• Follow

മാച്ച് റിവ്യൂ – ലെവാന്തെ 5 – 4 ബാഴ്‌സലോണ

  • Posted On May 14, 2018

നിരാശ, അതീവ നിരാശ സമ്മാനിച്ച ഒരു രാത്രിയാണ് ഇന്നലെ കഴിഞ്ഞത്. തോൽവിയറിയാതെ സീസൺ പൂർത്തീകരിക്കാൻ ശ്രമിച്ച ടീമിന് കേവലം രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കാലിടറിയിരിക്കുന്നു. മോശം തീരുമാനങ്ങൾക്ക് ഏറെ വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നു. കളിയിൽ മെസ്സി ചെലുത്തുന്ന സ്വാധീനം എത്രമാത്രം വലുതാണെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. ഈ സീസണിൽ ചാമ്പ്യന്മാരെ ആദ്യമായി തോൽപ്പിച്ച ടീമായ ലെവാന്തെക്കും അഭിമാനനിമിഷം.
മെസ്സിയെ സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്തിയിലെങ്കിലും ടീം ലൈൻ അപ്പ് കണ്ടപ്പോൾ അൽപ്പം അന്ധാളിച്ചു. മുൻനിരയിലും മധ്യനിരയിലും പ്രതീക്ഷിച്ച മുഖങ്ങൾ കണ്ടപ്പോൾ പ്രതിരോധം തീർത്തും അത്ഭുദപ്പെടുത്തി. സെന്റർ ബാക്കുകളായി വെർമയേലനും യെറി മിനയും. സ്വതവേ പീക്കെ അല്ലെങ്കിൽ ഉംറ്റിറ്റി എന്നിവരിലൊരാളെയെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഇന്നലെ എവേ ഗ്രൗണ്ടിൽ ഒരു പരീക്ഷണത്തിന് തന്നെ ടീം മുതിർന്നു. അതിനു നൽകേണ്ടി വന്ന വിലയും അത്രമാത്രം വലുതായിരുന്നു. പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തു മത്സരം തുടങ്ങി അധികം വൈകാതെ ലെവാന്തെ ആദ്യ ഗോൾ നേടി. അതിന്റെ ക്ഷീണം മാറുംമുമ്പേ അടുത്തതും വഴങ്ങി. ഇരു ഗോളുകളിലും പ്രതിരോധത്തിന്റെ പക്വതക്കുറവ് മുഴച്ചുനിൽക്കുന്നുണ്ടായിരുന്നു. ബാഴ്‌സയാകട്ടെ മികച്ച ഒരു മുന്നേറ്റം പോലും സൃഷ്ടിക്കാനാകാതെ ഗ്രൗണ്ടിൽ ഉഴറി നടന്നു. ലഭിച്ച അവസരങ്ങൾ ഒരു ഒത്തിണക്കമില്ലാതെ നഷ്ടപ്പെടുത്തി. ഒടുവിൽ ഇടവേളക്ക് പിരിയുന്നതിനു മുൻപ് കൊട്ടീഞ്ഞോയിലൂടെ ബാഴ്‌സ ഒരെണ്ണം മടക്കി.ഇടയിൽ പരിക്കേറ്റ വർമയേലൻ മടങ്ങിയപ്പോൾ പീക്കേ പകരക്കാരനായി എത്തി.
രണ്ടാം പകുതിയിൽ ടീമിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ച നമുക്ക് തെറ്റി. രണ്ടാം പകുതി തുടങ്ങി ആദ്യനിമിഷം മുതലേ ലെവാന്തെ സ്കോറിങ് ആരംഭിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അടുത്തതും വഴങ്ങി. വെറും അഞ്ച് മിനിറ്റിന് ശേഷം ഒരു ഗോൾ കൂടി. സ്‌കോർലൈൻ 5 – 1 എന്ന് കാണിച്ചപ്പോൾ സത്യത്തിൽ നമ്മൾ സ്വപനം കാണുകയാണോ എന്ന് വരെ തോന്നി. കളിക്കാർക്കെല്ലാം എന്തോ നിരാശ ബാധിച്ച പോലെ. ആരും മികച്ച നീക്കങ്ങൾ ഒന്നും തന്നെ നടത്തുന്നില്ല. കളിക്കാർ തമ്മിൽ ഒരു കോർഡിനേഷൻ ഇല്ല. ആർക്കോ വേണ്ടി കളിക്കുന്ന പോലെ തോന്നിച്ചു. നിലവിലെ ടീമുമായി പോകുന്നത് പന്തയല്ലെന്നു മനസ്സിലാക്കിയ വൽവേർ ദേ ഡെനിസിനെയും പാക്കോയെയും കളത്തിലെത്തിച്ചു . തുടർന്ന് പൊരുതിയ ബാഴ്‌സ കൊട്ടീഞ്ഞോയിലൂടെ രണ്ട് ഗോളും സുവാരസിന്റെ പെനാൽറ്റിയും ചേർന്ന് സ്‌കോർ 5 – 4 എന്ന നിലയിലെത്തിച്ചു.എങ്കിലും അവസാന നിമിഷം വരെ ശ്രമിച്ചിട്ടും സമനില ഗോളിലേക്കെത്താൻ ടീമിനായില്ല.
