• Follow

യുർഗെൻ ക്ളോപ്പ് – ഒരു സ്വപ്‌നാടകന്‍റെ കഥ !

  • Posted On July 22, 2020

ഇരുപതാം വയസ്സിൽ തന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷം ക്ളോപ്പിന്റെ ഓർമകളിൽ മിന്നിമറയുന്നുണ്ട്. അദ്ദേഹം അമേച്വർ ഫുട്ബോൾ കളിക്കുന്ന കാലം, പകൽ സമയം യൂണിവേഴ്സിറ്റിയിൽ ചെലവഴിച്ചു അദ്ദേഹം പഠനത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി പകൽ സമയങ്ങളിൽ സിനിമ പെട്ടികൾ സൂക്ഷിക്കുന്ന സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്തു ആണ് അദ്ദേഹം ഒരച്ഛനായതു. ഇരുപതിന്റെ ഇളപ്പത്തിൽ യുവത്വത്തിന്റെ വന്യതയിലേക്കു, പാർട്ടികളിലും പബ്ബുകളിലും ജീവിതം ആഘോഷിച്ചു തിമിർക്കേണ്ട ക്ളോപ്പിന്റെ ജീവിതം മാറിമറിഞ്ഞത് അവിടെ വെച്ചായിരുന്നു. കളിക്കളത്തിൽ തോൽവി ആയാലും ജയം ആയാലും പലപ്പോഴും അദ്ദേഹം പുഞ്ചിരിക്കുന്നത് കാണാം, തന്റെ വിശ്രമമില്ലാത്ത ജീവിതത്തിനിടയിൽ മകന് വേണ്ടി സമയം കണ്ടെത്തുമ്പോഴുണ്ടാകുന്ന സന്തോഷം, അല്ലെങ്കിൽ തന്റെ മകന് വേണ്ടി തന്റെ ഇഷ്ടങ്ങൾ ത്യജിക്കാൻ തയ്യാറായത്, അദ്ദേഹത്തിന് ജീവിതം ഫുട്ബോളിനേക്കാൾ എത്രയോ വലുത് ആണെന്ന് മനസ്സിലാക്കികൊടുത്തതു കൊണ്ടായിരിക്കണം.

ജർമനിയിലെ ദക്ഷിണ പടിഞ്ഞാറൻ പ്രവിശ്യയിലെ ആൽപ്സ് പർവത മടിത്തട്ടിൽ റൈൻ നദിയുടെ കളിത്തൊട്ടിലിൽ ചിത്രാപമസുന്ദരമായ ബ്ലാക്ക് ഫോറെസ്റ്റിന്റെ താഴ്വരയിലുള്ള ഗ്ലാട്ടെൻ എന്ന കൊച്ചു നഗരത്തിലെ ഒരു കുഗ്രാമത്തിൽ ആയിരുന്നു യുർഗെൻ ക്ളോപ്പിന്റെ ജനനം. ഡോക്ടർ ആവണമെന്ന് ആഗ്രഹിച്ചു നടന്ന കൗമാരക്കാരന്റെ ഹൃദയം തകർത്തത് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു. തന്റെ പ്രോഗ്രസ്സ് കാർഡ് ഏറ്റു വാങ്ങുമ്പോൾ തന്റെ ഫുട്ബോളിലെ കഴിവ് മികച്ചത് ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പ്രിൻസിപ്പൽ പരിഹസിച്ചപ്പോൾ ക്ളോപ്പ് തന്റെ ഡോക്ടർ ആവാനുള്ള സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്ന് ആ കൗമാര കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു പക്ഷെ തന്റെ ഹൃദയം തകർത്ത പ്രിൻസിപ്പാലിനോട് നന്ദി പറയുന്നുണ്ടാവും അദ്ദേഹം, ഫുട്ബോളിനെ തന്റെ ജീവിതത്തിന്റെ ഭാഗഭാക്കു ആക്കിയതിൽ.

