• Follow

LIONEL MESSI – THE GREATEST ATHLETE OF ALL TIME

  • Posted On December 19, 2022

ധർമ്മം, അർഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും, കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം. മഹാഭാരതവും രാമായണവുമാണ് ഏറ്റവും മഹത്തായ ഭാരതീയ ഇതിഹാസങ്ങൾ. പൂർണ്ണതയോട് ഏറ്റവും അടുത്ത് കിടക്കുന്ന കഥകളാണ് ഈ ഇതിഹാസങ്ങളിലെ പ്രത്യേകത. ഓരോ കഥ രചിക്കുമ്പോളും കഥാകാരന്മാർ ആ കഥയുടെ ‘ടാർഗറ്റ് ഓഡിയൻസിനെ’ മനസ്സിൽ കാണും. കുറച്ചു ക്ളാസിസ്റ്റ്‌ പരിപാടി ആണെങ്കിലും, ഓരോ കഥയും, അതിലെ കഥാപാത്ര നിർമ്മിതിയും ഈ ടാർഗറ്റ് ഓഡിയൻസിനെ മനസ്സിൽ കണ്ടാകും. എന്നാൽ വാത്മീകിയെ പോലെ അല്ലെങ്കിൽ സ്റ്റീഫൻ കിങ്ങിനെ പോലെ ഉള്ള അനുഗ്രഹീത സ്റ്റോറി ടെല്ലർസ് സൃഷ്ടിക്കുന്ന ഇതിഹാസങ്ങളിൽ കാണുന്ന ഒരു മാജിക്ക് ഉണ്ട്, ഒരിക്കൽ പറഞ്ഞു കഴിഞ്ഞാൽ പതിറ്റാണ്ടുകൾ അല്ലെങ്കിൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഓർമ്മയിൽ നിൽക്കുന്ന ഐതിഹാസിക കഥയും, ആ കഥയുടെ ഹൃദയമായി നിൽക്കുന്ന പ്രോട്ടഗണിസ്റ്റ് ആയിട്ടുള്ള വിശ്വനായകരുമാണ് ആ മാജിക്കിന് പിന്നിൽ. അത്തരമൊരു വിശ്വനായകനെ കുറിച്ചാണ് ഇപ്പോൾ പറയുവാൻ പോകുന്നത്. മുൻപ് ഒരു നൂറാവർത്തി ഞാൻ എഴുതിയിട്ടുള്ളതും, ഇനി ബാക്കിയുള്ള ജീവിതത്തിൽ ഒരു ആയിരം തവണയോ അതിൽ കൂടുതലോ എനിക്ക് എഴുതാൻ സാധിക്കുന്ന ഒരു ഐതിഹാസിക നായകൻ ആണയാൾ. ആറ് മുതൽ അറുപത് വരെയുള്ളവർ ഒരു പോലെ ആഘോഷിക്കുന്ന, ഇന്ന് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ടതും, വായിച്ചതുമായ ആ പേര് ലിയോണൽ മെസ്സി. ഞാനിത് എഴുതി തുടങ്ങുമ്പോൾ മെസ്സിയുടെ ചരിതത്തിൻറെ അവസാനം എന്തെന്ന് എനിക്കറിയില്ല. നായകൻ ജയിച്ചു കയറുന്ന ശുഭപര്യവസാനവുമുള്ള കഥയാണെങ്കിൽ മാത്രമേ നിങ്ങൾ ഇത് വായിക്കുകയുള്ളൂ. അല്ലാത്ത പക്ഷം എന്റെ പേഴ്‌സണൽ ഫോൾഡറിലെ ഒരു ഡോക്ക് ഫയൽ ആയി ഈ വാക്കുകൾ ഒതുങ്ങും. 2014 ലോകകപ്പിന് ശേഷം മെസ്സിയുടെ സ്പോൺസർ ബ്രാൻഡ് കൂടിയായ അഡിഡാസ്‌ പറഞ്ഞൊരു കാര്യമുണ്ട് ‘മെസ്സി ലോകകപ്പ് നേടുകയാണ് എങ്കിൽ പുറത്തിറക്കുവാൻ ഉദ്ദേശിച്ച് ഞങ്ങൾ ഉണ്ടാക്കിയെടുത്ത ഒരു വീഡിയോ ഉണ്ട്.ഫൈനലിൽ മെസ്സി പരാജയപ്പെട്ടതിനാൽ ഇനി അത് ആരും കാണുകയില്ല’. എട്ടര വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഫൈനൽ എത്തുമ്പോൾ, അഡിഡാസ് അത്തരമൊരു വീഡിയോ ആയി കാത്തിരിക്കുകയാകും. അഡിഡാസ് മാത്രമല്ല ഞാൻ അടങ്ങുന്ന കോടികണക്കിന് ആളുകളും ഇന്ന് കാത്തിരിക്കുന്നത് നിന്റെ വിശ്വവിജയത്തിനാണ്, ലിയോ. ഇനിയൊരു അവസരമില്ല, now or never!!!

