• Follow

ഡീന്യോ ആവാൻ കൊതിച്ച ഓറഞ്ചുകാരി

  • Posted On August 4, 2019

‘പാസെയ്ഗ് മാരിടിം ഡി ലാ ബാഴ്‌സലോണെറ്റ’ എന്ന അതിമനോഹരമായ ബാഴ്സലോണ തീരത്തിലെ ബീച് ബാറിലിരുന്ന് ഒരിക്കൽ അവൾ ഒരു ഡച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ അവളുടെ ജീവിതത്തിലെ ആശ്ചര്യജനകമായ സ്വപ്ന യാത്രയെ ആകമാനം അടിവരയിടുന്നതാണ്.

“കഴിഞ്ഞ വർഷം അതിശയകരമാംവിധം അസാധാരണമായൊന്നായിരുന്നു എനിക്ക്. ഇത്രമാത്രം അനുഗ്രഹീതയാവാൻ ഞാൻ ദൈവത്തോട് എന്ത് നന്മ ചെയ്തു എന്ന് എനിക്കറിയില്ല. ചിലപ്പോൾ, അതിനെക്കുറിച്ച് സ്മരിക്കാതെ പോകുന്നത് മോശമാണെന്നു ഞാൻ കരുതുന്നു.”

സ്വപ്നതുല്യമായ 2017 വർഷത്തെ കുറിച്ചായിരുന്നു അവൾ ഉദ്ദേശിച്ചത്. പക്ഷേ പിന്നെയും പുറകോട്ട്, ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നോട്ട് ,1992’ലേക്ക് സഞ്ചരിച്ചാൽ ആ വാചകങ്ങൾ അവരുടെ അത്രയും നീണ്ട ജീവിതയാത്രയെ അടിവരയിടുന്നതാണ് എന്നും കുറിക്കാം. അത്രയ്ക്ക് അനുഗ്രഹീതമായൊരു കുട്ടിയായിരുന്നു അവൾ. അല്ലെങ്കിൽ ഒന്നോർത്തുനോക്കുക ഓറഞ്ച് നാട്ടിലെ തെക്കേ അറ്റത്തുള്ള ലിംബർഗ് പ്രവിശ്യയിലെ ബെർഗൻ എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണക്കാരായ അച്ഛനമ്മമാരുടെ പെൺകുരുന്നായവൾ, സ്വപ്നത്തിൽ പോലും അപരിചിതമായ താരപദവിയിലേക്ക് ചെന്നത്തിയതിനെ അങ്ങനെയല്ലാതെ പിന്നെങ്ങനെ വിശേഷിപ്പിക്കാനാവും. അവളുടെ അറിയാ-സ്വപ്നത്തിന് കാലം സ്വയം തുന്നിച്ചേർത്ത അനുഗ്രഹീതമായ സമ്മാനം. പക്ഷേ അവിടേക്ക് വെറുതെയങ്ങ് ചെന്നെത്തിയതല്ല കേട്ടോ.. കാലത്തിന്റെ തേരിൽ എങ്ങോട്ടാണെന്ന് അറിയില്ലായിരുന്നുവെങ്കിലും തികഞ്ഞ അർപ്പണബോധത്തോടെ കാറ്റത്തും കോളത്തും തെന്നി വീഴാതെ അവൾ തന്നെയാണ് അതിന്റെ ഗതി നിർണയിച്ചത്. പറഞ്ഞുതുടങ്ങുന്നത് ലോകമൊട്ടുക്കും കടുത്ത ആരാധകവൃന്ദമുള്ള ഡച്ച്-ബാഴ്സ ഫെമെനി ഫുട്ബോൾ ഇതിഹാസം ലൈക്കെ മാർട്ടെൻസ്’ന്റെ അനശ്വരമായ ജീവിത ജൈത്രയാത്രയെ കുറിച്ചാണ് !

