• Follow

LEO MESSI : THE DEMOLITION OF MYTH

  • Posted On November 30, 2021

ലിയോ മെസ്സി പുനർനിർവചിക്കപ്പെട്ട കാലഘട്ടമായിരുന്നു 2015-2020. കേളീ ശൈലിയിൽ ഒരു വിങ്ങറിൽ നിന്ന് ഒരു പ്ളേ മേക്കറിന്റെയും മിഡ്ഫീൽഡറിന്റെയും അയാൾ നേടിയ വളർച്ചയെക്കാൾ വലിയതായിരുന്നു ഒരു വ്യക്തി എന്ന നിലയിൽ അയാളുടെ സമഗ്രമായ മാറ്റം. കേളീ ശൈലിയോടൊപ്പം കാറ്റുനിറച്ച ഒരു തുകൽപന്തിനു ചുറ്റും അയാൾ വളർത്തിയെടുത്തൊരു മനോ ലോകത്തിലേയ്ക്ക് കടന്ന് ചെല്ലാൻ അധികമാർക്കും സാധിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. തുറന്നിട്ടാലും അവിടേക്ക് കയറി ചെല്ലാൻ സാധിക്കാത്തവിധം അയാളുടെ നേട്ടങ്ങളും ചെപ്പടിവിദ്യകളും ആ മനോലോകത്തെ എത്രയോ കാലങ്ങളായി മറച്ചു പിടിക്കുകയാണ്.
അവിടേക്ക് കടന്നു ചെല്ലാൻ പറ്റിയിട്ട് അധികകാലമായിട്ടില്ല. കടന്നുചെല്ലാൻ എളുപ്പവും അല്ല. ആ ഭാഗമാണ് ഏറ്റവും രസകരമായി തോന്നിയത്. ലിയോ മെസ്സിയെ അറിയാൻ ഫുട്‌ബോൾ ആണ് ഏറ്റവും എളുപ്പമാർഗം എന്നാണല്ലോ പൊതുധാരണ. ചില സമയങ്ങളിലൊക്കെ എന്റെ അഹങ്കാരവും അത് തന്നെയായിരുന്നു. “ഫുട്‌ബോൾ ഫോളോ ചെയ്യും, മെസ്സി ഫാനും ആണ്; ആഹാ അന്തസ്സ് “. പക്ഷേ, എന്റെ കണ്ണുകളിൽ നിന്ന് ഫുട്ബോൾ അപ്രത്യക്ഷമായ ഒരു കാലത്താണ് ഞാനാ ലോകത്തെ പരിചയപ്പെടുന്നത്. ഹൃദയം നൂറു കഷണങ്ങളായി നുറുങ്ങുന്ന വേദനയിൽ ഫുട്ബോൾ ഒക്കെ ഒഴിവാക്കി സമാധാനമായ ഒരു ഉറക്കത്തിന് വേണ്ടി കെഞ്ചുന്ന , എവിടെയെങ്കിലും ഒരു വെളിച്ചത്തിനായി പരത്തുന്ന ദൈന്യത മാത്രം എന്റെ കണ്ണുകളിൽ അവശേഷിക്കുന്ന കാലത്തായിരുന്നു ഞാനാ ലോകത്തേക്ക് കയറിച്ചെല്ലുന്നത്. ഒരുപക്ഷേ അതായിരിക്കാം എന്റെ അർഹത.
ഞാനാ കാലത്തോളം വിശ്വസിച്ചിരുന്ന എല്ലാ വിശ്വാസപ്രമാണങ്ങളെയും കശക്കിയെറിയുന്ന അനുഭവം മാത്രമായിരുന്നു എനിക്ക് അവിടെ. ഏതൊരാളെയും പോലെ തന്നെ കണ്ടതിനോട് പൊരുത്തപ്പെടാൻ ആവാതെ തിരസ്കരിക്കാൻ തന്നെയായിരുന്നു ശ്രമം. ഉള്ളിൽ അടിയുറച്ചു പോയ വിശ്വാസ സംഹിതകളെ ഉടച്ചുവാർക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ലലോ ആരെ സംബന്ധിച്ചും.. നിരാകരണത്തിന്റെ ഘട്ടം അവസാനിച്ച്, ഉള്ളിന്റെ ഉള്ളിൽ എന്റെ വിശ്വാസപ്രമാണവും സത്യവും തമ്മിൽ പൊരുതിയൊടുങ്ങിയ വേളയിൽ തിരിച്ചറിവിന്റെ ബോധത്തിലേക്ക് വന്നു സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു –
“അയാൾ ദൈവമല്ല..” – MESSI IS NOT GOD.
അയാളെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അയാളാ കളിയുടെ ദൈവം ആയതു കൊണ്ടാണെന്ന് വിശ്വസിച്ചു ജീവിച്ചതാണ് ഇത്രകാലം.. അയാളുടെ ദൈവികതയെ പറ്റി മത്തുപിടിപ്പിക്കുന്ന ഭാഷയിൽ എത്രയോ പേര് എഴുതിയിരിക്കുന്നു. അതൊരു മതമായി എത്രയോ പേരെ തടവറയിൽ ആക്കി കഴിഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ അയാളെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്തെന്ന് ഞാനവിടെ കണ്ടു – “തോൽവി” തോൽവിയാണ് അയാളെ സമകാലികരിൽ നിന്നും പൂർവ്വ ഇതിഹാസങ്ങളിൽ നിന്നും ഭിന്നമാക്കുന്നത്. നിങ്ങളുടെ ഏത് ദൈവമാണ് തോൽവികളാൽ നിർവചിക്കപ്പെട്ടിട്ടുള്ളത്. യുദ്ധ ജയങ്ങളും പകയും സംഹാരശക്തിയും അമാമാനുഷികതയും പ്രിവില്ലേജുകളും സ്നേഹം അടക്കമുള്ള പോസിറ്റീവ് വികാരങ്ങളും മാത്രമാണ് മനുഷ്യൻ ഇന്നോളം കണ്ടിട്ടുള്ള മതങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളത്. തോൽവി ഇന്നോളം ഒരു മതത്തിന്റെ അടിസ്ഥാനം ആയിട്ടില്ല. ഇന്ന് നിലവിലുള്ള “മെസ്സി മതം” രൂപപ്പെട്ടിരിക്കുന്നതും തോൽവിയെ അടിസ്ഥാനമാക്കിയല്ല. കണ്ണുനീര് ഭൂരിഭാഗവും കാഴ്ച മറച്ച് എന്റെ കണ്ണുകളിൽ കണ്ടത് അപൂർണം ആയിട്ടാണെങ്കിലും വിവരിക്കാൻ ശ്രമിക്കാം –
The words “I’m failure” is like a bee – slowly and steadily it gets programmed in our mind and becomes a part of belief system..
ലെയോ മെസ്സിയുടെ ജീവിതത്തെ പുനർവ്യാഖ്യാനം ചെയ്യുന്ന ആദ്യത്തെ തോൽവി ആയിരുന്നു മാറാകാനയിൽ ജർമ്മനിക്കെതിരെ നടന്ന 2014 വേൾഡ് കപ്പ് ഫൈനൽ.. അന്ന് അയാൾക്ക് പോരാടേണ്ടിയിരുന്നത് വേൾഡ് കപ്പിലെ അർജന്റീനയുടെ ദുർബലമായ റെക്കോർഡ്നോടും പൊടുന്നനെ വന്ന പരിക്കുകളോടുമായിരുന്നു. സ്വയം ഫിറ്റ് അല്ലാതെ, ഫിറ്റായ ഒരു ബെഞ്ചില്ലാതെ കളിച്ചിട്ടും വേൾഡ് കപ്പ് ട്രോഫിക്ക് സമീപത്തുകൂടി നിരാശനായി നടന്നുപോകുന്ന മെസ്സിയുടെ ചിത്രം ആണ് കപ്പ് നേടിയ ജർമൻ ടീമിനേക്കാളും ശ്രദ്ധ നേടിയത്. അയാളുടെ പിറന്ന നാടും അവിടുത്തെ ഇതിഹാസങ്ങളും മറ്റൊന്നും കണക്കിലെടുക്കാതെ അന്ന് അയാളുടെ രക്തത്തിനായി മുറവിളി കൂട്ടിയപ്പോൾ ആകണം ആദ്യമായി അയാൾ സ്വയം സംശയിച്ചത്.
“Our brain actually knows more than we consciously realize.”
തലേവർഷം കയ്യകലത്തിൽ നഷ്ടമായത് നേടാൻ ഉറച്ചു പോകുമ്പോൾ അയാളെ കാത്തിരുന്നത് എന്തെന്ന് അപ്രതീക്ഷിതം ആണെന്ന് ഉറപ്പാണ്. എല്ലാം തച്ചുതകർത്തു മുന്നേറി അവസാനം കാൽ വഴുതി വീഴുന്ന ചരിത്രം ഒരിക്കൽക്കൂടി ആവർത്തിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ഏക പെനാലിറ്റി ലക്ഷ്യത്തിൽ എത്തിച്ചു മരവിച്ച മുഖത്തോടെ അയാൾ ഒരിക്കൽക്കൂടി സാക്ഷിയാകുന്നു ഉണ്ട്. ഏറ്റവും മികച്ച പ്ലെയർനുള്ള പുരസ്കാരം സ്വന്തമാക്കുമ്പോഴും തരിച്ചു നിൽക്കുന്ന അയാളുടെ ഉള്ളിലേക്ക് ആ ചോദ്യങ്ങൾ വീണ്ടുമെത്തുകയാണ്.. അയാൾ പോലും അറിയാതെ..
