• Follow

“പുറത്തേക്കിറങ്ങുവാൻ എനിക്ക് ലജ്ജ തോന്നാറുണ്ട്. ” – ആന്ദ്രേ ഗോമസ്

  • Posted On March 17, 2018

വിമർശനങ്ങൾ ഒരിക്കലും ഒരു തെറ്റല്ല. യോഹാൻ ക്രൈഫ് മുതൽ ലിയോണൽ മെസ്സി വരെ വിമർശനങ്ങൾക്ക് അധീനമായിട്ടുണ്ട്. എന്നാൽ വിമർശനം മറയാക്കിയിട്ടുള്ള അന്ധമായ വെറുപ്പ് ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് ‘ വെറുമൊരു ക്ലബല്ല, അതിനും മുകളിലാണ് ബാഴ്‌സലോണ’ എന്ന് അഭിമാനപൂർവ്വം പറയുന്ന നമ്മൾ. വെറുത്തു തുടങ്ങുന്ന ആ നിമിഷം മുതൽ നമ്മൾ മറ്റു ഫുട്‍ബോൾ ക്ലബ് ആരാധകരിൽ നിന്ന് വ്യത്യസ്തരല്ല.
ആന്ദ്രേ ഗോമസ് ക്ലബ്ബിൽ വന്ന സമയം ഓർക്കുന്നു. ബാഴ്‌സലോണയുടെ ആരാധകൻ കൂടിയായ അദ്ദേഹത്തിന്റെ പിതാവ്, തന്റെ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ബേക്കറിയിൽ നിന്ന് കേക്കുമായാണ് ബാഴ്‌സയിലേക്ക് വന്നത്. ആ കേക്ക് ബാർത്തോമയുവിനെ ഏൽപ്പിക്കുമ്പോൾ, തന്റെ ആഗ്രഹം സഫലീകരിച്ചു കൊടുത്ത മകനെയോർത്തു അയാൾ സന്തോഷിച്ചിരിക്കണം. ബാഴ്‌സയോടുള്ള നന്ദിയും, സ്നേഹവുമാണ് ആ കേക്കിൽ കണ്ടത്. ഗോമസിന്റെ ആഗ്രഹം ഒരുപക്ഷെ ബാഴ്‌സയായിരിക്കണം എന്നില്ല. പിതാവിന്റെ ഹിതപ്രകാരമാകും അദ്ദേഹം ബാഴ്‌സ തിരഞ്ഞെടുത്തത്. തന്റെ പിതാവിന്റെ പ്രതീക്ഷകളും, ലോകമെമ്പാടുമുള്ള ബാഴ്‌സലോണ ആരാധകരുടെ പ്രതീക്ഷകളും പക്ഷെ എത്ര വലുതാണ് എന്നു ഗോമസ് ഒരുപക്ഷെ അന്ന് അറിഞ്ഞു കാണില്ല.
ഒട്ടും നല്ല നാളുകളായിരുന്നില്ല ഗോമസിനു ക്ലബ്ബിൽ നിന്ന് ലഭിച്ചത്. സഹകളിക്കാർ പിന്തുണ നല്കുമ്പോളും, ഗോമസിനു എന്തോ വിജയിക്കാൻ കഴിഞ്ഞില്ല. ബാഴ്‌സലോണ ആരാധകരുടെ ക്ഷമയും പതിയെ ക്ഷയിച്ചു തുടങ്ങി. ആരാധകർ അയാളെ അധിക്ഷേപിക്കുവാൻ തുടങ്ങി. ഒരു തിരിച്ചു വരവിനു അയാൾക്ക് വേണ്ടിയിരുന്ന ആ ചെറിയ ആത്മവിശ്വാസം പോലും ആരാധകർ തല്ലികെടുത്തി. ആന്ദ്രേ ഗോമസ് എന്ന താരം വീഴുകയായിരുന്നു.അദ്ദേഹത്തിന്റെ പിതാവിന്റെയും, കുടുംബത്തിന്റെയും ദുഃഖം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
ഗോമസ് വിമർശനം അംഗീകരിക്കുന്നുണ്ട്. എന്നാൽ വിമർശനമായിരുന്നില്ല പലപ്പോഴും, അധിക്ഷേപങ്ങളായിരുന്നു അന്തമായ വെറുപ്പായിരുന്നു . അതേല്പിച്ച ആഘാതമാണ് ഇന്ന് അയാളുടെ വാക്കുകളിൽ നാം കണ്ടത്. ആരാധകർ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ക്യാമ്പ് ന്യൂ അത് ചെയ്യുമെന്നറിയാം. മോശം ഫോമിൽ കളിക്കുന്ന താരങ്ങളെ പിന്തുണച്ച ചരിത്രമാണ് ക്യാമ്പ് ന്യൂവിനു കൂടുതലും പറയാനുള്ളത്. നാളെ കഴിഞ്ഞുള്ള മത്സരത്തിൽ ഗോമസിന്റെ പേര് ക്യാമ്പ് ന്യൂ ഏറ്റുപാടുമെന്നതിൽ സംശയമൊന്നുമില്ല. മനസ്സ് കൊണ്ടെങ്കിലും നമുക്കും നമ്മുടെ പിന്തുണ അയാൾക്ക് കൊടുക്കാം. കാരണം ആ ബ്ലോഗറാന ജഴ്‌സി അണിയുന്നിടത്തോളം കാലം അയാൾ ബാഴ്‌സലോണയുടെ താരമാണ്. അക്കാലമത്രയൂം അയാൾ നമ്മുടെ പിന്തുണ അർഹിക്കുന്നു. ടീം വിട്ട താരങ്ങൾക്കും, മാനേജർമാർക്കും ഇന്നും പിന്തുണ കൊടുക്കുന്ന നമുക്ക് അതിനു കഴിയണം. അല്ലെങ്കിൽ ‘മെസ് ക്യൂ ഉൻ ക്ലബ്’ എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല.
ടെർ സ്റ്റെയ്ഗനും, വാൽവർഡയും പരസ്യമായി ക്യാമ്പ് ന്യൂവിനെ ശാസിച്ചിട്ടുണ്ടെങ്കിൽ അതിനു നാം കൂടി കാരണക്കാരാണ്. അവർക്ക് ഗോമസിലുള്ള വിശ്വാസം കൂടിയാണ് അന്ന് നാം കണ്ടത്.
ഗോമസ് ടീമിൽ നിന്ന് പോവുകയാണെങ്കിൽ പോലും, അയാളുടെ പിതാവിന് അയാളെ ഓർത്തു എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടം അല്ലെങ്കിൽ ഒരു നിമിഷം ഉണ്ടാകട്ടെ എന്നു ആശിക്കുന്നു.

©www.culesofkerala.com

  • SHARE :