• Follow

ലൂയിസ് എൻറിക്ക്വേ

  • Posted On May 8, 2017

എൽ ക്ലാസിക്കോയുടെ 115 വർഷത്തെ ചരിത്രത്തിൽ 33 കളിക്കാരാണ് റയലിൽ നിന്ന് ബാഴ്‌സയിലേക്കോ, ബാഴ്‌സയിൽ നിന്ന് റയലിലേക്കോ ട്രാൻസ്ഫറായി പോയത്. ഫിഗോ,ലോഡ്രോപ് ,ഷൂസ്റ്റർ, സാവിയോള എന്നിവരൊക്കെയാണ് അതിൽ പ്രമുഖർ. ഈ ലിസ്റ്റിൽ പെടുന്ന മറ്റൊരു ആളുണ്ട് . ഇന്നത്തെ ബാഴ്‌സ മാനേജർ-ലൂയിസ് എൻറിക്ക്വേ.
1970 ലാണ് ലൂയിസ് എൻറിക്ക്വേ എന്ന അസ്റ്റുറിയൻ സ്‌പെയിനിലെ ഗിഹോണിൽ ജനിക്കുന്നത്. ഫുട്ട്സാൽ കളിച്ചു തുടങ്ങിയ ലൂക്കോയുടെ ആദ്യ പ്രൊഫഷണൽ ക്ലബ് സ്പോർട്ടിങ് ഗിഹോൺ എന്ന ക്ലബായിരുന്നു. ഗിഹോൺ അക്കാദമിയിൽ വെച്ചാണ് ലൂയിസ് എൻറിക്ക്വേയ്‌ക്കു ലൂക്കോ എന്ന പേര് വീഴുന്നത്. മെക്സിക്കൻ താരം ലൂക്കോ ഫ്‌ളോറസ് എന്ന താരമായുള്ള രൂപസാമ്യവും, കേളീശൈലിയിലെ സാമ്യവുമാണ് ഈ പേര് വീഴുവാൻ കാരണം. 1989 ലാണ് 20 കാരൻ ലൂക്കോ ഫസ്റ്റ് ടീമിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നത്. ആദ്യ സീസണിൽ 14 ഗോളുകൾ നേടി ലൂക്കോയുടെ മികവോടെ ഗിഹോൺ സീസണിൽ അഞ്ചാമത് ഫിനിഷ് ചെയ്തു.

ലൂയിസ് എൻറിക്ക്വേ സ്‌പെയിനിലെ അന്നത്തെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു. ഉടനെ റയൽ മാഡ്രിഡിൽ നിന്ന് ലൂക്കോയ്ക്ക് വിളി വന്നു. വലിയ തുകയ്ക്ക് അന്ന് ഗിഹോൺ ലൂക്കോയെ കൊടുത്തു. പ്രതിഭയുടെ തള്ളിക്കയറ്റമുള്ള റയലിൽ ലൂക്കോയ്ക്ക് ഇഷ്ട്ടമുള്ള വിങ്ങർ പൊസിഷൻ ലഭിച്ചില്ല. മധ്യനിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഗോളുകൾ നേടുവാൻ ഇഷ്ട്ടപ്പെടുന്ന ലൂക്കോയ്ക്ക് അത് വിഷമകരമായിരുന്നു. മൈക്കൽ ലോഡ്രോപ്പ്, ഘ്യോർഖേ ഹാജി പോലുള്ള മിഡ് ഫീൽഡർമാർ വന്നപ്പോൾ ലൂക്കോയെ റയൽ ഒരു വിങ് ബാക്കാക്കി. സെന്റർ ബാക്ക് , ഗോൾ കീപ്പർ ഒഴികെ എല്ലാ പൊസിഷനിലും ലൂക്കോ കളിച്ചിട്ടുണ്ട് (ലൂക്കോയ്ക്ക് ഇന്ന് സെർജി റോബർട്ടോയോടുള്ള ഇഷ്ടത്തിന്റെ കാരണം വ്യക്തമായികാണുമല്ലോ. സെർജിയെ എന്ത് കൊണ്ട് പുതിയ ലൂയിസ് എൻറിക്ക്വേ എന്ന് വിളിക്കുന്നു എന്നും മനസ്സിലായിക്കാണും എന്ന് കരുതുന്നു.) ഒരു ഗോൾ സ്കോറിംഗ് വിങ്ങറിൽ നിന്നാണ് ലൂക്കോയെ റയൽ ഒരു വിങ് ബാക്കിലേക്കു മാറ്റിയത്. കരിയർ മുഴുവൻ ഒരു ഗോൾ സ്കോററായി കളിച്ച ലൂക്കോയ്ക്ക് അത് ബുദ്ധിമുട്ടായിരുന്നു. മികച്ച ടീം അംഗങ്ങൾ ഉള്ളതിനാൽ ജയങ്ങൾക്കു പഞ്ഞമില്ലായിരുന്നു. ലൂക്കോയുടെ അതൃപ്തി മനസ്സിലാക്കിയ റയൽ സെവിയ്യയിലേക്കു അദ്ദേഹത്തെ ലോണിന് വിടുവാൻ ശ്രമിച്ചു. എന്നാൽ ലൂക്കോ റയലിൽ തന്നെ നിൽക്കുവാൻ ശ്രമിച്ചു. അഞ്ചു വർഷങ്ങളോളം റയലിന്റെ അവിഭാജ്യ ഘടകമായിരുന്നു ലൂക്കോ.

