• Follow

ഹിമ ദാസ് – ധിങ്ങിൽ നിന്നും ടാംപേരെ വരെയുള്ള ദൂരം

  • Posted On July 25, 2019

1984 ലോസ് ആഞ്ചെലസ് ഒളിമ്പിക്സ്; ട്രാക്ക് ഇനങ്ങൾ എന്നും അന്യമായ ഇന്ത്യക്ക് പക്ഷെ അന്ന് ഏറെ പ്രതീക്ഷകൾ ആയിരുന്നു. 400 മീറ്റർ ഹർഡിൽസിൽ ഒരു ഇന്ത്യക്കാരി ഫൈനലിൽ മാറ്റുരക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു മലയാളി. പയ്യോളിയിൽ നിന്നും വരുന്ന പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ എന്ന പി ടി ഉഷ. ഇന്ത്യയെന്ന ഒരു വലിയ രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഒരു ഫൈനൽ ആയിരുന്നു അന്നത്തേത്. ആ രാജ്യത്തിൻറെ സ്വപ്‌നങ്ങൾ അത്രയും ചുമലിലേറ്റി ട്രാക്കിലെത്തിയ ഉഷക്ക് പക്ഷെ സെക്കന്റിന്റെ നൂറിൽ ഒരംശത്തിന് വെങ്കലം നഷ്ടമായപ്പോൾ കരഞ്ഞത് ഉഷ മാത്രമായിരുന്നില്ല, ഒരു രാജ്യം കൂടിയായിരുന്നു. നമ്മുടെ രാജ്യത്തെ ട്രാക്കിൽ ഇതുപോലെ കണ്ണീരണിയിച്ച മറ്റൊരു നിമിഷമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. അതുവരെ നിലനിന്നിരുന്ന ആവേശങ്ങൾ അതോടെ അണഞ്ഞു പോവുകയും ചെയ്തു. പിന്നീട് ഒരിക്കലും ഇന്ത്യ അന്നത്തെ പ്രതാപത്തിലേക്ക് തിരികെയെത്തിയില്ല.

ഓരോ മീറ്റുകൾ വരുമ്പോഴും ഇന്ത്യ നിസ്സംഗതയിലേക്ക് പതിയെ നീങ്ങും. ശാരീരിക – മാനസിക മികവും, കൃത്യമായ പരിശീലനങ്ങളുമായും എത്തുന്ന ലോകോത്തര അത്ലറ്റുകൾക്ക് മുൻപിൽ ഒന്ന് പൊരുതാൻ പോലുമാകാതെ ഇന്ത്യ കിതക്കുന്നു കാഴ്ചകളാണ് നമ്മൾ ഏറെയും കണ്ടത്. ഇടയിൽ അഞ്ചു ബോബി ജോർജ്ജിലൂടെയും രാജ്യവർധൻ സിങ്ങിലൂടെയും ചില വെള്ളിവെളിച്ചങ്ങൾ കാണിച്ചെങ്കിലും ട്രാക്ക് ഇനങ്ങൾ ഉറങ്ങി തന്നെ കിടന്നു. ക്രിക്കറ്റിന്റെ അതിപ്രസരമുള്ള രാജ്യത്തു മറ്റു ഇനങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണെന്ന വാദം ശരിവെച്ചുകൊണ്ട് അധികാരികളും ഉറക്കം നടിച്ചപ്പോൾ നൂറു കോടി ജനങ്ങളിൽ നിന്നും ഒരു അത്ലെറ്റിനെ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിവില്ലെന്ന പരിഹാസം കാതുകളിൽ പലതവണ മുഴങ്ങി.പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഒരു ഇടിമുഴക്കം ഇപ്പോൾ നമ്മൾ കേൾക്കുന്നു. അങ്ങ് അസാമിൽ നിന്നും. കൃത്യമായി പറഞ്ഞാൽ ആസാമിലെ ധിങ് എന്ന കാർഷിക ഗ്രാമത്തിൽ നിന്നും. ധിങ് ഗ്രാമത്തിലെ നെൽവയലുകളിൽ ചെളിയിൽ പടയോട്ടം തുടങ്ങിയ ഒരു പത്തൊമ്പതുകാരി ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുന്നു.

