• Follow

‘ദി ഗോഡ് ഫാദർ’

  • Posted On January 23, 2019

ഇരുപത്തിയഞ്ചു വർഷങ്ങൾ കൂടുമ്പോളാകും ഒരു ആന്ദ്രേ പിർലോയെ കാണുവാൻ സാധിക്കുക. ആറടിയിൽ കൂടുതൽ ഉയരമുള്ളവരും, കായികബലമുള്ളവരും, ഭരിക്കുന്ന ഇന്നിന്റെ കളിയിൽ ബുദ്ധി കൊണ്ട് കളിച്ച, എന്നാൽ അരങ്ങിനു പിന്നിൽ ആയിരിക്കുവാൻ ഇഷ്ട്ടപ്പെട്ട താരമായിരുന്നു ആന്ദ്രേ പിർലോ. പിർലോ അനശ്വരമാക്കിയത് ‘റജിസ്റ്റ’ അല്ലെങ്കിൽ ‘ഡീപ്പ് ലൈയിങ് പ്ലേ മേയ്കർ റോളിലാണ്’. എന്നാൽ പിർലോ ഈ റോളിൽ മാത്രമല്ല കളിച്ചിട്ടുള്ളത്. അറ്റാക്കിംഗ് മിഡ് അടക്കം, മധ്യനിരയിൽ ഏതു റോളും അദ്ദേഹത്തിന് അനുയോജ്യമാണ്. പിർലോയുടെ എടുത്തു പറയേണ്ട ഗുണം അദ്ദേഹം ഏതു തരം സെറ്റപ്പിലും തിളങ്ങുവാൻ കെൽപുള്ള താരമായിരുന്നു എന്നതാണ്. 2010ൽ പെപ്പ് ഗാർഡിയോള ചാവിക്കും, ഇനിയേസ്റ്റയ്ക്കുമൊപ്പം കളിക്കുവാൻ പിർലോയെ ക്ഷണിച്ചിരുന്നു. എന്തോ അന്നത് നടക്കാതെ പോയി. തന്റെ സെറ്റപ്പിലും പിർലോ തിളങ്ങുമായിരുന്നു എന്ന് ഗാര്ഡിയോളയ്ക്കു അത്ര നിശ്ചയമായിരുന്നു നിശ്‌ചയമായിരുന്നു. പ്രതിരോധാത്മക ഫുട്‍ബോളിൽ മാത്രം പിർലോയെ ഇന്ന് തളച്ചിട്ടു ഓർമ്മിക്കുന്നത് പോലും അയാളുടെ പ്രതിഭയോടുള്ള അവഗണനയാണ്.

പിർലോ നൽകുന്ന ലോംഗ് പാസ് ബോളിൽ ഒരു മെഴുകുതിരി കത്തിച്ചു വെച്ചാൽ പോലും, അതിലെ തീ അണയാതെ എത്തേണ്ടെടുത്തു എത്തുമെന്ന് പറയപ്പെടാറുണ്ടായിരുന്നു. കൃത്യമായ ലോംഗ് ബോളുകളും, ഷോർട് പാസുകളും പിർലോയുടെ കേളീശൈലിയുടെ ഭാഗമായിരുന്നു. എതിർ ടീമുകളുടെ പ്രതിരോധം ഭേദിക്കാൻ അദ്ദേഹത്തിന്റെ അലക്ഷ്യമായ പാസുകൾക്കു പോലും കഴിഞ്ഞിട്ടുണ്ടായിരുന്നു. മധ്യനിര ഉത്ഭവിക്കുന്നിടത്തു നിന്ന് അദ്ദേഹം മത്സരം ഡിക്ഡേറ്റ് ചെയ്തു. എന്നാൽ സാധാരണ ഡീപ്പ് ലൈയിങ് മിഡ് ഫീൽഡർമാരെ അപേക്ഷിച്ചു വളരെ കുറച്ചു മാത്രമേ പിർലോ ഓടാറുള്ളു. ആക്രമണം ആയാലും പ്രതിരോധം ആയാലും മികച്ച പൊസിഷനിംഗ് ഉള്ള പിർലോയ്ക്ക് അധികം വിയർക്കാതെ തന്നെ മത്സരം കൺട്രോൾ ചെയ്യുവാൻ കഴിഞ്ഞിരുന്നു. ഇതിനു പുറമെ സെറ്റ് പീസ് മികവും എടുത്തു പറയേണ്ടിയിരിക്കുന്നു.

ഡെൽപിയറോ, ടോട്ടി, പോലുള്ള മഹാരഥന്മാർ കളമൊഴിഞ്ഞത് ഇറ്റാലിയൻ നാഷണൽ ടീം അറിയാതിരിക്കുവാനുള്ള പ്രധാന കാരണം പിർലോ തന്നെയായിരുന്നു. അങ്ങേയറ്റം സമ്മർദ്ദമുള്ള സമയത്തും പിർലോ ഐസ് കൂളായിരുന്നു. 2006 ലോകകപ്പ് ഫൈനലിൽ സിദാനെ പ്രതീക്ഷിച്ചിരുന്ന വാർത്ത കോളങ്ങൾ പിർലോ തന്റെ പേരിലാക്കിയത് മറന്നു കാണില്ലല്ലോ. ആ ഫൈനലിലെ പറ്റി പിർലോ പറഞ്ഞത് ഇപ്രകാരം ” സമ്മർദ്ദം എന്നിലില്ല. 2006 ജൂലൈ 9 എനിക്ക് മറ്റൊരു ഞായറാഴ്ചയായിരുന്നു. ഉച്ച വരെ ഉറങ്ങുകയും, പ്ലേസ്റ്റേഷൻ കളിക്കുകയും ചെയ്ത ഞാൻ അന്ന് വൈകുന്നേരം ലോകചാമ്പ്യനായി”. ഇതായിരുന്നു ഡോൺ പിർലോ. 4 പ്രധാന ഇറ്റാലിയൻ ക്ലബ്ബിൽ കളിക്കുകയും , നാലു ടീമുകൾക്ക് വേണ്ടിയും തിളങ്ങുകയും ചെയ്തു പ്രതിഭയാണ് പിർലോ. പ്രതിരോധാത്മക ടീമിൽ കളിക്കേണ്ടി വന്നിട്ടും പിർലോ തന്റെ ക്രിയേറ്റിവ് വശം ലോകത്തിനു ഏറ്റവും സുന്ദരമായി വെളിപ്പെടുത്തി. ഗോളുകളോ, അസിസ്റ്റുകളോ കൊണ്ടല്ല അദ്ദേഹത്തിനെ അളക്കേണ്ടത്. പന്തില്ലാത്ത അവസരങ്ങളിൽ പോലും മായാജാലം കാട്ടിയ ‘ദി ഗോഡ് ഫാദർ’ എന്ന് വിളിക്കപ്പെടുന്ന പിർലോ, ഇനി ഫുട്‍ബോളിൽ കണ്ടു കിട്ടാൻ പ്രയാസമുള്ള ഇനത്തിൽ പെട്ട ഇതിഹാസമാണ്.

Credits: Nikhil Sebastian

  • SHARE :