• Follow

HAPPY BIRTHDAY THE GREATEST OF ALL TIME

  • Posted On June 24, 2023

റിയോ ഡി ജനീറോയിലെ മാറക്കാനാ സ്റ്റേഡിയം പ്രകമ്പനം കൊള്ളുകയാണ്. ആ പ്രകമ്പനത്തിന്റെ മാറ്റൊലികൾ ലോകമമ്പാടും പ്രതിഫലിക്കുന്നുണ്ട്. ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി, പ്രാർത്ഥനാഭരിതമായ മുഖങ്ങളുമായി കോടിക്കണക്കിന് മനുഷ്യർ TV സ്ക്രീനിലേക്ക് കണ്ണും നട്ട് ഇരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ വിജയത്തിനായി ലോകത്ത് ഇത്രയും പേർ ഒരുമിച്ചു പ്രാർത്ഥിക്കുന്നത് ഒരു പക്ഷെ അന്നാകും. മുഴുവൻ സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീങ്ങിയ ആ മത്സരത്തിൽ ആ മനുഷ്യനെയും അയാളുടെ രാജ്യത്തെയും സ്നേഹിക്കുന്നവരുടെയും നെഞ്ചിൽ കനൽ കോരിയിട്ട് എതിരാളികളായ ജർമനി അവസാന നിമിഷങ്ങളിൽ ഗോൾ നേടിയിരിക്കുന്നു. ഇനി മത്സരം അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം. അർജന്റീനക്ക്‌ അനുകൂലമായ ഒരു ഫ്രീകിക്ക്. എല്ലാ കണ്ണുകളും അയാളിലേക്ക്. എല്ലാ പ്രാർത്ഥനകളും അയാൾക്ക് വേണ്ടി. കടുത്ത സമ്മർദത്തിൽ അയാൾ പന്തിന് പിറകിൽ നിൽക്കുകയാണ്. അന്ന് കമന്ററി പറയുന്ന വിഖ്യാത്യ കമന്റെറ്റർ പീറ്റർ ഡ്യൂറിയുടെ കാവ്യാത്മകമായ ശബ്ദം ഉയർന്നു കേൾക്കാം.

” A little boy from Rosario, Argentina.
On the behalf of every little boy wearing his shirt,
Messi on a million backs,
Messi for a million flashbulbs,
Messi to potentially to crown his stellar career.
One kick of the ball.
One kick of the footbal.
He has done it before
He has done it many times before in the Nou Camp.
Around Spain, around Europe.
He has done it brilliantly for his nation in this competition.
HE MUST DO IT NOW.
MESSI MUST.
Lionel Messi…..
No, no, no, no, no, no

Its gone away, its gone away….”

ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നകന്ന ആ പന്തിനൊപ്പം പോയത് കോടിക്കണക്കിന് ജനങ്ങളുടെ ആഗ്രഹം കൂടിയായിരുന്നു. തന്റെ ജനതയുടെ പ്രതീക്ഷകളെ സഫലീകരിക്കാൻ കഴിയാതെ പോയ അയാൾ തല താഴ്ത്തി പതിയെ നടന്നു നീങ്ങി. ആ ലോകകപ്പിലെ മികച്ച താരത്തിനുള്ള അവാർഡും കൈയിലേന്തി, കയ്യെത്തും ദൂരത്ത് കനകകിരീടം നഷ്ടമായ വേദനയിൽ, കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളുമായി അയാൾ ആ മണ്ണിൽ നിന്നു. എതിരാളികളുടെ ആഹ്ലാദാരവങ്ങൾ നിറകണ്ണുകളോടെ നോക്കി നിന്നു. അയാളുടെ മനസ്സിൽ അപ്പോൾ എന്തായിരുന്നു എന്ന് നമുക്കറിയില്ല.