കളിക്കാരോടും ആരാധകരോടും അനായാസമായി ഇടപെഴുകുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, വിജയങ്ങളെ വൈകാരികമായി ആഘോഷിക്കുന്ന, പരാജയങ്ങളെ ചെറു പുഞ്ചിരിയോടെ നേരിടുന്ന ക്ളോപ്പിന്റെ സ്വാതന്ത്ര്യ ബോധത്തിലധിഷ്ഠിതമായ വ്യക്തിത്യം രൂപപ്പെടാൻ നിർണായക പങ്കു വഹിച്ചത്, കക്കൂ ക്ലോക്കുകളാലും പരമ്പരാഗത വസ്ത്രനിര്മാണങ്ങളിലും രുചികരമായ ഭക്ഷണങ്ങളാലും ഹൃദ്യമായ ആളുകളാലും പ്രശസ്തമായ സ്വാബിയ കുന്നിൻ ചെരുവിലുള്ള സ്വച്ഛ സുന്ദരമായ ഗ്ലാട്ടെൻ എന്ന ചെറുപട്ടണം തന്നെയായിരുന്നു. 2011 ഇൽ ബൊറൂസിയ ഡോർട്‌മെന്റിനു ബുണ്ടേസ് ലീഗ നേടിക്കൊടുത്ത ശേഷം ഗ്ലാട്ടെന്റെ ഏറ്റവും പ്രശസ്തനായ പ്രിയപ്പെട്ട പുത്രന് നൽകിയ സ്വീകരണം ക്ളോപ്പിന്റെ സുഹൃത്തായ ഹാസ് ഓർക്കുന്നുണ്ട്. ജർമൻ അതികായകരായ ബയേണിനെ പിന്തള്ളി കിരീടം നേടിയ ടീമിന്റെ കോച്ചിന് പകരം ഗ്ലാട്ടേണിൽ എത്തിയത് തന്റെ ബാല്യം ചെലവിട്ട നഗരത്തിൽ കളിക്കൂട്ടുകാരോടൊപ്പം വൈകാരികമായി ഫുട്ബോൾ കളിച്ച അതെ കൗമാരക്കാരൻ ആയിരുന്നു. ആ ഒരു വ്യക്തിത്വം ആവും താൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ കൂവി വിളിക്കുന്ന സ്വന്തം ടീമിലെ ആരാധകരെ കുറിച്ച് തന്റെ സത്യസന്ധമായ പുഞ്ചിരിയോടെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. അദ്ദേഹം ഒരിക്കലും ഒരു മികച്ച ഫുട്ബോളർ ആയിരുന്നില്ല, എന്നാൽ ടീമിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാവുന്ന ഒരു കളിക്കാരൻ കോച്ചിന്റെ പ്രിയപ്പെട്ടവൻ ആയിരിക്കുമല്ലോ. ആ പരിശ്രമം തന്നെയാവും മെയ്ൻസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരിലൊരാളാക്കി അദ്ദേഹത്തെ മാറ്റിയത്.