ഫുട്ബോളുമായി വലിയ ബന്ധം ഒന്നുമില്ലാത്ത ബെർഗൻ എന്ന, ജർമനിയുമായി അതിർത്തി പങ്കിടുന്ന, കുറച്ചായിരം പേർ മാത്രം താമസിക്കുന്ന ആ കൊച്ചു ഗ്രാമത്തിൽ അവൾ കാൽപന്തിന്റെ മായികതയുമായി പ്രണയത്തിലായത് എപ്പോഴെന്നോ എങ്ങനെയെന്നോ ആർക്കും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഇന്നുണ്ടായിരുന്നത് പോലെയല്ല എന്നു മാത്രമല്ല അന്ന് വനിതാ ഫുട്ബോൾ ഉണ്ടെന്ന് പോലും പലർക്കും അറിയാത്ത ഒരു തലമുറയിലെ, ആ കൊച്ചുഗ്രാമത്തിലെ പെൺകുട്ടിക്ക് ഫുട്ബോളിനോടുള്ള പ്രണയം നിഷ്കളങ്കമായതായിരുന്നു. ഒരു സ്വപ്നം നിറവേറ്റാനോ ആരെങ്കിലും പറഞ്ഞുത്തന്ന പാതയിലേക്ക് എത്തിച്ചേരാനോ പോലും ആയിരുന്നില്ല അത്. കാരണം, അങ്ങനെയൊന്നും അവൾക്കോ അവളുടെ ഉറ്റവർക്കോ അറിയില്ലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഏതെങ്കിലും മേഖലയോ ഉദാഹരണങ്ങളായി വനിതാ റോൾ മോഡലുകളോ ഒന്നും തന്നെ അവൾക്കില്ലായിരുന്നു. ആ കൊച്ചു മനസ്സിൽ ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എല്ലാ സമയവും പന്തു തട്ടി കൊണ്ടേയിരിക്കണം; എല്ലാ ഒഴിവുസമയത്തും. തന്റെ അച്ഛനമ്മമാരുടെയും രണ്ട് സഹോദരങ്ങളുടെയുമൊപ്പം ബെർഗനിലെ ഒരു കുഞ്ഞു മൈതാനത്തിനു സമീപമായിരുന്നു അവർ താമസിച്ചിരുന്നത്. ആർ‌.കെ‌.വി‌.വി മോണ്ടാഗ്നാർഡ്സ് എന്ന കുഞ്ഞു ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ മൈതാനം.

ഓർമകൾ പിന്നോട്ട് പായുമ്പോൾ ഇപ്പോഴത്തെ ആ ഗ്രാമത്തിലെ മുതിർന്നവർക്ക് ഓർത്തെടുക്കാൻ കഴിയുന്നത് തന്റെ അമ്മയോടൊപ്പം സഹോദരന്മാരുടെ കളി കാണാൻ വരുന്ന ഒരു കൊച്ചു പെൺകുട്ടി അവരോടൊപ്പം കളിക്കാനായി ഓടുന്നതാണ്. പക്ഷേ നാലു വയസ്സ് പോലും തികയാത്ത ആ പൈതലിനെ അവളുടെ അച്ഛനും അമ്മയും അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എങ്കിലും കൂടെ കരുതിയ ചെറിയ ബോളുമായി അവിടം ചുറ്റും അവളത് സ്വയം തട്ടിക്കൊണ്ട് ഓടുമായിരുന്നു. എല്ലായ്പ്പോഴും പന്ത് തട്ടിക്കൊണ്ടോടുന്ന കൊച്ചു പെൺകുട്ടി എന്ന പേരിൽ അക്കാലത്ത് അവൾ ആ ഗ്രാമക്കാർക്കൊട്ടുക്കും സുപരിചിതയായിരുന്നു. തന്റെ മകൾക്ക് മൈതാനത്ത് പോയി പന്തുതട്ടി കളിക്കാനുള്ള സൗകര്യത്തിനായി അച്ഛനായ ബെർട്ട് പൂന്തോട്ടത്തിലെ ഗേറ്റ് എന്നും തുറന്നിടുമായിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ വിട്ടു വന്നാൽ തന്റെ സമപ്രായക്കാരായ കൂട്ടുകാരികൾ ബാർബി ഡോളുമായി കളിക്കുമ്പോൾ ലൈക്ക തന്റെ സഹോദരങ്ങളുടേയും അവരുടെ കൂട്ടുകാരുടെയും ഒപ്പം പന്തുകളിക്കാൻ ഓടുമായിരുന്നു. തങ്ങളെക്കാൾ ഇളയവളെങ്കിലും അവളുടെ പന്തു കളിക്കാൻ ഉള്ള അടങ്ങാത്ത ആഗ്രഹം കണ്ട് അവർ അവളെ കൂടെ കൂട്ടിയിരുന്നു. ചിലപ്പോഴൊക്കെ കൂടെ കളിക്കാൻ ഉറ്റവരാരുമില്ലെങ്കിൽ അവൾക്ക് അവളുടേതായ ഒരു പ്രിയ സുഹൃത്ത് എപ്പോഴും ഉണ്ടായിരുന്നു – ഒരു മതിൽ. ഒറ്റയ്ക്കാണെങ്കിൽ അവൾ ആ മതിലിൽ നിരന്തരം പന്ത് തട്ടിത്തട്ടി കളിക്കുമായിരുന്നു പലപ്പോഴും അത് കണ്ടു വരുന്ന അച്ഛൻ അവളെ കൂടുതൽ ഇടം കാലുകൊണ്ട് പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇന്നും തന്റെ രണ്ടു കാലുകൾക്കൊണ്ടുമുള്ള ആയാസരഹിതമായ മികവിന് ലൈക്കെ കടപ്പെട്ടിരിക്കുന്ന സുഹൃത്ത്.

