ജെറാർഡ് പീക്കെ – 30 നോട്ടൗട്ട് *
ഏറ്റവും വലിയ ബാഴ്‌സലോണ ഫാൻ ആരാണ് എന്ന ചോദ്യത്തിന് ലോകം മുഴുവനുമുള്ള ബാഴ്‌സ ആരാധകർക്കും ഒറ്റ ഉത്തരമേ കാണൂ- ‘പിക്കെൻബോവർ’ എന്ന് സാക്ഷാൽ ബെക്കൻബോവർ വിളിച്ച ജെറാർഡ് പീക്കെ. ഓരോ ശ്വാസത്തിലും ‘ബാഴ്‌സലോണിസം’ പ്രകടിപ്പിക്കുന്ന പീക്കെ ഒരു കളിക്കാരൻ എന്ന നിലയിലും, ഒരു ലീഡർ എന്ന നിലയിലും സ്പാനിഷ് നാഷണൽ ടീമിന്റെയും, ഫുട്‌ബോൾ ക്ലബ് ബാഴ്‌സലോണയുടെയും അവിഭാജ്യഘടകമാണ്.
ബാഴ്‌സലോണയുടെ തന്നെ അക്കാദമിയായ ലാ മാസിയയിൽ ലയണൽ മെസ്സിക്കും, സെസ്‌ക് ഫാബ്രിഗസിനുമൊപ്പമാണ് പീക്കെ പ്രൊഫഷണൽ ഫുട്‍ബോൾ കളിച്ചു തുടങ്ങുന്നത്. 16 ആം വയസ്സിൽ തന്റെ ‘രണ്ടാം വീടെന്നു’ പീക്കെ വിശേഷിപ്പിക്കുന്ന ഓൾഡ് ട്രാഫോർഡിലേക്കുള്ള ചുവടുമാറ്റം പീക്കെയുടെ കരിയറിൽ നിർണായകമായിരുന്നു. സർ അലക്സ് ഫെർഗ്യൂസൻറെ കീഴിൽ പീക്കെ ഒരു മികച്ച സെന്റർ ബാക്കായി വളർന്നു . യുണൈറ്റഡിലെ പ്രകടനം കണ്ട ഗാർഡിയോള പീക്കെയെ തിരിച്ചു വിളിക്കാൻ ഒട്ടും വൈകിച്ചില്ല. താൻ ഗുരുതുല്യനായി കാണുന്ന കാർലോസ് പുയോളിനൊപ്പം പീക്കെ അങ്ങനെ ബ്ളോഗറാനയുടെ മൂന്നാം നമ്പർ ജഴ്‌സിയിൽ കളിച്ചു തുടങ്ങി. ആദ്യ സീസണിൽ തന്നെ പീക്കെ എല്ലാ കിരീടങ്ങളും ബാഴ്‌സയിൽ നേടി. ഇത് വരെ 2 ട്രിപ്പിൾ അടക്കം 6 ലാ ലീഗായും, 1 പ്രീമിയർ ലീഗും , 4 ചാമ്പ്യൻസ് ലീഗും പീക്കെ നേടി. ഒരു ചാമ്പ്യൻസ് ലീഗ് കൂടി നേടിയാൽ മാൽദീനിക്കൊപ്പം ഏറ്റവും കൂടുതൽ യൂറോപ്പ്യൻ കിരീടം നേടുന്ന പ്രതിരോധക്കാരനാകും പീക്കെ. സ്പാനിഷ് നാഷണൽ ടീമിൽ പുയോളിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചു പീക്കെ ലോകകപ്പ് നേടി. പിന്നീട് യൂറോ കപ്പും പീക്കെ നേടുകയുണ്ടായി. ബെക്കാമിന് ശേഷം ഫുട്‍ബോളിൽ വന്ന ഗ്ളാമർ ഐക്കൺ കൂടിയാണെന്നു പീക്കെ. കഴിഞ്ഞ യൂറോ കപ്പിൽ പോലും ഏറ്റവും സുന്ദരനായി തിരഞ്ഞെടുത്തത് ഈ കാറ്റലാൻ സെന്റർ ബാക്കിനെ തന്നെയാണ്. ഷക്കീറയെ പോലൊരു ഗ്ലോബൽ ഐക്കണെ വിവാഹം ചെയ്തതും പീക്കെയുടെ ഗ്ലോബൽ ഇമേജ് വലുതാക്കി.
