IKER CASILLAS – THE ANGEL GUARDIAN
കഴിഞ്ഞ ആഴ്ച സ്പോർട്സ് ന്യൂസുകളുടെ കൂട്ടത്തിൽ ഒരു ചെറിയ വാർത്ത ശ്രദ്ധയിൽ പെട്ടു. ഒരു ചെറുകോളം വാർത്ത മാത്രമായിരുന്നു അത്. ” മുൻ സ്പാനിഷ് ക്യാപ്റ്റൻ ഐക്കർ കാസിയസ് സജീവ ഫുട്ബാളിൽ നിന്നും വിരമിച്ചു “. ഒരു നിമിഷം മനസ്സ് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ബാഴ്‌സ ആരാധകനായി തുടങ്ങുന്ന സമയത്ത്, എൽ ക്‌ളാസിക്കോയുടെ ചൂടും ചൂരും മനസ്സിലേക്ക് പതിയെ കയറി വന്ന സമയത്ത് എതിരാളികളായ റയൽ മാഡ്രിഡിന്റെ കാവലാളും കപ്പിത്താനുമായിരുന്ന സൗമ്യനായ ഒരാളെ മനസ്സ് വീണ്ടും ഓർത്തെടുത്തു. അമാനുഷികമായ പല സേവുകൾ കൊണ്ട് സൈന്റ്റ് ഐക്കർ എന്ന് പേര് വീണ ഒരാൾ.
നമ്മളിൽ ഒട്ടുമിക്കവരും ഫുട്ബാളിന്റെ ആദ്യാക്ഷരങ്ങൾ പഠിക്കുന്നതിന് മുൻപേ അയാൾ ഫുട്ബോൾ എന്ന മഹാസാഗരത്തിൽ പലായനം ആരംഭിച്ചിരുന്നു. 1990 ൽ അദ്ദേഹം റയൽ മാഡ്രിഡിൽ യൂത്ത് കരിയർ ആരംഭിച്ചപ്പോൾ ഈ ലേഖകൻ ജനിച്ചിട്ട് പോലും ഇല്ലായിരുന്നു. മാഡ്രിഡിന്റെ പ്രാന്തപ്രദേശമായ മോസ്‌റ്റോൾസിൽ ജനിച്ച കസിയസ് സ്വാഭാവികമായും റയൽ മാഡ്രിഡിന്റെ കളരിയിൽ തന്നെ എത്തിപ്പെട്ടു. ഒൻപത് വർഷങ്ങൾക്ക് ശേഷം 1999 ൽ റയലിന്റെ ഒന്നാംനിര ടീമിൽ സ്ഥാനം നേടുകയും ചെയ്തു. തന്റെ സീനിയർ ടീമിലെ ആദ്യ വർഷം തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഡ്രിഡിന്റെ വല കാത്ത കസിയസ്, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവുകയും ആ കിരീടം ചൂടുകയും ചെയ്തു. റയലിൻറെ ചരിത്രത്തിലേക്കും ലോക ഫുട്ബോൾ ഭൂപടത്തിലേക്കും മറ്റൊരു സ്പാനിഷ് യുവാവിന്റെ രംഗപ്രവേശമായിരുന്നു ആ വർഷം ലോകം കണ്ടത്.