“As the sense of failure strengthens it’s roots in the mind, feelings of fear, worthlessness and hopelessness begins dominating in brain and mind.”
തുടർച്ചയായി രണ്ട് ഫൈനലുകളിൽ ഒരേ എതിരാളികൾക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് അഭിമുഖീകരിക്കുക എന്നതുതന്നെ മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുന്ന സാഹചര്യം ആകുമ്പോൾ ഇത്തവണ ലെയോയും തെറ്റു വരുത്തുന്നുണ്ട്. ഒരു തിരമാല പോലെ ചരിത്രം അയാളുടെ ഉള്ളിൽ വേലിയേറി എത്തുന്നുണ്ട്. “Hopelessness” – ആ നിമിഷങ്ങളുടെ സമ്മർദ്ദത്തിൽ അയാൾ എന്നന്നേക്കുമായി വിടപറയൽ പ്രസ്താവിക്കുന്നുണ്ട്. അയാളുടെ തലച്ചോറിനെയും മനസ്സിനെയും സ്വാധീനിക്കാൻ പാകത്തിൽ ഒരു ട്രോമ ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. “Worthlessness” – അർഹമായ ബെസ്റ്റ് പ്ലെയർ പുരസ്കാരം രണ്ടാമതൊരു ആലോചനയ്ക്ക് സ്ഥലമില്ലാത്ത വിധം നിരസിച്ചെറിയുന്നുണ്ട്.
“We try to loom various alternate ways to reach our goal or cope with the consequences of failure but the negative perception of oneself keep dominating the subconscious mind. ”
തുടർച്ചയായ രണ്ട് ഫൈനലുകൾ ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് കരകയറവേ, അയാൾ ആശ്രയിച്ചിരുന്നത് ക്ലബ്ബിനെ തന്നെയായിരുന്നു. അവിടെ അയാൾ കണ്ടെത്തിയിരുന്ന സമാധാനമാണ് റോമയും ആൻഫീൽഡും തകർത്തെറിയുന്നത്. നാഷണൽ ടീമിൽ അനുഭവിച്ച ട്രോമയുടെ ഒരു തുടർച്ചയിലേക്ക് എടുത്തെറിയപ്പെടുന്നതായും ശാപം ലഭിച്ച ഒരു കരിയർ എന്ന പോലെ വഴികളിലെല്ലാം അത് പിന്തുടരുന്നതായും തോന്നലുണരുന്നത് ഈ ഘട്ടത്തിലാണ്.
” Strengthened negative image of self makes one question his worth and even purpose of existence. ”
മരിച്ചു എന്നുറപ്പിച്ചിടുത്തുനിന്ന് ഉയർപ്പിച്ചു കൊണ്ടാണ് അർജന്റീനയെ അയാൾ മറ്റൊരു വേൾഡ് കപ്പിന് കൊണ്ടുപോകുന്നത്. എന്നാൽ അതൊക്കെ വെറും താൽക്കാലിക ആശ്വാസങ്ങൾ മാത്രമായിരുന്നു. അവസാന നിമിഷം തപ്പിത്തടഞ്ഞ് മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിന് അതു മതിയാകുമായിരുന്നില്ല. ഒടുവിൽ ഫ്രാൻസിന് മുൻപിൽ വീണു പോകുമ്പോഴും രണ്ട് അസിസ്റ്റുമായി പോലും തല ഉയർത്താൻ പറ്റാത്തവിധം അയാൾ ഉള്ളിൽ ഒരു ചുഴിയിലേക്ക് വീണു പോകുന്നുണ്ട്. താൽക്കാലികമായെങ്കിലും ഏറെ സ്നേഹിച്ച ഫുട്ബോൾ അയാൾ മടുക്കുന്നുണ്ട്. നീലയും വെള്ളയും ജെഴ്സ്സിയെ ഒരു തിരിച്ചു വരവിനു (bounce-back period) വേണ്ടി പിരിയുന്നുണ്ട്.