ബാഴ്‌സലോണയുടെ ഏറ്റവും വിശ്വസ്തനായ സെന്റർ ബാക്കാണ് പീക്കെ. വർഷങ്ങൾക്കു മുൻപ് സാക്ഷാൽ ബെക്കൻബോവറാണ് പീക്കെയെ ആദ്യമായി പ്രശംസിക്കുന്നത്. ബയേൺ മ്യൂണിക്കിന് പീക്കെയേ പോലൊരു ബോൾ പ്ളേയിങ് ഡിഫൻഡർ അത്യാവശ്യമാണ് എന്നദ്ദേഹം പറഞ്ഞത് ചെന്നവസാനിച്ചതു സമാനശൈലിയിൽ കളിക്കുന്ന ബോട്ടെങ്ങിലായിരുന്നു. ബാഴ്‌സലോണ സ്‌കൂളിൽ നിന്ന് വന്നതിന്റെ എല്ലാ ഗുണങ്ങളും പീക്കെ തന്റെ കളിയിൽ പ്രകടിപ്പിക്കാറുണ്ട്. ഗെയിം റീഡ് ചെയ്യുന്നതിലും, പൊസിഷനിങ്ങിലും, ഷോർട് പാസുകളിലും പീക്കെ ഒന്നാമനാണ്. പീക്കെയുടെ ടാക്ലിംഗ് മികവും എടുത്തു പറയേണ്ടതാണ്. ഒരു മികച്ച സെന്റർ ബാക്കിന് വേണ്ട ക്ഷമയും, ശ്രദ്ധയും പീക്കെയ്ക്കു ആവുവോളം ഉണ്ട്. വളരെ അപൂർവ്വമായേ പീക്കെ റഫ് ടാക്കിളുകളും, അനാവശ്യ ചലഞ്ചുകളുമായി കാർഡ് വാങ്ങാറുള്ളു. ലോങ്ങ് പാസ്സുകളിലും, വേഗതയിലുമാണ് പീക്കെ അല്പം പിന്നിൽ നിൽക്കുന്നത്. എന്നാൽ ആക്രമണത്തിൽ പീക്കെ മിടുക്കനാണ്. എൻറിക്ക്വേയുടെ പ്ലാൻ-ബി ആണ് ജെറാർഡ് പീക്കെ. ഗോൾ നേടുവാൻ കഴിയുന്നില്ല എങ്കിൽ സർവ്വ സ്വാതന്ത്ര്യം നൽകി പീക്കെ ആക്രമിക്കാൻ ലൂക്കോ വിടർന്നു പതിവാണ്. മഷറാനോ, റാക്കിറ്റിച്, ബുസ്കറ്സ് എന്നീ പ്രതിഭകൾ പീക്കെയ്ക്കു വേണ്ടുന്ന കവർ നൽകാറുമുണ്ട്.
