• Follow

മോര്‍ ദാന്‍ ജസ്റ്റ് എ പ്ളെയര്‍

  • Posted On December 29, 2017

കൂളെസ് ഓഫ് കേരള ഫേസ്‌ബുക്ക് ഗ്രൂപ്പിൽ റെയ്മോന്‍ റോയ് എഴുതുന്നു..

മോര്‍ ദാന്‍ എ ക്ളബ് എന്ന് വിശേഷിപ്പിക്കപെടുന്ന ബാഴ്സലോണയുടെ എക്കാലത്തെയും പ്രതീകം ആരാണ്?മെസ്സിയോ? ക്രൈഫോ? കാറ്റലന്‍ ജനതയുടെ തലമുറകളിലേക്കിറങി ചെന്നാല്‍ അവരുടെ ഉത്തരം ലാസ്ലോ കുബാല എന്നായിരിക്കും. ”Kubala was the leader , a leader before there was talk of leadership in football”. സര്‍ ബോബി റോബ്സണ്‍ പറഞ്ഞത് പോലെ ബാർസലോണയെന്ന സാമ്രാജ്യത്തിന്റെ പട്ടാളകാരാണ് ബാഴ്സിലോണ ഫുട്ബോള്‍ ക്ളബ്. അങനെയെങ്കില്‍ അവരുടെ എക്കാലത്തെയും പടനായകനാണ് കുബാല. ഫ്രാങ്കോയുടെ റയല്‍മാഡ്രിനോടുളള യുദ്ധങള്‍ നയിച്ചവന്‍……

1950 കളിലെ കാറ്റലോണിയന്‍ ജനതയുടെ വികാരമായിരുന്നു കുബാല. കാറ്റലന്‍സിന് ഇടക്കെവിടെയോ നഷ്ട്ടപെട്ട വിജയ ദിനങള്‍ അയാള്‍ മടക്കി കൊണ്ട് വരികയായിരുന്നു. നിർബന്ധിത പട്ടാള സേവനം നടപ്പാക്കിയ ഹംഗേറിയന്‍ ഭരണകൂടത്തിനോടു പ്രതിഷേധിച്ച് രാജ്യം വിട്ടവന് സ്വഭവനമാകുകയായിരുന്നു ബാഴ്സ. തങ്ങളുടെ ദത്ത് പുത്രനെ സ്വപുത്രന്‍മാരെകാള്‍ സ്നേഹിക്കുകയായിരുന്നു കാറ്റലന്‍സ്. അവരുടെ എക്കാലത്തെയും മികച്ച കളികാരെനെന്നും പറയാം.അത് കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബാഴ്‌സ കളിക്കാരൻ ആയി ക്രൂയ്‌ഫിനെ പിന്തളളി കുബാലയെ അവർ തെരഞ്ഞെടുത്തത്.

വളരെ ദരിദ്ര ചുറ്റുപാടിലാണ് കുബാല ജനിച്ചത്. അയാളുടെ അച്ഛന്‍ കല്ലാശാരിയും അമ്മ ഫാക്ടറി തൊഴിലാളിയുമായിരുന്നു. ഒരു ഫുട്ബോള്‍ സ്വന്തമായി വാങ്ങുക ആ കുടുംബത്തിന് സ്വപ്നം കാണുക പോലും അസാധ്യമായിരുന്നു. കാര്‍ഡ് ബോര്‍ഡും പേപ്പറും വച്ച് പന്തുണ്ടാക്കിയാണ് ചെറുപ്പത്തില്‍ അയാള്‍ പന്ത് തട്ടിയത്. അയല്‍കാര്‍ക്കിടയില്‍ അവന്‍ ”The boy with the ball” എന്നാണറിയപെട്ടിരുന്നത്.

