Introducing Cruyff’s Dream Team: ഹ്രിസ്റ്റോ സ്റ്റോയിച്കോവ്
ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമത്തിന് ബൾഗേറിയൻ ഭാഷയിൽ ക്രിസ്തു എന്നർത്ഥമുണ്ട്, പക്ഷെ പലപ്പോഴും ആ ദൈവനാമം വെറുതെ ആയിപോയെന്ന് തോന്നിപ്പിച്ചിട്ടുമുണ്ട്. ഊർജസ്വലമായ, ഉജ്ജ്വലവും ആവിശ്യസനീയമാംവിധം കഴിവുള്ളതുമായ ഹ്രിസ്റ്റോ സ്റ്റോയിച്കോവ് എന്ന നാമം ബൾഗേറിയൻ ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പേരെന്ന വിശേഷണത്തെ ഒരുകാലത്തും ആരുംതന്നെ മറികടക്കുമെന്ന് തോന്നുന്നില്ല.
“ലോകത്തിൽ രണ്ട് ക്രിസ്തുമാരുണ്ട്, ഒന്ന് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്നു, മറ്റൊന്ന് സ്വർഗ്ഗത്തിലും”, 1994ൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ ഹ്രിസ്റ്റോ പറഞ്ഞ വാക്കുകളാണിവ!
മേല്പറഞ്ഞ വാക്കുകളിൽനിന്ന് വ്യക്തമാണ്, ലോകം കണ്ട ഏറ്റവും മികച്ച ഗോൾ സ്കോറെർമാരിൽ ഒരാളായ ഈ ബൾഗേറിയൻ നായകന്റെ വ്യക്തിത്വം.
സ്റ്റോയിച്കോവിനെ മറ്റുളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു; ദൈവം നൽകിയ നൈപുണ്യം, ദൈവത്തോളം വലിപ്പമുള്ള അർത്ഥം, പിശാചിനോത്ത സ്വഭാവം!
പതിനാറാം വയസ്സിൽ പ്രാദേശിക ടീമായ ഹെബ്രോസിനൊപ്പം തന്റെ കരിയർ ആരംഭിച്ച സ്റ്റോയിച്കോവ് വളരെ പെട്ടന്ന് തന്നെ ബൾഗേറിയൻ ഫുട്ബാളിലെ തിളക്കമാർന്ന യുവതാരമായി മാറി. അദ്ദേഹത്തിന്റെ സാങ്കേതിക മികവുകൾ മറ്റുള്ളവരിൽനിന്ന് വേറിട്ടു നിന്നു. ഒരു ലെഫ്റ്റ് വിങ്ങർ എന്ന നിലയിൽ തന്റെ വേഗതയും കൃത്യതയും ഉപയോഗിച്ച് എതിരാളികളെ വിറപ്പിച്ചപ്പോൾ, രാജ്യത്തെ വമ്പന്മാരായ സിഎസ്കെഎ സൊഫിയ ഈ യുവപ്രതിഭയ്ക്കായി വന്നതിൽ അതിശയിക്കാനില്ല.
സിഎസ്കെഎയുമായി കരാറൊപ്പിട്ട ഒരു വർഷത്തിനുള്ളിൽ, ഈ പ്രതിഭയ്ക്ക് വന്യമായ മനോഭാവമുണ്ടെന്ന് അവർ മനസിലാക്കാൻ തുടങ്ങി. 1985ൽ ലെവ്സ്കി സ്പർട്ടാക്കിനെതിരെ ബൾഗേറിയൻ കപ്പ് ഫൈനലിൽ ഹ്രിസ്റ്റോ ഉൾപ്പെടയുള്ള താരങ്ങൾ വാക്കേറ്റത്തിനും തുടർന്ന് കയ്യാങ്കളിയിലും ഏർപ്പെട്ടതുമൂലം, അയാളുടെ തനതായ കർക്കശസ്വഭാവം പുറത്തുവന്നു.
സൊഫിയ 2-1 എന്ന സ്‌കോറിൽ ജയിച്ചെങ്കിലും സ്റ്റോയിച്കോവ് അടക്കം 6 കളിക്കാരെ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അടുത്ത സീസണിൽ ഹ്രിസ്റ്റോ മടങ്ങി വരുമ്പോഴേക്കും സിഎസ്കെഎ സൊഫിയയുടെ പേര് സിഎസ്കെഎ സ്രേഡെറ്റ്സ് എന്നാക്കി മാറ്റിയിരുന്നു. തിരിച്ചുവരവിൽ മിന്നുന്ന ഫോമിലൂടെ, 4-3-3 ഫോർമേഷനിൽ ലെഫ്റ്റ് ഫോർവേഡായി ഗോൾ അടിച്ചു കൂട്ടുകയും ചെയ്തു.
