• Follow

HAPPY PRIDE MONTH

  • Posted On June 30, 2023

എന്ത്‌ കൊണ്ടാണ് സാമ്പത്തികമായും കായികമായും തകർന്നു നിന്നിട്ടും നോട്ടമിട്ട ഒട്ടുമിക്ക താരങ്ങളും വേതനത്തിൽ പോലും വിട്ടുവീഴ്ച ചെയ്തു ഈ കുപ്പായം അണിഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ക്ലബിന് ശരിയെന്നു തോന്നുന്നത് ചെയ്യാൻ നഷ്ടമായെക്കാവുന്ന കിരീടങ്ങളുടെ എണ്ണമോ ആരാധകപിന്തുണയോ നോക്കിയ ചരിത്രമില്ല. എതിരെയുള്ളത് ഭരണകൂടമായാലും പൊതുബോധമായാലും ബാർസ വഴങ്ങില്ല. അതിനാൽ ഉണ്ടായ നഷ്ടങ്ങളൊക്കെയും ബാഴ്‌സയെ അത്രത്തോളം ശക്തമാക്കിയിട്ടേ ഉള്ളൂ. വായ മൂടികെട്ടിയാൽ ലഭിക്കാവുന്ന നേട്ടങ്ങൾ വകവെക്കാതെ ശരിയെന്നു തോന്നുന്നത് ചെയ്യാൻ ബാർസ കാണിക്കുന്ന ആർജവമാണ് ബാഴ്സക്ക് അതിന്റെ അന്തസത്ത നൽകിയത്; ചാമ്പ്യൻസ് ലീഗ് പോലും ജയിച്ചിട്ടില്ലാത്ത നൂറ്റാണ്ടിലും ലോകത്തെ എറ്റവും മികച്ച താരങ്ങളെ ആകർഷിക്കാനുള്ള കെൽപ്പ് ക്ലബിന് വന്നത്.

വംശീയ അധിക്ഷേപങ്ങൾക്കെതിരെ യൂറോപ്പ്‌ ഉടനീളം പ്രതിഷേധങ്ങൾ നടക്കുന്ന ഇക്കാലത്തും അപരവത്കരിക്കപ്പെടുന്ന ഒരു ജനതയാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. വലതുപക്ഷ മൂല്യങ്ങളുടെ ഇരട്ടത്താപ്പിൽ പുതുമയുള്ളതൊന്നുമില്ല എന്നത് കൊണ്ടു ഇതിൽ തെല്ലും അത്ഭുതം തോന്നാറില്ല. കഴിഞ്ഞ ദിവസം ബാഴ്സയുടെ പ്രൈഡ് പോസ്റ്റിൽ വന്ന ആയിരക്കണക്കിന് വിദ്വേഷകമെന്റുകൾ ധാരാളമാണ് ഈയൊരു മുന്നേറ്റത്തെ സാധൂകരിക്കാൻ. മറ്റേത് ക്ലബ്ബുകളെക്കാളും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലപാട് എടുക്കാറുള്ള ക്ലബ്ബാണ് നമ്മുടേത്. ഭരണഘടനയിൽ എഴുതി ചേർത്ത ബജറ്റ് വിഹിതമടക്കം ഓരോ വർഷവും ക്ലബ്‌ തങ്ങളുടെ ഐക്യദാര്ട്യം പ്രൈഡ് മന്തിൽ ഔദ്യോഗികമായി തന്നെ അറിയിക്കാറുണ്ട്. ഒരു ഫുട്ബോൾ ടീം എന്നതിലുപരി ബാഴ്‌സയെ എന്തിന് സ്നേഹിക്കുന്നു അതിന്റെ നിലനിൽപിന് വേണ്ടി എന്തിന് വാദിക്കുന്നു എന്ന ചോദ്യത്തിന് നൽകാവുന്ന പല മറുപടികളിൽ ഒന്നായി തന്നെ ആ കർത്തവ്യം ക്ലബ്‌ തുടരും.

ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്കും അവരെ സാധാരണ മനുഷ്യരായി അംഗീകരിക്കുന്ന സുഹൃത്തുക്കൾക്കും പ്രൈഡ് മന്ത് ആശംസകൾ. എല്ലാ വിദ്വേഷങ്ങളും ഒരു നാൾ അവസാനിക്കും, സ്നേഹം വിജയിക്കും.
  • SHARE :