അങ്ങനെ പന്ത് തട്ടി-തട്ടി വളർന്ന ആ കുഞ്ഞു കാൽപാദങ്ങൾക്ക് മാത്രമല്ല തലയ്ക്കും വൈകാതൊരു മുഴുത്ത വട്ടു പിടിച്ചു: തന്റെ പ്രിയ ക്ലബായ ബാഴ്സയുടെ, മഹാമാന്ത്രികനായ റൊണാൾഡീന്യോയോടുള്ള അടങ്ങാത്ത ആരാധന. ആ പെൺകുട്ടിക്ക് അപ്പോൾ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ റൊണാൾഡീന്യോയെ പോലെ പ്രാഗത്ഭ്യം നേടുക പിന്നീട് തന്റെ നാട്ടിലെ ഇഷ്ട ക്ലബ്ബായ അയാക്സിനു വേണ്ടി കളിക്കുക. പക്ഷേ അത് വനിതാ ടീമിനു വേണ്ടിയായിരുന്നില്ല, അങ്ങനെയൊന്നിന്റെ അസ്തിത്വത്തെക്കുറിച്ച് പോലും അവൾക്കു അറിയില്ലല്ലോ. മറിച്ച് ആൺകുട്ടികളോടൊപ്പമായിരുന്നു. ഇതറിഞ്ഞവരെല്ലാം താനൊരു പെൺകുട്ടിയാണെന്നും അതുകൊണ്ട് ആ സ്വപ്നം നടക്കില്ലെന്നും പറഞ്ഞ് കളിയാക്കിയപ്പോളും ആ കുഞ്ഞുമനസ്സ് അതൊന്നും വകവച്ചില്ല. തന്റെ ആരാധനാബിംബം റൊണാൾഡീന്യോ ആയതുകൊണ്ടു തന്റെ കാൽക്കീഴിൽ പന്ത് ഇരിക്കുന്നിടത്തോളം കാലവും അത് നടക്കുമെന്നവൾ വിശ്വസിച്ചു. അന്നത്തെ കാലത്തെ പ്രശസ്ത പരസ്യമായ ജോഗാ ബോണിറ്റോ ടിവിയിൽ വരുമ്പോൾ തന്റെ പ്രിയ താരവും ഒപ്പം മറ്റു കളിക്കാരും ചേർന്ന് കാണിച്ച വിദ്യകളിലെല്ലാം കണ്ടു ആവേശപെട്ട ആ ആരാധിക പിന്നീട് യൂട്യൂബിൽ പോയി തന്റെ പ്രിയ താരത്തിന്റെ നീക്കങ്ങളെല്ലാം സസൂക്ഷ്മം പഠിച്ച് അത് പകർത്തിയെടുക്കാൻ മൈതാനത്ത് മണിക്കൂറുകളോളം തന്റെ ബാഴ്സ ജേഴ്സിയിൽ ചെലവഴിക്കുമായിരുന്നു.

അങ്ങനെ മോണ്ടാഗ്നാർഡ്സിലെ ആൺകുട്ടികളോടൊപ്പം പെൺകുട്ടി എന്ന പേരിൽ, തന്നെ പുച്ഛിച്ച എതിരാളികളെ നിസ്സഹായരാക്കി അവൾ കളം വാണു. ആൺകുട്ടികളിടയിലെ ഒറ്റയാൾ എന്ന മികവിൽ അവൾ വീണ്ടും ആ ഗ്രാമത്തിൽ പ്രശസ്തിയാർജിച്ചു. തന്നെക്കാൾ കരുത്തും വേഗതയുള്ള സമപ്രായക്കാരായ ആൺകുട്ടികളെ നിസ്സഹായരാക്കിക്കൊണ്ട് ശരവേഗത്തിൽ ഡ്രിബിൾ ചെയ്തുകൊണ്ട് മറികടന്നു പോകുന്ന കൊച്ചു പെൺകുട്ടി അവർക്ക് അത്ഭുതമായി. അങ്ങനെ പന്ത്രണ്ടാം വയസ്സിൽ സമീപ ഗ്രാമമായ ബോക്സ്മീർ’ലുള്ള കുഞ്ഞൻ വിമൻസ് ലീഗിൽ കളിക്കുന്ന ഒളിമ്പിയ’18 എന്ന ക്ലബ്ബിൽ ലൈക്കെ’ക്ക് അവസരം കൈവന്നു. അവളറിയാതെ അവൾ പോലും പ്രതീക്ഷിക്കാതെ അവളെ തേടി വന്ന കാലത്തിന്റെ തേര് ! പിന്നീടുള്ള അവിടുത്തെ മൂന്ന് വർഷങ്ങൾ കൊണ്ട് ലൈക്ക പിന്നെയും വളർന്നു. അവളുടെ പേര് കുറച്ചുകൂടി ദേശങ്ങൾ സഞ്ചരിച്ചു. ഒടുവിൽ 2008’ൽ, പതിനഞ്ചാം വയസ്സിൽ ലൈക്കെയുടെ വിധി മാറ്റിയ വിളിവന്നു. രാജ്യതലസ്ഥാനമായ മഹാനഗരം ആംസ്റ്റർഡാമിൽ നിന്ന്. ‘സി.ട്ടി.ഒ ടാലന്റ് അക്കാദമി’യിൽ ഫുട്ബോൾ പരിശീലിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസവും ഒപ്പം തന്നെ പൂർത്തിയാക്കാനുള്ള ക്ഷണവും അതോടൊപ്പം ദേശീയ അണ്ടർ 19 വനിത ടീമിൽ കളിക്കാനുള്ള അവസരവും. ഫുട്ബോൾ തികച്ചും ഗൗരവമായി എടുക്കേണ്ട ഘട്ടം വന്നത്തിയെന്നും ഇനി മുന്നോട്ടു പോകണമെങ്കിൽ ഇതേ വഴിയുള്ളുവെന്നും അവൾക്ക് ബോധ്യപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. പക്ഷേ അതിന് അവൾ നൽകേണ്ടിയിരുന്ന വില ആയിരുന്നു അവളെ പിടിച്ചുലച്ചത്. താൻ ജീവിതത്തിൽ ആദ്യമായി വീടുവിട്ടു നിൽക്കേണ്ടിവരും; അതും തന്റെ ജീവനായ കുടുംബത്തെയും ഉറ്റവരെയും ചങ്ങാതികളെയും പിരിഞ്ഞുകൊണ്ട് ഒരു മഹാ നഗരത്തിൽ ഒറ്റക്ക് ജീവിക്കാൻ. തനിക്ക് അധികം വശമില്ലാത്ത കുക്കിംഗും ലോണ്ടറി’യും എന്നുവേണ്ട എല്ലാം ഇനി സ്വയം ചെയ്യണം. ഇത്രയും ചിന്തിച്ചപ്പോൾ തന്നെ ആ യുവ മനസ്സിന് വലിയ ആഘാതമായിരുന്നു. പക്ഷേ പോയില്ലെങ്കിൽ തന്റെ പ്രണയം വൈകാതെ തന്നെ ഉപേക്ഷിക്കേണ്ടി വരും എന്നതും അവൾക്ക് താങ്ങാനാവുന്നതായിരുന്നില്ല. അവസാനം തന്റെ പ്രണയത്തിനു വേണ്ടി എല്ലാ വേദനയും സഹിച്ചു കൊണ്ട് അവൾ ധീരമായ തീരുമാനമെടുത്തു. ഇനി ജീവിക്കേണ്ടത് തന്നേ തേടി വന്ന സ്വപ്നത്തിനു വേണ്ടി തന്നെ.