അതെ സമയം, മികച്ച ഒരുപറ്റം യുവ താരങ്ങളുടെ ഉദയമായിരുന്നു ബൾഗേറിയയിൽ. യോർദാൻ ലെച്ച്കോവ്, ഇലിയൻ കിരിയാക്കോവ്, ക്രാസിമിർ ബലാകോവ്, ഗോളടിയന്ത്രം എമിൽ കോസ്റ്റഡിനോവ് തുടങ്ങിയർ അതിൽ പ്രമുഖരായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഒരു പുത്തൻ ശക്തികളുടെ ഉയർന്നുവരവാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. സ്റ്റോയിച്കോവിനെ കേന്ദ്രികരിച്ച് സ്രേഡെറ്റ്സ് ആ സീസണിൽ എതിരാളികളെ തീർത്തും നിഷ്പ്രഭമാക്കി മൂന്നാം കിരീടത്തിൽ മുത്തമിട്ടു. തന്റെ കേളിമികവിനോട് നീതി പുലർത്താൻ തുടങ്ങിയ ഹ്രിസ്റ്റോ സീസണിൽ 38 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി.
സ്രേഡെറ്റ്സിന്റെ യൂറോപ്യൻ വിന്നേഴ്സ് കപ്പിലേക്കുള്ള പ്രയാണത്തിലാണ് സ്റ്റോയിച്കോവിന്‍റെ മാസ്മരികത ബൾഗേറിയക്ക് പുറത്തുള്ളവർക്ക് മനസിലാവാൻ തുടങ്ങിയത്. സെമിഫൈനലിൽ ക്രൈഫിന്റെ ബാഴ്സയുമായി മുഖാമുഖം വരുന്നത് മുമ്പ് ഗ്രീക്ക് വമ്പന്മാരായ പനാത്തിനിക്കോസ്, റോഡ ജെ സി തുടങ്ങിയവരെ പുറത്താക്കിയിരുന്നു.
ലാ ബ്ലൗഗ്രാന ഇരുപാദങ്ങളിലുമായി ജയിച്ചു ഫൈനലിലേക്ക് മുന്നേറിയെങ്കിലും, മത്സരം വീക്ഷിച്ചവരുടെ മനം കവർന്നത് സ്റ്റോയിച്കോവായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ക്രൈഫ് ആ മിന്നുംതാരത്തെ അടുത്ത സീസണിൽ തന്നെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.
എന്നിരുന്നാലും, സ്റ്റോയിച്കോവിന്‍റെ ഈ കണിശമായ സ്വഭാവത്തെ എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യചിഹ്നം അപ്പോഴേ ഉയർന്നിരുന്നു. ക്യാമ്പ്നൗവിലെ അരങ്ങേറ്റസീസണിൽ തന്നെ ഒരു റഫറിയുടെ തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും, തുടർന്ന് കാലിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അതുമൂലം രണ്ടു മാസത്തേക്ക് സസ്‌പെൻഡും ചെയ്യപ്പെട്ടു. മാത്രമല്ല, ഈ അസ്ഥിരനായ ബൾഗേറിയനെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള ക്രൈഫിന്റെ തീരുമാനം എല്ലാ തലത്തിലും ചോദ്യംചെയ്യപ്പെട്ടു. സസ്പെന്ഷന് ഉണ്ടായിട്ടും, ആ സീസണിൽ മിഡ്ഫീൽഡിൽനിന്നും 20 ഗോളുകൾ നേടാൻ ഹ്രിസ്റ്റോയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ കളങ്കം അങ്ങനെ മാഞ്ഞു തുടങ്ങിയിരുന്നു, പക്ഷെ അത് ബാഴ്‌സലോണയുടെ ഒരു ഡയറക്ടറുടെ രക്ഷാകർതൃത്തെ ചോദ്യം ചെയ്യുന്നതുവരെ മാത്രം. അതും ടെലിവിഷനിൽ തത്സമയം!
