ജന്മദിനാശംസകള്‍ സാദിയോ മാനേ
“എനിക്കെന്തിനാണ് പത്ത് ഫെറാറി കാറുകളും ഇരുപത് ഡയമണ്ട് വാച്ചുകളും രണ്ട് പ്രൈവറ്റ് വിമാനങ്ങളുമൊക്കെ ? വിശപ്പിന്റെ കാഠിന്യമനുഭവിച്ചവനാണ് ഞാൻ. പാടത്തു പണിയെടുത്തു ബൂട്ടുകളില്ലാതെ ഫുട്ബാൾ കളിച്ചു വളർന്നവനാണ് ഞാൻ.മികച്ച വിദ്യാഭ്യാസമടക്കം പലതും നഷ്ടമായവനാണ് ഞാൻ. പക്ഷെ ഇന്ന് ഇതെല്ലം എനിക്കുണ്ട്. എല്ലാത്തിനും നന്ദി ഫുട്ബാളിനോടാണ്. ഇനി എന്റെ നാട്ടുകാരെ സഹായിക്കേണ്ടത് എന്റെ കടമയാണ്…”” സമീപകാലത്ത് യൂറോപ്യൻ ഫുട്ബാളിൽ മുഴങ്ങിക്കേട്ട ഒരു വാചകമാണിത്. ലോകത്തിലെ ഏറ്റവും പണമെറിയുന്ന ബിസിനസുകളിൽ ഒന്നായി ഫുട്ബോളും വളർന്നപ്പോൾ ചിലർക്കെങ്കിലും നഷ്‌ടമായ എളിമ അന്ന് അയാളിൽ ലോകം വീണ്ടും കാണുകയായിരുന്നു. യൂറോപ്യൻ ഫുട്ബോളിലെ അതികായരിൽപെട്ട, ആൻഫീൽഡ് കൊട്ടാരമാക്കിയ, ലിവർപൂൾ എന്ന ലോകോത്തര ക്ലബ്ബിന്റെ നെടുന്തൂണായ ആ കളിക്കാരന്റെ വാക്കുകളിൽ, താൻ കടന്ന് വന്ന സാഹചര്യം വിസ്‌മൃതിയിലേക്ക് ആണ്ടുപോയിട്ടില്ല എന്ന് കാണാമായിരുന്നു. പണത്തിന്റെ വെള്ളിവെളിച്ചത്തിലും തന്നെ താനാക്കിയ, വളർത്തി വലുതാക്കിയ തന്റെ ജനതയോട് ഐക്യദാർഢ്യം അയാൾ പ്രകടിപ്പിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കാതിരിക്കുന്നതെങ്ങനെ.? ലോകഫുട്ബാളിന് എണ്ണിയാലൊടുങ്ങാത്ത സംഭാവനകൾ നൽകിയ ആഫ്രിക്കൻ മണ്ണിൽ നിന്നും വർത്തമാന ഫുട്ബോളിലെ മികച്ചവരിൽ ഇടംനേടിയ അയാളുടെ പേരാണ് സാദിയോ മാനേ.!
ദക്ഷിണ അറ്റ്ലാന്റിക്കിനോട് എതിരെ മുഖമുയർത്തി നിൽക്കുന്ന സെനഗലിലാണ് മാനേ ഭൂജാതനായത്. മറ്റേത് ആഫ്രിക്കൻ രാജ്യങ്ങളും പോലെ പട്ടിണിയും പരിവട്ടവും അവരെയും പിടിച്ചു കുലുക്കിയിരുന്നു. അത്കൊണ്ട് തന്നെയാകണം ചെറുപ്പത്തിൽ ഫുട്ബാൾ കളിച്ചു നടന്നിരുന്ന മാനെയെ അച്ഛൻ ഫുട്ബാൾ കളിക്കുന്നതിൽ നിന്നും വിലക്കിയത്. എങ്കിലും ഫുട്ബാൾ കളിക്കാനുള്ള ആ പയ്യന്റെ വ്യഗ്രത ആ വിലക്കിനെ അനായാസം മറികടന്നു.പക്ഷെ ശേഷമുള്ള യാത്ര അത്ര അനായാസം ആയിരുന്നില്ല. ചെറുപ്പത്തിലേ അച്ഛൻ നഷ്‌ടമായ മാനേ അമ്മക്ക് വേണ്ടി കഷ്ടപ്പെട്ടാണ് വളർന്നത്. ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശം വീട് വിട്ട് ഇറങ്ങാൻ വരെ ആ പതിനഞ്ചുകാരനെ പ്രേരിപ്പിച്ചു. ഒടുവിൽ ആഫ്രിക്കൻ കളിക്കാർക്ക് ഏറ്റവും കൂടുതൽ വാതിലുകൾ തുറന്നു നൽകുന്ന രാജ്യങ്ങളിലൊന്നായ ഫ്രാൻസിലൂടെ തന്നെയായിരുന്നു മാനേയും ഫുട്ബാളിലേക്ക് വന്നത്. ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ആയ ലീഗ് 2 വിൽ പത്തൊൻപതാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറുമ്പോൾ ആരും തിരിച്ചറിഞ്ഞില്ല നാളെ ദശകോടികൾ വിലമതിക്കുന്ന ഒരു പ്രതിഭയുടെ ഉദയമായിരുന്നു എന്ന്. അധികം വൈകാതെ തന്നെ മുന്നേറ്റത്തിന്റെ അടുത്ത പടി അദ്ദേഹം കടന്നു. കേവലം രണ്ട് വര്ഷം നീണ്ട കരിയറിന് ശേഷമാണ് അദ്ദേഹം ഫ്രാൻസിൽ നിന്നും പലായനം ചെയ്‌തത് . അന്ന് ഓസ്ട്രിയൻ ഫുട്ബോളിലെ അതികായരായ റെഡ്ബുൾ സാൽസ്ബർഗിലേക്കാണ് അദ്ദേഹം നീങ്ങിയത്. കേവലം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള ക്ഷണം. ഹാംഷെയറിലെ സൗത്താംപ്ടൺ അദ്ദേഹത്തിന്റെ മറ്റൊരു ഇടത്താവളം മാത്രമായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലീഷ് ഫുട്ബോളിലെ കരുത്തരായ ആഴ്‌സനലിനെ പരാജയപ്പെടുത്തിക്കൊണ്ട് തുടക്കം. അടുത്ത രണ്ട് വർഷങ്ങൾക്ക് ശേഷം ലിവർപൂളിലേക്ക് വിളി വന്നു. ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും ഫിഫ ക്ലബ് വേൾഡ് കപ്പും നേടിക്കൊണ്ട് നിലവിൽ ലോകത്തിൽ കളിച്ചുകൊണ്ടിരുന്നവരിൽ ഏറെ വിലയേറിയ താരങ്ങളിൽ ഒരാൾ.
ആഫ്രിക്കൻ താരങ്ങൾക്ക് സ്വാഭാവികമായും കൈമുതലായി ഉണ്ടാകുന്ന ഗുണഗണങ്ങൾ തന്നെയാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഫിസിക്കൽ ഗെയിമിന് ഏറെ പ്രാധാന്യം നൽകുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്ഥാനം നേടണമെങ്കിൽ ശാരീരികക്ഷമത കൂടിയേ തീരൂ. മികച്ച മെയ്‌വഴക്കവും ഇന്റൻസിറ്റിയും കൂടിച്ചേരുമ്പോൾ വിസ്ഫോടനാത്മകമായ കഴിവുകൾ ഉള്ള ഒരു മുന്നേറ്റനിരക്കാരനെ ആണ് ലോകഫുട്ബാളിന് ലഭിച്ചത്. മികച്ച സ്പീഡും ഫിനിഷിങ്ങും പാസ്സിങ്ങും കൺട്രോളുമുള്ള ഒരു വേഴ്‌സ്‌റ്റൈൽ ഫോർവേഡ് ലോകത്തെ ഏതൊരു ക്ലബ്ബും ആഗ്രഹിക്കുന്നതാണ്. യെർഗെൻ ക്ളോപ്പ് എന്ന വിഖ്യാത പരിശീലകന്റെ സാന്നിധ്യം കൂടിയായപ്പോൾ മാനേ വളരുകയാണ്. ഒരു ഫുട്ബാൾ കളിക്കാരന്റെ പ്രൈം ടൈമിലേക്ക് കാലെടുത്തുവെക്കുകയാണ് മാനേ ഇപ്പോൾ. അതിനർത്ഥം ഇനിയും ഏറെ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സമയമുണ്ടെന്നാണ്. വരുന്ന സീസണുകളിൽ ഈ ആഫ്രിക്കൻ പോരാളിയുടെ ചൂട് എതിരാളികൾ അനുഭവിച്ചറിയാൻ പോവുകയാണ്.
