മാച്ച് റിവ്യൂ
സ്പാനിഷ് സൂപ്പർ കോപ്പ
ബാഴ്‌സ 3 – 0 സെവിയ്യ
അഗ്രിഗേറ്റ് :- ബാഴ്‌സ 5 – 0 സെവിയ്യ
ബാഴ്‌സ ചാമ്പ്യന്മാർ
നന്നായി കളിച്ചു എന്ന് പറയാം. ഒരു ഫൈനൽ ആയിട്ട് കൂടി, പ്രമുഖ താരങ്ങളെ പുറത്തിരുത്തി, യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ച ലൂച്ചോയെ നിരാശനാക്കാതെ നന്നായി തന്നെ കളിച്ചു പുതിയ പിള്ളേര്. വളരെ പെട്ടന്ന് തന്നെ ബാഴ്‌സയുടെ ശൈലിയിലേക്ക് ഇഴുകിച്ചേരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
സെവിയ്യയുടെ ആക്രമണങ്ങളിൽ പതറി തുടങ്ങുന്ന ബാഴ്‍സയെയാണ് ആദ്യ നിമിഷങ്ങളിൽ കണ്ടത്. നമ്മുടെ കളിക്കാരുടെ പിഴവുകൾ മുതലെടുത്തു , അവർ പലപ്പോഴും നമ്മുടെ ഡിഫെൻസിനേയും ബ്രാവോയെയും പരീക്ഷിച്ചു. പക്ഷെ ഗതിക്ക് വിപരീതമായി പത്താം മിനുറ്റിൽ ഒരു പതിവ് ബാഴ്‌സ സ്റ്റൈലിൽ ടുറാൻ നമ്മളെ മുന്നിലെത്തിച്ചു. ഗോമസ് – മെസ്സി ലിങ്കിൽ വന്ന ബോൾ , മെസ്സി മുന്നിലേക്ക് നൽകിയപ്പോൾ , കൃത്യമായി ഓടിയെത്തി ടുറാൻ ഒരു കിടിലൻ ഫിനിഷിലൂടെ ബാഴ്‌സയെ മുന്നിൽ എത്തിച്ചു.
പിന്നീട് ഏകദേശം ഹാഫ് ടൈം വരെ രണ്ടു ടീമുകളും രണ്ടു ഭാഗത്തേക്കും ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്ന്. ഇടക്ക് ഉംറ്റിറ്റിയുടെ ഹാൻഡ് ബോളിൽ ബാഴ്‍സക്കെതിരെ പെനാൽറ്റി വിധിച്ചെങ്കിലും ബ്രാവോയുടെ കിടിലൻ സേവിലൂടേ ബാഴ്‌സ ക്ളീൻ ഷീറ്റ് നിലനിർത്തി.
രണ്ടാം പകുതി ഉണർന്നതും ഒരു ടുറാൻ ഗോളിലൂടെ തന്നെയായിരുന്നു. പഴയ ടുറാനെ സ്മരിപ്പിക്കുന്ന ഒരു സൂപ്പർ വോളി. തീർന്നില്ല തൊട്ടു പിന്നാലെയെത്തി അടുത്ത ഗോൾ. ഗോമസിന്റെ ഒരു കിടു ത്രൂ ബാൾ , ഓടിയെത്തി ഡിഗ്നെ നൽകിയ ഒരു മികച്ച ക്രോസ്സ് , ലയണൽ മെസ്സി ഒരു അടിപൊളി ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതു മൂലയിൽ എത്തിച്ചു. പിന്നീട് അങ്ങോട്ട് സെവിയ്യയെ കാഴ്ചക്കാരാക്കി മാറ്റിയ ഒരു പ്രകടനം ആയിരുന്നു ബാഴ്‍സയുടേത്. പൂർണ്ണമായും ആധിപത്യം ബാഴ്‌സ നിലനിർത്തിയപ്പോൾ കൂടുതൽ ഗോൾ വഴങ്ങാതെ , പിടിച്ചു നിൽക്കാനായിരുന്നു സെവിയ്യ ശ്രമിച്ചത്. അവസാന നിമിഷങ്ങളിൽ ഇറങ്ങിയ സബ്സ്റ്റിറ്റിയൂട്ടുകളും നല്ല നിലവാരം കാഴ്ചവെച്ചപ്പോൾ ബാഴ്‌സ അനായാസം മത്സരം സ്വന്തമാക്കി.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ :
• ആർദ ടുറാൻ : വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം. പ്രതീക്ഷകൾക്കപ്പുറത്തെ കളി. മികച്ച ഫിനിഷിങ്. ടുറാനും മെസ്സി, ഗോമസ് , ഡിഗ്നെ തുടങ്ങിയവരുമായുള്ള ഒത്തിണക്കം ഗംഭീരമായിരുന്നു.