സ്റ്റോയിച്കോവിന്‍റെ വരവ് ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കാലഘട്ടത്തിന് പ്രചോദനമായി.അദ്ദേഹം മിഡ്ഫീൽഡിന്റെ ഇടതുവശത്തു നിന്ന് വന്യമായ ആക്രമണങ്ങൾ മെനഞ്ഞതോടെ, ക്രൈഫിന്റെ ബാഴ്സ അടുത്ത നാല് സീസണിലെ ലാ ലിഗാ(91,92,93,94), ക്ലബ് ചരിത്രത്തിലെ ആദ്യത്തെ യൂറോപ്യൻ കപ്പ്(92),കോപ്പ ഡെൽ റെ(90),സൂപ്പർ കോപ്പ ഡി എസ്പാന(92,94) തുടങ്ങിയവ കരസ്ഥമാക്കി.
റൊണാൾഡ് കൂമാൻ, ബേക്കറോ, സാലിനാസ്, മൈക്കൽ ലോഡ്രപ്പ്, നദാൽ, ജോസെപ് ഗ്വാർഡിയോള, ഗിയോർഗെ ഹാഗി, റൊമാരിയോ, സ്റ്റോയിക്കോവ് തുടങ്ങിവർ അണിനിരന്ന ‘ഡ്രീം ടീം’, യൂറോപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സുന്ദരമായ ഫുട്ബോൾ കാഴ്ചവെച്ചു.
കളിക്കളത്തിൽ പതിയെ പക്വതയാർജ്ജിച്ച ഹ്രിസ്റ്റോ, ഓരോ ബാഴ്‌സ ആക്രമണത്തെയും ഒരു സംഗീതസംവിധായകന്റെ വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്തു. കുറ്റമറ്റതായ പാസിംഗ്, വന്യമായ ആക്രമണങ്ങൾ, പൂർണമായ ഡ്രിബ്ബിങ്, കൂടാതെ ലേസർ പെർഫെക്ട് ആയ ഷൂട്ടിംഗ് പാടവം തുടങ്ങിയവകൊണ്ട് ഫുട്ബോളിനെ കയ്യിലെടുത്തു. തുടർന്ന് 1994ൽ യൂറോപ്യൻ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
ബാഴ്‌സയിൽ ആയിരുന്ന സമയത്ത്, അദ്ദേഹം പതിവായി തന്റെ ആരാധനപാത്രമായ ക്രൈഫുമായി ഏറ്റുമുട്ടിയിരുന്നു. ക്രൈഫുമായും പത്രക്കാരുമായും നടത്തിയ ഒരു വലിയ തർക്കത്തിന് ശേഷം സ്റ്റോയിക്കോവ് അവരോട് പറഞ്ഞു “നവംബർ വരെ ഞാൻ നിങ്ങളിലോറ്റ ബാസ്റ്റഡുകളുമായി സംസാരിക്കുന്നില്ല!” തുടർന്ന് ക്രൈഫിന്റെ വാദമോ, മറ്റൊരു തർക്കത്തിന് വഴിവെക്കും!
എന്നും പൊട്ടിത്തെറിയുടെ വക്കിലെത്തിയ അഗ്നിപർവ്വതമായിരുന്നു സ്റ്റോയിച്കോവ് എന്ന് പറയുന്നത് അനീതിയാണ്. ദേശീയ ബ്രോഡ്കാസ്റ്റർമാർക്ക് ഫീസ് താങ്ങാൻ കഴിയാത്തതിനെത്തുടർന്ന് 1992ൽ യൂറോപ്യൻ കപ്പ് ഫൈനൽ പ്രക്ഷേപണ അവകാശത്തിനായി അദ്ദേഹം പണം നൽകുകയുണ്ടായിരുന്നു. ഇത് ബൾഗേറിയൻ ആരാധകർക്കിടയിൽ അദ്ദേഹത്തോടുള്ള മതിപ്പ് പതിന്മടങ്ങ് വർധിച്ചു. പക്ഷെ ബൾഗേറിയൻ ഫുട്ബോളിൽ മറ്റൊന്നായിരുന്നു നടന്നുകൊണ്ടിരുന്നത്. ഹ്രിസ്റ്റോയെ കൂടാതെ രാജ്യത്തെ മികച്ച കളിക്കാരിൽ ഭൂരിഭാഗവും യൂറോപ്പിലെ മികച്ച ലീഗുകളിലേക്ക് കൂടെറിയിരുന്നു. അത്, അമേരിക്കയിൽ നടക്കാൻ പോകുന്ന ലോകകപ്പിന്, ബൾഗേറിയൻ ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു.
