മാച്ച് പ്രീവ്യൂ – എഫ്.സി ബാഴ്‌സലോണ vs അത്ലറ്റികോ മാഡ്രിഡ് ||
ഒരു പക്ഷെ ഈ വർഷത്തെ ലാലീഗയുടെ ഗതി തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു മത്സരത്തിനാണ് കാമ്പ് നോവ് ഇന്ന് ഒരുങ്ങുന്നത്. ലാലീഗയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലീഗിലെ സ്ഥാനങ്ങളിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയേറെയാണ്. നിലവിൽ കേവലം അഞ്ച് പോയിന്റ് ലീഡിൽ അത്ലറ്റികോയെ രണ്ടാം സ്ഥാനത് നിർത്തുന്ന ബാഴ്‌സക്ക് ഇന്ന് ആ ലീഡുയർത്തി വ്യക്തമായ മുൻതൂക്കം നേടാനുള്ള അവസരമാണ് വരുന്നത്. എന്നാൽ ഒരു ജയത്തോടെ ബാഴ്‍സയുമായുള്ള അകലം കേവലം രണ്ട് ആക്കി കുറക്കാനും ബാഴ്‌സയുടെ മേൽ സമ്മർദം ചെലുത്താനും അത്ലറ്റികോക്ക് കഴിയും. എന്ത് കൊണ്ടും ആവേശ്വോജ്വലമായ ഒരു അന്തരീക്ഷമാണ് ഇന്നത്തെ മത്സരത്തിന്.
മുൻമാസങ്ങളിൽ കനത്ത ലീഡ് ഉണ്ടായിരുന്ന ബാഴ്‌സ, സമീപകാലത്തെ ശരാശരി പ്രകടനത്തിന്റെ തിക്തഫലമായിട്ടാണ് പോയിന്റുകൾ നഷ്ടമാക്കിയത്. ഇപ്പോഴും ലീഗിൽ അപരാജിതരാണെങ്കിലും ഏറെ സമനിലകൾ വഴങ്ങേണ്ടി വന്നത് നിരാശരാക്കി. അതോടൊപ്പം മികച്ച പ്രകടനത്തോടെ പോയിന്റുകൾ നഷ്ടപ്പെടുത്താതെ അത്ലറ്റികോ മുന്നോട്ട് കയറിയെത്തിയതും പോയിന്റ് നിലയിലെ വ്യത്യാസം ചുരുങ്ങുവാൻ സഹായകരമായി. ഇന്നും ഇനി വരാൻ പോകുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാലേ ലീഗിൽ ബാഴ്‌സക്ക് നിലനിൽപ്പുള്ളൂ എന്ന ഓർമ്മപ്പെടുത്തൽ ആണ് ഇന്നത്തെ മത്സരം.
കഴിഞ്ഞ ലീഗ് മത്സരം കേവലം രണ്ട് ദിവസം മുൻപ് മാത്രം കഴിഞ്ഞു എന്ന അലോസരത്തിലാണ് ബാഴ്‌സ ഇന്ന് ഇറങ്ങുന്നത്. കളിക്കാർക്ക് ആവിശ്യമായ വിശ്രമവും പരിശീലനവും ലഭിച്ചിട്ടില്ല എന്ന് ചുരുക്കം. എങ്കിലും ഏത് സാഹചര്യവും നേരിടാൻ കെൽപ്പുള്ളവരാണ് നമ്മൾ. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നമ്മൾ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ഇലവനിൽ തന്നെ ഏറ്റവും കരുത്തുറ്റ ടീം ഇറങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മെസ്സി, സുവാരസ് എന്നിവർ മുൻനിരയിൽ സ്ഥാനം പിടിക്കുമ്പോൾ ഡെമ്പേലെയുടെ കാര്യത്തിൽ ഉറപ്പില്ല. അദ്ദേഹത്തെ ആദ്യം ഇലവനിൽ ഇറക്കണമോ എന്നതിൽ രണ്ട് വശങ്ങൾ ഉണ്ട്. ആദ്യ ഇലവനിൽ ഇറക്കി ആക്രമണം ശക്തമാക്കണം എന്ന വാദം ഉണ്ടെങ്കിൽ , താരതമ്യേന പരിചയ സമ്പന്നത കുറവും ഇത് വരെ ടീമിനോട് ഒത്തിണക്കവും കൈവരിക്കാത്ത അദ്ദേഹത്തെ ആദ്യ ഇലവനിൽ വേണ്ട എന്നാ മറുവാദവും ശക്തമാണ്. ടീമിന് അഭികാമ്യം ആയത് തിരഞ്ഞെടുക്കും.
മധ്യനിരയിൽ കൊട്ടീഞ്ഞോ/ഇനിയേസ്റ്റ, ബുസി, റാക്കി എന്ന രീതിയാണ് നല്ലതെന്ന് തോന്നുന്നു. ഈയിടെയായി ഫോമിൽ അല്ലാത്ത പൊളിഞ്ഞോയെയും വിദാലിനെയും ഉൾപ്പെടുത്തി ഒരു പരീക്ഷണത്തിന് മുതിരില്ല എന്ന് പ്രതീക്ഷിക്കാം. പിൻനിരയിൽ സെമെഡോയുടെ അഭാവത്തിൽ റോബർട്ടോ തന്നെ റൈറ്റ് ബാക്ക് സ്ഥാനത് വരും. ഒപ്പം സെന്റർ ബാക്ക് ആയി പീക്കെ, ഉംറ്റിറ്റി, വെർമയേലൻ എന്നിവരിൽ നിന്ന് രണ്ട് പേർക്ക് നറുക്ക് വീഴും. ലെഫ്റ്റ് ബാക്കിൽ സസ്‌പെൻഷൻ കഴിഞ്ഞു ജോർദി ആൽബ തിരികെയെത്തും. സമോറ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒബ്ലാക്കും സ്റ്റീഗനും ഇന്ന് നേർക്ക് നേർ വരും.
ആദ്യമേ പറഞ്ഞത് പോലെ അതീവ നിർണ്ണായകം ആണ് ഈ മത്സരം. ഒരു മികച്ച വിജയത്തോടെ പോയിന്റ് നിലയിലെ ആധിപത്യവും ആത്മവിശ്വാസവും ടീം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്നു
ലാലിഗ റൗണ്ട് 27
കാമ്പ് നോവ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 08:45
തത്സമയം : TEN 2
©Penyadel Barca Kerala