ഒടുവിൽ തന്നെ തേടിവന്ന സ്വപ്നത്തെ പൂർത്തിയാക്കാൻ അവൾ ആംസ്റ്റർഡാം എന്ന മഹാ നഗരത്തിന്റെ ഭാഗമായി. തന്റെ സമപ്രായക്കാരായ പെൺകുട്ടികൾ ഉറ്റവരോടൊപ്പം സന്തോഷിക്കുമ്പോഴും അതുപോലെ തത്തുല്യരായ ആൺകുട്ടികൾ പ്രൊഫഷണൽ ക്ലബ്ബിൽ യൂത്ത് കരിയർ ആരംഭിക്കുമ്പോഴും ലൈക്കെ ആ ചെറുപ്രായത്തിൽ തന്നെ ഒരു മഹാ നഗരത്തിൽ തന്റെ സ്വപ്നത്തിനു വേണ്ടി ഒറ്റയ്ക്ക് പോരാടുകയായിരുന്നു. അങ്ങനെ ഒരു കൊല്ലത്തെ ആംസ്റ്റർഡാം പ്രയാണത്തിനു ശേഷം അവൾ 2009’ൽ പതിനാറാം വയസ്സിൽ ദേശീയ അണ്ടർ’19 ടീമിൽ അരങ്ങേറ്റം കുറിച്ചു. അതേ സമയം തന്നെ അവളുടെ പതിനാറാം വയസ്സിൽ ലൈക്ക തന്റെ പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറ്റവും കുറിച്ചിരുന്നു. ഡച്ച് ദേശീയ വനിതാ ലീഗിൽ എസ്.സി ഹീരെൻ‌വീൻ ആയിരുന്നു ലൈക്കെയുടെ ആദ്യ സീനിയർ ക്ലബ്. പിന്നീടങ്ങോട്ട് ലൈക്ക തൊട്ടതെല്ലാം പൊന്നാക്കിയ കാലമായിരുന്നു. 2010’ൽ മാസിഡോണിയയിൽ വെച്ച് നടന്ന തന്റെ അരങ്ങേറ്റ ടൂർണമെന്റായ അണ്ടർ’19 യൂറോ ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോറർ ആയി അവൾ വനിതാ ഫുട്ബോളിൽ ഒന്നുമല്ലാതിരുന്ന തന്റെ മാതൃരാജ്യത്തിന് മേൽവിലാസം നേടിക്കൊടുത്തു. ലൈക്കെയുടെ ബലത്തിൽ നെതർലാൻഡ്സ് സെമിഫൈനൽ വരെ പോരാടി കയറി. ഒരുപക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിന്റെ നിർഭാഗ്യം ചതിച്ചില്ലായിരുന്നുവെങ്കിൽ അവളും കൂട്ടരും രാജ്യത്തിന് പുതു ചരിത്രം സൃഷ്ടിച്ചേനേ. ലൈക്കെയുടെ ഉജ്ജ്വല മികവിൽ മതിപ്പു വന്ന ദേശീയ ടീം അധികൃതർ തൊട്ടടുത്ത കൊല്ലമായ 2011’ൽ തന്നെ പതിനെട്ടാം വയസ്സിൽ ദേശീയ ടീം അരങ്ങേറ്റവും സമ്മാനിച്ചു. ലൈക്കെയുടെ പേര് ദേശങ്ങൾ സഞ്ചരിക്കാൻ തയ്യാറെടുക്കുകയായിരുന്നു അന്നു മുതൽ.