“Failure is an opportunity to be embraced, analyzed and picked apart, rather than something to run away from from”
ആൽബിസേലെസ്ടെയ്ക്ക് ഒപ്പം പരാജയം രുചിച്ച തുടർച്ചയായ 3 ഔട്ടിങ്ങുകൾക്ക് ശേഷം നാലാമത് ഒരിക്കൽ കൂടേ ലിയോ തയ്യാറെടുക്കുന്നുണ്ട്. അയാളുടെ വളർച്ച ആരാധനയോടെ നോക്കിക്കണ്ട ഒരു യുവനിരയെ നയിച്ചുകൊണ്ട് വീണ്ടുമൊരു കോപ്പ അമേരിക്കയിൽ അയാൾ ഇറങ്ങുന്നുണ്ട്. ഒരു നീണ്ട ബ്രേക്കിന് ശേഷം തിരികെ എത്തുന്ന അയാളുടെ തണലിലാണ് പറക്കമുറ്റാത്ത ഒരു യുവനിര ആദ്യത്തെ വരവറിയിക്കുന്നത്. സെമി ഫൈനലിൽ വീണുപോയെങ്കിലും അവസാന മത്സരത്തിൽ നിർഭാഗ്യവശാൽ പുറത്തുപോകേണ്ടിവന്ന അയാളെ സാക്ഷിയാക്കി അവരത് വിജയിച്ചു അവസാനിപ്പിക്കുന്നുണ്ട്.
“Outburst.. ”
നദീതടങ്ങളെ പോലെയായിരുന്നു അയാളുടെ മനസ്സ്. കണ്ടാൽ ശാന്തം എന്ന് തോന്നുന്നതും എന്നാൽ കാലാകാലങ്ങളിൽ ഉണ്ടായ കുത്തൊഴുക്കിന്റെ ബാക്കിപത്രങ്ങളും ആയിരുന്നു .. അയാൾ പോലും അറിയാതെ വന്നടിഞ്ഞ് കൂടിയ പലതും ആയിരുന്നു തീരത്തെ രൂപപ്പെടുത്തിയത്.. എത്രയോ അടിയൊഴുക്കുകൾ ആണ് ഇക്കാലയളവിൽ അതിനെ ദുർബലപ്പെടുത്തിയത്. മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്നുനിന്ന ബാല്യം അയാളെ പഠിപ്പിച്ചതും ദുർബലമായ ആ തീരത്ത് ഒഴുക്കി വിടാനായിരുന്നില്ല.. ഉള്ളിലേക്ക് ഒതുക്കാൻ ആയിരുന്നു..
ഈ പ്രവണതയെ വെല്ലാൻ പഠിക്കുന്ന നിമിഷം അയാളുടെ ജീവിതത്തിൽ നിർണായകമാണ്. ഉള്ളിൽ അടിഞ്ഞുകൂടിയതിനെ ഒന്നൊന്നായി പുറത്തേക്ക് ഒഴുക്കാൻ തുടങ്ങിയതിലൂടെ അയാൾ തപം (Grieve) ചെയ്യുകയായിരുന്നു.
പെയ്തൊഴിയാൻ എത്രയോ കാലമായി വെമ്പി നിന്നൊരു പേമാരി ആയിരുന്നു അത്. ഏണസ്റ്റോ വാൽവേർടെയുടെ പുറത്താകലിന് പിന്നാലെ വിവാദ പരാമർശം നടത്തിയ അബിദാലിനെതിരെ അന്നുവരെ കാണാത്ത ഒരു മെസ്സിയെ കണ്ടു. 2019 കോപ അമേരിക്കയിലെ മോശം റഫറീയിങ്ങിൽ പരസ്യമായി ക്ഷുഭിതനായ ഒരു മെസ്സിയെ കണ്ടു.
ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ലീഗിലെ ബയെണിന്നോടുള്ള തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പുതിയൊരു തലമുറയ്ക്കുവേണ്ടി വഴിമാറി കൊടുക്കാൻ തുനിഞ്ഞ അയാൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി, ബാർസ ബോർഡ്. അയാളുടെ വിടപറച്ചിൽ ഉണ്ടാക്കാവുന്ന വരുമാന നഷ്ടമായിരുന്നു ഈ നടപടിക്ക് അവരെ പ്രേരിപ്പിച്ചത്. ഫലമോ – അയാളുടെ ക്ഷോഭത്തോട് പിടിച്ചു നിൽക്കാനാവാതെ FC ബാർസലോണയെ ഇത്തിൾക്കണ്ണിയെ പോലെ പറ്റിപ്പിടിച്ച ബോർഡ് ഒന്നാകെ അയാൾക്ക് മുന്നിൽ നിലം പൊത്തുന്നുണ്ട്. തപം ചെയ്യൽ തന്നെയായിരുന്നു അയാളുടെ വിമോചനത്തിന്റെ ആദ്യത്തെ പടി.
പുനർനിർവചനത്തിന്റെ യാത്ര (The Journey of Redefinition ):
ഏറ്റ മുറിവുകളുടെ ലാവ പുറത്തേക്ക് ഒഴുക്കി, കണ്ണിൽ കണ്ടതിനെ സംഹരിച്ച അഗ്നിപർവ്വത സമം തന്നെ ആയിരുന്നു അയാൾ. അതൊരു പുനർജീവന പ്രക്രിയ എങ്ങനെ ആകുന്നോ, അങ്ങനെ തന്നെയായിരുന്നു തോൽവികൾ ലെയോയെ ഉടച്ചുവാർത്തത്.
