മന്ത്‌ലി റിവ്യൂ – ഒക്ടോബർ
ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം മറ്റൊരു മികച്ച മാസമാണ് കടന്ന് പോയത്. സെപ്റ്റംബറിലെ സീസൺ ആരംഭം മുതൽ അപരാജിതരായി മുന്നേറുന്ന ടീം താരതമ്യേന മികവുറ്റ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേവലം രണ്ടു സമനിലയും ബാക്കി വിജയവുമായാണ് ടീം നവംബറിലേക്ക് എത്തിയിരിക്കുന്നത്. ഒപ്പം യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീം എന്നാ ഖ്യാതിയും ബാഴ്‌സക്ക് സ്വന്തം. എങ്കിലും ഇനിയും മെച്ചപ്പെടാനേറെയുണ്ടെന്ന സന്ദേശം നൽകിയാണ് ഒക്ടോബർ വിട വാങ്ങിയത്.
ഒക്ടോബർ ആദ്യ ദിവസം തന്നെ ലാസ് പാമാസിനെ നേരിട്ട ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടായിരുന്നു ഒക്ടോബർ മാസത്തെ വരവേറ്റത്. കറ്റാലൻ സ്വതന്ത്ര പ്രക്ഷോഭത്തെ തുടർന്ന് അടച്ചിട്ട കാമ്പ് നോവ് സ്റ്റേഡിയത്തിൽ നടത്തേണ്ടി വന്ന ആ മത്സരം ചരിത്രത്തിൽ തന്നെ ഇടം പിടിച്ചു. അതിന് ശേഷം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇടവേളക്ക് പിരിഞ്ഞ ടീം ഏകദേശം രണ്ടു ആഴ്ചക്ക് ശേഷമാണ് തിരികെയെത്തിയത്. ബ്രെക്ക് കഴിഞ്ഞുള്ള ആദ്യ മത്സരം കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെതിരെയായിരുന്നു. പ്രതീക്ഷിച്ച പോലെ ശക്തമായ മത്സരം നേരിട്ടപ്പോൾ ബാഴ്‌സ സമനില നേടുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ബാഴ്‌സ രണ്ടാം പകുതിയിൽ സുവരെസിലൂടെ ഒരു ഗോൾ തിരികെ നേടി സമനില സ്വന്തമാക്കുകയായിരുന്നു. ഒരു പക്ഷെ ഒരു വിജയം സ്വന്തമാക്കാൻ കഴിയുമായിരുന്നെങ്കിലും മോശം ഫിനിഷിങ് ആ മത്സരത്തെ സമനിലയിൽ ഒതുക്കി. ലീഗിൽ ബാഴ്‌സ ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തി.
തുടർന്ന് ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാക്കോസിനെ കാമ്പ് നോവിൽ നേരിട്ടപ്പോൾ 3-1 എന്ന സ്‌കോറിൽ വിജയം. പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുത്തു ടീം നല്ല ഒരു വിജയം സ്വന്തമാക്കുകയായിരുന്നു. എങ്കിലും അവസാന നിമിഷം പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്തു അവർ ഒരു ഗോൾ തിരിച്ചടിച്ചു. ശേഷം മലാഗയെ നേരിട്ട ടീം ഡെലുഫെയുടെയും ഇനിയേസ്റ്റയുടെയും ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.
തുടർന്ന് വന്ന കോപ ഡെൽ റേ റൗണ്ട് ആദ്യ മത്സരത്തിൽ റയൽ മുർസിയയെയാണ് ബാഴ്‌സ നേരിട്ടത്. സീനിയർ താരങ്ങൾ ഒട്ടുമിക്ക പേർക്കും വിശ്രമം നൽകിയപ്പോൾ B ടീം കളിക്കാരെയും കൂടി ഉൾപ്പെടുത്തിയ ടീമിനെയാണ് ബാഴ്‌സ ഈ മത്സരത്തിനായി ഒരുക്കിയത്. ആദ്യ നിമിഷങ്ങളിൽ അൽപ്പം പകച്ചെങ്കിലും പിന്നീട് താളം വീണ്ടെടുത്ത ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുർസിയയെ തോൽപ്പിച്ചത്. ശേഷം ലീഗിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട ടീം എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. സാൻ മെമെസിൽ ബിൽബാവോയെ നേരിടുക എന്നാ ദുഷ്‌കരമായ ജോലി ടീം വിജയകരമായി പൂർത്തിയാക്കി. നവംബറിന്റെ ആദ്യ ദിനം തന്നെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പക്ഷെ ടീം നിരാശപ്പെടുത്തി. ഒളിമ്പ്യാക്കോസിനെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോൾ ടീമിന് ശോഭിക്കാനായില്ല. ഫിനിഷിങ്ങിൽ പലതവണ പിഴച്ചപ്പോൾ മത്സരം സമനിലയിൽ ഒതുങ്ങി.