ഒരു വർഷത്തെ ഹീരെൻ‌വീൻ വാസത്തിനുശേഷം ലൈക്കെ പിന്നീട് വി.വി.വി വെൻലോ എന്ന ഡച്ച് ക്ലബ്ബിന് വേണ്ടി ബൂട്ട് കെട്ടി. ഇരുപത് കളികളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ച ലൈക്കെയെ തൊട്ടടുത്ത കൊല്ലം ബെൽജിയൻ ഭീമന്മാരായ സ്റ്റാൻഡേർഡ് ലൈജ് സ്വന്തമാക്കി. ലൈജ്’നു വേണ്ടിയുള്ള ആദ്യ കളിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ലൈക്കെ തന്റെ കരിയറിലെ ആദ്യ മേജർ ടൈറ്റിലും സ്വന്തമാക്കി. കണ്ണഞ്ചിക്കുന്ന അരങ്ങേറ്റ സീസണായിരുന്നു പിന്നീട് ആ പത്തൊമ്പതുകാരി കാഴ്ചവച്ചത്. ഇരുപത്തിയഞ്ച് കളികളിൽ നിന്നായി എണ്ണംപറഞ്ഞ പതിനേഴ് ഗോളുകൾ അടിച്ചു കൂട്ടിയ ലൈക്ക സ്റ്റാൻഡേർഡ് ലൈജ്’നെ ബെൽജിയം ചാമ്പ്യന്മാരാക്കി തന്റെ രണ്ടാം കപ്പും സ്വന്തമാക്കി. ലൈജ് ജഴ്സിയിലെ ആദ്യ വർഷം പൂർത്തിയായപ്പോൾ തന്നെ മികച്ച ലീഗുകളിലൊന്നായ ജർമനിയിൽ നിന്ന് ലൈക്ക്’ക്ക് വിളിവന്നു. പിന്നീട് 2012-14 വരെയുള്ള രണ്ടു കൊല്ല-കാലയളവിൽ ലൈക്കെ ഡ്യുയിസ്ബർഗ് എന്ന ജർമൻ ക്ലബ്ബിനായിരുന്നു കളത്തിലിറങ്ങിയത്. ഇതിനിടയിൽ 2013’ൽ ദേശീയ ടീമിനൊപ്പം യുവേഫാ വിമൻസ് യൂറോ’യിൽ കളത്തിലിറങ്ങി സീനിയർ മേജർ ടൂർണമെന്റ് അരങ്ങേറ്റവും നേടി. പക്ഷേ ഈ രണ്ടു കൊല്ല-കാലയളവിൽ സീനിയർ ലെവലിലെ ചൂടറിഞ്ഞ ലൈക്കെക്ക് കാര്യമായി എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സാധിച്ചില്ല. പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ലൈക്ക സ്വീഡിഷ് ക്ലബ്ബായ ഗോഥെൻബർഗ്’ലേക്ക് ചേക്കേറി. മികവിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ലൈക്ക ആ സീസണിൽ മുപ്പത്തിയേഴ് കളികളിൽ നിന്നായി പന്ത്രണ്ട് ഗോളുകൾ സ്കോർ ചെയ്തു. ഇതിനിടയിൽ 2015’ൽ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പ് കളിക്കാനിറങ്ങിയ നെതർലൻഡിന് വേണ്ടി ആദ്യ ഗോൾ നേടിയ ലൈക്ക പിന്നെയും ദേശീയ ഹീറോയായി ചരിത്രത്തിലിടം നേടി. യോഗ്യത നേടിയത് തന്നെ വലിയ നേട്ടമായിരുന്നുവെങ്കിലും ഒരു പടികൂടി കടന്ന് പ്രീക്വാർട്ടർ വരെ മുന്നേറി അവർ കഴിവു കാട്ടി. ലൈക്കെയുടെ മികവിൽ മതിപ്പുളവാകിയ സ്വീഡിഷ് ഭീമന്മാരായ റോസെൻഗാർഡ് തൊട്ടടുത്ത സീസണിലേക്കായി അവളെ കൂടെ കൂട്ടി. പിന്നെ കണ്ടത് ലൈക്കെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു. ഇരുപത്തിയൊമ്പത് കളികളിൽ നിന്നായി ഇരുപത് ഗോളുകൾ നിറച്ച ലൈക്കെ തന്റെ പേര് യൂറോപ്പ്യൻ വനിതാ ഫുട്ബോളിൽ വിളിച്ചോതി.