BEST ഇൽ നിന്ന് MAGIC (മാന്ത്രീകത) ലേക്കും അവിടെ നിന്ന് DIVINITY (ദൈവീകത) ലേക്കും ഉള്ള യാത്രയാണ് അത്. അതിൽ DIVINITY യെ മെഴുകിയെടുക്കുന്നത് തോൽവികളാണെന്നതിനെ വിസ്മയത്തോടെ അല്ലാതെ ഗ്രഹിക്കാൻ പ്രയാസം ആണ്. മോസർട്ടുകൾ എത്രയോ വന്നുപോയി – മതിയാസ് സിന്റെലർ മുതൽ ആന്ദ്രെസ് ഇനിയേസ്റ്റയും ഡേവിഡ് സിൽവയും വരെ.. ഇന്നത്തെ ഡി ബ്രോയനും ഫിൽ ഫോഡനും പോലെ.. പക്ഷെ divinity?
തീർത്തും ജൈവികമായ രൂപാന്തരം ആണ് മോസർട്ടുകളെ ഫുട്‌ബോൾ മൈതാനത്ത് divinity യുമായി അകറ്റി നിർത്തുന്നത്..
മെസ്സിയിൽ ഉള്ളത് divinity ആണ്.. പക്ഷെ അയാൾ ദൈവമല്ല എന്നത് തീർച്ച..
കാരണം അയാൾ തോൽവികളാൽ ഭാരപ്പെട്ടിരുന്നു. സ്വയം സംശയിച്ചിരുന്നു. മറ്റുള്ളവരാൽ അതിക്രമിക്കപ്പെട്ടിരുന്നു. അയാളുടെ വഴിയിലെവിടെയോ തോൽവിയുടെ ചിന്ത അയാളുടെ തലച്ചോറിൽ കുത്തിവെക്കപ്പെട്ടിരുന്നു. അയാൾ എളുപ്പത്തിൽ ആക്രമിക്കപ്പെട്ടവനായിരുന്നു.. വക്കൊടിഞ്ഞവനായിരുന്നു. അയാൾ എങ്ങനെയാണ് ദൈവം ആകുന്നത്?
ഇത്രയധികം വ്യക്തിഗത അവാർഡുകളാൽ സമ്പന്നം ആയിട്ടും ഒടുക്കം എന്തിനായിരിക്കാം കോപയിൽ നിറച്ച സന്തോഷം പല തവണ തട്ടിയെറിഞ്ഞിട്ടും കാലം അയാളുടെ കയ്യിലേക്ക് തന്നെ വച്ചു കൊടുത്തത്?
അയാളൊരു കൊച്ചു കുഞ്ഞിനെപോലെ ആ നിമിഷം മുട്ടുകുത്തി പൊട്ടിക്കരഞ്ഞത് എന്തിനായിരിക്കും?
ഫുട്‌ബോളിൽ അയാൾ എന്താണെന്നും ഫുട്‌ബോൾ അയാൾക്ക് എന്താണെന്നും മനസിലാക്കാൻ എനിക്കോ നിങ്ങൾക്കോ ഒരു കോപയുടെ ആവശ്യം ഉണ്ടായിരുന്നോ?
അയാൾ നിങ്ങൾക്കൊരുക്കിയ അനേകായിരം രതിമൂർച്ഛാതുല്യമായ വികാരപാരമ്യങ്ങൾക്ക് ഈ കോപയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമായിരുന്നോ?
നീലയും വെള്ളയും ജഴ്സി വലിച്ചെടുത്തത് രക്തമാണോ വിയർപ്പാണോ എന്ന് പോലും തിരിച്ചറിയാൻ ആവാത്ത വിധം പോരാടി വീണിട്ടും അയാളുടെ ആത്മാർത്ഥതയേ ചോദ്യം ചെയ്ത അവിശ്വാസികളുടെ കൂട്ടത്തിൽ പെടാതെ ഇരിക്കാൻ നിങ്ങൾക്കൊരു കോപ വേണമായിരുന്നോ?