ഹിമ ദാസ്. ഏതാനും മാസങ്ങൾക്ക് മുൻപ് നമുക്ക് അപരിചിതമായ ഒരു നാമം. പക്ഷെ ഇന്ന് അത് വെറും ഒരു പേര് മാത്രമല്ല, മറിച്ചു ഒരു രാജ്യത്തിൻറെ പ്രതീക്ഷയുടെ പേരാണ്. ആവേശത്തിന്റെ പേരാണ്. ധിങ് ഗ്രാമത്തിലെ ചെളിയിൽ അഹോരാത്രം പണിയെടുക്കുന്ന ഗസ്‌തി ദാസ് എന്ന കർഷകന്റെ മകൾ. രാജ്യത്തെ മറ്റേത് പെൺകുട്ടിയുടെയും പോലെ ആരാലും തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന ഒരു പെൺകുട്ടി. പക്ഷെ അച്ഛന്റെ കൂടെ വയലിൽ പണിക്ക് ഇറങ്ങിയിരുന്ന അവൾ സ്വായത്തമാക്കിയത് കൃഷിപ്പണി മാത്രമായിരുന്നില്ല. ശാരീരിക ക്ഷമത കൂടിയായിരുന്നു. കടുത്ത ഫുട്ബാൾ ആരാധികയായിരുന്ന അവൾ വയലിലെ ചെളിയിൽ ആൺകുട്ടികളോടൊപ്പം പന്ത് തട്ടി. സ്വാഭാവികമായും ഉയർന്ന വിമർശനങ്ങളെ ഗൗനിക്കാതെ അച്ഛനും അവൾക്കൊപ്പം നിന്നപ്പോൾ അവൻ നേടിയത് കരുത്തായിരുന്നു. ഒരിക്കലെങ്കിലും ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ജേഴ്‌സി അണിയണമെന്ന അവളുടെ ആഗ്രഹം പക്ഷെ ഷംസുൽ ഷെയ്ഖ് എന്ന കായികാധ്യാപകനെ കണ്ടത് മുതൽ വഴിമാറി. വേഗതയോടെ കരുത്തോടെ ഫുട്ബാൾ കളത്തിൽ ഓടുന്ന അവളെ കണ്ട അദ്ദേഹം, തന്റെ കരിയറിന്റെ ഗതി തിരിച്ചുവിടാൻ ഉപദേശിച്ചു. അത് വെറുതെയായില്ല. ഓടാൻ ഒരു സിന്തറ്റിക്ക് ട്രാക്കോ സ്‌പൈക്കോ ഇല്ലാതിരുന്ന അവൾ പരിശീലിച്ചത് സ്വന്തം വയലിലായിരുന്നു. അവളുടെ ഇച്ഛാശക്തിക്ക് മുൻപിൽ നേട്ടങ്ങൾ വഴങ്ങിത്തുടങ്ങിയപ്പോൾ പിന്തുണയുമായി ഒരു ജനതയും എത്തി. കൂടുതൽ നേട്ടങ്ങളും സൗകര്യങ്ങളും അവൾ അർഹിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പരിശീലകൻ അവളുടെ ഗുവാഹട്ടിയിലേക്ക് മാറാൻ ഉപദേശിച്ചു. അവരാൽ ആകും സഹായം അവർ ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ 100, 200 മീറ്റർ ഇനങ്ങളിൽ ശ്രദ്ധേ ചെലുത്തിയിരുന്നു അവളുടെ ഒരു സവിശേഷത പരിശീലകരുടെ കണ്ണിലുടക്കിയപ്പോൾ അവളുടെ കരിയറും വഴിമാറി. പതിയെ തുടങ്ങി അവസാന നിമിഷങ്ങളിൽ കത്തിക്കയറുന്ന രീതി അവളെ 400 മീറ്ററിൽ ഒരു മികച്ച ക്യാൻഡിഡേറ്റ് ആക്കി മാറ്റി. ശേഷം ചരിത്രം!