അവിടെ നിന്നും മെയ്ൻസിന്റെ കോച്ച് ആയി അദ്ദേഹം ചുമതല ഏൽക്കുമ്പോൾ മൂന്നാം ഡിവിഷനിലേക്കു തരം താഴ്ത്തൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുക ആയിരുന്നു. തുച്ഛമായ മത്സരങ്ങൾ ബാക്കി നിൽക്കെ മുൻകാല കോച്ചിങ് പരിജ്ഞാനം ഒന്നുമില്ലാത്ത ക്ളോപ്പിനെ പരിശീലക സ്ഥാനം ഏൽപ്പിക്കാനുള്ള മാനേജ്‍മെന്റിന്റെ ചൂതാട്ടം ഒരു പുതു ചരിത്രത്തിനാണ് വിത്തുപാകിയതു. ക്ളോപ്പിന്റെ കീഴിൽ അവസാന ഏഴു മത്സരങ്ങളിൽ അവർ ആറു കളികൾ വിജയിച്ചു രണ്ടാം ഡിവിഷനിൽ സ്ഥാനം ഉറപ്പാക്കി. തുടർന്നുള്ള കാലങ്ങൾ ആരോഹണങ്ങളുടെ നാളുകൾ ആയിരുന്നു. ഒടുവിൽ തുടർച്ചയായ രണ്ടാം സീസണിലും തലനാരിഴക്ക് ബുണ്ടസ്ലീഗയിലേക്കു പ്രൊമോഷൻ നഷ്ടമായപ്പോൾ നിരാശരായി മെയ്ൻസിലെ പ്രധാന സ്‌ക്വയറിലെ തീയേറ്ററിന് തടിച്ചു കൂടിയ പതിനയ്യായിരത്തോളം വരുന്ന ആരാധകർക്ക് മുമ്പിൽ വെച്ചു ഒരു അവധൂതനെ പോലെ ക്ളോപ്പ് പറഞ്ഞ വാക്കുകൾ അവരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ചു. ക്ളോപ്പ് വാക്ക് പാലിച്ചു, അടുത്ത വർഷം മെയ്ൻസ് ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗയിലേക്കു യോഗ്യത നേടി. താൻ പിച്ചിൽ ഇറങ്ങുമ്പോൾ കൂവി വിളിച്ച അതെ ആളുകളുടെ നാടോടി കഥകളിലെ വീരേതിഹാസം ആയി അതോടെ അദ്ദേഹം മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ അടുത്ത യാത്രാപഥം ഗതകാല പ്രതാപത്തിന്റെ സ്മരണകൾ അയവിറക്കുന്ന ചരിത്രമുറങ്ങുന്ന വെസ്റ്റ്ഫാലൻസ്റ്റേഡിയനിലേക്കു ആയിരുന്നു. കാലചക്രമണത്തിൽ മാറ്റമേതുമില്ലാതെ ജർമനിയിലെ ഒരേയൊരു ശക്തിയായി വാണരുളിയ ബവേറിയൻ ഭീമന്മാരെ വെല്ലുവിളിക്കാനുതകുന്ന ഒരു ടീമിനെ അദ്ദേഹം ബൊറൂസ്സിയയുടെ നാശവിഷ്ടങ്ങളിൽ നിന്നും വാർത്തെടുത്തതോടെ ജർമനി മികച്ച പോരാട്ടങ്ങൾക്ക് വേദിയായി. Gegen പ്രെസ്സിങ്ങിന്റെ സൗന്ദര്യവുമായി ക്ളോപ്പിന്റെ ഹെവി മെറ്റൽ ബ്രാൻഡ് ഫുട്ബോൾ ബൊറൂസ്സിയയുടെ ചുണക്കുട്ടികൾ കളിക്കളത്തിൽ നടപ്പിലാക്കിയപ്പോൾ പുതുശക്തികളുടെ ആവിർഭാവം ബുണ്ടസ്‌ലീഗയുടെ പോരാട്ടവീഥികളിൽ പുതിയ ഊർജ്ജം പകർന്നു. ലെവായും സാഹിനും ഹമ്മൽസും ഗോട്സെയും റോയ്സും ക്ളോപ്പിന്റെ കീഴിൽ തങ്ങളുടെ പ്രതിഭാസമ്പത്തിന്റെ ധാരാളിത്തം ലോകത്തിനു വെളിപ്പെടുത്തിയപ്പോൾ ക്ളോപ്പ് ജർമനി കീഴടക്കുകയായിരുന്നു. തുടർച്ചയായി രണ്ടു തവണ ബുണ്ടസ് ലീഗ നേടിയ ബൊറൂസ്സിയയുടെ മാഡ്രിഡിനെയും സിറ്റിയെയും അയാക്സിനെയും മലാഗയെയും തകർത്തു കൊണ്ടുള്ള യൂറോപ്പിലെ സ്വപനക്കുതിപ്പ് ഒടുവിൽ ബയേൺ മ്യൂണിക്കിന് മുമ്പിൽ ഫൈനലിൽ അവസാനിച്ചു എങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ അവർ ഇതിനകം കടന്നു ചെന്നിരുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും മഹത്തായ ക്ലബ്ബിൽ നിന്നും പതിറ്റാണ്ടുകളായി ഉള്ള കിരീട വരൾച്ച കാരണം, ഓർമ്മിക്കാൻ ഫുട്ബോളിന്റെ ആധുനിക യുഗത്തിൽ ഒരു ഇസ്താംബുളിന്റെ വീരകഥകൾ മാത്രം ഉള്ള, പണക്കൊഴുപ്പിന്റെ ബലത്താൽ പുതുശക്തികളുടെ ആഗമനം ഏറെ കണ്ട, ഫുട്ബോളിന്റെ പുതിയ ഗ്ലാമർ തട്ടകമായ ഇംഗ്ലീഷ് ഫുട്ബോളിൽ കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാതെ ചരിത്രത്തിന്റെ പിന്നാമ്പുറ വാതിലിലേക്ക് വലിച്ചെറിയപ്പെട്ട ആൻഫീൽഡിന്റെ കോട്ടകത്തളങ്ങളിലേക്കു ക്ളോപ്പ് കടന്നു ചെല്ലുമ്പോൾ കടുത്ത ലിവർപൂൾ ആരാധകർ പോലും അമിതമായ ശുഭാപ്തി വിശ്വാസം പുലർത്തിയിട്ടുണ്ടാവില്ല. എന്നാൽ ക്ളോപ്പിനു ആരാധകരേക്കാളും തന്റെ പ്രോജെക്ടിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. കോച്ച് ആയി അദ്ദേഹം സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇന്റർവ്യൂ “Local: a club and its city. Liverpool’s social history,” എന്ന ബുക്ക് എഴുതിയ ഡാൻ ഫീൽഡ്‌സെൻഡ്‌ ഓർക്കുന്നുണ്ട്, “അദ്ദേഹത്തിന്റെ വാക്കുകൾ തങ്ങളുടെ ശ്രവണങ്ങളിൽ കവിത പോലെയാണ് ഒഴുകിയെത്തിയത്, മൂന്ന് വർഷം കൊണ്ടൊരു കിരീടവും അഞ്ചു വർഷം കൊണ്ട് ലീഗിൽ ഒന്നാമാതാവുകയുമാണ് എന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോൾ സ്വപ്ങ്ങളുടെ നഗരമായ ലിവർപൂളിലെ സ്വപ്‌നാടകന്മാരുടെ ശ്രവണങ്ങളിൽ ഒരു നാദം പോലെ അത് ഒഴുകിയെത്തി”.