സമാനതകൾ ഇല്ലാത്ത പ്രകടനവുമായി ലോകഫുട്ബാളിൽ തന്റെ ഐതിഹസിക ചരിത്രം എഴുതുമ്പോഴും നാഷണൽ കരിയർ മെസ്സിക്ക് എന്നും കനത്ത വെല്ലുവിളിയായിരുന്നു. സംഘർഷഭരിതമായിരുന്നു. രാജ്യത്തിനായുള്ള ആദ്യ മത്സരത്തിലെ ആദ്യത്തെ മിനിറ്റിൽ നേരിട്ട ചുവപ്പ് കാർഡ് പോലെ കരിയറിൽ ഉടനീളം അയാൾക്ക് വെല്ലുവിളികൾ ആയിരുന്നു. മറഡോണയുടെ പിൻഗാമി എന്ന വിശേഷണം ഒരു പക്ഷെ മെസ്സിക്ക് നൽകിയത് കനത്ത ഭാരമാവാം. ഒരു വ്യാഴാവട്ടകാലത്തിലേറെയായി കപ്പ് നേടാത്തവരുടെ കളിക്കാരൻ എന്ന വിശേഷണം അയാളെ ഒരു പക്ഷെ അതീവ സമ്മർദ്ദത്തിലാഴ്ത്തിയിരിക്കാം. മികവോടെ കളിച്ചിട്ടും അവസരം നൽകാതിരുന്ന പെക്കർമാൻ എന്ന കോച്ചിന്റെ മോശം തീരുമാനത്തിലൂടെ 2006 ലെ ലോകകപ്പിൽ തന്റെ രാജ്യം പുറത്താകുന്നത് കണ്ട നിരാശ അയാളിൽ ആഴ്ന്നിറങ്ങിയിരിക്കാം. ഗോൾ ഒന്നും നേടാതെ കടന്ന് പോയ 2010 ലോകകപ്പ് അയാളെ എത്ര മാത്രം ഉലച്ചിട്ടുണ്ടാകാം.? എന്നിട്ടും അയാൾ ഒരു ജനതയുടെ പ്രതീക്ഷകളെ മുഴുവൻ ചുമലിലേറ്റി അവരെ ബ്രസീൽ ലോകകപ്പിന്റെ അന്തിമ പോരാട്ടത്തിലെത്തിച്ചു. അവിടെ അയാൾക്ക് വീണ്ടും കാലിടറി. ക്രോസ് ബാറിന് മുകളിലൂടെ പറന്ന പന്തിനൊപ്പം പോയത് അക്കാലമത്രയും അയാൾ നേരിട്ട പ്രതിസന്ധികൾക്കുള്ള ശമനവും ആയിരുന്നു.

പക്ഷെ അതിന് ശേഷം മെസ്സി അഭിമുഖീകരിക്കേണ്ടി വന്നത് ഒരു പക്ഷെ ഫുട്ബാൾ എന്ന് മാത്രമല്ല ഒരു കായിക താരത്തിനും ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത സാഹചര്യങ്ങളാണ്. ലോകകപ്പ് ഫൈനൽ എത്തുക എന്നുള്ളത് പല ലോകോത്തര താരങ്ങൾക്കും ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു എന്നത് വിമർശകർ മറന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇരു തവണ കോപ അമേരിക്കയുടെ ഫൈനലുകളിൽ അവസാന നിമിഷം കാലിടറിയപ്പോൾ വിമർശങ്ങളുടെ കൂരമ്പുകൾ അയാളുടെ നെഞ്ചിൽ കൃത്യമായി ആഴ്ന്നിറങ്ങി. ഒരുവേള തന്റെ രാജ്യവും അയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടും എന്ന അവസ്ഥയിൽ അയാൾ ഇനി രാജ്യാന്തര മത്സരങ്ങൾക്കില്ല എന്ന കടുത്ത തീരുമാനവും എടുപ്പിച്ചു. പിൽക്കാലത്തു തിരികെ വന്ന് അയാൾ തന്റെ രാജ്യത്തെ റഷ്യൻ ലോകകപ്പിന് എത്തിക്കാനായി പോരാടിയത് ക്വിറ്റോ മലനിരകളിലെ ശ്വാസം കിട്ടാത്ത ഉയരങ്ങളിൽ ആയിരുന്നു. പക്ഷെ റഷ്യയിലും രാജ്യത്തിനായി ഒന്നും നേടാനാകാതെ അയാൾ മടങ്ങിയപ്പോൾ ലോകം അയാളുടെ അവസാന മത്സരം അതായിരുന്നു എന്ന് കരുതി. അന്ന് രാത്രി നിരാശയോടെ ഇരിക്കുന്ന അയാളുടെ ഫോണിലേക്ക് ഒരു സന്ദേശം എത്തുകയാണ്. ” ഹലോ ഞാൻ സ്കലോണി. എനിക്ക് നിങ്ങളോട് സംസാരിക്കണം. എന്റെ കൂടെ പാബ്ലോ ഐമറും ഉണ്ട്”. പിന്നീട് അർജന്റീന പരിശീക സ്ഥാനത്തേക്ക് വന്ന സ്കലോണി അന്ന് ആ പാതിരാത്രിയിൽ മെസ്സിയിൽ പുതിയ ഒരു ഊർജ്ജം കുത്തിവെക്കുകയായിരുന്നു. നിന്റെ സ്വപ്‌നങ്ങൾ സഫലമാക്കാൻ, നിനക്ക് ഞാൻ ഒരു കൂട്ടത്തെ തരാം. നിനക്കൊപ്പം ചേർന്ന് തോളോട് തോൾ ചേർന്ന് മരണം വരെ പോരാടാൻ കെൽപ്പുള്ള ഒരു സംഘത്തെ ഞാൻ നിനക്ക് നൽകാം എന്ന് ആ രാത്രിയിൽ സ്കലോണി അയാൾക്ക് വാക്ക് നൽകുകയാണ്.