ഹിമയുടെ വിശ്വരൂപം ലോകം ദർശിക്കാൻ തുടങ്ങുന്നത് ഒരു വർഷം മുൻപാണ്. ഫിൻലണ്ടിലെ ടംപേരെയിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയപ്പോൾ ലോകം അവളെ ശ്രദ്ധിക്കാൻ തുടങ്ങി. കാരണം ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 100 കോടി ജനങ്ങൾ സ്വന്തമായുള്ള ഒരു രാജ്യത്തെ ഒരു അത്ലറ്റ് ട്രാക്ക് ഇനത്തിൽ അന്താരാഷ്ട്ര വേദിയിൽ സ്വർണ്ണം നേടിയത്. ശേഷം വന്ന ഏഷ്യൻ ഗെയിംസിലും അവൾ പടയോട്ടം തുടർന്നു. ഒരിക്കൽ ഒരു സ്‌പൈക്ക് പോലും സ്വന്തമായി ഇല്ലാതിരുന്ന അവളുടെ പേരിൽ ഇന്ന് ആഗോള ഭീമന്മാരായ അഡിഡാസ് ഒരു സ്‌പൈക്ക് ഇറക്കിയിരുന്നു. ഏറ്റവുമൊടുവിൽ ഈ ജൂലൈ മാസത്തിൽ മാത്രം അഞ്ച് സ്വർണ്ണവും ഓടിയെടുത്തു അന്താരാഷ്ട്ര വേദികളിൽ ഹിമ ഇന്ത്യയുടെ യശസ്സ് പിന്നെയും ഉയർത്തുകയാണ്. ഒരിക്കൽ അന്യമാണെന്നു തോന്നിച്ച സ്വർണ്ണങ്ങൾ അവൾ തന്റെ രാജ്യത്തേക്ക് കൊണ്ട് വരികയാണ്. അല്ലെങ്കിൽ ഇനിയും കൊണ്ട് വരാൻ പോവുകയാണ്.

നിന്നെ കുറിച്ച് ഓർത്തു അഭിമാനമാണ് സഹോദരീ.. പെൺകുട്ടികൾ അശുഭലക്ഷണമായി ഇന്നും കാണുന്ന, പിറന്നു വീണ പെൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന, പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ദിനവും നടക്കുന്ന, പെൺകുട്ടികളെ വിൽപ്പനച്ചരക്കാക്കുന്ന, ലിംഗവിവേചനം ഇന്നും കൊടികുത്തിവാഴുന്ന ഈ ദിനങ്ങളിൽ മറ്റൊരു പെൺകുട്ടി ഒരു രാജ്യത്തിൻറെ മുഴുവൻ യശസ്സ് ഉയർത്തിപ്പിടിക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു.ഇല്ലായ്മകളിൽ നിന്നും എങ്ങനെ പടപൊരുതി മുന്നേറാം എന്ന വലിയ പാഠമാണ് സോദരീ നീ ഞങ്ങൾക്ക് പകർന്നു നൽകുന്നത്. പണ്ട് പി ടി ഉഷ നിർത്തിയേടത്തു നിന്നും മൂന്ന് വ്യാഴവട്ടക്കാലത്തിന് ശേഷം നീ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. പ്രതീക്ഷകൾക്ക് ജീവൻ നൽകുകയാണ്. സ്വപ്നതുല്യമായ നേട്ടങ്ങളിലേക്ക് ഈ പെങ്ങൾ ഓടിക്കയറുമ്പോൾ നമ്മുടെ സിരകളിലും പടരുന്നത് അഭിമാനത്തിന്റെ അഗ്നിയാണ്. ഇനിയുമേറെ ദൂരങ്ങൾ താണ്ടാൻ നിനക്കാകട്ടെ. ഓരോ ചുവടുവെപ്പിലും പിൻതുണയോടെ ഞങ്ങൾ എന്നുമുണ്ടാകും. വന്ദേ മാതരം.

#RETARD
©www.culesofkerala.com

  • SHARE :