കോപ അമേരിക്ക എനിക്കോ നിങ്ങൾക്കോ വേണ്ടിയായിരുന്നില്ല.. അയാളുടെ ഉള്ളിലെ മുറിവുകൾ ഉണക്കാൻ മാത്രം ആയിരുന്നു അത് .. Healing എന്ന പ്രക്രിയയെ കൃത്യമായി അടയാളപ്പെടുത്താൻ പറ്റുന്ന വാക്കുകൾ മലയാളത്തിൽ ഇല്ലാത്തപക്ഷം അത് അങ്ങനെ തന്നെ ഉപയോഗിക്കുകയാകും ഉചിതം.കാലവും ചുറ്റുപാടുകളും അയാളുടെ ചുറ്റും സൃഷ്ടിച്ചു വച്ച അരക്ഷിതാവസ്ഥകളുടെ കരങ്ങളിൽ നിന്നും കാലം അയാൾക്ക് ഒരുക്കി കൊടുത്ത healing process ആയിരുന്നു ഈ കോപ.. മുറിവുകളെ അതിന്റെ വേരാഴങ്ങളിൽ തഴുകി ഉണക്കുന്ന കാലത്തിന്റെ കാരുണ്യമായിരുന്നു അത്.. മറക്കാനയിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കേണ്ടതാണ് എന്ന് കാലചക്രത്തിന്റെ വിസ്മയങ്ങളിൽ മുൻകൂട്ടി രേഖപ്പെടുത്തിയിരുന്നിരിക്കണം…
ലയണൽ മെസ്സി എന്ന ഇതിഹാസത്തെ അടയാളപ്പെടുത്തേണ്ടത് ഈ തോൽവികളും തിരിച്ചടികളും ആണോ?
2014 ലെ ചോര വാർന്ന നിരാശാ മുഖമാണോ?
2016 ലെ ഡഗ് ഔട്ടിൽ നിന്നുതിർത്ത കണ്ണീരാണോ?
സമ്മർദ്ദ ഘട്ടങ്ങളിൽ ടോയ്‌ലെറ്റിലേക്ക് ഓടുമെന്ന് ഡീഗോ പരിഹസിച്ച ലെയോയാണോ?
അതോ 2018ലും 2019ലും 2020ലും ടീമിനെ ഉത്തേജിപ്പിക്കാൻ പരാജയപ്പെട്ടുപോയ ക്യാപ്റ്റനെന്ന് ലോകം മുദ്രകുത്തിയ ലെയോയോ?
ഇവയൊന്നും തന്നെയല്ല..
ലെയോ മെസ്സി ഇന്നും നാളെയും പ്രസക്തനാകേണ്ടത് അയാൾ ഈ തോൽവികളെയും തിരിച്ചടികളും വിമർശനങ്ങളെയും സമ്മർദ്ദ ഘട്ടങ്ങളെയും അഭിമുഖീകരിച്ച രീതി കൊണ്ടാണ്. അത്ര തന്നെയല്ല, അതും തുടർച്ചയായി ഇത്രയും വട്ടം തിരിച്ചടികൾ നേരിട്ടിട്ടും ഒന്നാം വട്ടം മുതൽ ഏഴാം വട്ടം വരെ ഓരോ തവണയും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ആദ്യത്തെ ആളാവാനും വീണ്ടും മുന്നോട്ടു വരാനും പോരാട്ടം തുടരാനും ലെയോ കാണിച്ച ധൈര്യമാണ് അയാളെ അടയാളപ്പെടുത്തേണ്ടത്.
ബാലൺ ഡി ഓർ അവാർഡുകളും ഗോൾഡൻ ബൂട്ടുകളും ലോറസും സെലിബ്രെറ്റ് ചെയ്യപ്പെട്ടിട്ടും ഈ മെസ്സി മാത്രം എന്ത് കൊണ്ടാണ് സെലിബ്രെറ്റ് ചെയ്യപ്പെടാതെ പോയത്?
ആ മെസ്സിയെയാണ് ഫുട്ബോളിനെ ആത്മാവിനോട് തുന്നിച്ചേർത്ത ആരാധകർക്ക് ആവശ്യമുള്ളതും റിലേറ്റ് ചെയ്യാൻ സാധിക്കുന്നതും.. ദിവസവും കണക്കിന് സംഘർഷങ്ങളോട് മല്ലിട്ടിട്ടും അതിലൊന്നും റിവാർഡോ അവാർഡോ ലഭിക്കാഞ്ഞിട്ടും വീണ്ടും കരുത്താർജിച്ച് പോരാട്ടം തുടരുന്ന.. ഇതിടയിൽ ഫുട്‌ബോളിനെ ഒരു സൗഹൃദമായിട്ടും ആശ്രയമായിട്ടും കാണുന്ന അവർക്ക് അല്ലാതെ മറ്റാർക്കാണ് ആ ലിയോയെ മനസിലാക്കാൻ സാധിക്കുന്നത്?