മെസ്സിയുടെ ജീവിതം എടുത്ത് നോക്കിയാൽ എല്ലാത്തരം വായനക്കാരെയും, കാഴ്ചക്കാരെയും തൃപ്തിപെടുത്തുന്ന ഒരു കൊമേർഷ്യൽ വർക്കിന്റെ എല്ലാ ചേരുവകളും ഉണ്ട്. ഇതിഹാസങ്ങളായ വിപ്ലവകാരികൾ ജനിച്ച മണ്ണിലാണ് മെസ്സിയുടെ ജനനം. ആ രാജ്യത്തിൻറെ യശസ്സ് ഏറ്റവും ഉയർത്തിയ 86ലെ മെസ്സിയുടെ മുൻഗാമി എന്ന് ഇന്ന് വിളിക്കുന്ന മറഡോണയുടെ ലോകകപ്പിലെ തേരോട്ടം കഴിഞ്ഞു ഒരു വർഷത്തിന്‌ ശേഷമാണ് മെസ്സിയുടെ ജനനം. ‘മിശിഹാ’ എന്ന് ആരാധകർ ഇന്ന് വിളിക്കുന്ന മെസ്സി അയാളുടെ ജന്മോദ്ദേശ്യം അന്നറിഞ്ഞിരുന്നില്ല. മറഡോണ ലോകകപ്പ് നേടുന്നത് മെസ്സി കണ്ടിട്ടില്ല, 90’ൽ അർജന്റീനയുടെ ദൈവം എന്നറിയപ്പെട്ടിരുന്ന മറഡോണ ഫൈനലിൽ തോൽക്കുന്നതാണ് അയാൾ ആദ്യം അറിഞ്ഞത്. 94ൽ അർജന്റീന ഒരിക്കൽ കൂടി ലോകകപ്പിന് പോയപ്പോളും ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട എന്ന ഗോൾ മെഷീൻ ഉണ്ടായിട്ടും ഉറ്റു നോക്കിയിരുന്നത് 34കാരനായ ഫിറ്റ്നസ് ഒക്കെ നഷ്ടപ്പെട്ട ഒരു മറഡോണയിലേക്ക് ആയിരുന്നു. ‘ബിലീവ്’, ‘ഹോപ്പ്’ എന്ന വാക്കുകളായിരുന്നു മറഡോണ എന്ന പേരിനോട് ചേർത്ത് അർജന്റീനക്കാർ ചേർത്ത് വായിച്ചിരുന്നത് എന്ന് മെസ്സി അന്ന് മനസ്സിലാക്കിയിട്ടുണ്ടാകും. തല കുനിച്ചു മറഡോണ അന്ന് പുറത്തു പോയപ്പോൾ തൊട്ട് അർജന്റീന കാത്തിരുന്നത് അവരുടെ അടുത്ത മറഡോണയിലായിരുന്നു. ബാറ്റിസ്റ്റൂട്ട ആയിരുന്നില്ല അത്, റിക്ക്വൽമിയോ, അയ്മറോ, സാവിയോളയോ, ടെവസോ ഒന്നുമായിരുന്നില്ല അവരുടെ രക്ഷകൻ. ലിയോണൽ മെസ്സി എന്ന ലിയോ റൊസാരിയോയിൽ പന്ത് തട്ടി തുടങ്ങിയ കാലമായിരുന്നു അത്. അയാൾക്കേറ്റവും സന്തോഷം നൽകിയിരുന്നത് ആ തെരുവുകളിൽ പന്ത് തട്ടുന്നതിലായിരുന്നു. അർജന്റീനയുടെ രക്ഷകൻ താനാണ് എന്ന് അയാൾ അന്നറിഞ്ഞിരുന്നില്ല. കൂട്ടുകാർക്കൊപ്പം കളിക്കാനും ഗോൾ അടിക്കാനും ഇഷ്ടപ്പെട്ടിരുന്ന മെസ്സി പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം സ്‌പെയിനിലെ ഒരു നഗരത്തിലേക്ക് പോകേണ്ടി വന്നു. പലയാവർത്തി നമ്മൾ കേട്ട കഥയാണ് അവിടെ പിന്നീട് നടന്നത്. ഒരു നാപ്കിനിൽ എഴുതി തുടങ്ങിയ ആ കഥ ഇപ്പോൾ പറയുന്നില്ല. അതിനുള്ള സമയമല്ല ഇത്.