മാറുകയായിരുന്നു അവിടുന്നങ്ങോട്ടെല്ലാം..
ഇതുവരെ വന്നത് കാലത്തിന്റെ കാണാ-സമ്മാനങ്ങളാണെങ്കിൽ പിന്നീട് പൂവണിഞ്ഞത് സ്വപ്നങ്ങളാകിലും ‘അത്യാഗ്രഹ’മെന്നോതുന്ന മോഹങ്ങളാണ്. തന്റെ ആരാധനാ ബിംബം അരങ്ങുവാണ സ്വപ്നക്ലബ് അവളെ തേടി വന്നു. വനിതാ ഫുട്ബോളിൽ പുത്തൻ കാൽച്ചുവടുകൾ വെക്കുന്ന ബാഴ്സലോണ ഫെമെനി ടീമിന്റെ ക്ഷണം. വനിതാ ഫുട്ബോളിലെ പല വമ്പൻമാരും അവളുടെ ഒപ്പിനായി പടിവാതിൽക്കൽ ഉണ്ടായിരുന്നിട്ടും ആ പഴയ ഡച്ചുകാരി പെൺകുട്ടിക്ക് ഒന്ന് ആലോചിക്കേണ്ടി കൂടിയിരുന്നില്ല. അങ്ങനെ 2017 ജൂലൈയിൽ ഒരു ബാഴ്സ അംഗം എന്ന പ്രൗഢിയോടെ ലൈക്ക തന്റെ നാട് ആതിഥേയത്വം വഹിക്കുന്ന യുവേഫ യൂറോ കപ്പിന് ദേശീയ ടീമിനൊപ്പം തയ്യാറെടുത്തു. അതുവരെ കളിക്കാരുടെ ഉറ്റവരടക്കം കഷ്ടിച്ച് അഞ്ഞൂറ് പേർ പോലും തത്സമയം പിന്തുടരാത്ത തങ്ങളുടെ ദേശീയ വനിതാ ഫുട്ബോൾ ടീമിന്റെ ആദ്യ കളിക്ക് ഉത്രെച്റ്റ്’ൽ 22000 പേരുടെ ഓറഞ്ച് ഉദയം ലൈക്കെ’യേം കൂട്ടരേം സ്തബ്ദരാക്കി. അങ്ങനെ ഒന്നൊന്നായുള്ള സന്തോഷത്തിൽ നിന്നുള്ള ആത്മവിശ്വാസം കൊണ്ടാവണം, ലൈക്ക അന്ന് കളം അടക്കിവാണു. ബോക്സിന്റെ ഇടതു മൂലയിൽ നിന്ന് ലൈക്കെ പറത്തിവിട്ട എണ്ണംപറഞ്ഞ ക്രോസായിരുന്നു വാൻ സാൻഡെൻ’ന്റെ ഗോളിന് വഴിയൊരുക്കി ആദ്യ കളിയിൽ തന്നെ നെതർലാൻഡ്സിനെ കരക്കെത്തിച്ചത്. പിന്നീടങ്ങോട്ട് ലൈക്കെയുടെ തോളിലേറിയുള്ള ഡച്ച്പടയുടെ അശ്വമേധമായിരുന്നു ടൂർണമെന്റിൽ കണ്ടത്. ഒരിക്കലും യാതൊരു സാധ്യതയും കൽപ്പിച്ചിട്ടില്ലാതിരുന്ന കുഞ്ഞന്മാരായ നെതർലാൻഡ്സ് കരുത്തരായ ഇംഗ്ലണ്ട്,സ്വീഡൻ,നോർവേ എന്നിവരെ കടപുഴുക്കിക്കൊണ്ട് സ്വന്തം നാട്ടിൽ വെന്നിക്കൊടി പാറിച്ചു. ഫൈനലിൽ ഡെൻമാർക്കിനെതിരെ ടൂർണമെന്റിലാദ്യമായി ഗോൾ വഴങ്ങി പിന്നോട്ട് പോയപ്പോൾ ഒന്ന് പതറിയെങ്കിലും ലൈക്കയുടെ ഗോളിൽ തിരിച്ചുവന്ന്, നിറഞ്ഞുകവിഞ്ഞ സ്വന്തം ആരാധകരുടെ മുന്നിൽ അവരാ സ്വർണ്ണതേജസ്സിൽ മുത്തമിട്ടു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളുടെയും രണ്ട് അസിസ്റ്റുകളുടെയും ബലത്തിൽ ഡച്ച്പടയെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിൽ എത്തിച്ച ലൈക്ക എന്ന പോരാളി പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി ഗോൾഡൻ ബോളോടെ അവരോധിക്കപ്പെട്ടു. കൂടാതെ ടീം ഓഫ് ദ ടൂർണമെന്റിൽ ഇടം നേടുകയും മൂന്നാമത്തെ ഉയർന്ന സ്കോററായി ബ്രോൺസ് ബൂട്ട് സ്വന്തമാക്കുകയും ചെയ്തു.

