ഫുട്‍ബോൾ ക്ലബ് ബാഴ്‌സലോണ എന്ന ഐതിഹാസിക ക്ലബ്ബിന്റെ ജനനം
1899ന്റെ തുടക്കം, ഹാൻസ് ഗമ്പെർ എന്നൊരാൾ സ്വിറ്റ്സർലന്റിൽ നിന്നും ആഫ്രികയിലേക്ക് ചില ട്രെഡിംഗ് കമ്പനികളെ സഹായിക്കാനായി ഒരു യാത്ര പുറപ്പെടുന്നു. എന്നാൽ ആ യാത്ര കാറ്റ്ലുണിയൻ സിറ്റിയായ ബാഴ്സലോണയിൽ വെച്ച് അവസാനിക്കുകയും, അവിടുത്തെ സൌന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം ഇനിയുള്ള കാലം മുഴുവൻ അവിടെ തങ്ങുവാൻ തീരുമാനിക്കുകയും ചെയ്തു. അവിടെ തുടങ്ങുന്നു “Futbol Club Barcelona” എന്ന കാറ്റലൻ ക്ലബ്ബിന്റെ ഉത്ഭവത്തിന്റെ കഥ.
ബാഴ്സലോണയിൽ ജീവിതം തുടർന്ന അദ്ദേഹം ഒരു സ്പോര്ട്സ് കോളമിസ്റ്റ് ആയി വർക്ക് ചെയ്തു പോന്നു. എന്നാലും അദ്ധേഹത്തിന്റെ മനസ്സിൽ എപ്പോഴും കാല്പന്തു കളിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ജോലിക്കിടയിൽ സമയം കണ്ടെത്തി അവിടെയുള്ള ഒരു ലോക്കൽ ക്ലബ്ബിൽ ഫുട്ബാൾ കളിയ്ക്കാൻ പോയിരുന്നു. അങ്ങിനെയാണ് അദ്ദേഹത്തിന് കാറ്റലുനിയൻ രാജ്യത്തെ പ്രെധിനിതീകരിച്ചു കൊണ്ട് ഒരു ക്ലബ് എന്ത് കൊണ്ട് തുടങ്ങിക്കുടാ എന്ന ആശയം തോന്നി തുടങ്ങിയത്. അത് അവിടുത്തെ ഒരു പത്രത്തിൽ ഒരു പരസ്യമായി കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ 1899 ഒക്ടോബർ 22 ന് “ലോസ് -ഡിപ്പോർട്ടസ്” എന്ന സ്പാനിഷ് പത്രത്തിൽ അദ്ദേഹം ഇങ്ങിനെ പരസ്യം ചെയ്തു
“SPORT NOTE. Our friend and partner, Mr. Kans Kamper, from the Foot-Vall Section of the ‘Sociedad Los Deportes’ and former Swiss champion, wishing to organize some matches in Barcelona, requests that everyone who likes this sport contact him, come to this office Tuesday and Friday nights from 9 to 11″(സ്പാനിഷ് പരസ്യത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ്)
അദ്ധേഹത്തെ പോലും ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു അതിനു പ്രതികരണങ്ങൾ കിട്ടിയത്. കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത് വെച്ച ഒരു കൂട്ടം ആളുകള് തങ്ങള്ക്കും ആ ക്ലബ്ബിന്റെ ഭാഗം ആവണമെന്ന് പറഞ്ഞു മുന്നോട്ടു വന്നു. അങ്ങിനെ 29 നവംബർ 1899 നു ഒരു കൂട്ടം കായിക പ്രേമികളുടെ പ്രയത്ന ഫലമായി “എഫ്.സി. ബാഴ്സലോണ” എന്ന കാറ്റലുനിയൻ ക്ലബ് രൂപം കൊള്ളപ്പെട്ടു. കുറച്ചു കാലങ്ങള്ക്കു ശേഷം 1908ൽ ഹാൻസ് ഗമ്പെർ (ബാഴ്സലോണയിൽ വന്നതിനു ശേഷം അദ്ദേഹം “ജോണ് ഗമ്പെർ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ) എഫ്.സി. ബാഴ്സലോണയുടെ ആദ്യ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.