അയാൾ അതിജീവിച്ച സമ്മർദ്ദങ്ങളുടെ നൂറിലൊരംശം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സമകാലികരുടെ പ്രിവിലേജ് ഇല്ലാഞ്ഞിട്ടും അതിൽ പരാതിപ്പെടാതെ സ്വന്തം ഗെയിമിൽ FOCUS ചെയ്ത മനോഭാവമാണ് അയാളെ വ്യത്യസ്തനാക്കുന്നത്. ഇക്കാലയളവിൽ അയാൾക്ക് ഗോൾഡൻ ബോളുകളും ഗോൾഡൻ ബൂട്ടുകളും ബാലൺ ഡി ഓറും ലഭിച്ചത് അയാളുടെ നാച്ചുറൽ ടാലന്റിനല്ല.. മുൻപ് പറഞ്ഞ ആ ഫോക്കസിനെ ഗ്രൗണ്ടിലേക്ക് ഡയറക്ട് ചെയ്ത കഠിനാധ്വാനത്തിന് (HARD WORK) ആണ്.
7മത്തെ ഈ പുരസ്‌കാരവും എനിക്കോ നിങ്ങൾക്കോ വേണ്ടിയല്ല..
ഇത് അയാൾക്ക് വേണ്ടിയാണ്.. അയാൾക്ക് വേണ്ടി മാത്രമാണ്..
കോപ ഒരുക്കിയ സന്തോഷം ഒന്ന് കെട്ടടങ്ങുന്നതിന് മുൻപേ ബാർസ പോലും അയാളെ വേദനിപ്പിച്ചിട്ടേയുള്ളൂ..അയാൾ ഒരുക്കിയ സന്തോഷത്തേക്കാൾ മുറിവുകൾ മാത്രം തിരിച്ചുകൊടുത്തൊരു ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്ന് നിഷ്കളങ്കമായി ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് അയാളുടെ ദൈവികത.. അവിടെ മാത്രമാണ് ദൈവവും അയാളും തമ്മിൽ ഒരു താരതമ്യം പോലും സാധ്യമാകുന്നത്.
ലിയോ മെസ്സി ഒരു ദൈവമല്ലെന്നും
ജനിച്ചതും പന്ത് തട്ടിയതും ഒരു ദൈവങ്ങൾക്കും വേണ്ടിയല്ലെന്നും തിരിച്ചറിയാൻ ഇനിയും നിങ്ങൾക്ക് തെളിവുകളുടെ ആവശ്യം ഉണ്ടോ?
ഫുട്‌ബോളിൽ അതിമാനുഷൻ എന്ന് വിളിക്കപെടുമ്പോളും ഉള്ളിന്റെ ഉള്ളിൽ അയാളെ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു സാധാരണക്കാരന്റെ.. ഒരു ശരാശരി മനുഷ്യന്റെ ലെയറുകൾ മാത്രമാണ്… സമൂഹം ഒരുക്കുന്ന അപകർഷതാബോധങ്ങളെ വെല്ലുവിളിച്ചു ജീവിച്ച വൈകല്യത്തിന്റെ ലെയർ… നന്നേ ചെറുപ്രായത്തിൽ അമ്മയോടും അച്ഛനോടും സഹോദരങ്ങളോടും അകന്ന് ജീവിക്കേണ്ടി വരുന്ന ഒരു കുരുന്നിന്റെ അരക്ഷിതാവസ്ഥകളുടെ ലെയർ… ജോലി സംബന്ധമായി സ്വന്തം ഇഷ്ടനിഷ്ടങ്ങൾ വകവയ്ക്കാതെ ലക്ഷക്കണക്കിന് കാതങ്ങൾ അകലേയ്ക്ക് പറിച്ചു നടപ്പെട്ടവന്റെ ലെയർ… അനിശ്ചിതത്തിലെക്ക് വഴുതിപോയ ഒരു പ്രണയത്തിന്റെ ലെയർ… ജഡ്ജ് ചെയ്യാനും ശാപവാക്കുകൾ ചൊരിയാനും ഇഷ്ടപെടുന്ന സമൂഹത്തിന്റെ വക “ചെയ്തതൊന്നും പോരാ” എന്ന് ദൈനദിനം പഴികേൾക്കാൻ വിധിക്കപ്പെട്ടവന്റെ ലെയർ.. ഇങ്ങനെ എത്രയധികം ലെയറുകളിലൂടെയാണ് അയാൾ നിങ്ങളും ഞാനും തന്നെ ആകുന്നത്…
ഈ മെസ്സിയെ സെലിബ്രേറ്റ് ചെയ്യാൻ മടിക്കുന്ന നിങ്ങളും ഞാനും സെലിബ്രേറ്റ് ചെയ്യാൻ മറന്നു പോകുന്നത് സ്വയം നമ്മളെ തന്നെയാണ്…
ഇവയിൽ ഏതെങ്കിലും ഒരു ലയർലേക്ക്/ ചില ലെയറുകളിലേക്ക് ജീവിതം ചുരുക്കേണ്ടി വരുന്നവർക്കൊരു തിരിച്ചുവരവിന്റെ ഓർമ്മപ്പെടുത്തൽ ആണ് ലിയോ മെസ്സി..