1944 ല്‍ Ganz te എന്ന ഹംഗേറിയന്‍ ക്ലബുമായി 17 ആം വയസ്സില്‍ അവന്‍ പ്രഫഷണല്‍ കോണ്‍ട്രാക്റ്റിലെത്തി. അടുത്ത സീസണില്‍ അയാള്‍ മികച്ച ക്ളബായ ഫെര്‍ണാക്വാരോസിലേക്ക് കുടിയേറി. അവര്‍ക്കായി 27 ഗോള്‍ നേടി അയാളവിടെ തന്‍െറ പ്രാഗല്‍ഭ്യം തെളിയിച്ചു.

1946 ല്‍ കുബാല ഫാമിലി ചെക്കോസ്ലൊവാക്യയിലേക്ക് കുടിയേറി. അവിടെ ബ്രാട്ടിസ്ലാവോ എന്ന ക്ലബിന് കളിച്ച അയാള്‍ അവരുടെ നാഷണല്‍ ടീമിനായും കളിച്ചു. അവിടെ വച്ച് വിവാഹിതനായ അയാള്‍ക്ക് ഒരു മകനും ജനിച്ചു. 1948 ല്‍ അയാളുടെ കുടുംബം ഹങ്കറിയിലേക്ക് തിരികെയെത്തി. എന്നാല്‍ ഭരണകൂടത്തോടുളള എതിര്‍പ്പ് കൊണ്ട് അയാള്‍ ഹങ്കറി വിടാന്‍ തിരുമാനിച്ചു. ഇറ്റലിയില്‍ വച്ച് കണ്ടുമുട്ടാമെന്ന് ഭാര്യയോട് പറഞ്ഞ് അയാളും കൂട്ടുകാരും ,റഷ്യന്‍ പട്ടാളകാരുടെ വേഷത്തില്‍ ഒരു അതി ശൈത്യകാലത്ത് ഒരു ട്രക്കില്‍ ആസ്ത്രിയക്ക് യാത്ര തിരിച്ചു. രാജ്യാതിര്‍ത്തി കടന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ട്രക്ക് ഉപേക്ഷിച്ച് പൂജ്യത്തിനെകാള്‍,താഴ്ന്ന താപനിലയില്‍ കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയേണ്ടി വന്നു. എന്നാല്‍ ആസ്ത്രിയന്‍ അതിര്‍ത്തിയില്‍ വച്ച് വിസ ചെക്ക് ചെയ്ത ഗാര്‍ഡുകള്‍ ഒറ്റ നോട്ടത്തില്‍ അതിനകം പ്രശസ്തനായ ഫുട്ബോളറെ തിരിച്ചറിയുകയും ഫുട്ബോള്‍ ആരാധകരായ അവര്‍ അയാള്‍ക്ക് ഇറ്റലിയില്‍ വിസ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു.

ഇറ്റലിയില്‍ പ്രോ പാര്‍ട്ടിയ എന്ന ക്ളബിന് വേണ്ടിയാണയാളാദ്യം കളിച്ചത്. അവിടത്തെ പ്രകടനം പ്രമുഖ ടീമുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും പ്രശസ്ത ഇറ്റാലിയന്‍ ക്ളബായ ടോറീനോ, ബെന്‍ഫിക്കയായുളള സൗഹൃദ മത്സരത്തിന് അയാളെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ടീമീലേക്കുളള റിഹേഴ്സലായിരുന്നു ആ മത്സരം. എന്നാല്‍ ഇതിനിടക്കയാളുടെ ഭാര്യയും മകനും ഇറ്റലിയിലെത്തി. രോഗിയായ മകനെ നോക്കാന്‍ അയാള്‍ അവസാനനിമിക്ഷം പോര്‍ച്ചുഗല്‍ യാത്ര ഉപേക്ഷിച്ചു. അതയാള്‍ക്ക് ഭാഗ്യമായി ഭവിക്കുകയായിരുന്നു. പോര്‍ച്ചുഗലില്‍ നിന്ന് തിരികെ ടോറീനോ കളികാരുമായി വന്ന വിമാനം തകര്‍ന്ന് 31 ടോറീനോ കളിക്കാര്‍ കൊല്ലപ്പെട്ടു.