ബാഴ്‌സയിലെ ഡ്രീം ടീമിന്റെ മാത്രമല്ല, ബൾഗേറിയയുടെ ഗോൾഡൻ ജനറേഷന്റെയും കേന്ദ്രബിന്ദു കൂടിയായിരുന്നു അദ്ദേഹം.
തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ഒരു ലോകകപ്പ് മത്സരജയം കൂടാതെ വന്ന ബൾഗേറിയയെ സ്റ്റോയിച്കോവ് ആത്മവിശ്വാത്തോടെ അമേരിക്കയിലേക്ക് നയിച്ചു. എന്നാൽ കുറച്ചുപേർ, ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയ, ഗ്രീസ്, അർജന്റീന എന്നീ വമ്പന്മാരെ കിട്ടിയതുമൂലം മുന്നേറാനുള്ള സാധ്യതയെ തുടക്കത്തിലേ തള്ളിക്കളഞ്ഞിരുന്നു. അനുഭവകുറവ് മൂലം, ആദ്യമത്സരത്തിൽ നൈജീരിയോട് 3-0 എന്ന സ്‌കോറിൽ തോൽവിയോടെയുള്ള തണുത്ത തുടക്കമാണ് ബൾഗേറിയക്ക് നേരിടേണ്ടിവന്നത്. അവസാനമത്സരത്തിൽ അർജന്റീനയെ നേരിടേണ്ടത്കൊണ്ട് തന്നെ, ഗ്രീസുമായുള്ള മത്സരത്തിൽ ഒരു കനത്ത ജയം ആവശ്യമായിരുന്നു.കാരണം, ആദ്യ റൗണ്ടിൽ ജയിച്ച രണ്ടു ടീമിന്റെയും മാർജിൻ വലിയതായിരുന്നു. ആയതിനാൽ ഗോൾ വ്യത്യാസം ഈ ഗ്രൂപ്പിന്റെ മുമ്പോട്ടുള്ള യാത്രയെ തീരുമാനിക്കുന്നതിൽ ഘടകമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മത്സരത്തിൽ ഗ്രീസിനെ 4-0 എന്ന സ്‌കോറിൽ തകർക്കുമ്പോൾ സ്റ്റോയിക്കോവ് രണ്ട് ഗോൾ നേടി വിജയത്തിന് ചുക്കാൻ പിടിച്ചു. മറ്റൊരു മത്സരത്തിൽ അര്ജന്റീന 2-1ന് നൈജീരിയയെ തോല്പിച്ചപ്പോൾ അവസാന റൗണ്ട് മത്സരം എല്ലാവർക്കും നിർണായകമായി മാറി.
അവസാന ഗ്രൂപ്പ് മത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ അർജന്റീന 6 പോയിന്റും +5 എന്ന ഗോൾ വ്യത്യാസവുമായി ഗ്രൂപ്പിൽ ഒന്നാമതായിരുന്നു, നൈജീരിയയ്ക്ക് 3 പോയിന്റും +2 ഗോൾ വ്യത്യാസവും ബൾഗേറിയയ്ക്ക് 3 പോയിന്റും +1 ഗോൾ വ്യത്യാസവും ഉണ്ടായിരുന്നു. അതുകൊണ്ട് ബൾഗേറിയക്ക് 2 ഗോളിന്റെ വ്യക്തമായ വിജയം മുമ്പോട്ട് പോകുന്നതിന് ആവശ്യമായിരുന്നു. കൊക്കയ്‌ൻ ഉപയോഗം മൂലം പുറത്താക്കപെട്ട ഡീഗോ മറഡോണയുടെ അസാന്നിധ്യം ബൾഗേറിയയുടെ പ്രതീക്ഷകൾ കൂട്ടി. തങ്ങളുടെ പ്രധാന ഊർജം നഷ്ടപ്പെട്ട അർജന്റീന കിതച്ചപ്പോൾ, പലരും പ്രതീക്ഷിച്ചിരുന്ന മാസ്റ്റർ vs മാസ്റ്റർ യുദ്ധത്തിനുള്ള അവസരം സ്റ്റോയിച്കോവിനും നഷ്‌ടപ്പെട്ടു. പക്ഷെ മറഡോണയുടെ അഭാവം തന്റെ ലോകകപ്പ് കവർന്നെടുക്കാൻ അദ്ദേഹം അനുവദിച്ചില്ല. മത്സരം നന്നേ കടുത്തതായിരുന്നു, ബൾഗേറിയക്ക് താളം കണ്ടെത്താൻ ആൽബിസെലസ്റ്റേകൾ ഒരിക്കലും അനുവദിച്ചിരുന്നില്ല. അർജന്റീനിയൻ പ്രതിരോധക്കാരാൽ വളഞ്ഞിട്ടും സ്റ്റോയിച്കോവ് തന്നെയായിരുന്നു പിച്ചിലെ ഏറ്റവും മികച്ച കളിക്കാരൻ.