കുരിശിലേറ്റിയ ക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ പോലെ അയാൾ പതിയെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. തന്നെ കുരിശിൽ തറക്കാൻ ആണി അടിച്ചവരെ തേടി അയാൾ ഇറങ്ങുകയായിരുന്നു. അയാളുടെ ഒപ്പം എന്തിനും ഏതിനും തയ്യാറായ ഒരു പറ്റം പോരാളികളും. കൂട്ടത്തിൽ ഒറ്റു കൊടുക്കാൻ ഒരു യൂദാസ് ഇല്ലാതിരുന്ന ആ പോരാളികൾ മെസ്സിക്ക് വേണ്ടി ജീവൻ നൽകാനും തയ്യാറായിരുന്നു. തീക്കനലിൽ നിന്നും ഉയർന്നു പൊങ്ങിയ ഫീനിക്സ് പക്ഷിയെ പോലെ അയാൾ തന്റെ അശ്വമേധം അവിടെ ആരംഭിക്കുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് മുൻപ് തന്റെ സ്വപ്‌നങ്ങൾ വീണുടഞ്ഞ മാറക്കാനയിലെ മണ്ണിൽ, തന്റെ ചിര വൈരികളെ തന്നെ തോൽപ്പിച്ചു കൊണ്ട് അയാൾ തന്റെ കിരീടവേട്ട ആരംഭിച്ചു. ശേഷം യൂറോപ്യൻ ജേതാക്കളെന്ന പെരുമയുമായി എത്തിയ ഇറ്റലിയെ തകർത്തു കൊണ്ട് അയാൾ ഖത്തറിന്റെ മണ്ണിലേക്കുള്ള തന്റെ വരവിന്റെ സൂചനകൾ നൽകി. ഒടുവിൽ അറേബ്യൻ മണ്ണിൽ അയാൾ തന്റെ അന്തിമ പോരാട്ടത്തിന് എത്തി.

