്ചു.
കൂടുതൽ ഗോളുകൾ നമ്മൾ പ്രതീക്ഷിച്ചെങ്കിലും , പിന്നീട് നിരാശയായിരുന്നു. പലതവണ ഗോളിനടുത്തെത്തിയെങ്കിലും, വളരെ മോശം ഫിനിഷിങ് പാരയായി. മാസ്മരികമായ ഗോളുകൾ നേടുന്ന സുവാരസും, മെസ്സിയും അർദയുമെല്ലാം മത്സരിച്ചു അവസരങ്ങൾ പാഴാക്കുന്ന കാഴ്ച. രണ്ടാം പകുതിയിൽ ബിൽബാവോ സമനില ലക്ഷ്യമിട്ട് ആക്രമണം കനപ്പിച്ചു. പലതവണ അവർ ഗോളിനടുത്തെത്തിയെങ്കിലും, ഭാഗ്യം കൊണ്ടും ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടും ഗോളായില്ല. ഏതു നിമിഷവും സമനില ഗോൾ വീഴാം എന്നായപ്പോൾ, നമുക്കും ആകെക്കൂടി ടെൻഷൻ ആയി. അവസാനം 93 മിനിറ്റ് കഴിഞ്ഞു ഒന്ന് ആശ്വസിച്ചപ്പോൾ, സ്കോർബോർഡിൽ സ്‌കോർ 1 – 0.
ആദ്യമേ പറഞ്ഞത് പോലെ അൽപം നിരാശയുള്ള പ്രകടനം. പക്ഷെ പല മേഖലകളിലും ടീം ഇന്ന് നന്നായിരുന്നു എന്ന് പറയാം. ആദ്യ പകുതി നല്ല നിലയിൽ തന്നെ പന്ത് കൈവശം വച്ച് തന്നെ കളിച്ചു. കുഴപ്പമില്ലാതെ ആക്രമിച്ചും ആവിശ്യ ഘട്ടങ്ങളിൽ പ്രധിരോധിച്ചും നന്നായി കളിച്ചു. രണ്ടാം പകുതിയിൽ മാത്രമാണ് പിന്നെയും ടീം ഒന്ന് പതറിയ പോലെ തോന്നിയത്.
അതുപോലെ, ഇന്ന് ഗോൾ കീപ്പർ കൂടുതൽ ഇൻവോൾവ് ആയി കളിക്കുന്നത് കണ്ടു. ഒരു പക്ഷെ ബിൽബാവോ കളിക്കാരേക്കാൾ കൂടുതൽ ടച് ടെർ സ്റ്റീഗന് ഉണ്ടെന്നു തോന്നുന്നു. ഒരേ സമയം രസകരവും അപകടകരവും ആണ് അത്തരം കളി. ബാഴ്‌സ സ്ഥിരം കാണിക്കുന്നതാണെങ്കിൽ കൂടിയും, എപ്പോൾ വേണമെങ്കിലും ഒരു പിഴവ് പറ്റാം. അത് ഇന്ന് നമ്മൾ കണ്ടതുമാണ്.
പക്ഷെ, എത്ര നന്നായി കളിച്ചാലും, എത്ര ഗോൾ അടിക്കുന്നു എന്നതല്ലേ മാനദണ്ഡം.? അതുകൊണ്ട് ഫിനിഷിങ്ങിലെ പോരായ്മ ഒരു വലിയ കുറവ് തന്നെയാണ്. പക്ഷെ കേവലം ഒരു കളി കൊണ്ട് നമ്മൾ കളിക്കാരെ തള്ളിപ്പറയില്ല , മറിച്ചു മറ്റൊരു മോശം ദിവസം എന്നേയുള്ളൂ. അടുത്ത കളികളിൽ ഇവർ തന്നെ നമ്മളെ സ്തബ്ധരാക്കുന്ന ഗോളുകളുമായി തിരിച്ചു വരും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ
* റാക്കിറ്റിച് : ഗോൾ നേടിയതിനൊപ്പം നന്നായി അധ്വാനിച്ചു തന്നെ കളിക്കുന്നുണ്ടായിരുന്നു.മെസ്സിയുമായി വലതു വിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ കണ്ടു. കീപ് ഇറ്റ് അപ് .
* ഉംറ്റിറ്റി : ഇത് വരെ കളിച്ച കളികളിലെല്ലാം, അപാരമായ പ്രകടനം. 170 ൽ പരം മത്സരങ്ങളുടെ ആ അനുഭവസമ്പത് വ്യക്തമായി കാണാം. ഹൈ ബോൾ ക്ലിയറൻസ് സൂപ്പർ. പിക്വെയും ഉംറ്റിറ്റിയും ചേരുമ്പോൾ ഹൈബാൾ ബാഴ്‌സയ്ക്ക് ഇനിയൊരു പ്രശ്നം ആകില്ല എന്ന് തോന്നുന്നു.
* ടെർ സ്റ്റീഗൻ : 2-3 വലിയ പിഴവുകൾ കണ്ടുവെങ്കിലും, ബാക്കി ഓകെ ആയിരുന്നു.പ്രത്യേകിച്ച് മഴ മൂലം നനഞ്ഞ പിച്ചിൽ, വഴുക്കലുള്ള പന്ത് നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു.
* സെർജി റോബർട്ടോ : എന്താ കളി , അങ്ങോട്ട് പറന്നു നടക്കുന്നുണ്ട്. നല്ല എനർജി. ഒപ്പം കളി റീഡ് ചെയ്തു തന്നെ കളിക്കുന്നുണ്ട്. ഓരോ കളിയും ഓരോ അനുഭവം ആക്കി പഠിക്കുക. ഒരു ഇതിഹാസത്തെ ഞങ്ങൾ ആ ചെറുപ്പക്കാരനിൽ കാണുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
* ആദ്യമേ പറഞ്ഞത് പോലെ ഫിനിഷിങ് ഉഷാർ ആക്കണം
* ഡിഫൻസ് ഏരിയയിൽ കുറിയ പാസുകളിൽ കളിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധ വേണം. പ്രത്യേകിച്ച് ഇന്ന് പല പിഴവുകളും കണ്ട സാഹചര്യത്തിൽ.
കേവലം രണ്ടാമത്തെ മത്സരമായിരുന്നു ഇന്ന്. ടീം ഒന്ന് കൂടെ സെറ്റ് ആകേണ്ടതുണ്ടെന്ന് അറിയാം. കൂടുതൽ മത്സരങ്ങളിലൂടെ നമുക്ക് അത് കൈവരിക്കാം. അതിനു ഇത്തരം പിഴവുകളിൽ നിന്നും പാഠം പഠിക്കാൻ നമ്മുടെ ടീമിന് കഴിയട്ടെ.
© Penyadel Barca Kerala