അവിടെയും തീർന്നില്ല. കാലത്തിന് അവളുടെ മികവിനെ വെറുതെയങ്ങ് വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. ഒടുവിൽ ആ മാന്ത്രിക പാദങ്ങളെ തേടി അർഹിച്ച പുരസ്കാരം വന്നു. തൊട്ടടുത്ത മാസം പ്രഖ്യാപിച്ച 16/17 സീസണിലെ ‘യുവേഫ വിമൺസ് പ്ലെയർ ഓഫ് ദി ഇയർ’ അവാർഡ് ലൈക്കെക്ക് സ്വന്തമായി. പക്ഷേ ആ മധുരം നുണഞ്ഞാസ്വദിക്കുന്നതിനു മുന്നേ ഇരട്ടിമധുരം അവളെ തേടിയെത്തി. പിന്നെയും രണ്ടു മാസങ്ങൾക്കപ്പുറം പ്രഖ്യാപിച്ച ആ വർഷത്തെ ‘ദി ബെസ്റ്റ് ഫിഫാ വിമൺസ് പ്ലേയർ’ അവാർഡും ലൈക്കെക്ക് തന്നെയായിരുന്നു. അങ്ങനെ ഒരേസമയം ലൈക്കെ യൂറോപ്പിലെയും എഴ് വൻകരകളുടെയും ഫുട്ബോൾ റാണിയായി അവരോധിക്കപ്പെട്ടു. പക്ഷേ അവളുടെ സൗഭാഗ്യത്തിന്റെ ആശിസ്സുകൾ അവിടം കൊണ്ടും തീർന്നില്ല. തനിക്കും താൻ മൂലം കുടുംബത്തിനും മഹാ ഇതിഹാസം മെസ്സിയോടൊപ്പം ഫിഫാ ഫംഗ്ഷന്റെ യാത്രയ്ക്കായി ഒരുമിക്കാൻ കഴിഞ്ഞത് ഇന്നും ലൈക്കെ സ്വപ്നമെന്ന പോലെ ഓർക്കുന്നു.

പക്ഷേ ഇതിനെക്കാളൊക്കെ ശ്രദ്ധേയമായ മറ്റൊന്ന് ലൈക്ക ആ ടൂർണമെന്റിൽ സ്വന്തമാക്കിയിരുന്നു. ബെൽജിയത്തിനെതിരായുള്ള മത്സരത്തിൽ രണ്ട് കളിക്കാരെ നിലത്താക്കി കൊണ്ട് നിഷ്പ്രഭം വെട്ടിയൊഴിഞ്ഞ് അനായാസമായി പുറത്തെടുത്ത പ്രശസ്തമായ ‘ക്രൈഫ്-ട്ടേൺ’ സ്കിൽ ലോകമെമ്പാടുമുള്ള കളിയാരാധകരുടെ നെഞ്ചിലേക്കായിരുന്നു അവളെ കൊണ്ടെത്തിച്ചത്. പുരുഷ ഫുട്ബോളിൽ പോലും മഷിയിട്ടു നോക്കിയാൽ കാണാനില്ലാത്ത ആ ഐറ്റം കണ്ണടച്ച് തുറക്കുന്നതിനു മുൻപേ ആയിരുന്നു സോഷ്യൽ മീഡിയകളിലൂടെ വൈറലായത്. ലൈക്ക എന്ന താരത്തിന്റെ ഉദയം മാത്രമായിരുന്നില്ല അത്, പുരുഷ ഫുട്ബോളിന്റെ നിഴലിൽ മൂടിയിരുന്ന വനിതാ ഫുട്ബോളിന് കൈവന്ന പുത്തൻ ഉണർവിന്റെ മേൽവിലാസം കൂടിയായിരുന്നു. അവളോടൊപ്പം വനിതാ ഫുട്ബോളും കൂടുതലാളുകളിലേക്ക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ നിമിഷം. പിന്നെ ബാഴ്സ അരങ്ങേറ്റം എന്ന സ്വപ്നം കൂടി തികഞ്ഞതോടെ 2017 എന്ന വർഷം ലൈക്ക ജീവീച്ചത് സ്വർഗ്ഗത്തിലെന്ന പോലെ ആയി.