എന്നാൽ എളുപ്പമായിരുന്നില്ല അയാൾക്ക് ആ പോരാട്ടം. ആദ്യത്തെ മത്സരത്തിൽ തന്നെ സൗദി അറേബ്യയുടെ പ്രഹരം. മുഖമടച്ചു വീണ് പോയി അയാൾ. ഒരു പക്ഷെ ആ വീഴ്ചയിൽ അയാൾ കണ്ടിട്ടുണ്ടാവുക തന്റെ ജീവിതം തന്നെയാകും. ഒരു നിമിഷാർദ്ധമെങ്കിലും അയാൾ ഇക്കാലമത്രയും നേരിട്ട പീഡനങ്ങൾ മനസ്സിൽ കണ്ടിട്ടുണ്ടാകും. ഇനിയുമൊരു അങ്കത്തിന് ബാല്യം ഇല്ല എന്ന് അറിയാവുന്ന അയാൾ ആ വീഴ്ചയിൽ നിന്നും എഴുനേറ്റ് ഇങ്ങനെ പറഞ്ഞു. ” ആരാധകർ നിരാശകേണ്ടതില്ല. നിങ്ങൾക്ക് ഈ സ്‌ക്വാഡിൽ വിശ്വാസമർപ്പിക്കാം. നിങ്ങളെ ഞങ്ങൾ നിരാശരാക്കില്ല “. എന്നാൽ നിർണ്ണായകമായ അടുത്ത മത്സരത്തിലും താളം കണ്ടെത്താനാകാത്ത അർജെന്റിനയെ ആണ് കണ്ടത്. മെക്സികോയുടേ കഠിനമായ പ്രതിരോധത്തെ ഭേദിക്കാനാകാതെ മെസ്സിയും സംഘവും ഉഴറി. അയാളുടെ മനസിലേക്ക് പരാജയത്തിന്റെ ഭീതി പതിയെ പടർന്നു കയറാൻ തുടങ്ങി. എന്നാൽ തന്റെ ഒരു ജീവിതകാലത്തെ മുഴുവൻ പ്രയത്നവും വെറുതെ പാഴാക്കാൻ അയാൾ ഒരുക്കാമായിരുന്നില്ല. തന്റെ സന്തത സഹചാരിയായ എയ്ഞ്ചൽ ഡി മരിയയുടെ പാസ്സ് മെക്സിക്കൻ ബോക്സിന് പുറത്ത് അയാൾക്ക് ലഭിക്കുന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് ഒരു ഷോട്ട്. വിഖ്യാത കീപ്പർ ഒച്ചവോയുടെ കരങ്ങൾക്ക് പിടി നൽകാതെ പന്ത് വലയിൽ. അയാൾ തന്റെ വേട്ട ആരംഭിച്ചിരിക്കുന്നു!

അറേബ്യയുടെ മണലാരങ്ങളെ ചൂട് പിടിപ്പിക്കുന്ന ഒരു പ്രകടനത്തിനാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. എതിരെ വന്നവരെയെല്ലാം നിലം പരിശാക്കി അയാളും സംഘവും കത്തിക്കയറി. യുവത്വം തുടിക്കുന്ന പ്രതിരോധ ഭടന്മാർ പ്രായം മുപ്പത്തിയഞ്ച് കടന്ന അയാളുടെ മുൻപിൽ ചൂളിപ്പോയി. അടിച്ചും അടിപ്പിച്ചും അയാളും സംഘവും ഒരിക്കൽ കൂടി ലോകകപ്പിന്റെ ഫൈനലിൽ.! എട്ടര വർഷങ്ങൾക്ക് മുൻപ് തന്റെ കൈയിൽ നിന്നും വഴുതി വീണ ആ കനക കിരീടം സ്വന്തമാക്കാൻ ഉള്ള അവസാന അവസരം. ഒന്നുകിൽ ആ കിരീടം സ്വന്തമാക്കി ജീവിതം സഫലീകരിക്കാം. അല്ലെങ്കിൽ ഇനിയുള്ള ജീവിതകാലം മുഴുവൻ നഷ്ടപ്രണയത്തെ ഓർത്തു മരിച്ചു കൊണ്ട് ജീവിക്കാം. അയാളുടെ സാധ്യതകൾ തുലാസിലാണ്.

അയാൾ പതിയെ കണ്ണ് തുറന്നു.! സ്റ്റേഡിയത്തിലെ ആരവങ്ങൾ പരിസമാപ്തിയിൽ എത്തിയിരിക്കുന്നു. അയാൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് കൂട്ടാളികളോടൊത്ത് നിൽക്കുകയാണ്. ഗോൻസാലോ മോണ്ടിയേൽ പെനാൽറ്റി കിക്കിനായി തയ്യാറായി നിൽക്കുന്നു. ഒരു കിക്കിന് അപ്പുറം അയാളുടെ ജയപരാജയങ്ങളാണ്. അയാളുടെ ജീവിതം ഇക്കാലമത്രയും എങ്ങനെ ആയിരുന്നു എന്നും ഇനി എങ്ങനെ ആവണമെന്നും തീരുമാനിക്കപ്പെടുന്നത് ആ പെനാൽറ്റി കിക്കാണ്. വിജയിച്ചാൽ ഫുട്ബാളിലെ മുടിചൂടാമന്നനായി അയാൾക്ക്‌ അനശ്വരതയിലേക്ക് പറന്നുയരാം. തോറ്റാൽ പരാജയത്തിന്റെ, ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി പാതാളത്തിലേക്ക് പോകാം. അയാൾ പതിയെ മുകളിലേക്ക്, ആകാശത്തേക്ക് നോക്കി മന്ത്രിച്ചു. ” ദൈവമേ, നമുക്ക് ഇത് നിർത്താം. “. ഇക്കാലമത്രയും തന്നെ പരീക്ഷിച്ച ദൈവത്തോട് അയാൾ കേഴുകയാണ്.