പ്രകടനത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോഴും മികച്ച രീതിയിൽ തന്നെയാണ് ടീം മുന്നോട്ട് പോകുന്നത്. ചാമ്പ്യൻസ് ലീഗിലും ലാലീഗയിലും അതിന്റെ പ്രതിഫലനം കാണാം. രണ്ടു വിഭാഗത്തിലും ഒന്നാം സ്ഥാനത്താണ്. അതോടൊപ്പം ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയ ടീമും ബാഴ്‌സ തന്നെയാണ്. സാധാരണ ഗതിയിൽ എന്നും പേരുദോഷം കേൾപ്പിക്കുന്ന പ്രതിരോധം ഇപ്പോൾ ഭേദമാണ്. ഒപ്പം കീപ്പർ സ്റ്റീഗന്റെ പ്രകടനവും ഈ റിസൾട്ടിന് ഒരു കാരണമാണ്. ബിൽബാവോക്ക് എതിരായ മത്സരത്തിന്റെ ഫലം ആ രീതിയിൽ ആക്കിയത് സ്റ്റീഗന്റെ പ്രകടനം കൊണ്ടാണ്.
എങ്കിലും ടീമിന്റെ മുഴുവൻ പ്രകടനത്തിൽ സംതൃപ്തരാണോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം. ഇനിയുമേറെ മെച്ചപ്പെടാൻ ഇരിക്കുന്നു. പ്രത്യേകിച്ച് ഒരാളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന രീതി നമുക്ക് നല്ലതല്ല എന്ന തിരിച്ചറിവ്. വ്യക്തിഗത മികവിൽ വിജയങ്ങൾ ഉണ്ടാകുമെങ്കിലും അതിന് ചിലപ്പോൾ അൽപ്പായുസ്സ് മാത്രമേ കാണൂ. അതോടൊപ്പം ഒരാളെ അമിതമായി ആശ്രയിക്കുമ്പോൾ അയാൾക്ക് പരിക്കേൽക്കാനും അത് ടീമിന്റെ നിലനിൽപ്പിനെ ബാധിക്കാനും സാധ്യത ഏറെയാണ്. നിലവിൽ മെസ്സി ടീമിനെ നയിക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവരും പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഇത് വരെ നടന്ന മത്സരങ്ങളിൽ അധികവും ശരാശരിയിലും താഴെയുള്ള ടീമുകളോടായിരുന്നു. പക്ഷെ ഇനി വരുന്ന മത്സരങ്ങൾ പലതും നിലവിൽ ലീഗിൽ ഏറ്റവും ഫോമിൽ നിൽക്കുന്ന ടീമുകൾക്കെതിരെയാണ്. അടുത്ത ദിവസം നേരിടാൻ പോകുന്നത് സെവിയ്യയെ ആണ്. നിലവിൽ രണ്ടാം സ്ഥാനക്കാരായ വലൻസിയ വളരെ മികച്ച ഫോമിൽ ആണ് കളിക്കുന്നത്. ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾക്കായി വരുന്ന ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ടീം നേരിടുന്നത് വലൻസിയ, യുവന്റസ് തുടങ്ങിയ ടീമുകളെയാണ്. അവർക്കെതിരെ കഴിവിന്റെ പരമാവധി പുറത്തെടുത്താലേ ഫലം നമുക്ക് അനുകൂലമാകൂ. പോയിന്റ് നിലയിൽ ബാഴ്‌സക്ക് തൊട്ടു പുറകിൽ നിൽക്കുന്ന വലൻസിയ ഒന്നാം സ്ഥാനത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. മികച്ച മത്സരം പുറത്തെടുത്തു ടീം ഈ മത്സരങ്ങളിൽ ഫലം നമുക്ക് അനുകൂലമാകും എന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം മെസ്സി, സ്റ്റീഗൻ, പൊളിഞ്ഞോ, ബുസി, ഇനിയേസ്റ്റ ഉംറ്റിറ്റി തുടങ്ങിയവർ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ പിക്വെ, സുവാരസ്, റാക്കി, ഗോമസ് തുടങ്ങിയവർക്ക് പ്രതീക്ഷക്കൊത്ത് ഉയരനായില്ല. സീനിയർ താരങ്ങളായ ഇവരുടെ പ്രകടനം ബാഴ്‌സയുടെ മുന്നേറ്റത്തിന് അത്യാവിശ്യമായതിനാൽ എത്രയും വേഗം ഫോമിലേക്ക് തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്നു. അതോടൊപ്പം B ടീമിലെ കളിക്കാർക്ക് ചില അവസരങ്ങൾ ലഭിച്ചാൽപ്പോൾ അവർ അത് നല്ല രീതിയിൽ തന്നെ വിനിയോഗിച്ചു. ഹോസെ അർനൈസിന്റെ പ്രകടനം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു ഒപ്പം അലിന്യയും മുർസിയക്കെതിരെയുള്ള മത്സരത്തിൽ മികവ് കാണിച്ചിരുന്നു.