ആരാധകരോടൊപ്പം എതിരാളികളും കൂൺ പോലെ മുളച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഒരു പക്ഷെ ഏറ്റവും കുറഞ്ഞ ഹേറ്റേഴ്‌സ് ഉള്ള കളിക്കാരനാണ് അദ്ദേഹം. നമ്മുടെ എതിരാളിയാണെങ്കിൽക്കൂടിയും നമുക്കെതിരെ കളിച്ചവനാണെങ്കിലും വെറുപ്പിന്റെ ഒരു മുഖപടം അണിഞ്ഞു അദ്ദേഹത്തെ കാണാൻ വയ്യ. ഒരു പക്ഷെ ഇത്രയും ഔന്നിത്യത്തിൽ നിൽക്കുമ്പോഴും അദ്ദേഹം കാണിക്കുന്ന മാനുഷിക പരിഗണകളും അച്ചടക്കവും തന്നെയാകാം അദ്ദേഹത്തെ എതിരാളികൾക്ക് പോലും പ്രിയങ്കരനാക്കുന്നത്. തന്റെ ബാല്യത്തിലേ തന്നെ വിട്ടു പിരിഞ്ഞ അച്ഛന്റെ ഓർമ്മകളാകാം അദ്ദേഹത്തെ കൂടുതൽ ദയാലുവാക്കുന്നത്.അച്ഛന്റെ വിയോഗം സൃഷ്ടിച്ച ഞെട്ടലുമായി അമ്മയുമായി പകച്ചു നിൽക്കുന്ന ഒരു ബാലന്റെ മുഖം അദ്ദേഹം അത്ര എളുപ്പത്തിൽ മറക്കില്ല. തന്റെ ഗ്രാമത്തിൽ ആശുപത്രിയില്ലാത്തതിനാൽ അച്ഛന് മികച്ച ചികിത്സ നല്കാൻ കഴിയാതിരുന്നതിന്റെ ദുഃഖം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ആഴ്ചയിൽ ഒരു ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്ന ആ പഴയ ബാലൻ ഇന്ന് പടുത്തുയർത്തുന്നത് സ്വന്തം ഗ്രാമത്തിൽ ഒരു ആശുപത്രിയാണ്. ഒരിക്കൽ താൻ കടന്നുപോയ മോശം സമയം മറ്റൊരു ബാലനും വരരുത് എന്ന് ആഗ്രഹിക്കുന്ന അദ്ദേഹം നടത്തുന്നത് സമാനതകളില്ലാത്ത ജീവകാരുണ്യപ്രവൃത്തികളാണ്. ഫുട്ബോളിലെ വിരുദ്ധാഭിപ്രായങ്ങൾ മാറ്റിവെച്ചാൽ നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. കാപട്യമില്ലാത്ത, സ്വന്തം ജനതയെ സ്നേഹിക്കുന്ന, കടന്നു വന്ന വഴികൾ മറക്കാത്ത ഒരു വിഖ്യാത കളിക്കാരനെ നമ്മൾ വെറുക്കുന്നതെങ്ങനെ.?
“ഞാൻ സ്‌കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നുണ്ട്. വലിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും ചെരുപ്പും ഞാൻ നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ സെനഗലിലെ വളരെ പാവപ്പെട്ട ഒരു പ്രദേശത്തെ എല്ലാവർക്കും മാസം തോറും 70 യൂറോ ഞാൻ നൽകുന്നുണ്ട്. അത് അവരുടെ മാസച്ചിലവുകൾ നടന്നുപോകാൻ ഏറെ സഹായകരമാണ്. എനിക്ക് വലിയ ആഡംബര കാറുകളോ വീടുകളോ വിമാനങ്ങളോ വേണ്ട. ജീവിതം എനിക്ക് നൽകിയതിൽ നിന്നും കുറച്ചു എന്റെ ജനങ്ങൾക്ക് നൽകാനാണ് എനിക്ക് ഇഷ്ടം.” – സാദിയോ മാനേ
ഇരുപത്തിയെട്ടാം വയസ്സിലേക്ക് കാലെടുത്തുവെക്കുന്ന സാദിയോ മാനേക്ക് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ!
Image courtesy: www.liverpool.com
©www.culesofkerala.com