അദ്ദേഹത്തിന്റെ പ്രചോദനമേകുന്ന വാക്കുകളും അഭിനിവേശവും മുൻകാല വിജയങ്ങളും കണക്കിലെടുക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ മുമ്പിലുള്ള പാത അതികഠിനമേറിയതായിരുന്നു. പഴയ പ്രതാപശാലികൾക്കു പുറമെ അതി സമ്പന്നരായ മഹത്തായ കളിക്കാരുള്ള പുതുശക്തികളെയും, തങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ പറ്റാത്ത ഒരു പറ്റം കളിക്കാരെ വെച്ച് നേരിടുക ദുഷ്കരം തന്നെയായിരുന്നു. എന്നാൽ ഓരോ കളിക്കാരന്റെയും ഏറ്റവും മികച്ചത് പുറത്തെടുക്കാനുള്ള ക്ളോപ്പിന്റെ കഴിവ് ലിവർപൂളിലും തുടർന്നപ്പോൾ പതിയെ പതിയെ അവർ ഉയരങ്ങൾ കീഴടക്കി തുടങ്ങി.

ഒരു നൊമാദിനെ പോലെ സ്ഥിരതയില്ലായ്മയുടെ ആഴക്കയങ്ങളിൽ നീന്തിത്തുടിച്ച മുഹമ്മദ് സലാഹ് എന്ന ഈജിപ്തുകാരൻ ലോകത്തെ മികച്ച ഗോൾ സ്കോറെർമാരിലൊരാളായി മാറി, സൗത്താംപ്ടണിലെ വിങ്ങർ എന്നതിൽ നിന്നും ലോകത്തെ ഏറ്റവും മികച്ചവരിൽ ഒരാളെന്ന സാക്ഷാൽ മെസ്സി വരെ വിശേഷിപ്പിച്ച തലത്തിലേക്ക് സാദിയോ മാനേ എന്ന സെനഗൽ താരം ഉയർന്നു. ഫിർമിനോ എന്ന അധികമൊന്നും അറിയപ്പെടാത്ത ബ്രസീലുകാരൻ ലോകോത്തര നമ്പർ നയൻ ആയി ഉയർന്നു. ഹൾ സിറ്റിയിൽ നിന്നുമെത്തിയ സ്കോട്ടിഷ് താരം റോബർട്സനും അക്കാദമി താരം അലക്സാണ്ടർ അർണോൾഡും ഇരു വിങ്ങുകളും ഭരിക്കാൻ തുടങ്ങി. കൂടെ വാൻ ഡൈകും ഗോൾ കീപ്പറായ അല്ലിസോൺ കൂടെ എത്തിയതോടെ യൂറോപ്പിലും ഇംഗ്ലണ്ടിലും മെഴ്‌സിസൈഡ് ക്ലബ് ആധിപത്യം സ്ഥാപിച്ചു. വര്ഷങ്ങളായി ഉള്ള കിരീട വരൾച്ചയ്ക്ക് അവർ വിരാമമിട്ടു.