ലിയോണൽ മെസ്സി തന്റെ ജന്മോദ്ദേശ്യം ആദ്യമായി മനസ്സിലാക്കിയത് 2005ലെ യൂത്ത് ലോകകപ്പിലായിരുന്നു. 17കാരനായ മെസ്സി അന്ന് അർജന്റീനയ്ക്ക് വേണ്ടി കിരീടം നേടി. സ്വന്തം നാടിനായി വേണ്ടി നേടുന്ന ആദ്യത്തെ വിജയം. ടൂർണമെന്റിന്റെ ടോപ് സ്കോററും, ബെസ്റ്റ് പ്ലെയറും എല്ലാം മെസ്സി തന്നെ. അർജന്റീനക്കാർ കാത്തിരുന്ന രക്ഷകൻ അവരുടെ മിശിഹാ , മെസ്സി തന്നെ എന്നവർ കരുതി. പുതിയ താരോദയത്തെ കുറിച്ചുള്ള വാഴ്ത്തിപ്പാടലുകൾ ആയിരുന്ന ലോക മീഡിയ. 2008ൽ ഒളിമ്പിക്സ് മെഡൽ കൂടി നേടിയപ്പോൾ അവർ ഉറപ്പിച്ചു-മെസ്സിയിലൂടെ ആകും അർജന്റീനയുടെ മോക്ഷം. പിന്നീട് കാത്തിരിപ്പായിരുന്നു ആ നിമിഷത്തിന് വേണ്ടി. 2006ൽ ആയിരിന്നു ഇപ്പോൾ ഇത് വായിക്കുന്ന ബഹുഭൂരിപക്ഷം പേരും മെസ്സിയെ ആദ്യം കാണുന്നത്. സെർബിയയ്ക്ക് എതിരെ പകരക്കാരനായി വന്നു ഗോളും, അസിസ്റ്റും നേടിയ ഒരു പ്രകടനം ആരും മറക്കാനിടയില്ല.’ Love at first sight’-ലിയോണലിന്റെ ഇന്നത്തെ ആരാധകരിൽ ഭൂരിഭാഗം പേർക്കും അതായിരിക്കും അന്ന് തോന്നിയിട്ടുണ്ടാകുക. മെസ്സിയുടെ ഓരോ മൂവിലും എന്തോ സ്‌പെഷ്യൽ ആയി ഉണ്ടെന്ന് കാണുന്നവർക്ക് എല്ലാം അന്ന് തോന്നി. ജർമ്മനിയോട് തോറ്റ് പുറത്തായ അർജന്റീനയുടെ ബെഞ്ചിൽ അവസരം കിട്ടാതെ കാത്തിരുന്ന മെസ്സിയുടെ മുഖം കുറെ പേരെങ്കിലും ഓർമിക്കുന്നുണ്ടാകും.

