പകരംവെക്കാനില്ലാത്ത ഞങ്ങളുടെ പടനായകന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
കാറ്റലോണിയയിലെ ലാ പാബ്ലോ ഡി സെഗുർ എന്ന മുനിസിപ്പാലിറ്റിയിലെ തെരുവോരങ്ങളിൽ വർഷങ്ങൾക്ക് മുൻപ് ഓടിനടന്നിരുന്ന ഒരു ബാലനുണ്ടായിരുന്നു. സ്പെയിനും കാറ്റലോണിയയും ഫുട്ബോളിനെ എന്നും സിരകളിൽ ഒഴുക്കിയിരുന്നെങ്കിലും ആ ബാലന്റെ അച്ഛൻ അവനോട് ഫുട്ബാളിനെക്കാൾ പഠനത്തിൽ ശ്രദ്ധയൂന്നാനാണ് ആവശ്യപ്പെട്ടത്. പക്ഷെ വീശുന്ന കാറ്റിലും ചുറ്റുമുള്ള കാഴ്ചകളിലും കേൾക്കുന്ന ശബ്ദത്തിലും ഫുട്ബോൾ നിറഞ്ഞു നിൽക്കുന്ന കാറ്റലോണിയയിൽ ആ ബാലന് കാൽപ്പന്ത് കളിയുടെ ആകർഷണവലയത്തെ ഭേദിക്കാനായില്ല. പിറന്നു വീണ നഗരപ്രദേശത്തിനു വേണ്ടി തന്നെ ആദ്യമായി ഫുട്ബോൾ കളത്തിൽ കാല് കുത്തിയ ആ പയ്യൻ രണ്ട് വർഷത്തിനപ്പുറം ചെന്നെത്തിയത് ഒരു മഹാപ്രസ്ഥാനത്തിന്റെ വാതിൽക്കലായിരുന്നു. ലാ മാസിയ.! ഒരു ദശാബ്ദത്തിനിപ്പുറം സൈന്റ്റ് ഡെനീസിലും റോമിലും വെംബ്ലിയിലും എഫ്. സി ബാഴ്‌സലോണ എന്ന ഐതിഹാസിക ക്ലബ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയപ്പോഴും ആഫ്രിക്കൻ വൻകരയിൽ ദക്ഷിണാഫ്രിക്കയിൽ സ്പെയിൻ ലോകകപ്പ് ഉയർത്തിയപ്പോഴും ആ ബാലന്റെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ ലാ മാസിയയുടെ വാതിൽപ്പടിയിൽ പകച്ചു നിന്നിരുന്ന ഒരു ബാലനായിരുന്നില്ല അപ്പോൾ അയാൾ. മുടി നീട്ടി വളർത്തി, ക്രൗര്യം തിളങ്ങുന്ന കണ്ണുകളോടെ, ഒരു കാളക്കൂറ്റനെ അനുസ്മരിപ്പിക്കുന്ന ഒരു പോരാളിയായി, ഒരു പ്രതിരോധഭടനായി ഇതിനോടകം അയാൾ രൂപാന്തരം പ്രാപിച്ചിരുന്നു. ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും ഗോൾ പോസ്റ്റുകൾക്ക് മുൻപിൽ ഒരു മഹാമേരു പോലെ നിലകൊണ്ട്, അവരുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച ആ പോരാളിയുടെ പേര് ഫുട്ബോൾ ആരാധകർ പെട്ടന്നൊന്നും മറക്കാൻ ഇടയില്ല – കാർലെസ് പുയോൾ.