ടീമിന്റെ ഫസ്റ്റ് ഇലവൻ സെലെക്ഷൻ ആണ് ആരാധകർ പ്രധാനമായും വിമര്ശിക്കുന്നത്. പ്രതേകിച്ചു സെമെഡോയെ പുറത്തിരുത്തി റോബർട്ടോയെ റൈറ്റ് ബാക്ക് ഇറക്കുന്നതിനോട് അധികം ആരാധകർക്കും താല്പര്യം ഇല്ല. നന്നായി കളിക്കാൻ കഴിയുന്ന സെമെഡോക്ക് ഇപ്പോൾ വേണ്ടത് മത്സരം പരിചയം ആണ്. കൂടുതൽ മത്സരങ്ങൾ കളിച്ചാൽ മാത്രമേ മെച്ചപ്പെടാൻ സാധിക്കൂ. അതോടൊപ്പം മധ്യനിരയിൽ വളരെ നന്നായി കളിക്കാൻ കഴിയുന്ന റോബർട്ടോയെ അതിന് അനുവദിക്കണം. നാളെ നമ്മുടെ മധ്യനിര നിയന്ത്രിക്കാൻ മുന്പന്തിയിലുണ്ടാകേണ്ട ആളാണ് അദ്ദേഹം. ഒപ്പം വിങ്ങർമാരുടെ കുറവ് ഇപ്പോൾ വല്ലാതെ അനുഭവപ്പെടുന്നുണ്ട്. ഡെമ്പേലെ തിരികെ വരാൻ ഇനിയും സമയം എടുക്കും എന്നതിനാൽ അത് വരെ വിങ്ങുകൾ നമുക്ക് ഒരു തലവേദനായി അവശേഷിക്കും. ഡെലുഫെ ഉണ്ടെങ്കിലും വലിയ മത്സരങ്ങളിൽ അദ്ദേഹത്തെ പൂർണ്ണമായി ആശ്രയിക്കാൻ ആയിട്ടില്ല.
അൽപ്പം ആശങ്കയോടെയാണ് ടീം ഇപ്പോൾ മുന്നേറുന്നത്. കടുത്ത ഷെഡ്യൂൾ മൂലം ധാരാളം പേർ പരിക്കിന്റെ പിടിയിലാണ്. ഡെമ്പേലെ, റാഫിന്യ, ടുറാൻ, വെർമയേലൻ തുടങ്ങിയവർ മുൻപേ പരിക്കിലാണെങ്കിൽ ഇപ്പോൾ ആ ലിസ്റ്റിലേക്ക് ഇനിയേസ്റ്റ, റോബർട്ടോ,ഗോമസ് തുടങ്ങിയവരും ചേർന്നിട്ടുണ്ട്. ടീമിലെ പ്രധാന താരങ്ങളായ ഇവരെല്ലാം നമ്മുടെ പ്രകടനത്തിൽ നിർണ്ണായകമാണ് താനും. ഈ അവസ്ഥയെ പ്രതിരോധിക്കാൻ നിലവിൽ B ടീമിൽ നിന്നും കുറച്ചു പേരെ ഉപയോഗിക്കാനാകും ടീം ശ്രമിക്കുക. അതോടൊപ്പം സെവിയ്യക്ക് എതിരെയുള്ള മത്സരത്തിന് ശേഷം രണ്ടാഴ്ചക്കാലം ഇടവേളയാണ് എന്നത് ഒരു ആശ്വാസമാണ്.
