പിറന്നാൾ ആശംസകൾ മേഗൻ റാപ്പിനോ 💐❤️
വനിതാ ദിനത്തോട് അനുബന്ധിച്ചു നടത്തിയ #EqualGame എഴുത്തു മത്സരത്തിൽ അഞ്ജലി ഗംഗ പ്രതാപ്, മേഗൻ റാപ്പിനോവിനെ കുറിച്ച് എഴുതിയ ലേഖനം:
ഒരു കാലഘട്ടം വരെ പുരുഷകേന്ദ്രീകൃതവും പുരുഷൻമാരിലൊതുങ്ങിയ കായിക ഇനവുമായിരുന്നു ഫുട്‌ബോളെന്ന കേവലവാദത്തിനു നേർക്ക് ഒരു ക്രോസ് ഫീൽഡ് ഗോളടിച്ചാണ് അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീമിന്റെ സഹക്യാപ്‌റ്റൻ മേഗൻ റാപ്പിനോ എത്തുന്നത്.
ഫുട്‌ബോൾ മൈതാനത്ത് മാത്രമല്ല, സമൂഹത്തിലും ഒന്നാന്തരം പോരാളിയാണ് റാപ്പിനോ. വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് പുരുഷ താരങ്ങളുടെ അത്രയും തന്നെ വേതനം വേണമെന്നും വാദിച്ചയാൾ. ഭാവിയിലെങ്കിലും തുല്യവേതനം നടപ്പാകുമോ എന്ന ചോദ്യത്തിന് മേഗൻ റാപ്പിനോ നൽകിയ ഉത്തരമിതാണ്.
‘‘ഞാൻ തീർച്ചയായും അങ്ങനെ കരുതുന്നു. പക്ഷേ നിലവിൽ ഫിഫ അല്ലെങ്കിൽ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനും പെട്ടൊന്നൊരു മാറ്റത്തിനും തയ്യാറാകുമെന്ന് കരുതുന്നില്ല. പക്ഷേ അത് ഞങ്ങൾക്ക് കൂടുതൽ ആർജവത്തോടെ മുന്നേറാനെ സഹായിക്കൂ’’.
ലിയോണിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകകപ്പ് നേട്ടത്തിന് ശേഷം ഗാലറിയിലിരിക്കുന്ന മുഴുവൻ കാണികളേയും കൊണ്ട് തുല്യവേതനമെന്ന് ഉച്ചത്തിൽ വിളിച്ചു പറയിപ്പിക്കാൻ റാപ്പിനോയ്ക്ക് കഴിയുന്നത് അവരുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. നാലുതവണ ഫുട്‌ബോൾ ലോകകപ്പ് അമേരിക്കയിലെത്തിച്ച തങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്ന് മുഖത്ത് നോക്കി പറയാൻ കഴിഞ്ഞ തന്റേടി. ഇതുകൂടാതെ ഫിഫയുടെ മികച്ച വനിതാതാരത്തിനുള്ള ബാലൺ ഡിയോർ പുരസ്‌ക്കാരവും റാപ്പിനോയെ തേടിയെത്തി.
അമേരിക്കയിലെ കറുത്ത വംശജർ നേരിടുന്ന പ്രശ്‌നങ്ങളേയും ഫുട്‌ബോളിൽ നിലനിൽക്കുന്ന വർണവിവേചനങ്ങളേയും റാപ്പിനോ നിരന്തരം വിമർശനവിധേയമാക്കാറുണ്ട്.പ്രസിദ്ധ പുരുഷതാരങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തതിനാൽ അവരെ പേരെടുത്ത് വിമർശിക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ല. തന്റെ സ്വവർഗാനുരാഗ സ്വത്വത്തെ മുൻനിർത്തി എൽജിബിടിക്യൂവിന്റെ സ്വാതന്ത്രങ്ങൾക്കും അവകാശങ്ങൾക്കും റാപ്പിനോ നിരത്തിലിറങ്ങിയിട്ടുണ്ട്.
ലോകകപ്പ് സമയത്ത് റാപ്പിനോ വാർത്തകളിലിടം പിടിച്ചത് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെയുള്ള പരാമർശത്തിനാണ്. ലോകകപ്പ് നേടിയാൽ വൈറ്റ് ഹൗസ് സന്ദർശിക്കില്ലെന്ന് തീർത്തു പറഞ്ഞു. ട്രംപിന്റെ വർണവെറിയിലും വിവേചനപരമായ ചെയ്തികളിലും പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാൽ കപ്പ് നേടിയിട്ട് വാചകമടിച്ചാൽ മതിയെന്നായിരുന്നു ട്രംപിന്റെ മറുപടി. അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ ആറുഗോളുകൾ നേടി സുവർണ പാദുകവും സുവർണ പന്തും ലോകകപ്പും അമേരിക്കയിലെത്തിച്ചായിരുന്നു റാപ്പിനോ ട്രംപിന് മറുപടി കൊടുത്തത്.
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന സ്‌ത്രീകൾക്ക് മാത്രമല്ല സ്‌ത്രീ സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന എല്ലാവർക്കും മാതൃകയാണ് റാപ്പിനോ.ഒരു സ്‌ത്രീ നീതിയ്ക്കായി എഴുന്നേൽക്കുമ്പോൾ അവൾ പ്രതിനിധീകരിക്കുന്നത് മുഴുവൻ സ്‌ത്രീകളെയുമാണെന്ന ഉദ്ധരണി ഏറ്റവും ഉചിതം റാപ്പിനോക്കാണെന്നതിൽ യാതൊരു സംശയവുമില്ല.എന്റെ ഷീറോ റാപ്പിനോയാണ് ❤️
#equalgame
#WeAreAllFootballers
#Shero
©Anjali Ganga Prathap