ക്യാപ്റ്റൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖങ്ങളിൽ ആദ്യം ഉണ്ടാവുക പുയോൾ തന്നെയാകും. ഒരുപക്ഷെ ഇന്നത്തെ തലമുറ ക്ലബ് ഫുട്ബാളിലേക്ക് ആകൃഷ്ടരാകുന്ന സമയത്ത് CAPITA എന്നെഴുതിയ ആം ബാൻഡ് ഇടത് കയ്യിൽ മുറുക്കിക്കെട്ടി, ഒരു വന്മതിൽ പോലെ ബാഴ്‍സയുടെയും സ്പെയിനിന്റെയും പ്രതിരോധത്തിൽ നിലകൊള്ളുന്ന രംഗം മറക്കാനാകാത്തതാണ്. വിജയങ്ങളിലും പരാജയങ്ങളിലും ഒരേ മനസ്സുമായി സഹതാരങ്ങളോട് നിർദേശിച്ചും ആക്രോശിച്ചും ഒരു യുദ്ധമുഖത്തെ പടനായകനെ പോലെ അയാൾ മുന്നിൽ നിന്നും നയിക്കുന്ന കാഴ്ച അത്രമേൽ നയനാന്ദകരവും രോമാഞ്ചം ഉണർത്തുന്നവയുമായിരുന്നു. പക്ഷെ കപ്പിത്താനായി ബാഴ്‌സയെ നയിക്കാനുള്ള നിയോഗം ഒരു പുലരിയിൽ അദ്ദേഹത്തിന് വന്നുചേർന്ന സൗഭാഗ്യമായിരുന്നില്ല. വർഷങ്ങൾ നീണ്ടുനിന്ന ക്ഷമയും കഠിനധ്വാനവും അതിന് വേണ്ടി വന്നു. ഒരുപക്ഷെ ലാ മാസിയ പഠിപ്പിക്കുന്ന ഏറ്റവും വിലയേറിയ പാഠങ്ങൾ.
ജനിച്ച ലാ പൊബ്ല ഡി സെഗുറിന് വേണ്ടി തന്നെയാണ് പുയോൾ ആദ്യമായി കളത്തിലിറങ്ങിയത്. ഒരു ഗോൾ കീപ്പർ ആയിട്ടായിരുന്നു ആ തുടക്കം. പക്ഷെ തോളിനേറ്റ പരിക്ക് ആ ബാലനെ ഒരു മുന്നേറ്റനിരക്കാരനാക്കി. മൂന്ന് വർഷത്തിനപ്പുറം 1995 ൽ ലാ മാസിയയുടെ വാതിലുകൾ ആ ബാലന് മുൻപിൽ തുറന്നു. പത്തൊൻപത് വർഷങ്ങൾ നീണ്ടു നിന്ന ഒരു വലിയ സ്നേഹബന്ധത്തിനാണ് അന്ന് ആ വാതിലുകൾ തുറക്കപ്പെട്ടത്. പടിപടിയായി ഉയർന്നു ബാഴ്‌സ C ടീമിലും B ടീമിലും ആ ബാലനെത്തി. ഇതിനോടകം പ്രതിരോധമാണ് തന്റെ തട്ടകം എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. ഒടുവിൽ ലൂയിസ് വാൻഗാൽ എന്ന വിഖ്യാത പരിശീലകൻ സീനിയർ ടീമിലേക്കുള്ള ക്ഷണം നൽകി. യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതാനത്തേക്ക്, കാമ്പ് ന്യുവിന്റെ പുൽത്തകിടിയിലേക്ക് ആ യുവാവ് അങ്ങനെ കാലെടുത്തു വെച്ചു. മില്ലേനിയത്തിന് ഒരു വർഷം മുൻപ് 1999 ൽ സീനിയർ ടീമിലേക്ക് അരങ്ങേറ്റം നടത്തിയ ആ പോരാളി, അത് വരെ കിരീടങ്ങളിൽ ക്ഷാമം പുലർത്തിയ ഒരു ക്ലബ്ബിനെ പുതുസഹസ്രാബ്ദത്തിൽ കിരീടങ്ങൾ ഏറെ വേട്ടയാടിപിടിക്കുന്ന, ലോകത്തിലെ ഏറ്റവും മുന്തിയ ക്ലബ്ബ് ആക്കുമെന്ന് ഒരു പക്ഷെ ആരും കരുതിയിട്ടുണ്ടാകില്ല. ആ യാത്രയിൽ അയാൾ ഒറ്റക്കായിരുന്നില്ല. ലാ മാസിയ സൃഷ്ടിച്ചതും