61ആം മിനിറ്റിൽ സ്റ്റോയിച്കോവിനും ബൾഗേറിയയ്ക്കും അവർ കാത്തിരുന്ന നിമിഷം വന്നുചേർന്നു. കനിജിയയിൽ നിന്ന് ഒരു ക്രോസ് തടഞ്ഞു പിടിച്ചെടുത്ത ബാലകോവ്, പന്ത് വൈഡായി കോസ്റ്റാഡിനോവിക്കിന് കൊടുത്തു. അദ്ദേഹത്തിന്റെ മികച്ച പാസ് മൂന്ന് അർജന്റീന പ്രതിരോധക്കാർകിടയിലൂടെ പന്ത്, കുതിക്കുന്ന സ്റ്റോയിച്കോവിലേക്ക് എത്തി. കീപ്പർ മുന്നോട്ട് കേറി തടയാൻ വന്നപ്പോൾ,ഹ്രിസ്റ്റോ ശാന്തനായി പന്ത് വലയിലേക്ക് നിറയൊഴിച്ചു, ബൾഗേറിയയ്ക്ക് ഒരു അവസാന പോരാട്ടത്തിന് പ്രതീക്ഷ നൽകി. തുടർന്ന് പ്രതിരോധ മതിൽ തീർത്ത അർജന്റീന മത്സരം ശക്തമാക്കി. ഒറ്റ ഗോളെന്ന ബൾഗേറിയൻ മോഹം പലപ്പോഴും അർജന്റീനയുടെ മതിലിൽ തട്ടി തകർന്നുപോകാൻ തുടങ്ങി. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോൾ അർജന്റീന ഗ്രൂപ്പിൽ ഒന്നാമതാണെങ്കിലും, 92ആം മിനിറ്റിൽ സിറാകോവ് അർജന്റീനിയൻ ഹൃദയങ്ങളെ തകർത്തു ഗോൾ വല ഭേദിച്ച് ബൾഗേറിയയെ അടുത്ത റൗണ്ടിലേക്ക് നയിച്ചു. അർജന്റീനയും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും, ഹാഗിയുടെ റൊമാനിയയോട് പരാജയപ്പെടുകയും ചെയ്തു.
അവസാന -16 ലെ ബൾഗേറിയയുടെ എതിരാളികൾ അയർലൻഡും ഇറ്റലിയും അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയ മെക്സിക്കോയായിരുന്നു. സ്റ്റോയിച്കോവിന്‍റെ ഏക ഗോളിന്റെ ബലത്തിൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും, ബൾഗേറിയ 3-1ന് ജയിച്ച് മുന്നേറുകയും ചെയ്തു. അടുത്ത റൗണ്ടിൽ, ടൂർണമെന്റിലെ ഏറ്റവും മികച്ചത് എന്ന് പലരും കരുതുന്ന മത്സരത്തിൽ ജർമ്മനിയെ 2-1ന് പരാജയപ്പെടുത്തി. ലോതർ മാത്തേവൂസ് ജർമ്മനിയെ ഹാഫ് ടൈമിന് മുമ്പ് മുന്നിലെത്തിച്ചെങ്കിലും സ്റ്റോയിക്കോവ്, ലെറ്റ്കോവ് എന്നിവർ മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി ബൾഗേറിയയ്ക്ക് അവിസ്മരണീയമായ വിജയം നൽകി.