കാറ്റലോണിയ സർക്കാർ ഇതിനോടകം തന്നെ സ്വാതന്ത്രം പ്രഖ്യാപിച്ചു. എങ്കിലും സ്പാനിഷ് സർക്കാർ അത് അംഗീകരിച്ചിട്ടില്ല. കൂടാതെ കാറ്റലോണിയൻ പ്രവിശ്യക്ക് ഉള്ള സ്വയംഭരണാധികാരം ഉൾപ്പെടെയുള്ള അവകാശങ്ങൾ എടുത്തു കളഞ്ഞു കൊണ്ട് കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് സ്പാനിഷ് അധികാരികൾ. ഇതിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ് ബാഴ്‌സയുടെ ലാലീഗയിലെ സ്ഥാനം. എങ്കിലും ഈ സീസൺ മുഴുവനും ലാലിഗയിൽ തുടരും എന്ന് ഉറപ്പാണ്. വരുന്ന മാസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളും ചർച്ചകളും ആയിരിക്കും ഇക്കാര്യത്തിൽ ഒരു തീർപ്പ് കൽപ്പിക്കുന്നത്.
കറ്റാലൻ പ്രധിഷേധം ബാഴ്‌സലോണ ക്ലബ്ബിലും ചില ചലനങ്ങൾ സൃഷ്ടിച്ചു. അന്നത്തെ റഫറണ്ടത്തിൽ പങ്ക് ചേർന്ന് ലാസ് പാമാസിനെതിരായ മത്സരം ബഹിഷ്കരിക്കണോ കളിക്കണോ എന്ന കാര്യത്തിൽ രണ്ടു തട്ടിലായിരുന്നു ബോർഡ്. അവസാനം നിമിഷം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചത് ചില ബോർഡ് അംഗങ്ങൾക്കിടയിൽ പ്രധിഷേധം സൃഷ്ടിച്ചു. അന്ന് കളിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു ബാഴ്‌സലോണ സ്പോർട്ടിങ് ഡയറക്റ്റർ ആൽബർട്ട് സൊലേർ രാജി വച്ചു. പകരക്കാരനായി ഗിലർമോ അമോർ സ്ഥാനം ഏറ്റെടുത്തു. മറ്റൊരു ബോർഡ് അംഗം ആയ റൗൾ സാൻലൈഹി രാജി വെച്ച് ആഴ്‌സണലിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുമെങ്കിലും ഇത് വരെ അത്തരത്തിലുള്ള സ്ഥിതീകരണമൊന്നും വന്നിട്ടില്ല.
ഏറെ സന്തോഷം നൽകിയ ഒരു വാർത്ത ഇനിയേസ്റ്റയുമായുള്ള കരാർ ബാഴ്‌സലോണ പുതുക്കി എന്നതാണ്. അതിലും സന്തോഷം നൽകുന്നത് അത് ഒരു ആജീവനാന്ത കരാർ ആണെന്നതിനാലാണ്. അദ്ദേഹത്തെ പോലെ ഒരു ലെജൻഡ് അർഹിക്കുന്ന ബഹുമാനം ആണ് ഇത്തരം തീരുമാനങ്ങൾ. ചരിത്രത്താളുകളിൽ ഒക്ടോബർ എന്നും ബാഴ്‌സക്ക് പ്രിയപ്പെട്ടതാണ്. ബാഴ്‌സയുടെ ചരിത്രം മാറ്റി മറിച്ച ചില കളിക്കാർ ബാഴ്‌സക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയതും ഒക്ടോബർ മാസമാണ്. ഇന്നത്തെ ബാഴ്‌സയെ ഒരുക്കിയെടുത്ത യോഹാൻ ക്രൈഫ്, ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മധ്യനിരക്കാർ എന്ന് ലോകം വാഴ്ത്തിയ ചാവി, ഇനിയേസ്റ്റ തുടങ്ങിയവർ ബാഴ്‌സക്ക് വേണ്ടി ബ്ലോഗ്രാനാ നിറങ്ങളിൽ തിളങ്ങാൻ തുടങ്ങിയതും ഒക്ടോബർ മാസത്തിലായിരുന്നു. റയൽ മുർസിയയുമായുള്ള മത്സരത്തിൽ ഒരു പറ്റം കളിക്കാർ ആദ്യമായി ബാഴ്‌സ സീനിയർ ടീമിനായി കളിക്കാൻ ഇറങ്ങിയിരുന്നു. നാളെ അവരെ ലോകം വാഴ്ത്തും എന്ന് വിശ്വസിക്കുന്ന നമ്മൾ അവരുടെ ആ മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ചതും ഇക്കഴിഞ്ഞ ഒക്ടോബറിലാണ്.