അല്ലാത്തതുമായ അത്ഭുദങ്ങൾ വേറെയും പിറകിൽ വരുന്നുണ്ടായിരുന്നു. ചാവി, ഇനിയേസ്റ്റ, പീകെ, വിയ്യ, പെഡ്രോ,ബുസ്കെറ്റ്സ്, വിക്ടർ വാൽഡെസ്, റൊണാൾഡീഞ്ഞോ, ഡാനി ആൽവേസ് തുടങ്ങിയവർ. ആഹ് പിന്നെ മുടി നീട്ടി വളർത്തിയ മറ്റൊരു ചെറുപ്പക്കാരനും. വിസ്ഫോടനാത്മകമായ പ്രഹരശേഷിയുള്ള ഒരു ടീം അയാളുടെ നേതൃത്വത്തിൽ യൂറോപ്പിനെ പ്രകമ്പനം കൊള്ളിക്കാൻ അണിയറയിൽ ഒരുങ്ങുകയായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം ബാഴ്‌സലോണയെ സംബന്ധിച്ചു ശോഭനമായ ആരംഭം തന്നെയായിരുന്നു. 2004 ൽ സഹതാരമായ ലൂയിസ് എൻറിക്കെയിൽ നിന്നും ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറഞ്ഞ കപ്പിത്താൻ പട്ടം പുയോൾ ഏറ്റുവാങ്ങി. ഫ്രാങ്ക് റൈക്കാർഡിന്റെ ശിഷ്യണത്തിൽ കേവലം രണ്ട് വർഷങ്ങൾക്ക് ഇപ്പുറം പാരീസിലെ മണ്ണിൽ വെച്ച് ബാഴ്‌സലോണയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം അയാൾ ഉയർത്തുമ്പോൾ, യോഹാൻ ക്രൈഫിന്റെ സ്വപ്നടീമിന്റെ ആദ്യത്തെ കിരീടധാരണത്തിന് ശേഷം നീണ്ട 15 വർഷങ്ങൾ കഴിഞ്ഞിരുന്നു. റൈക്കാർഡിനു ശേഷം പരിശീലകനായി എത്തിയ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലോകം കണ്ടതിൽവെച്ച് ഏറ്റവും മികച്ച ടീമിനെ ബാഴ്‌സലോണ സൃഷ്ടിച്ചപ്പോൾ കപ്പിത്താന്റെ ഉത്തരവാദിത്വവും പേറി അയാൾ പ്രതിരോധത്തിലെ നിറസാന്നിധ്യമായിരുന്നു. 2009 ൽ റോമിലും 2011 ൽ വെംബ്ലിയിലും വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസൻ നയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജിതരാക്കി ബാഴ്‌സ യൂറോപ്പിലെ മുടിചൂടാമന്നന്മാരായി നിലകൊണ്ടത്, പ്രതിരോധത്തിൽ ആ നീളൻമുടിക്കാരൻ ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു. സീസണിൽ കളിച്ച എല്ലാ ടൂർണമെന്റുകളും വിജയിച്ചു ബാഴ്‌സ പുതുചരിത്രം രചിച്ചതും നമ്മൾ കണ്ടു. മുൻകാലങ്ങളിൽ പലപ്പോഴും കിട്ടാക്കനിയായിരുന്ന ലീഗ് കിരീടങ്ങൾ പലതവണ കാമ്പ് ന്യുവിന്റെ ഷോക്കേസിലെത്തി. ജനനം കൊണ്ട് ഒരു കാറ്റലോണിയക്കാരനാണെങ്കിലും സ്പെയിനിന്റെ സ്‌ക്വാഡിലും അയാൾ നിറസാന്നിധ്യമായി. 2010 ൽ ആഫ്രിക്കൻ വൻകരയുടെ തെക്കേ അറ്റത്തു വെച്ച് രാജ്യാന്തര ഫുട്ബോളിലെ കനകകിരീടം സ്പെയിൻ ഉയർത്തിയതും അദ്ദേഹം തീർത്ത പ്രതിരോധമതിലിൽ വിശ്വസിച്ചിട്ടായിരുന്നു.