എന്നാൽ ലൂക്കോയുടെ കരാർ റയൽ പുതുക്കിയില്ല. 1996ൽ കരാർ കാലാവധി തീർന്ന ലൂക്കോ ഫ്രീ ട്രാൻസ്ഫറിൽ സാക്ഷാൽ യോഹാൻ ക്രൈഫിന്റെ വിളി സ്വീകരിച്ചു റയൽ വിട്ടു ബാഴ്‌സയിൽ ചേക്കേറി. വലിയൊരു ‘ലൗ സ്റ്റോറി’ അവിടെ തുടങ്ങുകയായിരുന്നു. സ്‌പെയിൻ നാഷണൽ ടീമിലെ സ്ഥിരസാന്നിധ്യം കൂടിയായിരുന്നു ലൂക്കോ. എന്നാൽ ലൂക്കോയെ സൈൻ ചെയ്തത് ക്രൈഫാണ് എങ്കിലും അദ്ദേഹം കളിച്ചതു സർ ബോബി റോബ്സണ് കീഴിലായിരുന്നു. റൊണാൾഡോ ഫിനോമിനോയും,ചിലിയുടെ ഇന്നത്തെ കോച്ച് പിസ്‌സിയും അന്ന് ടീമിൽ ചേർന്നിരുന്നു. ബോബി റോബ്സൺ ടീം അംഗങ്ങളെ പരിചയപ്പെടുമ്പോൾ പിസി, റോബ്‌സൺ എന്നിവരെ കണ്ടപ്പോൾ തന്റെ അസിസ്റ്റന്റ്/ട്രാൻസ്‌ലേറ്റർ ആയിരുന്ന ഹോസെ മൗറീഞ്ഞ്യോയോട് ഇവരാരാണ് എന്ന് ചോദിച്ചു. ആ ചോദ്യം വിഷമിപ്പിച്ചു എങ്കിലും ലൂക്കോ പറഞ്ഞു ” ഞാൻ സ്‌പെയിൻ നാഷ്ണൽ ടീമിലെയും, പിസ്‌സി അർജന്റീനയിലെയും സ്ഥിരസാന്നിധ്യമാണ്”. പതിയെ റോബ്സൺ ലൂക്കോയുടെ മികവ് മനസിലാക്കി റയലിൽ അയാൾക്ക്‌ നിഷേധിച്ച വിങ്ങർ റോൾ നൽകി.ആ സീസണിൽ റൊണാൾഡോയ്‌ക്കു പിന്നിൽ രണ്ടാമത് വന്നു ലൂക്കോ ഗോൾ വേട്ടയിൽ. റയലിന് പറ്റിയ തെറ്റ് അദ്ദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു.

ബെർണാബ്യുവിൽ ബാഴ്‌സ 3-2 നു ജയിച്ച കളിയിൽ ലൂക്കോ ഗോൾ നേടുകയും, വന്യമായി ആഘോഷിക്കുകയും ചെയ്തു. അതിനെതിരെ വിമർശനങ്ങൾ വന്നപ്പോൾ ലൂക്കോ പറഞ്ഞു ” അതൊരു നല്ല ഗോളായിരുന്നു. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് എന്റെ വിഷയമല്ല. ബാഴ്‌സലോണ ജഴ്‌സിയിൽ കളിക്കുന്നത് ഞാൻ ഇഷ്ട്ടപ്പെടുന്നു” . ബാഴ്‌സയുടെ പ്രിയങ്കരനായി മാറി ലൂക്കോ അന്നുമുതൽ.

കരിയറിന്റെ ഒടുക്കം പരിക്കുകൾ ലൂക്കോയെ വലച്ചുവെങ്കിലും നൂറിൽപ്പരം ഗോളുകൾ നേടി ബാഴ്‌സ ക്യാപ്റ്റൻ ആയാണ് ലൂക്കോ വിരമിക്കുന്നത്. തിരികെ ഗിഹോണിൽ പോകുന്നതിനെ പറ്റിയുള്ള സംസാരം വന്നപ്പോൾ ലൂക്കോ പറഞ്ഞു “34 കാരനായ ഞാൻ ഗിഹോണിന് ഇനി ഒരു ഭാരമാകും, അങ്ങനെ ഒന്നാകാൻ താൻ ആഗ്രഹിക്കുന്നില്ല”. ഇതായിരുന്നു ലൂയിസ് എൻറിക്ക്വേ. കണിശക്കാരൻ എന്ന് തോന്നിപ്പിക്കുമെങ്കിലും എന്താണ് ശരി, ഏതാണ് തെറ്റു എന്നയാൾക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു. ബാഴ്‌സയുടെ ഇതിഹസമാണ് ലൂക്കോ, എല്ലാ തരത്തിലും..

  • SHARE :