• Follow

Introducing Cruyff’s Dream Team: ജോസ്‌ മരിയ ബകെറോ

  • Posted On May 21, 2020

1991 നവംബർ 6. ജർമനിയിലെ ഫ്രിറ്റ്സ്‌ വാൾട്ടർ സ്റ്റേഡിയം. ബാർസലോണ യൂറോപ്യൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ കൈസേഴ്സ്ലാവ്ട്ടേണിനെ നേരിടുന്നു. ഒന്നാം പാദ മൽസരത്തിൽ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്‌ വിജയിച്ച ബാർസ അനായാസമായി അടുത്ത റൗണ്ടിലേക്ക്‌ തെരഞ്ഞെടുക്കപ്പെടും എന്നു തന്നെയായിരുന്നു ഏവരുടേയും പ്രതീക്ഷ. പക്ഷേ കൈസേഴ്സ്ലാവ്ട്ടേൺ തങ്ങളുടെ ഗ്രൗണ്ടിൽ വിശ്വരൂപം പൂണ്ടു. 3-0 നു പിറകിലായ ബാർസ പുറത്താവുമെന്നു തന്നെ ഏവരും ഉറപ്പിച്ചു. കളി 90 മിനുട്ടിനോടടുത്തിരുന്നു. ബാർസലോണയ്ക്ക്‌ അവസാന നിമിഷം ഒരു ഡീപ്‌ ഫ്രീകിക്ക്‌. കിക്ക്‌ എടുത്ത കോമാൻ പന്ത്‌ നീട്ടിയടിച്ചു. ബോക്സിൽ നിരന്നു നിന്ന ആൾക്കൂട്ടത്തിനിടയിൽ നിന്നു ഉയർന്നു ചാടിയ ഒരു അഞ്ചടി എട്ടിഞ്ചുകാരൻ തന്റെ തല കൊണ്ട്‌ പന്തിനെ ഗോൾ പോസ്റ്റിന്റെ ഒഴിഞ്ഞ മൂലയിലേക്ക്‌ ചെത്തിയിട്ടു. 3-3; ബാർസലോണ എവേ ഗോൾ ആനുകൂല്യത്തിൽ അടുത്ത റൗണ്ടിലേക്ക്‌. ആ 90 മിനുട്ടിലെ ബാർസയുടെ ഏക ഗോൾ ശ്രമമായിരുന്നു അത്‌. ബാർസയുടെ ആ മുന്നേറ്റം അവസാനിച്ചത്‌ യൂറോപ്പിന്റെ ജേതാക്കൾ ആയിട്ടാണു. ക്ലബിന്റെ 93 വർഷത്തെ ചരിത്രത്തിലെ ആദ്യ യൂറോപ്യൻ കപ്പ്‌. ആ ഒരൊറ്റ ഹെഡർ ഗോൾ മാറ്റിക്കുറിച്ചത്‌ ബാർസയുടെ ചരിത്രം തന്നെയായിരുന്നു.

ആ മില്യൺ ഡോളർ ഗോളിന്റെ ഉടമ ആരായിരുന്നു? ജോസ്‌ മരിയ ബകെറോ; ഫോർവേർഡ്‌ ആയി കളി തുടങ്ങിയ അയാൾ 1980-81 ലും 1981-82 ലും ലാലിഗ കിരീടം നേടിയ റയൽ സോസിഡാഡ്‌ ടീമംഗമായിരുന്നു. ക്രൈഫ്‌ പ്രോജക്ടിന്റെ ഭാഗമായി മറ്റനേകം കളിക്കാരുടെ കൂടെ അദ്ദേഹവും 1988ൽ ബാർസയിലെത്തി. 8 വർഷം അദ്ദേഹം ഒരു അറ്റാക്കിംഗ്‌ മിഡ്ഫീൽഡർ ആയി ബാർസയിൽ നിറഞ്ഞു നിന്നു; പലപ്പോഴും ബാർസയുടെ മധ്യനിരയേയും ആക്രമണ നിരയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ബകെറോ. അദ്ദേഹത്തിന്റെ ലിങ്ക്‌ അപ്‌ പ്ലേയും വർക്ക്‌ റേറ്റും ക്രൈഫിന്റെ 3-4-3 ഫോർമേഷൻ വിജയിപ്പിക്കുന്നതിൽ നിർണായകമായി. ക്രൈഫിന്റെ 90 കളിലെ ‘ഡ്രീം ടീം’ നേടിയ നാലു ലാലിഗ കിരീടങ്ങളിലും പ്രധാന പങ്ക്‌ വഹിച്ച ബകെറോ 300 ലേറെ മൽസരങ്ങളിൽ ബാർസ ജഴ്സിയണിഞ്ഞു. തന്റെ കരിയറിലുടനീളമായി 18 കിരീടങ്ങൾ നേടിയ അദ്ദേഹം സ്പെയിനിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണു.

©Penyadel Barca Kerala

  • SHARE :