സാന്റിയാഗോ ബെർണബ്യു എന്ന വിഖ്യാതമായ സ്റ്റേഡിയം പിന്നീട് അയാളുടെ വീടായി. അയാളുടെ മാന്ത്രിക സേവുകൾ നിർണ്ണായക നിമിഷങ്ങളിൽ റയലിന് പലപ്പോഴും മുതൽക്കൂട്ടായി. അയാളുടെ കാവലിൽ അവർ കിരീടങ്ങളും നേടി. റയലിന്റെ അഭിവാജ്യഘടകമായി ഇതിനോടകം മാറിയ അയാൾ ഒടുവിൽ അവരുടെ അമരക്കാരനുമായി. 2010 – 11 സീസണിൽ റയലിന്റെ ക്യാപ്റ്റന്മാർ അരങ്ങൊഴിഞ്ഞപ്പോൾ അയാൾക്ക് കപ്പിത്താന്റെ ആം ബാൻഡ് കൈമാറാൻ റയലിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. അയാളുടെ നായകത്വത്തിൽ അവർ യൂറോപ്യൻ പോരാട്ടവീഥികളിൽ അങ്കത്തിനെത്തി. പലപ്പോഴും വിജയവും തോൽവിയും അയാളെയും റയലിനെയും മാറി മാറി പുൽകി. അവരുടെ കീഴിൽ അയാൾ റെക്കോർഡുകൾ കടപുഴക്കി. 1000 ൽ അധികം പ്രൊഫെഷണൽ മത്സരങ്ങൾ കളിച്ച അപൂർവം വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി. ഒപ്പം ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റ് എന്ന മികച്ച റെക്കോർഡും അദ്ദേഹത്തിന് സ്വന്തം.
റയലിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വത്തിനു പതിയെ എങ്കിലും ഇളക്കം തട്ടി തുടങ്ങുന്നത് 2012 മുതലാണ്. ഹോസെ മൊറീഞ്ഞോയുമായുള്ള അഭിപ്രായഭിന്നത, ശേഷം വന്ന പരിക്ക്, മാറി വന്ന കോച്ചുകൾ, പുതുതായി ടീമിലെത്തിയ കീപ്പറുടെ രംഗപ്രവേശനം തുടങ്ങിയ തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എങ്കിലും മാഡ്രിഡിന്റെ മണ്ണിൽ ജനിച്ച അദ്ദേഹം അവരുടെ കാവൽഭടനായി വിശ്വസ്തതയോടെ നിലകൊണ്ടു. മാനേജ്‍മെന്റുമായുള്ള അഭിപ്രായഭിന്നതയോടെ ഏറെ വേദനിപ്പിക്കുന്നതാണെങ്കിലും റയൽ വിടാൻ അയാൾ നിർബന്ധിതനായി. നീണ്ട 25 വർഷങ്ങൾക്ക് ശേഷം അയാൾ സാന്റിയാഗോ ബെർണബ്യുവിന്റെ പടിയിറങ്ങി.
ക്ലബ് കരിയറിനൊപ്പമോ അതോ അതിൽ മികച്ചതോ ആയ ഒരു ഇന്റർനാഷണൽ കരിയർ കൂടി അദ്ദേഹത്തിനുണ്ട്. ഒരു പക്ഷെ കളിച്ച ഒട്ടുമിക്ക ടൂർണമെന്റുകളിലും കപ്പുയർത്താൻ ഭാഗ്യം സിദ്ധിച്ച ക്യാപ്റ്റൻ. ഒരു ദശാബ്ദം മുൻപ് രാജ്യാന്തര ഫുട്ബാളിൽ മുടിചൂടാമന്നന്മാരായി വിലസിയ സ്പാനിഷ് ടീമിന്റെ കാവൽക്കാരനായി അയാൾ നിലകൊണ്ടു. ക്ലബ് തലത്തിൽ വലിയ വൈരികളായിരുന്നെങ്കിലും, സ്പാനിഷ് ടീമിൽ സഹതാരങ്ങളായിരുന്ന ബാഴ്‌സ ഇതിഹാസങ്ങൾ ആയ ചാവിയും, ഇനിയേസ്റ്റയും, ബുസ്കെറ്റ്സും, പുയോളും അടക്കമുള്ളവർ ചേർന്ന് ലോകഫുട്ബാളിൽ നടത്തിയത് സമാനതകളില്ലാത്ത തേരോട്ടമാണ്. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ ഇനിയേസ്റ്റയുടെ ഗോളിൽ സ്പെയിൻ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ചോരാത്ത കൈകളുമായി കസിയസ് പിന്നിലുണ്ടായിരുന്നു. യൂറോകപ്പുകളും ലോകകപ്പും അടക്കമുള്ള ട്രോഫികൾ തന്റെ ഷെൽഫിൽ നിറച്ച അദ്ദേഹം അതോടെ ലോകം കണ്ട് മികച്ച കളിക്കാരുടെ പട്ടികയിലേക്ക് നടന്ന് കയറുകയായിരുന്നു. ഏത് ഉയർച്ചക്കും ഒരു താഴ്ചയുണ്ട് എന്ന സത്യം ഒരിക്കൽ കൂടി ലോകം കണ്ടു. 2012 ൽ യൂറോകപ്പിനു ശേഷം സ്പെയിനിന്റെ പ്രതാപം മങ്ങിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെയും ഗ്രാഫ് താഴോട്ട് പോയി. 2014 ലോകകപ്പിലെ ആദ്യറൗണ്ടിലെ പുറത്താകലും ശേഷം കണ്ട തകർച്ചയും ഒരു യുഗത്തിന് അന്ത്യമടുക്കുകയാണെന്നു ലോകം മനസ്സിലാക്കി തുടങ്ങിയിരുന്നു.
