Happy retirement KUN – This beautiful game will badly miss you champ!
മാർട്ടിൻ ടെയ്‌ലറിന്റെ ശബ്ദം കാലഘട്ടങ്ങളെ അതിജീവിക്കും എന്ന് തീർച്ചയാണ്. കാൽപ്പന്ത് നിലനിൽക്കുന്നിടത്തോളം കാലം ആവേശം പൊട്ടിയൊഴുകിയ ആ കമന്ററി ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഓർമ്മിക്കപ്പെടും,അതിന്റെ ഒരറ്റത്ത് ആ ബ്യൂണസ് ഐറിസിലെ ആ പഴയ ബാലന്റെ ആഘോഷങ്ങളും.
ഒരാൾ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത മേഖലയിൽ എല്ലാ കാലത്തും ഓർമിക്കപ്പെടുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. അതിന് സാധിക്കുന്നവർ ഒക്കെ ഇതിഹാസങ്ങൾ ആകുന്നു. സെർജിയോ അഗ്യൂറോ തീർച്ചയായും മേൽപ്പറഞ്ഞ കാരണം കൊണ്ട് ഒരു ഇതിഹാസം ആണ്.
സെർജിനോ ഡെസ്റ്റ് ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് നൽകിയ ഒരു ലോ ക്രോസ് പതിവ് പോലെ തന്നെ ഒരു ടൈറ്റ് ആംഗിൾ ശ്രമത്തിലൂടെ വലക്കുള്ളിൽ എത്തിച്ചപ്പോൾ നമ്മുടെ ആരാധകർ തോൽവിയിലും ഒരു സന്തോഷം കണ്ടെത്തിയിരുന്നു.അതുല്യമായ 10 വർഷങ്ങൾക്കൊടുവിൽ സിറ്റിയിൽ നിന്ന് ബാഴ്സയിലേക്ക് എത്തിയത് ബ്ലൗഗ്രാന വർണങ്ങളിൽ കളിക്കളത്തിൽ ഇറങ്ങുക എന്ന അയാളുടെ ആഗ്രഹം സഫലീകരിക്കാൻ കൂടി ആയിരുന്നു. പരിക്കുകൾ കാരണം നഷ്ടമായ ആദ്യ നാളുകൾക്ക് ശേഷം തിരികെയെത്തിയ അഗ്യൂറോയുടെ ടീമിന് വേണ്ടിയുള്ള മൂന്നാമത്തെ മത്സരം ആയിരുന്നു ആ ക്ലാസിക്കോ പോരാട്ടം. ഇഞ്ചുറി സമയത്ത് നേടിയ ആ ഗോളിന് പക്ഷേ അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിലെ അവസാനത്തേത് ആകാൻ ആയിരുന്നു വിധി.
ക്ലബിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് പകുതിയിലധികം വേതനം കുറച്ച് കൊണ്ടാണ് അയാൾ ബാഴ്സലോണ നഗരത്തിൽ കാൽ കുത്തിയത്. കേവലം അഞ്ച് മത്സരങ്ങൾക്കപ്പുറം അദ്ദേഹത്തിന് വിടപറയേണ്ടി വന്നിരിക്കുന്നു. തീർച്ചയായും ഇത്തരമൊരു അവസാനം അദ്ദേഹം അർഹിച്ചിരുന്നില്ല.
പ്രിയപ്പെട്ട കുൻ, ഈ നഗരവും ആരാധകരും താങ്കളുടെ പേരുകൾ ഇനിയുമുറക്കെ പറയും. താങ്കൾ നീലയും ചുവപ്പും നിറഞ്ഞ ആ മനോഹര കുപ്പായത്തിൽ കളത്തിലിറങ്ങിയിരുന്നു എന്ന് ഞങ്ങൾ അഭിമാനത്തോടെ പറയും.
44 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ ലീഗ് കിരീടം എത്തിച്ച, പെപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ ഇംഗ്ലണ്ടിനെ തന്നെ കീഴടക്കിയ, എല്ലാത്തിനുമുപരി ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് വേണ്ടി ജേഴ്‌സിയണിഞ്ഞ ഇതിഹാസം!