ഇതിനിടക്ക് ഹംഗേറിയന്‍ ടീം ഉപേക്ഷിച്ചതിന് ഹങ്കറിയന്‍ അധികാരികള്‍ ഫിഫയെകൊണ്ട് അയാള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് നല്‍കിച്ചു. സ്വന്തമായി ഹങ്കാറിയ എന്ന ക്ളബ് ഉണ്ടാക്കി കൊണ്ടാണയാള്‍ പ്രതികരിച്ചത്. ഹങ്കറി, ക്രെയേഷ്യ, റഷ്യ, ചെക്ക് എന്നിവിടങളിലെ അഭയാര്‍ത്ഥികളില്‍ പെട്ടവരായിരുന്നു ആ ക്ളബിന്‍െറ കളികാര്‍. അതിനിടയില്‍ അയാള്‍ തന്‍െറ ബന്ധുവും പ്രമുഖ കോച്ചുമായ ഫെര്‍ഡിനാന്‍ഡ് ഡൗസിക്കിനെ കണ്ടുമുട്ടി.

കുബാലയുടെ ടീം സ്പെയിനില്‍ ചില ഫ്രണ്ട്ലിമാച്ചുകള്‍ സ്പാനീഷ് ക്ളബുകളുമായി കളിച്ചു. അയാളുടെ കഴിവ് കണ്ട റയല്‍ ആരാധകര്‍ അയാളെ സൈന്‍ ചെയാന്‍ ബോര്‍ഡിന് മുന്നില്‍ സമ്മര്‍ദ്ധം ചൊലുത്തി. പക്ഷേ ഡൗസിക്കിനെ ഹെഡ് കോച്ചാക്കിയാല്‍ മാത്രമേ സൈന്‍ ചെയ്യൂ എന്ന് കുബാല നിര്‍ബന്ധം പിടിച്ചു. റയല്‍ ഇതംഗീകരിച്ചില്ല. ബാഴ്സലോണ ഈ അവസരം പ്രയോജനപെടുത്തി. ഡൗസിക്കിനെ കോച്ചാക്കി അവര്‍ അയാളെ സൈന്‍ ചെയ്തു. ഈ സൈനിങിനെ പറ്റി ഒരുപാട് വിവാദ കഥകളുണ്ട്.

1950 ല്‍ സൈന്‍ ചെയ്തെങ്കിലും ബാന്‍മാറി 1951 ലേ അയാള്‍ക്ക് ബാഴ്സക്ക് വേണ്ടി കളിക്കാനായുളളു. ആദ്യ 7 മത്സരങളില്‍ 6 ഗോള്‍ നേടി അയാള്‍ ബാഴ്സയെ കോപ്പ ഡെല്‍ ജെനറല്‍സിമോ (ഇന്ന് കോപ്പ ഡെല്‍ റേ) ചാമ്പ്യന്‍മാരാക്കി. അയാളുടെ കളി കാണാന്‍ കാറ്റലന്‍ ജനത സ്റ്റേഡിയത്തിലേക്കൊഴുകി. 60000 കപ്പാസിറ്റി ഉണ്ടായിരുന്ന സ്റ്റേഡിയം പലപ്പോഴും മത്സരങള്‍ക്ക് പോരാതെ വന്നു.