ഒളിമ്പിക്സ് വിജയത്തിന് ശേഷം കണ്ടത് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനിലേക്ക് മെസ്സി വളരുന്നതാണ്. അർജന്റീനയ്ക്ക് പുറത്തും അയാൾ പ്രതീക്ഷയുടെ മുഖമായി. ഇതിനിടയിൽ തന്റെ മുൻഗാമി എന്ന് വിളിച്ച മറഡോണയ്ക്ക് കീഴിൽ 2010 ലെ ലോകകപ്പ് പരാജയം. 2012 ആയപ്പോളേക്കും അത് വരെ ലോകം കണ്ട എല്ലാ കളിക്കാരിൽ നിന്നും വ്യത്യസ്തനായ ഒരു കളിക്കാരൻ എന്ന ലേബൽ മെസ്സി നേടിക്കഴിഞ്ഞിരുന്നു. ലോകം അത് വരെ കണ്ട എക്കാലത്തയും മികച്ച കളിക്കാരൻ എന്ന് ദശകോടി ആളുകൾ അയാളെ വിളിച്ചു. പക്ഷെ അപ്പോഴും തന്റെ ജന്മോദ്ദേശ്യം അയാൾ നേടിയിരുന്നില്ല. ഒരു ജനതയുടെ പ്രതീക്ഷയുടെ കുരിശ് തോളിലേറ്റി അയാൾ 2014ൽ ഫൈനൽ വരെയെത്തി. എന്നാൽ ഒരിക്കൽ കൂടി അയാൾ വീണു. മിശിഹാ എന്ന് വിളിച്ച ജനത തന്നെ അയാളെ കുരിശിലേറ്റി. തല താഴ്ത്തി ലോകകപ്പ് മെഡലും, ലോകകപ്പിന്റെ മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരവുമായി അയാൾ ഫിലിപ്പ് ലാമിന്റെ കയ്യിൽ ഇരിക്കുന്ന കിരീടത്തിലേക്ക് നോക്കി. ഇനിയൊരു അവസരം ഉണ്ടോ എന്ന് അയാൾക്ക് ഉറപ്പില്ലായിരുന്നു. പിന്നീടുള്ള 8 വർഷങ്ങളിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന പലരുടെയും കൊഴിഞ്ഞുപോക്കുകൾ അയാൾ കണ്ടു. ഇടയ്ക്ക് കോപ്പ അമേരിക്ക വിജയിച്ചു അർജന്റീനയുടെ കിരീട വരൾച്ച അയാൾ അവസാനിപ്പിച്ചു എങ്കിലും അത് മതിയാകുമായിരുന്നില്ല അയാളെ മിശിഹാ എന്ന് വിളിച്ച ജനതയ്ക്ക്. മറഡോണയുടെ ഒപ്പമോ അല്ലെങ്കിൽ മുകളിലോ മെസ്സിയെ പ്രതിഷ്ഠിക്കുവാൻ അവർക്ക് ആ ലോകകിരീടം തന്നെ വേണമായിരുന്നു. അവസാനത്തെ യുദ്ധത്തിന് തയ്യാറായ മെസ്സി, അയാളെ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സൈന്യവുമായാണ് ഖത്തറിൽ എത്തിയത്. തനിക്ക് വേണ്ടി മരിച്ചു വീഴാൻ പോലും മടിയില്ലാത്ത പത്ത് പേരാണ് ഗ്രൗണ്ടിൽ അയാൾക്ക് ഒപ്പമുണ്ടായിരുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്‌ക്വാഡ് ആയിരുന്നില്ല അവർക്ക്. എന്നാൽ ദൃഢനിശ്ചയമുള്ള ഒരു നായകനും ആ നായകന് പിന്നിൽ ഏകമനസ്സോട് നിന്ന ഒരു സൈന്യവുമാണ് അർജന്റീനയെ മുന്നോട്ട് നയിച്ചത്. സൗദി ആയുള്ള പരാജയം മെസ്സിയെ തളർത്തിയില്ല. തോൽവികൾ തന്നെ കൂടുതൽ ശക്തനാക്കിയിട്ടേ ഉള്ളൂ എന്ന് മെസ്സി ഇതിനോടകം മനസ്സിലാക്കിയിരുന്നു. ആരാധകരോട് ഒരു കാര്യമേ മെസ്സി ആവശ്യപ്പെട്ടുള്ളൂ ‘ഞങ്ങളിൽ വിശ്വസിക്കൂ’. തന്നെ വിശ്വസിക്കുന്നവർക്ക് വേണ്ടിയാണ് മെസ്സി ഈ ലോകകപ്പിൽ പന്ത് തട്ടിയത്. അർജന്റീനയ്ക്ക് വേണ്ടത് ഒരു മറഡോണയെ ആയിരുന്നു മെസ്സിയിൽ. പ്രതീക്ഷ തെറ്റിച്ചില്ല, മുൻഗാമി എഴുതിയ ചരിതം, വീണ്ടും ആവർത്തിച്ചു മെസ്സി എന്ന പിൻഗാമി. ഗോൾ അടിക്കേണ്ട സമയത്ത് അയാൾ ഗോൾ അടിച്ചു, ടീമിനെ ഒപ്പം നിർത്തേണ്ട സമയത്ത് അയാൾ അവർക്ക് തുണയായി മുൻപിൽ നിന്നു. ഈ ലോകകപ്പ് വേറൊരു ടീം ജയിക്കുന്നെങ്കിൽ അത് ലയണൽ മെസ്സിയെ മറികടന്നിട്ട് ആകണം എന്ന മെസ്സേജ് മെസ്സി ഓരോ കളിയിലും തന്നു പോന്നു. സെമിയിൽ ലൂക്ക മോഡ്രിച്ച് മെസ്സിയിൽ അത് കണ്ടു. മോഡ്രിച്ചിന് ആ മത്സരത്തിന് ശേഷം സംശയം ഒന്നും ഉണ്ടായിരുന്ന ആരാണ് ഈ ലോകകപ്പ് ജയിക്കാൻ പോകുന്നതെന്ന്. വിശ്വനായകന് തന്റെ ലക്‌ഷ്യം സാക്ഷാത്കരിക്കാനുള്ള ഫൈനൽ ആക്ടിലെ ആദ്യ പടി ആയിരുന്നു സെമി എന്ന് മോഡ്രിച്ച് അപ്പോളേക്കും മനസ്സിലാക്കിയിട്ടുണ്ടാകും.