ഇതിനോടകം മനോഹരമായ ഫുട്‌ബോൾ കാരണം ആരാധകരുടെ പ്രിയ ടീമായി മാറിയ ബൾഗേറിയയെ കാത്തുനിന്നിരുന്നത് അസൂറികളായിരുന്നു. ടോട്ടൽ ഫുട്ബോൾ ശൈലി പിന്തുടരുന്ന രാജ്യങ്ങളിൽ ബൾഗേറിയ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. പതിവുപോലെ സമ്മർദ്ദം വർദ്ധിക്കുന്നതിനനുസരിച്ച് ഇറ്റലി അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു. റോബർട്ടോ ബാജിയോ രണ്ടുതവണ ഗോൾ വല ചലിപ്പിച്ചപ്പോൾ, സ്റ്റോയിച്കോവിന്‍റെ ഒറ്റ ഗോൾ മത്സരഫലം മാറ്റിമറിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെ ആരാധകഹൃദയം കീഴടക്കിയ ബൾഗേറിയയുടെ യാത്ര സെമിയിൽ അവസാനിച്ചു. ആ തിളക്കമാർന്ന തോൽവിക്കിടയിലും ഗോൾഡൻ ബൂട്ട് നേടിയ ഹ്രിസ്റ്റോ, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുകയും ചെയ്തു.
രണ്ടുവർഷത്തിനുശേഷം, ഇറ്റലിയിലെ പാർമയ്ക്കായി അദ്ദേഹം ബാഴ്‌സ വിടാൻ തീരുമാനിച്ചു. സ്റ്റോയിക്കോവ് പോയതോടെ ജോഹാൻ ക്രൈഫിന്റെ ടീമിന് പ്രതീക്ഷയ്ക്കൊത്തുയരാൻ സാധിച്ചില്ല, തുടർന്ന് അടുത്ത വർഷം ക്ലബ് അദ്ദേഹത്തെ പുറത്താക്കി. ഇറ്റലിയിൽ അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. അമിതമായ പ്രതിരോധത്തിലൂന്നിയ ടീമുകളും, അതുമൂലമുള്ള തന്റെ അസ്ഥിര സ്വഭാവവും ഇറ്റലിയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. പരുക്കൻ കളികൾ അദ്ദേഹത്തെ ഇടയ്ക്കിടെ പരിക്കേൽപിച്ചു. 23 കളികൾ നിന്ന് കേവലം 5 ഗോൾ മാത്രമാണ് നേടാനായത്.
1996-ൽ ബോബി റോബ്‌സൺ, തന്റെ ബാഴ്‌സലോണ ടീമിനെ നയിക്കാൻ വേണ്ടി, പ്രായമായ സ്റ്റോയിച്കോവിനെ ക്യാമ്പ്നൗവിലെക്ക് തിരികെ കൊണ്ടുവന്നു. ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും,അവിടെ നിന്ന രണ്ട് സീസണുകളിൽ യുവേഫ കപ്പ്, കോപ ഡെൽ റേ, യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടാൻ സാധിച്ചിരുന്നു.
1998 ആവുമ്പോഴേക്കും, ഇടയ്ക്കിടെ പരിക്ക് വലച്ച 32 കാരനായ സ്റ്റോയിച്കോവ്, തന്റെ പഴയ ക്ലബായ സിഎസ്‌കെഎ സോഫിയയിലെക്ക് തിരികെ പോയി. കുറഞ്ഞ മത്സരസമയത്തിൽ നിരാശനായ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. അതിനുവേണ്ടി 5 കൊല്ലം പല രാജ്യങ്ങളിൽ ചിലവഴിച്ച് അനുഭവം നേടി. ഈ കാലഘട്ടത്തിലാണ്, മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ ഒരു ചെറുപ്പക്കാരന്റെ കാൽ ചവിട്ടി ഒടിക്കുകയും; പിന്നീട് ആ കൃത്യത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ഉണ്ടായി, പക്ഷെ അത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പായി.
2004ൽ അദ്ദേഹം ബൾഗേറിയൻ ദേശീയ ടീമിന്റെ മാനേജരായി ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തിൽ ടീമിന്റെ പ്രകടനത്തിൽ കാര്യമായ പുരോഗതിയും ഉണ്ടാവാത്തതിനെതുടർന്ന് 2007ൽ മാനേജർ പദവിയിൽ നിന്ന് പുറത്താക്കി. യൂറോപ്പ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ഇദ്ദേഹം അസ്ഥിരനായിരുനെങ്കിലും, വളരെ മാന്യനായിരുന്നു.
ഹ്രിസ്റ്റോ സ്റ്റോയിച്കോവ് ഒരു ദൈവത്തെപ്പോലെ കളിച്ചു, ഒരു ദൈവത്തെപ്പോലെ ജീവിച്ചു, ഒരു പിശാചിനെപ്പോലെ പോരാടി!
©www.culesofkerala.com