ബാഴ്‌സ B ടീമിന്റെ പ്രകടനവും സന്തോഷം പകരുന്നതാണ്. കഴിഞ്ഞ മാസം പതിനേഴാം സ്ഥാനത്തു നിന്നവർ ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഒരേ ഒരു പരാജയം. പക്ഷെ കൂടുതലും സമനിലകളാണ്. ഒട്ടുമിക്ക മത്സരങ്ങളിലും ആദ്യം സ്‌കോർ ചെയ്യുകയും മത്സരം പുരോഗമിക്കുംതോറും സമനില ഗോൾ വഴങ്ങുകയും ചെയ്യുകയാണ് രീതി. പ്രതിരോധം മെച്ചപ്പെടുത്തണം എന്ന് സാരം. അലിന്യയും ഹോസെ അർണൈസും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് ഇക്കഴിഞ്ഞ, ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ സ്പെയിനും ലാ മാസിയയും തങ്ങളുടെ കരുത്തു തെളിയിച്ചാണ് മടങ്ങിയത്. ഫൈനലിൽ ഇംഗ്ലണ്ടിനോട് സ്പെയിൻ പരാജയപ്പെടുകയായിരുന്നു. എങ്കിലും ലാ മാസിയ താരങ്ങൾ ടൂർണമെന്റിൽ ശ്രദ്ധയാകർഷിച്ചിരുന്നു. സെർജിയോ ഗോമസ് സിൽവർ ബോൾ സ്വന്തമാക്കിയപ്പോൾ ആബേൽ റൂയിസ് ബ്രോൺസ്ബൂട്ടിനും അർഹനായി. മാതെ ജോമേയും യുവാൻ മിറാണ്ടയും സ്പെയിനിന്റെ ഫസ്റ്റ് ഇലവനിൽ നിറ സാന്നിധ്യങ്ങളുമായിരുന്നു. അതോടൊപ്പം കാറ്റലോണിയൻ റഫറണ്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലോകകപ്പ് വേദിയിൽ ബാനർ ഉയർത്തിയതും മാധ്യമ ശ്രദ്ധയാകർഷിച്ചു. സ്പാനിഷ് സർക്കാർ റഫറണ്ടത്തിനെതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കിരാതമായ നടപടികൾക്കെതിരെ ലോകമെങ്ങും പ്രധിഷേധം ഉയർന്നപ്പോൾ ഞങ്ങളും അതിൽ പങ്ക് ചേർന്നു .
യൂറോപ്പിൽ DST (Day Light Saving Time ) ഇതിനോടകം ആരംഭിച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കും ആസ്‌ട്രേലിയ ന്യുസിലാൻഡ് തുടങ്ങിയ പസിഫിക് പ്രദേശത്തെ ആരാധകർക്കും തിരിച്ചടിയാണ്. DST പ്രാബല്യത്തിൽ വന്നതിനാൽ ഇനി മുതൽ യൂറോപ്പിലെ മത്സരങ്ങൾ ഇത് വരെ ഉണ്ടായിരുന്നതിൽ നിന്നും ഒരു മണിക്കൂർ കൂടി കഴിഞ്ഞേ തുടങ്ങുകയുള്ളൂ. ഈ സീസണിൽ ഇത് വരെ ഇന്ത്യൻ സമയം രാത്രി 12:15 ന് ആരംഭിച്ച മത്സരങ്ങൾ ഇനി മുതൽഅടുത്ത മാർച്ച് മാസം വരെ 01:15 ന് മാത്രമേ തുടങ്ങൂ .
ജനുവരി ട്രാൻസഫർ വിൻഡോയിലേക്കുള്ള ചർച്ചകൾ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. കുട്ടീഞ്ഞോക്ക് വേണ്ടി ബാഴ്‌സ വീണ്ടും ശ്രമം തുടങ്ങിയെന്നു സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും അതെല്ലാം റൂമറുകൾ മാത്രമാണ്. ക്ലബ്ബോ കളിക്കാരനോ ഔദ്യോഗികമായി അത് അംഗീകരിക്കാത്തിടത്തോളം കാലം അത് ഒരു റൂമർ തന്നെ ആയി നിലനിൽക്കും.