1951-52 ല്‍ കുബാല ഡൗസിക്ക് സഖ്യം സ്പാനീഷ് ലീഗടക്കം 5 കിരീടങള്‍ നേടി. ആ സീസണില്‍ സ്പോട്ടിങ് ഗിജോണിനെതിരെ ഒരു മത്സരത്തില്‍ കുബാല നേടിയ 7 ഗോളുകള്‍ ഇന്നും ലാലീഗ റെക്കോര്‍ഡ് ആണ്. ഒരു ക്ളബിന്‍റെ അക്കാലത്തെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. സൂര്യനെകാള്‍ തിളങ്ങുന്ന 6 കാര്യങ്ങളാണ് ലോകത്തിലെന്ന് ബാഴ്സലോണ ജനത പാടി നടന്നു. ” Barcelona’s 5 cups and the shit that is Espanol’

എന്നാല്‍ അടുത്ത സീസണില്‍ അയാള്‍ക്ക് ടിബി ബാധിച്ചു. ഇനിയൊരിക്കലും കളി കളത്തില്‍ തിരിച്ചു വരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ആല്‍പസ് പര്‍വത നിരകളില്‍ പോയി ട്രെയിന്‍ ചെയ്ത് അവിടത്തെ കാലവസ്ഥയില്‍ അയാള്‍ ടിബിയെ തോല്‍പ്പിച്ചു. അയാള്‍ തിരിച്ചു വന്നപ്പോഴേക്കും ഡൗസിക്ക് ക്ളബ് വിട്ടിരുന്നു. പക്ഷേ അയാള്‍ അവിടെ തുടരാന്‍ തിരുമാനിച്ചു. 11 വര്‍ഷം നീണ്ട യാത്ര. 345 കളികളില്‍ 280 ഗോളുകൾ നേടിയ യാത്ര. ക്ളബിന്‍റെ ഷെല്‍ഫില്‍ ട്രോഫികള്‍ നിറഞ്ഞു കൊണ്ടിരുന്നു.

കുബാല സ്പാനീഷ് ഫുട്ട്ബോളിന്‍െറ മുഖം മാറ്റി. ഓപ്പോസിഷന്‍ വാളിന് മുകളിലൂടെ വളഞ്ഞും പുളഞ്ഞും പെയ്തിറങ്ങുന്ന ഫ്രീകിക്കുകള്‍ ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തതയാളായിരുന്നു. സുന്ദരമായ സെറ്റ് പീസ് ഗോളുകള്‍ എങനെ നേടാമെന്നും . ‘ ദി കുബാല കേള്‍’ എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു അന്ന്. സിഡ് ലോയുടെ ” Fear and Loathing in La ligua” എന്ന പുസ്തകത്തില്‍ പറയുന്നത് കുബാലയുടെ ശൈലി അഗ്രസ്സിവും സ്ട്രോങുമായ പ്ളേമേക്കിങ് ആയിരുന്നു എന്നാണ്. പവറും ടെക്നിക്കുമടങ്ങിയ ഗെയിം ആയിരുന്നു അയാളുടേത്. മാത്രമല്ല നിസ്വര്‍ത്ഥനായ കളികാരനുമായിരുന്നു. തന്‍െറ കരിയറിലാകെ അയാള്‍ പാഴാക്കിയത് ഒരേ ഒരു പെനാല്‍റ്റി മാത്രമായിരുന്നു.