പിന്നീടങ്ങോട്ടുള്ള കാലയളവിൽ ബാഴ്സ ഫെമെനിയുടെ ഇടതുവിങ്ങിലെ അറ്റാക്കിങ് ഏരിയയിൽ ശരവേഗത്തിൽ ഡ്രിബിൾ ചെയ്ത് എതിരാളികളെ വീഴ്ത്തിയോടുന്ന ശൈലിയെ നെഞ്ചിലേറ്റിയ ആരാധകർ ഓമനിച്ചിട്ടതായിരുന്നു “മെസ്സിയുടെ കുഞ്ഞുപെങ്ങൾ” എന്ന് വിളിപ്പേര്. ഒടുവിൽ ഇന്നീ 2019’ന്റെ മധ്യത്തിൽ എത്തി നിൽക്കുമ്പോൾ കണ്ടതൊന്നുമല്ല കാണാതിരിക്കുന്നതാണ് ഉയരങ്ങൾ എന്നവൾ തെളിയിച്ചുക്കൊണ്ടേയിരിക്കുന്നു. വനിതാ ഫുട്ബോളിൽ വലിയ തലയെടുപ്പില്ലാത്ത ബാഴ്സ ഫെമെനി ടീമിനെ ചരിത്രത്തിലാദ്യമായി യു.സി.എൽ ഫൈനലിലെത്തിക്കാൻ ലൈക്കെക്കും പോരാളികൾക്കും കഴിഞ്ഞു. അവസാന ചുവട് അതിപ്രബലരായ ലിയോൺ’ന്റെ മുന്നിൽ പതറിയെങ്കിലും അതിന്റെ ചൂടാറും മുന്നേ അവൾ മറ്റൊരു സ്വപ്ന-നേട്ടത്തിന്റെ കൂടി പങ്കാളിയായി. തന്റെ ഡച്ച് പെൺ സിംഹങ്ങളോടുകൂടി വെറും രണ്ടാം വനിതാ ലോകകപ്പ് മാത്രം കളിക്കുന്ന ടീമിനെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുകയും ചെയ്തു ഇക്കൊല്ലം. പ്രീക്വാർട്ടറിൽ ജപ്പാനെതിരെ കളിയിലെ രണ്ടു ഗോളും നേടി ലൈക്കെ തന്റെ ടീമിനെ മുന്നോട്ട് പായിച്ചെങ്കിലും അന്നേറ്റ പരിക്ക് ഫൈനലിൽ അടക്കം പിന്നീടുള്ള കളികളെല്ലാം അവളെ നിരായുധയാക്കി. എങ്കിലും ഒരു കളി കൊണ്ട് മാഞ്ഞുപോകുന്ന നേട്ടങ്ങളല്ല അത് രണ്ടും. മറിച്ച് അവളിലൂടെ ചരിത്രത്തിലേക്ക് കാലം എഴുതിച്ചേർത്ത പൊൻ-തിലകങ്ങളയിരുന്നു. അങ്ങനെ 2019’ലും സ്വർഗീയമായ സ്വപ്നങ്ങൾ അവളുടെ കൈയ്യകലത്തിലെത്തി. ഒരിക്കൽ കൂടി അർഹമായ നേട്ടങ്ങൾ അവളെ തേടിയെത്തുമോ.. കാത്തിരിക്കാം നമുക്ക് !

ഒരിക്കൽ ലൈക്കെ കുറിച്ചത് പോലെ തന്നെ ഉപസംഹരിക്കാം:

“എനിക്ക് റൊണാൾഡീന്യോയെ പോലെയാകണം” എന്നു ഞാൻ പറയുമായിരുന്നു.

ഇപ്പോൾ എന്റെ നാട്ടിലെ പെൺകുട്ടികൾ പറയുന്നത് “എനിക്ക് വിവിയാന്നെ മിഡെമ’യെപ്പോലെ ആകണം.”

“അല്ലെങ്കിൽ ഡാനിയേൽ വാൻ ഡി ഡോങ്ക് പോലെ”

“അല്ലെങ്കിൽ ലൈക്കെ മാർട്ടൻസ്..!”

“അതാണ് എന്റെ ഏറ്റവും വലിയ നേട്ടം” :

ഇഷ്ട-കലയോടുള്ള തീരാഭ്രമത്തിനുവേണ്ടി നാടുവിട്ടിറങ്ങിയ ഒരു കൊച്ചു പെൺകുട്ടി, അതിലെ താരസിംഹാസനം നേടിയെടുത്ത്, സ്വന്തം നാട്ടിലും ലോകമൊട്ടുക്കും ആ മേഖലയ്ക്ക് പുത്തൻ മേൽവിലാസം നേടിക്കൊടുത്ത ഈ സുവർണ്ണകഥ ഏതൊരാൾക്കും തന്റെ വിദൂര സ്വപ്നത്തിലേക്ക് പ്രചോദനമേറ്റുന്നതാണ്. ഒരു പെൺകുട്ടിക്കും താൻ കണ്ട സ്വപ്നം അത്യാഗ്രഹമല്ലെന്നോതുന്ന ഒന്ന്. ലൈക്കെയുടെ ജീവിതം പറയുന്ന പോലെ, ജയിക്കാൻ വേണ്ടതൊന്നുമാത്രം – കലർപ്പില്ലാത്ത സമർപ്പണം!

#WITNESSER
#WeAreFootballers❤️💙
#leeuwinnen🇳🇱
©www.culesofkerala.com

  • SHARE :