ചരിത്ര വിജയവുമായി ബാഴ്സ ബി
എഫ്. സി. ബാഴ്സലോണയുടെ ഇളമുറക്കാർ – ബാഴ്സ ബി – ഇടക്കാലത്ത് ഏട്ടന്മാരുടെ പേരിനും പെരുമയ്ക്കും ഒത്തവണം നിൽക്കാനാവാതെ പിന്നാക്കം പോയിരുന്നു. പക്ഷേ മനസറിഞ്ഞ് അതൊന്ന് തിരുത്തി എഴുതാൻ അവർ ഈ സീസണിൽ തീരുമാനിച്ച് കഴിഞ്ഞു. ഇപ്പോൾ സെഗുണ്ട ഡിവിഷൻ ബിയിൽ ഗ്രൂപ് മൂന്നിൽ വിജയക്കുതിപ്പ് നടത്തുകയാണ് ബാഴ്സ ബി. ശനിയാഴ്ച്ച എൽഡെൻസിനെതിരെ ഭീമൻ ജയത്തോടെ ചരിത്രം എഴുതി ചേർത്തിരിക്കുകയാണ് അവർ. ഡാനി റൊമേറയുടെയും അൽഫാരോയുടെയും ഹാട്രിക്കുകളുടെ ബലത്തിൽ ഡിപോർട്ടിവൊ എൽഡെൻസിനെതിരെ 12-0 എന്ന ഭീമൻ സ്കോറിലാണ് അവർ വിജയിച്ചത്. ബാഴ്സ ബിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവും സ്പാനിഷ് മൂന്നാം ഡിവിഷനിലെ എക്കാലത്തെയും മികച്ച വിജയം എന്ന നേട്ടത്തിൽ സംയുക്ത റെക്കോർഡും സൃഷ്ടിച്ചിരിക്കുകയാണ് ബാഴ്സ ബി. മാനേജർ ജെറാർഡ് ലോപസിന്റെ കീഴിൽ വിജയക്കുതിപ്പ് തുടരാൻ അവർക്ക് സാധിക്കും എന്ന് തീർച്ച.