ഇത്തരത്തിലുള്ള ഒരു ലെജന്റിന് അർഹിക്കുന്ന യാത്രയപ്പ് ലഭിച്ചോ എന്നത് കായികലോകത്തെ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മാനേജ്‍മെന്റുമായുള്ള ഭിന്നത മൂലം റയൽ വിടുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ അയാൾ ആ വെളുത്ത നിറത്തെ എത്രമേൽ സ്നേഹിച്ചിരുന്നു എന്ന് കാണിച്ചു തരും. റയൽ അദ്ദേഹത്തിന് യാത്രയപ്പ് നൽകിയോ ഇല്ലയോ എന്നതിൽ അഭിപ്രായം പറയാൻ ഞങ്ങൾക്കാകില്ല. അത് അവരുടെ തീരുമാനങ്ങൾ ആണ്. പക്ഷെ ഇപ്പോൾ കസിയസ് വിരമിക്കുന്നു എന്ന വാർത്ത ഒരു ചെറിയ കോളത്തിൽ ഒതുങ്ങിപ്പോകുമ്പോൾ അത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയെന്നു തോന്നിപ്പോകുന്നു. തീർച്ചയായും മികച്ച ഒരു യാത്രയപ്പ് നിങ്ങൾ അർഹിക്കുന്നു ഐക്കർ. കാരണം ലോകഫുട്ബാളിൽ അദ്ദേഹം നേടിയ അത്രയും വൈവിധ്യങ്ങളായ കിരീടങ്ങൾ നേടിയവർ തുലോം കുറവായിരിക്കും. അത്തരത്തിലുള്ള ഒരാൾ കളം വിടുമ്പോൾ അർഹിക്കുന്ന ആദരവ് നൽകിയില്ലെങ്കിൽ അത് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയെന്നു തന്നെ പറയേണ്ടി വരും.
ഞങ്ങൾ എന്നും അദേഹത്തിന്റെ എതിർ ചേരിയിൽ നിന്നിട്ടുള്ളവരാണ്, ഇപ്പോഴും നിൽക്കുന്നവരാണ്. പക്ഷെ വൈരങ്ങൾക്കപ്പുറം ജേതാക്കളെ, കഴിവുള്ളവരെ, അർഹരായവരെ ഞങ്ങൾ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മറ്റൊരു എൽ ക്‌ളാസിക്കോ കടന്ന് പോകുമ്പോൾ അയാളുടെ അസാന്നിദ്ധ്യം ഞങ്ങൾ എതിരാളികൾ പോലും അനുഭവിക്കുന്നു. മനസ്സിന്റെ ഒരു കോണിൽ ഐക്കർ കസിയസിന് എന്നും ഒരു സ്ഥാനമുണ്ടാകും. ഭാവി ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ട് ടീം കൂളെസ് ഓഫ് കേരള.