ഓരോ ലെയറുകളും കഠിനമായ പ്രയാണമാണെങ്കിൽകൂടേ അവയോട് ഒപ്പത്തിനൊപ്പം അടിച്ചു നിൽക്കാനുള്ള കഠിനപ്രയത്നത്തിന്റെ പേരാണ് ലിയോ മെസ്സി
എല്ലാം നൽകിയിട്ടും തുറക്കാത്ത വഴികൾക്ക് മുന്നിൽ അവസാനിപ്പിക്കാതെ യാത്ര തുടരാൻ ഉള്ള പ്രത്യാശയുടെ പേരാണ് ലിയോ മെസ്സി..
വലിച്ചു താഴ്ത്താൻ ഒരുങ്ങുന്ന നൂറു മുഷ്ടികൾക്ക് മേലെ ഉയർന്നു പൊങ്ങാനുള്ള ഊർജത്തിന്റെ പേരാണ് ലിയോ മെസ്സി..
എല്ലാം നൽകിയിട്ടും വീണുപോകുന്നവർക്ക് ഒരു രാവിന്റെ മറവിൽ എല്ലാം ഉള്ളിലൊതുക്കി തലവണയോട് മുഖം ചേർത്ത് പൊട്ടിക്കരയാനും അവിടെ നിന്ന് വീണ്ടും ആരംഭിക്കാനും ഉള്ള ധൈര്യത്തിന്റെ പേരാണ് ലിയോ മെസ്സി…
പരാജിതൻ/പരാജിത (FAILURE) എന്ന് ഒരിക്കലെങ്കിലും സ്വയം അനുഭവിക്കേണ്ടിവന്ന ഉള്ള്നീറ്റൽ അറിഞ്ഞവർക്കും ആ ചോദ്യത്തിന്റെ അരികുകളിലായി അലയുന്നവർക്കുമുള്ള ഉത്തരമാണ് ലിയോ മെസ്സി…
പലപ്പോളായി കൂടെ കൂടിയ ട്രോമകൾക്കും റിഗ്രറ്റുകൾക്കും ചുറ്റും വ്യക്തിത്വം പടുത്തുയർത്തേണ്ടി വന്ന, ഹീലിംഗ് എന്ന വിധിയുടെയും കാലത്തിന്റെയും കാരുണ്യം കാത്തിരിക്കുന്നവർക്കുള്ള ഉറപ്പും വാഗ്ദാനവുമാണ് ലിയോ മെസ്സി..
ഇനി അയാളുടെ കരിയറിൽ ബാക്കിയുള്ളത് വീട്ടിലേക്കുള്ള തിരിച്ചുവരവാണ്.. രാജകീയമായ തിരിച്ചുവരവ്.. അയാൾ ഇന്നിവിടെ ഇല്ലെന്നത് പോലും നമ്മുടെ ആഘോഷങ്ങൾക്ക് ഒരു തടസ്സമല്ല. ജീവിതത്തിലെ പല ലെയറുകളായും ആത്മാവാൽ തന്നെയും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന അയാളെ സെലിബ്രേറ്റ് ചെയ്യാൻ നമ്മൾ എന്തിന് മടിക്കണം? വെറും ശരാശരി ലെയറുകളായ നമ്മളെ തന്നെ സെലിബ്രേറ്റ് ചെയ്യാൻ നമ്മൾ എന്തിന് മടിക്കണം? പലകാരണങ്ങൾ കൊണ്ടും നമ്മൾ സെലിബ്രെറ്റ് ചെയ്യാൻ ഭയക്കുന്ന നമ്മുടെ തന്നെ ആ ശരാശരി ലെയറുകളെ മടിയൊന്നും കൂടാതെ പുണരാനും ആഘോഷിക്കാനും ഉള്ള ഓർമ്മപ്പെടുത്തലാണ് ലിയോ മെസ്സി നേടുന്ന 7 മത്തെ ബാലൺ ഡി ഓർ..
തോൽവികളെ സെലിബ്രേറ്റ് ചെയ്യാൻ സ്പേസുകൾ ഇല്ലാത്തൊരു ലോകത്ത്, ആരും ക്ഷമ ചോദിക്കാതെ പോയ മുറിവുകളുടെ ഭാണ്ഡങ്ങളും പേറി യാത്രചെയ്യുന്നവരുടെ ലോകത്ത് 7മത്തെ ബാലൺ ഡി ഓർ അടയാളപെടുത്തുന്നത് ഫുട്‌ബോൾ ദൈവമായ അതിമാനുഷനെയല്ല.. മുറിവേറ്റവരുടെയും സൗഖ്യം നേടുന്നവരുടെയും പുനരുജ്ജീവനത്തിന്റെ ആഘോഷമാണത്.

  • SHARE :