• Follow

മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs സി.ഡി ലെഗാനസ്

  • Posted On June 15, 2020

അങ്ങനെ ഏറെ കാലത്തിനു ശേഷം കാത്തിരുന്ന ദിനം വന്നു കേറി ഉത്സവം കൊടിയേറി. മികച്ച വാദ്യഘോഷങ്ങളും കരിമരുന്നു പ്രയോഗവും എല്ലാം കൂടി നല്ല ഒന്നാന്തരം രാവ്. വലിയ ശങ്കകൾക്ക് ഇടം കൊടുക്കാതെ സെറ്റിയന്റെ കുട്ടികൾ ഏറെക്കുറെ മികച്ചതെന്നു പറയാവുന്ന രാത്രിയാണ് സമ്മാനിച്ചത്. ഇനി രണ്ടാം പോരാട്ടം, സ്വന്തം മണ്ണിലേക്ക് ഏറെക്കാലത്തിനുശേഷം തിരിച്ചെത്തുകയാണ് ഇന്ന്. നിലനിൽപ്പിനായി പോരാടുന്ന മറ്റൊരു റിലഗേഷൻ ടീമായ ലെഗാനസിനെതിരെയാണ് ഇന്ന് ക്യാമ്പ് നൗ’ൽ പോരാട്ടം. ഇനിയങ്ങോട്ട് വരുന്ന ഒരുപാട് കഠിന പരീക്ഷണങ്ങൾക്ക് ഇടയിൽ താരതമ്യേന കാഠിന്യം കുറഞ്ഞ ഒന്ന്.

മാച്ച്-ഡേ സ്ക്വാഡിലേക്ക് വരുമ്പോൾ, പ്രധാന സെന്റർ ബാക്ക് ക്ലെമന്റ് ലെങ്ലെ സസ്പെന്ഷൻ പൂർത്തിയാക്കി ടീമിലേക്ക് തിരിച്ചെത്തിയത് ടീമിനെ ഒരുപാട് ബലപ്പെടുത്തുന്നു. കഴിഞ്ഞ കളിയിൽ അറൗഹോ മികച്ച അരങ്ങേറ്റമാണ് നടത്തിയതെങ്കിലും ലെങ്ലെ അദ്ദേഹത്തിന്റെ സ്ഥാനം തിരിച്ചെടുക്കാൻ സാധ്യത കാണുന്നു. സസ്പെൻഷനിലായ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബക്ക് പകരം ജൂനിയർ ഫിർപോ ടീമിൽ സ്റ്റാർട്ട് ചെയ്യാൻ സാധ്യത. കഴിഞ്ഞ ദിവസം കളത്തിൽ ഇറങ്ങിയ മിഡ്ഫീൽഡ് ത്രയം തന്നെയാവും ഇന്നും കളത്തിലിറങ്ങുക. മുന്നേറ്റ നിരയിൽ സുവാരസ് കൂടി തിരിച്ചെത്തി മികവ് കാണിച്ചതോടെ ആര് പുറത്തുപോകും എന്നത് ഒരു ചോദ്യചിഹ്നമാണ്. തൻറെ മുൻ ക്ലബ്ബിനെതിരെ ബ്രാത്ത്വെറ്റിന് കളത്തിൽ ഇറങ്ങാൻ കഴിയുമോ അതോ ഗ്രീസ്മാൻ ആണോ മെസ്സിക്കൊപ്പം ഇറങ്ങുന്നത് എന്നതാവും കാത്തിരുന്ന് കാണേണ്ടത്.
കോമ്പറ്റീഷൻ കൂടി വരുന്ന സാഹചര്യത്തിൽ ടീമിൽ പിടിച്ചുനിൽക്കണമെങ്കിൽ രണ്ടുപേരും വളരെ വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കേണ്ടി വരും. എന്നത്തെയും എന്നപോലെ തുടങ്ങിയ ക്യാപ്റ്റനെ പറ്റി പിന്നെ അധികം വർണ്ണിക്കാൻ ഒന്നും ഇല്ലല്ലോ. അദ്ദേഹം എന്നത്തെയും എന്നപോലെ നമ്മുടെ മുന്നിൽ ഒരു ‘സാധാരണക്കാരനായി’ തുടരും.

ലെഗാനസിലേക്ക് വരുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും ഇവിടെനിന്ന് എടുത്തോണ്ട് ഓടേണ്ട അവസ്ഥയാണ്, ഒരു സമനില ആയാൽ പോലും അവർക്ക് വളരെ വിലപ്പെട്ട ‘ ജയം ‘ ആയിരിക്കും അത്. ലീഗിൽ നിലനിൽക്കണമെങ്കിൽ അതെങ്കിലും അവർക്ക് നേടിയ പറ്റൂ. എന്തു വില കൊടുത്തു അത് നേടാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും. ബ്രാത്ത്വെറ്റിനെ നഷ്ടപ്പെട്ടതും, ഈ കളിയിലേക്ക് വരുമ്പോൾ സ്റ്റാർ പ്ലേയർ ഓസ്കാറിന് സസ്പെൻഷൻ ലഭിച്ചതും കൂട്ടുമ്പോൾ ഇതിലും വലിയ ആഘാതം ഇനി ലെഗാനസിന് ലഭിക്കാനില്ല. ഇവിടെനിന്ന് പോയിന്റ് നേടി പോകുന്നത് അവരെ സംബന്ധിച്ച് അപ്രാപ്യമാണെന്ന് പറയേണ്ടി വരും. കാത്തിരുന്നു കാണാം അവർ എങ്ങനെയാണ് കളിയെ സമീപിക്കുന്നത് എന്ന്.

സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരുപക്ഷേ ബാഴ്സ ചില കളിക്കാർക്ക് വിശ്രമം അനുവദിക്കാനും സാധ്യതകാണുന്നു. എന്തായാലും ജയത്തിൽ കുറഞ്ഞതൊന്നും ബാഴ്സക്ക് ഭൂഷണമാകില്ല, അതു നേടാൻ തന്നെ വേണ്ടിയാവും ടീം എന്നത്തെയും പോലെ കളത്തിൽ ഇറങ്ങുന്നത്. മികച്ചൊരു രാത്രിയാവട്ടെ… നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 29.
എഫ്.സി ബാഴ്സലോണ vs സി.ഡി ലെഗാനസ്
ക്യാമ്പ് നൗ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com