ഒരുപക്ഷെ പുയോളിനെക്കാൾ മികച്ച റെക്കോർഡുകൾ ഉള്ള പ്രധിരോധക്കാർ ഉണ്ടാകാം, അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരും ഉണ്ടാകാം. പക്ഷെ അവരിൽ നിന്നെല്ലാം പുയോളിനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങൾ പലതുമുണ്ട്. കണ്ണുകളിലെ തീക്ഷ്ണത, വാക്കുകളിലെ ക്രൗര്യം, വിജയങ്ങളിലും തോൽവികളിലും ഒരുപോലെ കാഴ്ചവെക്കുന്ന മനസ്സാന്നിധ്യം, സ്പാനിഷ് കാളക്കൂറ്റനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി. ഏറെയുണ്ട് അദ്ദേഹത്തിന്റെ പ്രത്യേകതകൾ. അഞ്ച് ഗോളിന് മുന്നിട്ട് നിൽക്കുമ്പോഴും അവസാന സെക്കന്റുകളിൽ സഹതാരങ്ങൾ ഉഴപ്പിയെന്ന് തോന്നിയാൽ ആക്രോശവുമായി എത്തുന്ന പുയോളിനെ ആരും മറക്കാനിടയില്ല. ഏത് ആപൽഘട്ടത്തിലും നമുക്ക് വിശ്വസിക്കാവുന്ന ഒരു കളിക്കാരൻ കൂടിയാണ് പുയോൾ. 2010 ലോകകപ്പിൽ ഏറ്റവും സാധ്യത കല്പിച്ചിരുന്ന ജർമനിയെ നേരിട്ട സ്പെയിൻ ബുദ്ധിമുട്ടിയപ്പോൾ രക്ഷകനായി എത്തിയതും അദ്ദേഹമായിരുന്നു. കോർണർ കിക്കിൽ നിന്നും പറന്നെത്തിയ പന്തിനെ, പാഞ്ഞെത്തി അതിശക്തമായ ഒരു ഹെഡ്ഡറിലൂടെ ജർമനിയുടെ വല കുലുക്കിയപ്പോൾ പ്രകമ്പനം കൊണ്ടത് ഫുട്ബോൾ ലോകമായിരുന്നു. അതിന് മുൻപ് അതുപോലൊരു ഹെഡ്ഡർ നമ്മൾ കണ്ടതും പുയോളിൽ നിന്നും തന്നെയായിരുന്നു. ചിരവൈരികളായ റയൽ മാഡ്രിഡിന്റെ മൈതാനത്തു വെച്ച് മറ്റൊരു കോർണർ ഇടിമുഴക്കം സൃഷ്ടിച്ച ഹെഡ്ഡറിലൂടെ ഗോൾവര കടത്തിയത് ബാഴ്‌സ ആരാധകർ ഒരിക്കലും മറക്കാനിടയില്ല. അന്ന് ക്യാപ്റ്റന്റെ ആം ബാൻഡ് ഊരി ചുംബിക്കുന്ന പുയോളിന്റെ ചിത്രം വർഷങ്ങൾക്കിപ്പുറവും നമ്മുടെ ഫോണുകളിൽ വാൾപേപ്പർ ആയി തിളങ്ങുന്നു.