എന്തായിരുന്നു ബാഴ്സ ടീമില്‍ കുബാലയുടെ സ്ഥാനം ?പ്രതിരോധ ഫുട്ബോളിന്റെ വക്താവായിരുന്ന ഹെലിനിയോ ഹെരേര പലപ്പോഴും കുബാലയെ തഴഞ്ഞു.ഒരു പ്രധാന മത്സരത്തിൽ കുബാലയെ ഇറക്കാതെ കളിച്ച ഹെരേരയുടെ ബാഴ്സ വമ്പൻ തോൽവി ഏറ്റുവാങ്ങി.പാറ പോലെയുള്ള പ്രതിരോധം തീർത്തിരുന്ന ഹെരേരക്ക് കുബാല അധികപ്പറ്റായിരുന്നു. ഏതായാലും അന്നത്തെ ഏറ്റവും മികച്ച കോച്ച് ആയിരുന്ന ഹെരേരയുടെ പണി പോയി എന്നതിൽ നിന്നറിയാം കുബാലയുടെ സ്ഥാനം.അയാളുടെ കളി മനോഹരമായിരുന്നു.ആ സൗന്ദര്യം ആസ്വദിക്കാൻ കാണികൾ ഒഴുകിയെത്തി.കാണികളുടെ കുത്തൊഴുക്ക് പുതിയ സ്റ്റേഡിയം നിർമിക്കേണ്ട അവസ്ഥ സംജാതമാക്കി.അങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായി നൂ കാമ്പ് ബാഴ്സലോണ നഗരത്തിൽ ഉയർന്നപ്പോൾ അതിന് കാരണക്കാരൻ കുബാല ആയിരുന്നു.ഫ്രാങ്കോയുടെ റയല്‍ മാഡ്രിഡിന് കാറ്റലന്‍ ജനതയുടെ ഉത്തരമായിരുന്നു കുബാല .

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാറ്റലന്‍ ജനതക്കും ബാഴ്സക്കുമപ്പുറം കുബാലയെന്ന് പേര് വിസ്മരിക്കപെട്ടു. കാരണം അയാള്‍ക്ക് യൂറോപ്യന്‍ കപ്പോ ലോകകപ്പോ ഉണ്ടായിരുന്നില്ല. തന്‍െറ മികവുറ്റ കാലങ്ങള്‍ പിന്നിട്ട ശേക്ഷം 1959 ലാണയാള്‍ക്ക് യൂറോപ്പ്യന്‍ കപ്പില്‍ കളിക്കാനായത്. ലോകകപ്പ് ഒരിക്കലും അയാള്‍ക്ക് കളിക്കാനായില്ല. ഹങ്കറിക്ക് വേണ്ടി കളിക്കാനുളള അവസരം അയാള്‍ നിക്ഷേധിച്ചു. 1962 ല്‍ പ്രായമേറിയ കുബാലക്ക് സ്പാനീഷ് ടീമില്‍ സ്ഥാനം കിട്ടിയെങ്കിലും പരിക്ക് മൂലം കളിക്കാനായില്ല.

ബാഴ്സലോണ ഫാന്‍സ് കാലഘട്ടങ്ങളില്‍ അയാളെ തങ്ങളിലൊരാളായി, ഒരു കാറ്റലന്‍ തന്നെ ആയി അംഗീകരിച്ചു പോരുന്നു. 1999 ല്‍ ബാഴ്സലോണയുടെ നൂറ്റാണ്ടിന്‍റെ കളികാരനായി തിരെഞ്ഞെടുക്കപെട്ടത് കുബാലയായിരുന്നു. കുബാലയുടെ ബാഴ്സിലോണയന്‍ ആരാധകരിലെ സ്വാധീനം അടിച്ച ഗോളിലോ അസിസ്റ്റുകളിലോ നേടിയ കിരീടങ്ങളിലോ അളക്കാനാകില്ല. അത് അതിനുമേറെ ഉയരെയാണ്. ലിയോ മെസ്സിയെ നിഴലിലാക്കുന്ന വികാരമായി ഒരു കളികാരന്‍ ബാഴ്സലോണക്ക് കളിച്ചെങ്കില്‍ അത് കുബാലയാണ്. അതിന്റെ ചിഹ്നമായി കുബാലയുടെ പൂർണകായ പ്രതിമ സ്റ്റേഡിയത്തിന് വെളിയിൽ തലയുയർത്തി നിൽക്കുന്നു

ബാഴ്സയിലെ കുബാലയെ പറ്റി ഇങനെ സംഗ്രഹിക്കാം ”Mes Que un Jugador” ….

മോര്‍ ദാന്‍ എ ക്ളബിന്‍റെ , മോര്‍ ദാന്‍ ജസ്റ്റ് എ പ്ളെയര്‍……..

  • SHARE :