വിശ്വസിക്കുന്നവർക്ക് ദൈവം നീതിമാനാണ്. തന്നിൽ വിശ്വാസം അർപ്പിക്കുന്നവരെ അദ്ദേഹം അങ്ങനെ കയ്യൊഴിയില്ല. മോണ്ടിയേലിന്റെ പെനാൽറ്റി, ഗോൾ വലകളെ ചുംബിക്കുമ്പോൾ അയാൾ കരഞ്ഞു കൊണ്ട് താഴേക്ക് ഇരുന്ന് പോയി. അയാൾ തന്റെ ജീവിതലക്ഷ്യം നിറവേറ്റിയിരിക്കുന്നു. വെള്ളയും നീലയും അണിഞ്ഞ ഒരു ജനതയുടെ ആത്മാവിഷ്കാരം അയാൾ നേടിക്കൊടുത്തിരിക്കുന്നു. അവരുടെ നെഞ്ചിലെ ഉദയസൂര്യന്റെ മുഖം അത്യധികം ശോഭയോടെ തിളങ്ങുന്നു. ലോകം മുഴുവൻ ആവേശത്തിലാണ്. ഒരാൾക്ക് വേണ്ടി ലോകം മുഴുവൻ ആവേശത്തിലാകുന്നത് അന്ന് ആദ്യമാകും. ഇങ്ങ് കേരളത്തിലെ ഇടവഴികളിലും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ആഫ്രിക്കയിലെ മരുഭൂമിയിലും, സൈബീരിയയിലെ തണുപ്പിലും, ബ്യൂനസ് ഐറിസിന്റെ തെരുവുകളിലും അലയടിച്ചത് ഒരേ ശബ്ദമായിരുന്നു. ഒരേ ആവേശമായിരുന്നു. അന്ന് ആ ശബ്ദങ്ങൾക്കിടയിൽ ഞാൻ ഒരാളുടെ ശബ്ദം ശ്രദ്ധിച്ചു. മുൻപ് ഞാൻ എവിടെയോ കേട്ട വാക്കുകൾ. അത് എട്ടര വർഷങ്ങൾക്ക് മുൻപ് ബ്രസീൽ ലോകകപ്പിൽ കമന്ററി പറഞ്ഞ പീറ്റർ ഡ്യൂറിയുടേതായിരുന്നു. റോസാരിയോ തെരുവിലെ കൊച്ചു പയ്യനെ കുറിച്ച് ഒരിക്കൽ കൂടി, മറ്റൊരു ലോകകപ്പ് ഫൈനലിന് ശേഷം അയാൾ പറയുകയാണ്. പക്ഷെ അതിന്റെ അവസാനം ഇത്തവണ വ്യത്യസ്തമായിരുന്നു. കാരണം ഇത്തവണ അയാൾ പറഞ്ഞത് പരാജിതന്റെ കഥയായിരുന്നില്ല. മറിച്ചു, ലോകം കീഴടക്കിയ റോസാരിയോ തെരുവിലെ ബാലന്റെ കഥയാണ്. അതിങ്ങനെ ആയിരുന്നു.

“The little boy from Rosario Santa Fe has just pitched up in heaven; he climbed into a galaxy of his own, he has his crowing moments, and of course he is not alone. He was beautiful. He was the point of difference, he has always been the point of difference. Unparalleled. And maybe today there will of course always be those who argue, always be those who debate. And the debate can rage on if you like, but as he falls in love with the object in the world that his heart most desired, it’s hard to escape the supposition that he has rendered himself today,  THE 𝗚𝗥𝗘𝗔𝗧𝗘𝗦𝗧 𝗢𝗙 𝗔𝗟𝗟 𝗧𝗜𝗠𝗘…!

ലോകം കണ്ടതിൽവച്ച് ഏറ്റവും മികച്ചവന്, ലിയോണൽ മെസ്സിക്ക്, കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…!
© www.culesofkerala.com
  • SHARE :