കളത്തിലെ ക്രൗര്യം പക്ഷെ ഒരിക്കലും കളത്തിനു പുറത്തേ സൗഹൃദങ്ങളെ ബാധിച്ചില്ല. റഫറിയുടെ വിസിലിന് മുൻപും പിൻപും അദ്ദേഹം ഒരു സാധാരണക്കാരനായി മാറി. ക്ലബ് തലങ്ങളിൽ ചിരവൈരികൾ എങ്കിലും രാജ്യത്തിനായി ഒരുമിച്ച് ബൂട്ട് കെട്ടുന്ന റയൽ താരങ്ങൾ ഉറ്റ ചങ്ങാതിമാരായി. വീറും വാശിയും അതിര് കടക്കുന്ന ക്‌ളാസിക്കോ പോരാട്ടങ്ങളിൽ മധ്യസ്ഥന്റെ വേഷമണിഞ്ഞു അദ്ദേഹത്തെ കണ്ടു. തന്റെ മുഖത്തടിച്ച റയൽ താരത്തെ, ബാഴ്‌സയിലെ സഹതാരങ്ങൾ തിരിച്ചു ആക്രമിക്കാൻ തുനിഞ്ഞപ്പോൾ തടയാനെത്തുന്ന പുയോളിനെ വീഡിയോ എത്രയോ പ്രാവിശ്യം നമ്മൾ കണ്ടിരിക്കുന്നു. അയാൾ അങ്ങനെ ആണ്. കളിക്കളത്തിൽ ജീവൻ നൽകുന്ന പോരാളിയാകും , പക്ഷെ മത്സരശേഷം അയാൾ ഒരു സാധാരണക്കാരൻ ആകും. ബാഴ്‍സയെയും ഒപ്പമുള്ളവരെയും അയാൾ പരിധിയില്ലാതെ സ്നേഹിച്ചിരുന്നു. 1995 ൽ ബാഴ്‌സയുടെ പടികടന്നെത്തിയ അയാൾ, പിന്നെ പടിയിറങ്ങുന്നത് 2014 ൽ ആയിരുന്നു. വിടാതെ പിന്തുടർന്ന പരിക്കുകൾക്ക് മുൻപിൽ അയാൾ സ്വയം തോറ്റു കൊടുക്കുകയായിരുന്നു. ഏതാനും വർഷങ്ങൾ കൂടി നീട്ടാമായിരുന്ന കരിയർ പക്ഷെ തന്റെ സാന്നിധ്യം കൊണ്ട് ബാഴ്‌സക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കരുതി അദ്ദേഹം വേഗം നിറുത്തി. അന്ന് അദ്ദേഹം ഒഴിച്ചിട്ട സിംഹാസനം ഇന്നും പുതിയ അവകാശിയെ കാത്തിരിക്കുന്നു. വർഷങ്ങളായി ബാഴ്‌സ വരുത്തുന്ന പ്രതിരോധത്തിലെ പിഴവുകൾ കാണുമ്പോൾ അറിയാതെ എങ്കിലും നമ്മൾ ആരാധകർ പുയോളിനെ തേടുന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ ഈയിടെ ബാഴ്‌സ പതറുമ്പോൾ നമ്മൾ തിരിച്ചറിയുന്നു പുയോളിന്റെ അസാന്നിദ്ധ്യം. അയാളില്ലെങ്കിൽ ആധുനിക ബാഴ്‌സക്ക് പൂർണ്ണതയിലെന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ അദ്ദേഹത്തേക്കാൾ കേമനായ മറ്റൊരാൾ വരുമായിരിക്കും. പക്ഷെ പുയോൾ, അത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മാണിക്യമാണ്. ആ മാണിക്യത്തിന്റെ വില അറിയണമെങ്കിൽ ഒൻപത് വർഷം പിറകോട്ട് പോകണം. 2011 ൽ വെംബ്ലിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ ക്യാപ്റ്റനെന്ന നിലയിലുള്ള അവകാശം മാറ്റിവെച്ച്, ആ ഇടക്ക് മാത്രം ക്യാൻസറിൽനിന്നും മോചിതനായ സഹതാരം എറിക് അബിദാലിനെ പോഡിയത്തിലേക്ക് പറഞ്ഞ് വിട്ട്, ഒന്നുമറിയാത്തവനെ പോലെ നിന്ന് കയ്യടിക്കുന്ന പുയോളിനെ ഫുട്ബോൾ ലോകം മറന്നിട്ടില്ല. ആബിദാൽ കപ്പുയർത്തിയപ്പോൾ ലോകം കയ്യടിച്ചഭിനന്ദിച്ചത് ബാഴ്‌സയെ മാത്രമായിരുന്നില്ല, മറിച്ചു പുയോളിനെ കൂടെ ആയിരുന്നു.
പകരംവെക്കാനില്ലാത്ത ഞങ്ങളുടെ പടനായകന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
©www.culesofkerala.com