ഒരു വിജയിക്കുന്ന നേതാവിന് വേണ്ട അടിസ്ഥാന ഗുണം ഉയർന്ന തലത്തിൽ ഉള്ള IQ എന്നതിലുപരി EQ(Emotional quotient ) ആണെന്നുള്ള വാഴ്ത്തരികൾ ക്ളോപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ശെരിയാണെന്നു ബോധ്യപ്പെടും. കളിക്കാർക്കു അദ്ദേഹം സുഹൃത്തും വഴികാട്ടിയാവുമ്പോൾ ബോർഡിന് തങ്ങളുടെ ക്ലബ്ബിനെ ശെരിയായ ദിശയിലേക്കു നയിക്കുന്ന സംരക്ഷകൻ ആവുന്നു. എന്നാൽ ഫാൻസിനു അദ്ദേഹം അവരിലൊരാളാണ്, നാടിൻറെ സംസ്കാരത്തിന്റെയും ക്ലബ്ബിന്റെ വൈകാരികതയുടെയും ആരാധക തീവ്രത അവർ മറ്റൊരു ഷാൻക്ലി എന്ന പോലെ അയാളിലൂടെ കാണുന്നുണ്ട്. അയാൾ ആവട്ടെ തങ്ങളുടെ ക്ലബ്ബിനോടുള്ള അഭിനിവേശം എപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കും. ഓരോ നിമിഷവും അയാൾ കാണികളെ വെല്ലുവിളിച്ചു കൊണ്ടിരിക്കും, ആ വെല്ലുവിളി കാണികൾ സ്വീകരിക്കുമ്പോൾ മൈതാനത്തിന്റെ ഓരോ മുക്കും മൂലയിലും അതിന്റെ അലയൊലികൾ മുഴങ്ങുകയായി. അതോടെ അവരുടെ മൈതാനം എതിരാളികൾക്ക് ഒരു ദുസ്വപ്നം ആവുന്നു. ഈ ഒരു വൈകാരിക അടുപ്പം ആണ് കളിക്കാർ അദ്ദേഹത്തിന്റെ കീഴിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാനുതകുന്നത്.

അദ്ദേഹത്തിന്റെ കീഴിൽ ഉയർന്ന നിലയിൽ കളിച്ച സാഹിനും, മിക്കിക്കും, കഗാവാക്കും ഗോട്സെക്കും ഒക്കെ ആ പ്രകടനം പിൽക്കാലത്തു തുടരാൻ കഴിഞ്ഞില്ല എന്നത് അതിന്റെ ഒരു പ്രതിഫലനം തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ആവും തോൽപ്പിക്കാൻ ഏറ്റവും വിഷമമുള്ള ടീമുകളൊന്നായി ക്ളോപ്പിന്റെ മെയ്ൻസ് മുതൽ ലിവർപൂൾ വരെയുള്ള ക്ലബ്ബുകൾ മാറിയതും. തന്റെ കോച്ചിന് വേണ്ടി പ്രാണൻ നൽകാൻ തയ്യാറുള്ള കളിക്കാർ ഉണ്ടാവുമ്പോൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ നടന്ന പോലെ ഉള്ള അത്ഭുതങ്ങൾ ഇനിയും ആവർത്തിക്കും. മനോഹരമായി തോൽക്കാൻ പറഞ്ഞു വിട്ട ടീം ഡ്രാഗോയെ അട്ടിമറിച്ചു തന്നെ വിസ്മയിപ്പിക്കുമ്പോൾ, തന്റെ പ്രതീക്ഷകൾക്കപ്പുറം പ്രകടനം നടത്തുമ്പോൾ അടിവരയിടുന്നത് അദ്ദേഹത്തിന്റെ ലെഗസി ആണ്.

നേട്ടങ്ങൾക്കു മുമ്പിൽ വിനയാന്വിതൻ ആവുന്ന പരാജയങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്ന ഫുട്ബോൾ ആസ്വദിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഫുട്ബാളിനെക്കാൾ വലുത് ആണ് ജീവിതം എന്ന് പറയുന്ന ലോകത്തു പട്ടിണിയും പരിവട്ടവും അനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാൻ തന്നാലാവുന്ന വിധം ചെയ്യുമെന്ന് പ്രതിജ്ഞ എടുക്കുന്ന ഒരാളെ എതിരാളികൾക്ക് പോലും ആരാധിക്കാതിരിക്കാൻ എങ്ങനെ കഴിയും. ക്ളോപ്പ് ഒരു സന്ദേശമാണ്, ലാഭേച്ചയിലടിസ്ഥിതമായ ഒരു സമൂഹത്തിൽ മനുഷ്യരിൽ അന്തർലീനമായ ഗുണഗണങ്ങളെ സംരക്ഷിച്ചു കൊണ്ട് അതിന്റെ വൈകാരിക തലങ്ങളെ തൊട്ടുണർത്തി ചരിത്രത്തിന്റെ ഭാഗഭാക്കു ആവാം എന്ന മഹത്തായ സന്ദേശത്തിന്റെ പ്രവാചകൻ.

©www.culesofkerala.com