• Follow

മാച്ച് പ്രിവ്യു – ജിറോണ vs ബാഴ്‌സലോണ

  • Posted On September 23, 2017

ഈ ലീഗിന്റെ ആരംഭം മുതൽ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മത്സരമാണ് ഇന്നത്തേത്. 87 വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും ആദ്യമായി ലാലീഗയുടെ പടി കയറിയെത്തുന്ന കറ്റാലൻ ക്ലബ് ജിറോണ ആദ്യമായി ബാഴ്‌സയെ നേരിടുന്ന കാഴ്ച കാണാൻ അത്യധികം ആകാംക്ഷയുണ്ടായിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെതിരെ 2 – 2 സമനില പിടിച്ചെടുത്തപ്പോൾ ആ ആകാംക്ഷ പിന്നെയും വർധിച്ചു എന്ന് പറയാം. അപ്പോൾ മുതലുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ്. ഇന്ന് ലാലിഗയിൽ മറ്റൊരു കറ്റാലൻ ഡെർബി.

ഏവർക്കും അറിയുന്ന പോലെ ലീഗിൽ മികച്ച പ്രകടനവുമായി ബാഴ്‌സ മേധാവിത്വം നിലനിർത്തുകയാണ്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീം ആയ ബാഴ്‌സ 15 പോയിന്റുകളുമായി മുന്നിലാണ്. പക്ഷെ ഓരോ മത്സരവും വ്യത്യസ്തവും കഠിനവുമേറിയതായതിനാൽ മാറ്റങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം. അത് കൊണ്ട് തന്നെ ഏതൊരു മത്സരത്തെയും അതിന്റെതായ പ്രാധാന്യത്തോടെ എടുത്തേ പറ്റൂ. എസ്സ്റ്റാഡിയോ മോണ്ടിലിവിയിൽ ഇന്നത്തെ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുപോയതായി കണ്ടു. അത് കൊണ്ട് തന്നെ ഇന്ന് ആർത്തലക്കുന്ന ഒരു പറ്റം ആരാധകരുടെ മുൻപിൽ വേണം ജിറോണയെ നേരിടാൻ.

വൽവെർദേയുടെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല എന്ന് തോന്നുന്നു. ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും സെമെഡോ, ഡെലൂഫെ , ടുറാൻ ,വെർമയേലൻ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. മികച്ച രീതിയിൽ കളിച്ചിരുന്ന സെമെഡോയെ ഒഴിവാക്കിയതെന്തിനെന്ന് വ്യക്തമാകുന്നില്ല.കൂടുതൽ മത്സരപരിചയം ആവിശ്യമായ അത്തരം ഒരാളെ ഒരു എവേ മാച്ചിൽ പുറത്തിരുത്തേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായം. ഒപ്പം ഡെലൂഫെയും സ്‌ക്വാഡിൽ ഇല്ല. അത് കൊണ്ട് പാക്കോ ആൽക്കസ്സറിനു ഇന്ന് ടീമിൽ സ്ഥാനമുണ്ടാകുമെന്ന് തോന്നുന്നു. പക്ഷെ ആദ്യ ഇലവനിൽ കാണാൻ സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തിൽ പുറത്തായിരുന്ന ലൂയിസ് സുവാരസ് ഇന്ന് തിരികെയെത്തും എന്ന് വിചാരിക്കുന്നു. അങ്ങനെയങ്കിൽ മെസ്സിയും , സുവാരസും, ഡെനിസ് സുവാരസും ചേർന്ന് മുന്നേറ്റത്തിൽ ഇറങ്ങാനാണ് സാധ്യത. മധ്യ നിരയിൽ ബുസി, ഇനിയേസ്റ്റ, റാക്കി എന്നിവർ ചേർന്ന് ഇറങ്ങുകയും പിന്നീട് പൊളിഞ്ഞോ സബ് ആയി എത്താനാണ് സാധ്യത. സെമെഡോയുടെ അഭാവത്തിൽ ഇന്ന് റോബർട്ടോ റൈറ്റ് ബാക്ക് ആയി വരാൻ ആണ് സാധ്യത. റോബർട്ടോക്ക് ഇനി ആ പൊസിഷൻ ചേരുന്നില്ലെന്നു കഴിഞ്ഞ മത്സരത്തിൽ വ്യക്തമായതാണെങ്കിലും ഇന്നും അതിനു ഒരു മാറ്റം ഉണ്ടാകുമെന്നു തോന്നുന്നില്ല. അലക്സ് വിദാൽ ടീമിൽ ഉണ്ടെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് റൈറ്റ് വിങ്ങിൽ ആകാനാണ് സാധ്യത. പ്രതിരോധത്തിൽ ആൽബയും ഉംറ്റിറ്റിയും തിരികെയെത്തുമെന്നാണ് തോന്നുന്നത്. അങ്ങനെയെങ്കിൽ മഷെറാനോയും ഡിന്യേയും മാറേണ്ടി വരും. ഈ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളിലും നമ്മളെ ഞെട്ടിക്കുന്ന രീതിയിൽ ടീം സിലക്ഷൻ നടത്തിയ ആളാണ് വൽവെർദേ. അത് കൊണ്ട് തന്നെ കൃത്യമായ ഒരു പ്രവചനം അസാധ്യമാണ്.

മൂന്ന് പോയിന്റ്. അതാണ് ലക്ഷ്യം. മികച്ച ഒത്തിണക്കത്തോടെ നല്ല രീതിയിൽ കളിച്ചു ടീം അത് നേടുമെന്ന് തന്നെയാണ് വിശ്വാസം. കാത്തിരിക്കാം.

ലാലിഗ റൌണ്ട് 6
എസ്സ്റ്റാഡിയോ മോണ്ടിലിവി – ജിറോണ
ഇന്ത്യൻ സമയം രാത്രി 12:15 ന്
തത്സമയം : TEN 2

© Penyadel Barca Kerala

  • SHARE :