• Follow

മാച്ച് പ്രിവ്യു – അത്ലറ്റിക് ബിൽബാവോ vs ബാഴ്‌സലോണ ||

  • Posted On October 30, 2017

ലാലിഗയിൽ ഇന്ന് ബാഴ്‌സയെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളി. കോപ ഡെൽ റെയിലെ അനായാസ മത്സരം കഴിഞ്ഞു ലീഗിൽ തിരിച്ചെത്തുന്ന ബാഴ്‌സയെ കാത്തിരിക്കുന്നത് അത്ലറ്റിക് ബിൽബാവോ. അതും അവരുടെ സ്വന്തം തട്ടകമായ സാൻ മെമെസിൽ. അൽപ്പം ബുദ്ധിമുട്ടേറിയ മത്സരം ആയിരിക്കും ഇത് എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. പോയിന്റ് നിലയിൽ സാരമായ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ മത്സരത്തെ ലഘുവായി കാണാൻ സാധിക്കില്ല.

നിലവിൽ ലാലിഗയിൽ ആദ്യ സ്ഥാനക്കാരാണ് ബാഴ്‌സ. ഒരു സമനിലയും 8 വിജയങ്ങളുമായി ഇതുവരെ മികച്ച രീതിയിൽ മേധാവിത്വം പുലർത്തിയാണ് ബാഴ്‌സ വരുന്നത്. എങ്കിലും ടീമിന്റെ പ്രകടനത്തിൽ നമ്മൾ പൂർണ സംതൃപ്തരല്ല. ഇനിയും മെച്ചപ്പെടേണ്ട മേഖലകൾ ഒരുപാടുണ്ട്. കൂടുതൽ കളിക്കാർ ഗോൾ നേടേണ്ടതുണ്ട് എന്നത് തന്നെ പ്രധാനം. നിലവിൽ മെസ്സിയുടെ ഗോൾ സ്കോറിങ്ങിനെ ആശ്രയിച്ചാണ് ടീം മുന്നോട്ട് പോകുന്നത്. മെസ്സി മാത്രമല്ല ഒപ്പമുള്ളവരും സ്‌കോർ ചെയ്യുമ്പോഴാണ് ടീം കൂടുതൽ പ്രബലമാകുന്നത്.നിലവിൽ ഫോമിലല്ലാത്ത സുവാരസ് ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്. നിർണ്ണായകമായ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഫോമിലേക്കുയരും എന്ന് കരുതാം.

അത്ലറ്റിക് ബിൽബാവോയാകട്ടെ അൽപ്പം പിന്നിലായിട്ടാണ് വരുന്നത്. സാധാരണഗതിയിൽ ലീഗ് പോയിന്റ് ടേബിളിൽ ആദ്യസ്ഥാനങ്ങളിൽ വരാറുള്ള അവർ പക്ഷെ ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്. ഒൻപതു മത്സരങ്ങളിൽ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയപ്പോൾ രണ്ട് സമനിലയും നാല് തോൽവിയുമാണ് അവരെ പതിനൊന്നാം സ്ഥാനത്തെത്തിച്ചത്. എങ്കിലും ഏറെ ഭയക്കേണ്ട ഒരു ടീം തന്നെയാണ് ബിൽബാവോ. നമ്മുടെ കോച്ച്‌ ഏണസ്റ്റോ വൽവെർദേയുടെ അഭിപ്രായത്തിൽ തുടക്കത്തിൽ മങ്ങിയ രീതിയിൽ തുടങ്ങി സീസൺ അവസാനത്തിൽ ശക്തി പ്രകടിപ്പിക്കുന്ന ടീം ആണ് ബിൽബാവോ. പറയുന്നത് വേറെ ആരുമല്ല നീണ്ട ആറ് വർഷക്കാലം ബിൽബാവോയെ പരിശീലിപ്പിച്ച ഒരാളാണ്.

പരിശീലനത്തിനിടെ പരിക്കേറ്റ ഇനിയേസ്റ്റയുടെ അഭാവം ഒഴിച്ചാൽ ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. ഇനിയേസ്റ്റയുടെ കുറവ് ഒരു തിരിച്ചടി തന്നെയാണ്. എങ്കിലും നമ്മുടെ കളിക്കാർ അവസരത്തിനൊത്തുയർന്നു ആ വിടവ് നികത്തും എന്ന് പ്രതീക്ഷിക്കാം. മറ്റൊരു പ്രത്യേകത ഇന്നത്തെ സ്‌ക്വാഡിൽ ബാഴ്‌സ B ടീമിൽ നിന്നും രണ്ട് പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. ഓറിയോൾ ബുസ്കെറ്റ്സും ഡേവിഡ് കോസ്റ്റാസും ഇന്നത്തെ സ്‌ക്വാഡിലുണ്ട്. പക്ഷെ കളിക്കാൻ അവസരം നൽകുമോ എന്ന് കണ്ടറിയണം. പ്രത്യേകിച്ച് മുർസിയയുമായുള്ള കഴിഞ്ഞ മത്സരത്തിൽ ഇരുവർക്കും അവസരം ലഭിച്ചിരുന്നുമില്ല.

ലാലിഗ റൌണ്ട് 10
സാൻ മെമെസ് – ബിൽബാവോ
ഇന്ത്യൻ സമയം രാത്രി : 12:15 ന്
തത്സമയം : TEN 2

©Penyadel Barca Kerala

  • SHARE :