• ബ്രാവോ : ബാഴ്‌സയിലെ അവസാന മത്സരം അവിസ്മരണീയമാക്കി. പതിവ് പോലെ സൂപ്പർ സേവുകളും ഒരു പെനാൽറ്റി സേവും . ബ്രാവോ താങ്കളെ ഞങ്ങൾ തീർച്ചയായും മിസ് ചെയ്യും. പുതിയ ദൗത്യത്തിന് എല്ലാവിധ ഭാവുകങ്ങളും.
• മെസ്സി : ഏതു റോളും തനിക്ക് നന്നായി ചേരും എന്ന് പിന്നെയും തെളിയിക്കുന്നു. കൃത്യമായ പൊസിഷൻ ഇല്ലാത്ത പോലെ എല്ലായിടത്തും ഓടി നടക്കുന്നത് കണ്ടു. അപാരമായ ഉൾക്കാഴ്ചയിൽ കിടിലൻ പാസുകൾ ധാരാളം വരുന്നു. ഒപ്പം കാണികളെ രസിപ്പിക്കാൻ സ്വന്തം ഹോബിയായ നട്ട്മെഗ്ഗും പലപ്പോഴും കണ്ടു .
• ഉംറ്റിറ്റി : പറയാൻ വാക്കുകൾ ഇല്ലാത്ത പ്രകടനം. കേവലം 22 വയസ്സ് ഉള്ള കളിക്കാരൻ ആണെന്ന് തോന്നാത്ത വിധത്തിലുള്ള കളി .നമ്മുടെ ഏറ്റവും വിശ്വസ്തനായ മഷെ പോലും പലപ്പോഴും പതറിയപ്പോൾ , പാറ പോലെ ഉറച്ചു നിന്ന് കളിക്കുന്നു.
• പുതിയ നാല് കളിക്കാരും ആദ്യമായി ഒന്നിച്ചിറങ്ങിയ കളിയായിരുന്നു ഇന്നത്തേത്. നാലുപേരും മികച്ച കളി തന്നെ പുറത്തെടുത്തു . ഗോമസ് മിഡ് ഫീൽഡിൽ തകർത്തു. മൂന്നാം ഗോളിന് വഴിയൊരുക്കിയ ആ ത്രൂ ബോൾ , മനസ്സിൽ നിന്നും മായുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
• എന്നും പറയുന്നത് പോലെ പ്രതിരോധം മെച്ചപ്പെടേണ്ടതുണ്ട്. പലപ്പോഴും എതിരാളികൾ നിഷ്പ്രയാസം കയറിപ്പോകുന്നു. ഇന്ന് ക്ലീൻ ഷീറ്റ് ആണെന്നുള്ളത് ശരി തന്നെ, പക്ഷെ അത് സെവിയ്യയുടെ മോശം ഫിനിഷിങ് കൂടി കൊണ്ടാണ് ആണെന്ന കാര്യം മറക്കണ്ട.
പിഴവുകൾ : ആദ്യ പകുതിയിൽ ധാരാളം പിഴവുകൾ കണ്ടിരുന്നു. മിസ് പാസുകൾ ഒഴിവാക്കാനും ഫസ്റ്റ് ടച് മികച്ചതാക്കാനും ശ്രദ്ധിക്കണം. പിഴവുകളിൽ നിന്നും പഠിക്കുക.
അങ്ങനെ ബാഴ്‌സക്ക് മറ്റൊരു കിരീടം കൂടി. കിരീടത്തോടൊപ്പം പുതിയ കളിക്കാരുടെ മികച്ച പ്രകടനം വളരെയധികം സന്തോഷം സമ്മാനിച്ചെങ്കിൽ , നമ്മുടെ വല കാക്കാൻ ബ്രാവോ ഇനി ഉണ്ടാകില്ല എന്നത് സങ്കടമുണർത്തുന്ന കാര്യം കൂടിയാണ്. എങ്കിലും കൂടുതൽ മികച്ചതിലേക്ക് കുതിക്കാൻ മാറ്റങ്ങൾ ആയെ തീരൂ…
©Penyadel Barca Kerala