കളത്തിനു പുറത്തും ബാഴ്‌സയ്ക്ക് വേണ്ടി പോരാടാൻ പീക്കെ തയ്യാറാണ്. ബാഴ്‌സലോണയുടെ ശബ്ദമാണ് ജെറാർഡ് പീക്കെ. ഒരാളെയും ഭയപ്പെടാത്ത പീക്കെ, വെട്ടിതുറന്നു പറയുന്ന പ്രകൃതക്കാരനാണ് . അദ്ദേഹത്തിന് ശത്രുക്കൾ കൂടാനും ഇതൊരു കാരണമാണ്. പക്ഷെ സ്‌പെയിനിൽ നിന്ന് പോലും എതിർപ്പുകൾ ലഭിച്ചിട്ടും പീക്കെ തെല്ലും കുലുങ്ങിയിരുന്നില്ല. തനിക്കെതിരെയുള്ള ആക്രമണം നിർത്തുവാൻ ഒരിടത്തും പീക്കെ പറഞ്ഞിട്ടില്ല. മറ്റു കളിക്കാരെ പോലെ എവിടെയും തനിക്കെതിരെയുള്ള ആക്രമണത്തെ പറ്റി എവിടെയും ആരോടും അയാൾ പരാതിപ്പെട്ടിട്ടില്ല. എതിർ സ്‌ട്രൈക്കർമാരെ നേരിടുന്ന അതെ ചങ്കൂറ്റത്തോടെ തന്നെയാണ് പീക്കെ ഓരോ എതിർപ്പുകളെയും നേരിട്ടത്. എതിരാളികളുടെ ഗ്രൗണ്ടിൽ തനിക്ക് ലഭിക്കുന്ന ശകാരങ്ങളും ഒരു സിംഫണി പോലെയാണ് തോന്നാറുള്ളത് എന്ന് പീക്കെ പറഞ്ഞിട്ടുണ്ട്. അതയാളെ കൂടുതൽ ശക്തനാക്കുന്നേയുള്ളൂ.
മിതഭാഷിയായ ഇനിയേസ്റ്റയാണ് ബാഴ്‌സ ക്യാപ്റ്റൻ എന്നിരിക്കെ, സഹതാരങ്ങൾക്കു വേണ്ട ഊർജ്ജ്വം കൊടുക്കുന്നത് പീക്കെയുടെ ജോലിയാണ്. ചാവി പറഞ്ഞിട്ടുണ്ട് “പീക്കെ സംസാരിച്ചു തുടങ്ങിയാൽ, കോച്ച് അടക്കം ടീം മുഴുവൻ ശ്രദ്ധയോടെ കേൾക്കും എന്ന്”. വായനാശീലമുള്ള പീക്കെ സ്പാനിഷ് രാഷ്ട്രീയം നല്ല പോലെ മനസ്സിലാക്കിയ ആളാണ്. പീക്കെയുടെ ഷെൽഫിൽ നിറയെ പുസ്തകങ്ങളാണ് എന്നും, ഫുട്‍ബോൾ കഴിഞ്ഞാൽ വായനയാണ് അയാളുടെ ഇഷ്ടവിനോദം എന്നും സഹതാരങ്ങൾ എടുത്തു പറയുന്നു. വിജ്ഞാനവും, അറിവും, അനുഭവവും ധാരാളമുള്ള പീക്കെ ബാഴ്‌സലോണയുടെ ഭാവി പ്രസിഡന്റ് ആകും എന്നതിൽ സംശയം വേണ്ട. ഒരു കളിക്കാരൻ എന്ന നിലയിൽ ഒതുങ്ങി നിൽക്കുന്നില്ല പീക്കെ. ടീമിന്റെ ഏറ്റവും വലിയ ആരാധകനായ പീക്കെ , നാളെ ഈ ടീമിന്റെ തലപ്പത്തിരുന്നു തന്നെ നയിക്കുവാനുമുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങിയിരിക്കുന്നു.
പീക്കെയാണ് ബാഴ്‌സയുടെ ശബ്ദം. ലയണൽ മെസ്സിയും, ഇനിയേസ്റ്റയും മിണ്ടാതിരുന്നേക്കാം. സെർജിയോ ബുസ്കറ്സും, മഷറാനോയും ഒരുപക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് നടിച്ചേക്കാം . എന്നാൽ ജെറാർഡ് പീക്കെ എല്ലാം കാണുകയും ശബ്ദമുയർത്തുകയും ചെയ്യും. തെല്ലും ഭയം അയാളിൽ നാം കാണില്ല . അതാണയാളെ പ്രിയങ്കരനാക്കുന്നത്.
പിറന്നാൾ ആശംസകൾ എൽ പ്രെസിഡന്റെ- ദി കാറ്റലാൻ ഹീറോ !!!!!
ഏഴുതിയത് : നിഖിൽ സെബാസ്റ്റ്യൻ
©Penyadel Barca Kerala