ടീമിന്റെ സെലെക്ഷൻ മുതൽ ഈ പരാജയം തുടങ്ങുന്നു. മെസ്സിയെ ഉൾപ്പെടുത്താതിരുന്നത് ഏറെ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നു. മെസ്സിക്ക് വിശ്രമം അനുവദിച്ചത് ഏവരും അഭിനന്ദിക്കുന്നെങ്കിലും സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റായ തീരുമാനം ആയി. ബെഞ്ചിലെങ്കിലും ഉൾപ്പെടുത്താമായിരുന്നു. ഒരു പക്ഷെ രണ്ടാം പകുതിയിൽ മെസ്സിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ കളിയുടെ ഗതി മാറുമായിരുന്നു. ഒപ്പം മെസ്സിയുടെ സാന്നിധ്യം സഹകളിക്കാർക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ഏറെ വർഷങ്ങളായി മെസ്സിയുടെ പ്രകടനത്താൽ പലമത്സരങ്ങളും നമുക്ക് അനായാസമെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. അപ്പോൾ പെട്ടന്ന് ഒരു ദിവസം മെസ്സിയുടെ മെസ്സിയുടെ അഭാവം വരുത്തുന്നു വിടവ് നികത്താൻ ടീമിനാകുന്നില്ല. അതോടൊപ്പം തന്നെ എടുത്തുപറയേണ്ട ഒരു കാര്യമാണ് ഇന്നലത്തെ ടീം സെലെക്ഷൻ. ഒരേസമയം മിനയെയും വെർമയേലനെയും കളത്തിൽ ഇറക്കിയത് വിനയായി. വർമയെലൻ അത്യാവശ്യം പരിചയസമ്പന്നനാണെങ്കിലും മിന അല്ല. ഒപ്പം മിനക്ക് ടീമുമായി പൂർണമായും ഒത്തുചേർന്ന് പോകാനുള്ള പരിചയസമ്പത്തുമായിട്ടില്ല. ഒപ്പം പേസും കുറവാണു. ഇത്തരം സാഹചര്യത്തിൽ പീക്കെയെയും ഉംറ്റിറ്റിയെയും ഒരേസമയം പുറത്തിരുത്താൻ തീരുമാനിച്ചത് മോശം തീരുമാനം എന്നേ പറയാനാകൂ. മിനക്ക് ആദ്യഇലവനിൽ സ്ഥാനം നൽകേണ്ടിയിരുന്നത് ഇത്തരം എവേ മത്സരങ്ങളിൽ അല്ല, കാമ്പ് നോവിലായിരുന്നു.
ടീം സെലെക്ഷനിലെ പോരായ്മ കഴിഞ്ഞാൽ ഏറെ നിരാശ തോന്നിയത് കളിക്കാരുടെ മനോഭാവത്തിലായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിലേ 15 മിനിറ്റ്. മൂന്ന് ഗോളുകൾ ആണ് പത്തുമിനിറ്റിനിടെ നമ്മൾ വഴങ്ങിയത്. അതും വളരെ അനായാസകരമായി സ്‌കോർ ചെയ്യാൻ നമ്മൾ ലെവാന്തെയെ അനുവദിക്കുകയായിരുന്നു. പിന്നീട് സബ്സ്റ്റിട്യൂട്ടുകൾ വന്നപ്പോഴാണ് ടീമിന് ഒരു ഊർജ്ജമൊക്കെ വന്നത്.
വ്യക്തിഗതപ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ഏതാനും പേരൊഴിച്ചു എല്ലാവരും നിരാശപ്പെടുത്തി. മെസ്സിയുടെ അഭാവത്തിൽ മുന്നിൽ നിന്നും നയിക്കേണ്ടവർ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് നിരാശപ്പെടുത്തി. സുവാരസ്, ബുസി, റാക്കി , മിന പാക്കോ,സ്റ്റീഗൻ, ടെമ്പേലെ, ആൽബ തുടങ്ങിയവരൊക്കെ ശരാശരിയിലും താഴ്ന്ന പ്രകടനം നടത്തിയപ്പോൾ കൊട്ടീഞ്ഞോ, ഡെനിസ് സുവാരസ്, സെമെടോ എന്നിവർ തരക്കേടില്ലാതെ കളിച്ചു. ഡെനിസിന്റെ നീക്കങ്ങൾ പകർന്ന ആവേശം വലുതായിരുന്നു. എല്ലാവരുടെയും പ്രകടനങ്ങൾ ഇഴകീറി പരിശോധിച്ചിട്ട് കാര്യമില്ലാത്തതിനാൽ അതിന് മുതിരുന്നില്ല.
തോൽവി അറിയാതെയുള്ള യാത്രക്ക് സമാപ്തിയായെങ്കിലും തൃപ്തിയുണ്ട്. സീസൺ തുടക്കത്തിൽ ഒരു പ്രതീക്ഷയും നൽകാതെ തുടങ്ങിയ ടീം പിന്നീട് ഒരു മത്സരം പരാജയപ്പെടുന്നത് 43 മത്സരങ്ങൾക്കും 400 ദിവസത്തിനും ശേഷമാണ്. ഏതൊരു ജൈത്രയാത്രക്കും ഒരു അവസാന ദിവസം ഉണ്ടാകും. അത് ഇന്നലെ സംഭവിച്ചു. ഇതുവരെയുള്ള വിജയങ്ങൾ നമ്മൾ സ്വീകരിച്ചപ്പോൾ ഈ പരാജയം കൂടി സ്വീകരിക്കാൻ നമുക്കാകണം. ഓരോ പരാജയങ്ങളും ഓരോ പാഠങ്ങളാണ്. പഠിക്കട്ടെ , നാളെ കൂടുതൽ മെച്ചപ്പെടട്ടെ. വിസ്കാ ബാഴ്‌സ.. !
©www.culesofkerala.com

  • SHARE :