ഇനിയാണ് ഫൈനൽ. മിശിഹായുടെ വിജയത്തിനായി കാത്തിരിക്കുന്ന ഒരു ജനതയും, അവർക്ക് പിന്നിൽ നിൽക്കുന്ന നമ്മളെ പോലുള്ളവരും. വൈരികളായ ബ്രസീലിയൻ താരങ്ങൾ പോലും പരസ്യമായി മെസ്സിയുടെ വിജയത്തിനായി കാത്തിരിക്കുന്നു എന്ന് പബ്ലിക്ക് ആയി വന്നു പറയുന്നു. പാതിവഴിയിൽ നിന്ന് പോകേണ്ട കരിയർ അല്ല അതെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. കുരിശ്ശിൽ ഏറിയ മിശിഹാ ഉയർത്തെഴുന്നേൽക്കുക തന്നെ വേണം. അതാണ് ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ നമ്മൾ കണ്ടത്. എമ്പാപ്പെ എന്ന ഇന്നിന്റേയും നാളെയുടെയും താരം ഓരോ തവണ വലിച്ചിടുമ്പോളും, വീണിടത്തു നിന്ന് എഴുന്നേല്ക്കാൻ മെസ്സി മുന്നിൽ നിന്ന് ടീമിനെ നയിച്ചു. രണ്ട് ഗോളുകൾ അടക്കം ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ഗോളാക്കി ഫൈനലിൽ മെസ്സി അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചു. ചരിത്രം അയാൾ തിരുത്തി കുറിച്ചു. ഇനിയുള്ള തലമുറകൾ വാഴ്ത്തിപ്പാടാൻ പോകുന്ന ഒരു ഐതിഹാസിക വിജയമാണ് ഖത്തർ മണ്ണിൽ മെസ്സി മുന്നിൽ നിന്നും നേടി കൊടുത്തത്. ഈ ലോകകപ്പിലെ ഓരോ കളി കഴിയുമ്പോളും അയാൾ തന്നൊരു വൈബ് ഉണ്ട് -‘ഇത് അയാളുടെ ലോകകപ്പാണ്.ജയിക്കണമെങ്കിൽ ആദ്യം അയാൾ വീഴണം’. എന്നാൽ മെസ്സി വീണില്ല, അർജന്റീനയും.

Greatest player of all time എന്നത് അല്പം തിരുത്തുന്നു. Greatest athlete of all time, അതാണ് മെസ്സി നിങ്ങൾ.സ്പോർട്സ് ചരിത്രം മുഴുവൻ എടുത്തു നോക്കിയാൽ തന്നെയും, ഇന്നത്തേത് പോലെ
അതിർത്തികളുടെയും, ഭാഷയുടെയും , സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ഇത്രയും ആളുകളെ ഒരുപോലെ ത്രസിപ്പിച്ചൊരു മൊമെന്റ് ഉണ്ടെന്ന് തോന്നുന്നില്ല. ലിയോണൽ മെസ്സിയുടെ മൊമന്റ് ആണിത്. അയാളിൽ വിശ്വസിച്ച ഓരോ അർജന്റീനക്കാരന്റെയും മൊമന്റ് ആണിത്. അയാളിൽ വിശ്വസിച്ച ഓരോ ആരാധകന്റെയും മൊമന്റ് ആണിത്.

ഇനിയൊരിക്കലും ഒരു സ്പോർട്സ് താരത്തിലും ഇത്രയധികം മെന്റലി ഇൻവെസ്റ്റഡ് ആകില്ല എന്നുറപ്പിച്ചതാണ് ലിയോ. നിനക്ക് ശേഷം ഒരു വ്യക്തിയിലും ഞാൻ ഇൻവെസ്റ്റഡ് ആകില്ല. അത്രയധികം വേദനിച്ചിട്ടുണ്ട് നിന്നെ ഓർത്ത്. എന്നാൽ ഈ നിമിഷം അതിലും മുകളിൽ ഞാൻ നിങ്ങളെ ഓർത്തു സന്തോഷിക്കുന്നു. നന്ദി ലിയോണൽ മെസ്സി, ഞങ്ങളെ ഓരോരുത്തരെയും ത്രസിപ്പിച്ചതിന്, സന്തോഷിപ്പിച്ചതിന്.

പക്ഷെ ഈ കഥ ഇനിയും അവസാനിച്ചിട്ടില്ലാ……
Credit: Nikhil Sebastian
  • SHARE :